•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

ഇന്നോളം പറയാത്തൊരു കഥ

''കഥയെ സംബന്ധിച്ചു തീരാത്ത ഒരു മോഹം ഉള്ളിലുണ്ട്. സ്വയം മറന്നു നൃത്തം ചവിട്ടുമ്പോള്‍ നര്‍ത്തകിയെ കാണാതാവുകയും അരങ്ങില്‍ നൃത്തം മാത്രം അവശേഷിക്കുകയും ചെയ്യുന്നതു പോലെ എഴുതിയെഴുതി ഞാന്‍ ഇല്ലാതാവുകയും കഥ അവശേഷിക്കുകയും ചെയ്യണം'' - അഷിത.
ജീവിക്കുന്ന ജീവിതത്തെക്കാള്‍ നിറവുള്ളൊരു ജീവിതം സര്‍വമനുഷ്യരും ആഗ്രഹിക്കുന്നുണ്ട്. ആ ആഗ്രഹം യാഥാര്‍ത്ഥ്യങ്ങളുടെ ആവര്‍ത്തനവിരസമായ ലോകത്തുനിന്നു ഭാവനകളുടെ വര്‍ണച്ചിറകിലേറി മറ്റൊരു ലോകത്തേക്കു യാത്ര ചെയ്യാന്‍ അവരെ പ്രേരിപ്പിക്കുന്നു. ഈ പ്രേരണയാവണം മനുഷ്യര്‍ കഥകളുടെ പ്രപഞ്ചത്തെ തങ്ങളുടെ ഹൃദയഭൂമിയില്‍ കുടിയിരുത്താന്‍ കാരണം.
കഥ കേള്‍ക്കാനും പറയാനുമുള്ള താത്പര്യം മനുഷ്യനുണ്ടായ കാലംമുതല്‍ക്കേയുണ്ട്. കഥകളില്ലാത്തൊരു ലോകത്തെക്കുറിച്ച് നമുക്കു ചിന്തിക്കാനാവില്ല. കഥകള്‍ മാറ്റിനിര്‍ത്തിയാല്‍ പിന്നെ എന്താവും മര്‍ത്ത്യജീവിതത്തില്‍ ബാക്കിയുണ്ടാവുക! അത്രയേറെ ആഴത്തില്‍ കൂടിക്കലരുന്നുണ്ട് കഥയും ജീവിതവും. നിങ്ങളയാളുടെ കഥ കേട്ടോ എന്ന ചോദ്യമുയരുമ്പോള്‍ കഥ ജീവിതത്തിന്റെ രേഖപ്പെടുത്തലായി മാറുന്നു. ഒരാളുടെ കഥാന്ത്യം അയാളുടെ ജീവിതാന്ത്യംതന്നെ.
സ്വന്തം തല കാക്കുന്നതിനായി ആയിരത്തൊന്നു രാവുകള്‍ നിര്‍ത്താതെ കഥകള്‍ പറഞ്ഞു ഷെഹര്‍സാദ്. ഓരോ രാവിലും അവള്‍ പറഞ്ഞ കഥകള്‍ക്ക് അവളുടെ ജീവനോളം വിലയുണ്ടായി. ജീവിതദുരിതങ്ങളുടെ നരകത്തില്‍ ഉമിത്തീയിലെന്നതുപോലെ എരിഞ്ഞുകൊണ്ടിരുന്ന ഒരു രാജ്ഞിക്ക് പ്രത്യാശയും ആത്മവിശ്വാസവും പകരുന്നതിനായാണത്രേ സോമദേവന്‍ കഥാസരിത് സാഗരം രചിച്ചത്. ഈസോപ്പു കഥകള്‍, ജാതകകഥകള്‍, പഞ്ചതന്ത്രം കഥകള്‍ തുടങ്ങിയ ആദ്യകാല കഥാമാതൃകകളെടുക്കുക. അവയിലൊക്കെയും ആഴമേറിയ ജീവിതദര്‍ശനങ്ങളും മഹത്തരമായ തത്ത്വചിന്തകളും ഉള്ളടങ്ങിയിരിക്കുന്നതായി കാണാം. പലപ്പോഴും ശാസ്ത്രത്തിനോ സാങ്കേതികവിദ്യകള്‍ക്കോ ഉത്തരം തരാനാവാത്ത ജീവിതത്തെക്കുറിച്ചുള്ള നമ്മുടെ ആശങ്കകള്‍ക്കും ഉത്കണ്ഠകള്‍ക്കും കഥകള്‍ ഉത്തരങ്ങളായി മാറുന്നു. കഥയിലെ മനുഷ്യര്‍ ഈ കഠിനകാലങ്ങളൊക്കെയും കടന്നു മുന്നോട്ടു നടന്നെങ്കില്‍ നമ്മളും നടക്കുകതന്നെ ചെയ്യും എന്നൊരാത്മവിശ്വാസം ഉള്ളില്‍ നിറയുന്നു. അങ്ങനെയാണ് കഥ ജീവിതത്തിന്റെ വഴിയും വെളിച്ചവുമാകുന്നത്.
കഥകളുടെ കഥ പറയുമ്പോള്‍ ആ വഴിത്താരയില്‍നിന്നു ക്രിസ്തുവിനെ ഒഴിവാക്കാനാവില്ല. അവന്‍ സംസാരിച്ചത് അധികവും കഥകളിലൂടെയായിരുന്നു.
ധൂര്‍ത്തപുത്രന്റെ കഥ, കാണാതായ ആടിന്റെ കഥ, നല്ല സമറായന്റെ കഥ, ധനവാന്റെയും ലാസറിന്റെയും കഥ തുടങ്ങി നിരവധി കഥകള്‍. എന്നാല്‍, ഈ കഥകളൊക്കെയും കഥകള്‍ മാത്രമായിരുന്നോ? ഒരിക്കലുമല്ല. ക്രിസ്തുവിന്റെ കഥകള്‍ കേട്ട മനുഷ്യരൊക്കെയും ആ കഥകളില്‍ തങ്ങളെയും തങ്ങളുടെ കാലത്തെയുമാണു കണ്ടത്. അവന്റെ കഥകള്‍ ആ മനുഷ്യരുടെ കണ്ണു നിറച്ചു. തങ്ങളുടെ ചിന്തകളിലും ജീവിതവ്യാപാരങ്ങളിലും മാറ്റങ്ങള്‍ വരുത്താന്‍ ആ കഥകള്‍ അവരെ പ്രേരിപ്പിച്ചു. ക്രിസ്തുവിന്റെ കഥകളില്‍പ്പെട്ട ധൂര്‍ത്തപുത്രന്റെ കഥയാണ് ആദ്യത്തെ ലക്ഷണമൊത്ത ചെറുകഥ എന്നഭിപ്രായമുള്ള സാഹിത്യപണ്ഡിതരുണ്ട്. കേവലം നൂറ്റിയന്‍പതില്‍ താഴെ വാക്കുകള്‍കൊണ്ട് ഉജ്ജ്വലമായൊരു ജീവിതസത്യത്തെ വരച്ചിടാന്‍ പ്രസ്തുത കഥയ്ക്കു കഴിഞ്ഞിരിക്കുന്നു.
കഥയെ ചെറുകഥയെന്നാണു പൊതുവെ വിശേഷിപ്പിക്കുന്നതെങ്കിലും എല്ലാ കഥകളും അത്ര ചെറിയ കഥകളല്ല. കാതറിന്‍ മാന്‍സ്ഫീല്‍ഡിന്റെ പ്രശസ്തമായ 'കാനറിപ്പക്ഷി' എന്ന കഥ മുന്നൂറു പേജുകള്‍ ദൈര്‍ഘ്യമുള്ളതാണ്. ഏകാന്തദുഃഖത്തിലാഴ്ന്നുപോയ കഥാനായികയ്ക്കരികില്‍ സാന്ത്വനമായി ഒരു പക്ഷി എത്തിച്ചേരുന്നതാണു കഥയുടെ ഇതിവൃത്തം. കഥ വലുതോ ചെറുതോ എന്നത് അത്ര പ്രധാനമല്ല, അതിനുള്ളില്‍ തുടിക്കുന്ന ജീവിതമാണ് ഏതു കഥയുടെയും വിധി നിശ്ചയിക്കുക.
ശിവഭഗവാന്‍ തന്റെ പാതിയായ പാര്‍വതീദേവിയോടു നിന്റെ അഭിലാഷമെന്തെന്നാരായുമ്പോള്‍, ഇന്നോളം ആരും പറയാത്തൊരു കഥ പറയാനാണ് പാര്‍വതി ആവശ്യപ്പെടുന്നത്. തങ്ങള്‍ക്കു പ്രിയങ്കരരായ ഓരോ കഥാകൃത്തിനോടും വായനക്കാര്‍ ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നതും ഇതുതന്നെ. പറയാത്ത കഥകള്‍ പറയുകയാണ്, പുത്തന്‍ ഭാവനാകാശങ്ങള്‍ സൃഷ്ടിക്കുകയാണ് കഥയെഴുത്തുകാര്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ആ വെല്ലുവിളിയെ അതിജീവിക്കാന്‍, കഥയുള്ള കഥകള്‍ മെനെഞ്ഞെടുക്കാന്‍ കഥാകൃത്തുക്കള്‍ എക്കാലത്തും പരിശ്രമിക്കുന്നു.
'വഴിയോരസത്രത്തിലപരാഹ്നവേളയില്‍/
ഒരുമിച്ചുകൂടി പിരിഞ്ഞുപോകുംവരെ/
പറയുക പറയുക കഥകള്‍ നിരന്തരം/
കഥ പറഞ്ഞങ്ങനെ കാലത്തിലലിയുക' എന്ന് റഫീക്ക് അഹമ്മദ്.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)