•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

വിശന്നു വിലപിക്കുന്ന ശ്രീലങ്ക

മ്മുടെ പൗരാണികസങ്കല്പമനുസരിച്ച് ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തി വൈശ്രവണനാണ്. ആ വൈശ്രണവനെ തോല്പിച്ച് ലോകകുബേരന്മാരില്‍ ഒന്നാം സ്ഥാനം നേടിയയാളാണ് ലങ്കാധിപതിയായ രാവണന്‍. രാവണന്റെ ശ്രീലങ്ക ഇന്നു ലോകരാജ്യങ്ങളുടെ മുമ്പില്‍ ഭിക്ഷാപാത്രം നീട്ടി യാചിക്കുന്ന അവസ്ഥയിലാണ്. ചൂതാട്ടവും, മദിരയും, മദിരാക്ഷിയും സമര്‍ത്ഥമായി ഉപയോഗിക്കുന്ന ടൂറിസംകൊണ്ടു രക്ഷപ്പെടാമെന്നു വിചാരിച്ചിരുന്ന ശ്രീലങ്കന്‍ ഭരണകൂടത്തിന്റെ  ചുവടുപിഴച്ചിരിക്കുന്നു, കണക്കുകൂട്ടലുകള്‍ പൊളിഞ്ഞിരിക്കുന്നു. ആധുനികയുഗത്തില്‍ ലോകത്തില്‍ ഒരു രാജ്യവും  അഭിമുഖീകരിക്കാത്ത ഒരു ദയനീയ സാമ്പത്തികപ്രതിസന്ധിയില്‍ ശ്രീലങ്ക അകപ്പെട്ടുപോയിരിക്കുന്നു. ശ്രീലങ്കയിലെ ഇന്നത്തെ സാമ്പത്തികപ്രതിസന്ധിയുടെ വേരുകളന്വേഷിച്ചുപോയാല്‍ 1970 കളുടെ മധ്യത്തില്‍ ശ്രീലങ്കയില്‍ ജയവര്‍ദ്ധനെ ഭരണം നടപ്പാക്കിയ നവലിബറല്‍ നയങ്ങളാണ് ഇതിനു കാരണമെന്നു വ്യക്തമാകും. അന്താരാഷ്ട്രധനകാര്യസ്ഥാപനങ്ങളുടെ വിദഗ്‌ദ്ധോപദേശം സ്വീകരിച്ച് ദക്ഷിണേഷ്യയില്‍ ആദ്യമായി ആഗോളവത്കരണനയങ്ങള്‍ നടപ്പാക്കിയ രാജ്യമാണ് ശ്രീലങ്ക. എന്നാല്‍, ഇതാണു കാരണമെന്ന് ശ്രീലങ്കന്‍ ഭരണകൂടം സമ്മതിക്കുന്നുമില്ല. അതിനുപകരം വിദേശരാഷ്ട്രങ്ങളില്‍നിന്നും അന്താരാഷ്ട്ര ധനകാര്യസ്ഥാപനങ്ങളില്‍നിന്നുമുള്ള ധനസഹായംകൊണ്ടു രക്ഷപ്പെടാമെന്നാണ് ശ്രീലങ്കന്‍ ഭരണാധികാരികള്‍ കരുതിയിരുന്നത്. കൊവിഡ് മഹാമാരിയെയും യുക്രൈന്‍ യുദ്ധത്തെയും ചൂണ്ടിക്കാട്ടി ന്യായീകരണം കണ്ടെത്താനാണ് ഭരണകൂടം ഇപ്പോള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.
ശ്രീലങ്കയിലെ ഹമ്പന്‍ടോട്ടായെന്ന തുറമുഖവും, തുറമുഖനഗരവും സുനാമിയുടെ പ്രഹരത്തില്‍ തകര്‍ന്നടിഞ്ഞു. അവ പൂര്‍വാധികതേജസ്സോടെ നിര്‍മിച്ചുകൊടുത്തത് ചൈനയാണ്. ഇന്ത്യയുള്‍പ്പെടെ പല രാജ്യങ്ങളെയും ശ്രീലങ്ക ഇക്കാര്യത്തില്‍ സഹായമഭ്യര്‍ത്ഥിച്ചുകൊണ്ട് സമീപിച്ചതാണ്. പക്ഷേ, ചൈനയുടെ മഹാമനസ്‌കതയാണ് ശ്രീലങ്കയെ രക്ഷിച്ചത്. അന്ന് അതിനെതിരേ ശക്തമായ വിമര്‍ശനങ്ങളും ഉയര്‍ന്നുവന്നിരുന്നു. തന്ത്രപ്രധാനമായ തുറമുഖവും ശ്രീലങ്കയുടെ പരമാധികാരവും ചൈനയ്ക്കു പണയപ്പെടുത്തിയെന്നുള്ള ആരോപണവും ശ്രീലങ്കന്‍ ഭരണകൂടത്തിനു നേരിടേണ്ടിവന്നു.
പക്ഷേ, ഇവിടെ ശ്രദ്ധേയമായ മറ്റൊരു കാര്യമുണ്ട്. രാജ്യത്തിന്റെ വിഭവശേഷിയും ജനങ്ങളുടെ അധ്വാനശേഷിയും സമന്വയിപ്പിച്ച് ഒരു സ്വതന്ത്രപരമാധികാരറിപ്പബ്ലിക് സ്ഥാപിക്കുകയെന്ന കാഴ്ചപ്പാട് ശ്രീലങ്കയ്ക്ക് അന്നേ നഷ്ടപ്പെട്ടിരുന്നു. കൊളംബോയില്‍ ഒരു സാര്‍വദേശീയനിലവാരമുള്ള ഒരു കണ്‍വെന്‍ഷന്‍ സെന്റര്‍ നിര്‍മിക്കുന്നതിനുപോലും അവര്‍ ചൈനീസ് സഹായം തേടി.
വിദേശസഹായം ആകര്‍ഷിക്കുന്നതിനു രൂപീകരിച്ച ഫോറിന്‍ ഇന്‍വെസ്റ്റ്‌മെന്റ് ബോര്‍ഡിന്റെ  കൊളംബോയിലെ ആസ്ഥാനം ചൂതാട്ടത്തിന്റെ അത്യന്താധുനികമായ സജ്ജീകരണങ്ങളോടുകൂടിയ ഒരു പഞ്ചനക്ഷത്രഹോട്ടലാണ്. മദിരാക്ഷികള്‍ അരങ്ങുതകര്‍ക്കുന്ന നൃത്തശാലകളും ലോകത്തിലെ ഏറ്റവും മികച്ചതെന്നുവച്ചിട്ടുള്ള  ലഹരിപാനീയങ്ങള്‍ വിളമ്പുന്ന മദ്യശാലകളുമാണ് അവിടെ വിദേശികളെ സ്വീകരിക്കുന്നതിനു സജ്ജീകരിച്ചിരിക്കുന്നത്. വിദേശവ്യവസായികള്‍ക്കുമുമ്പില്‍ ശ്രീലങ്കന്‍ മണ്ണും പ്രകൃതിവിഭവങ്ങളും ശ്രീലങ്കന്‍ ജനതയുടെ അധ്വാനശേഷിയും സമര്‍പ്പിക്കാന്‍ സന്നദ്ധമാണെന്നു പ്രഖ്യാപിക്കുന്ന സുസജ്ജമായ ഒരു ഓഫീസും അവിടെയുണ്ട്. സ്വാശ്രയത്വം, സ്വയംപര്യാപ്തത, ദേശീയസ്വാതന്ത്ര്യം ഇവയൊക്കെ മുറുകെപ്പിടിച്ചുകൊണ്ട് മുന്നോട്ടുപോകാനുള്ള ഒരു ശ്രമമല്ല അവിടെ നടക്കുന്നത്. ഉദാരവത്കരണനയങ്ങള്‍ ശ്രീലങ്കയെ രക്ഷിച്ചില്ലെന്നാണ് ഇപ്പോള്‍ മനസ്സിലാകുന്നത്.
ശ്രീലങ്കയില്‍ ഇപ്പോള്‍ ഒരു കിലോ അരിക്ക് 448 രൂപയും പാലിന് ഒരു ലിറ്ററിന് 263 രൂപയും പെട്രോളിന് ഒരു ലിറ്ററിന് 283 രൂപയും, ഡീസലിന് ലിറ്ററിന് 176 രൂപയുമാണ് വില. ഇന്ധനത്തിനായി ക്യൂനിന്ന രണ്ടുപേര്‍ കുഴഞ്ഞുവീണ് മരിച്ചതായി ശ്രീലങ്കന്‍ ഔദ്യോഗികഏജന്‍സികള്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. ശ്രീലങ്കന്‍ വൈദ്യുതനിലയങ്ങളുടെ ഉത്പാദനം നിര്‍ത്തി അടച്ചുപൂട്ടിയതിനെത്തുടര്‍ന്ന് മണിക്കൂറുകളോളം രാജ്യം പവര്‍കട്ടിലായിരുന്നു.
അവശ്യസാധനങ്ങളിലേറെയും ഇറക്കുമതി ചെയ്യുന്ന രാഷ്ട്രമാണ് ശ്രീലങ്ക. നാളെയെങ്കിലും സ്വാശ്രയത്വം കൈവരിക്കണമെന്ന ഒരു ദീര്‍ഘവീക്ഷണത്തിന്റെ അഭാവം നമുക്കു കാണാം. ഈ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ അവശ്യവസ്തുക്കളുടെയടക്കം ഇറക്കുമതി കുറയ്ക്കുകയും ഇറക്കുമതിക്ക് സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തിരിക്കുന്നു. ഈ പശ്ചാത്തലത്തില്‍ സാമ്പത്തികാടിയന്തരാവസ്ഥയും ജനകീയപ്രക്ഷോഭങ്ങളെ നേരിടാന്‍ നിശാനിയമവും രാജപക്‌സെ  ഭരണകൂടം ഏര്‍പ്പെടുത്തി. അവശ്യവസ്തുക്കളുടെ  വിതരണത്തിനുള്ള നിയന്ത്രണം സൈന്യത്തെ ഏല്‍പ്പിച്ചിരിക്കുകയാണ്. അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകളുടെ  മുമ്പില്‍ നീണ്ട ക്യൂവാണ് ഇപ്പോഴുള്ളത്. ചില അവശ്യസാധനങ്ങളുടെ വിതരണത്തില്‍ റേഷനിങ്ങും ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയംതന്നെ ശ്രീലങ്കന്‍ രൂപ ചരിത്രത്തില്‍ ഒരിക്കലും ഉണ്ടായിട്ടില്ലാത്ത മൂല്യശോഷണവും നേരിടുന്നു. പ്രതിസന്ധി മാറ്റമില്ലാതെ തുടര്‍ന്നാല്‍ ശ്രീലങ്കന്‍ രൂപയുടെ മൂല്യം ഇനിയും ഇടിയുമെന്നാണ് സാമ്പത്തികവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ഇത് ഇറക്കുമതിച്ചെലവും വിദേശകടഭാരവും  വര്‍ദ്ധിപ്പിക്കുമെന്നു  തീര്‍ച്ച. ഈ വിഷമഘട്ടത്തില്‍ ശ്രീലങ്ക ഇന്ത്യയും ചൈനയുമടക്കമുള്ള രാജ്യങ്ങളുടെ സഹായം തേടിയിട്ടുണ്ട്. അന്താരാഷ്ട്രധനകാര്യസ്ഥാപനങ്ങളെയും സമീപിച്ചിട്ടുണ്ട്. ഇന്ത്യ ചില സഹായവാഗ്ദാനങ്ങള്‍ നല്‍കിയിട്ടുമുണ്ട്. ഇന്ത്യയുടെ സഹായം ശ്രീലങ്കയിലെ ഇന്ത്യന്‍നിക്ഷേപത്തെ സഹായിക്കാന്‍ വേണ്ടിയാണ്.
ഈ പ്രതിസന്ധികളില്‍നിന്ന് ഇന്ത്യ പഠിക്കേണ്ട ചില രാഷ്ട്രീയപാഠങ്ങളുണ്ട്. ആഗോളവത്കരണനയത്തിന്റെ  ശ്രീലങ്കന്‍പാത പിന്‍തുടര്‍ന്നാല്‍ ഇന്ത്യയുടെ ഭാവിയും ശോഭനമായിരിക്കില്ല.  ഇന്ധനവില തന്നെ ഒരു പ്രത്യക്ഷോദാഹണമാണ്. നാല്പതു രൂപയ്ക്ക് ഇന്ധനം ലഭ്യമാക്കുമെന്ന വാഗ്ദാനത്തിന്റെ പ്രലോഭനങ്ങളില്‍ അധികാരത്തിലേറിയ ഒരു സര്‍ക്കാരാണ് നമ്മെ ഭരിക്കുന്നത്. ഇന്ന് ഇന്ധനവില എവിടെ എത്തിനില്‍ക്കുന്നു? രാഷ്ട്രത്തിന്റെ രത്‌നഖനികളായ പൊതുമേഖലാസ്ഥാപനങ്ങള്‍ കിട്ടിയ വിലയ്ക്ക് വിറ്റഴിക്കുന്നു. ഇന്ത്യന്‍ ജനതയുടെ അഭയകേന്ദ്രവും, ഇന്ത്യാഗവണ്‍മെന്റിന് ഒരു വരുമാനസ്രോതസുമായ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ (കോര്‍പ്പറേഷന്റെ ലാഭത്തില്‍ ഒരു ചെറിയ ശതമാനമാണ് സര്‍ക്കാരിനു കൊടുക്കുന്നത്.) സ്വകാര്യമേഖലയ്ക്കു കൈമാറുന്നതിന്റെ പിന്നിലുള്ള യുക്തിയും രാജ്യസ്‌നേഹവും പിടികിട്ടുന്നില്ല. ശ്രീലങ്കയിലെ ഇന്നത്തെ അനുഭവം ഇന്ത്യയ്ക്ക് വിലയേറിയ ഒരനുഭപാഠമായിത്തീരട്ടെ. ഉദാരവത്കരണനയങ്ങള്‍ നമ്മെ എവിടെയും എത്തിക്കുകയില്ലെന്നു നാം മനസ്സിലാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
പണ്ട് ശ്രീരാമന്‍ രാവണനെ ഒഴിവാക്കി വിഭീഷണനെയാണ് രാജ്യഭാരം ഏല്പിച്ചത്. വിഭീഷണന്‍ രാജ്യതാത്പര്യം കാത്തുസൂക്ഷിച്ച  ഒരു ഭരണാധികാരിയായിരുന്നു. ഇന്നു രാവണന്‍ വീണ്ടും അധികാരത്തിലെത്തിയോ? സംശയിക്കേണ്ടിയിരിക്കുന്നു.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)