സുപ്രസിദ്ധ അല്മായ പ്രേഷിതന്‍ സാധു ഇട്ടിയവിരായ്ക്ക് ജന്മശതാബ്ദി
കാക്കിപ്പാന്റും നീളന്‍ കുപ്പായവും ധരിച്ച ദീര്‍ഘകായന്‍. ഉടുപ്പിന്റെ മുന്‍വശത്ത് ''ദൈവം സ്‌നേഹമാകുന്നു'' എന്നും പിന്‍വശത്ത് GOD IS LOVE എന്നും ലിഖിതങ്ങള്‍. തോളില്‍ സഞ്ചി. പറ്റെ വെട്ടിനിര്‍ത്തിയ തലമുടിയും കുറ്റിമീശയും. മുഖത്തു കുട്ടികളുടേതുപോലുള്ള നിഷ്‌കളങ്കമായ പുഞ്ചിരിയും ഉള്ളുനിറയെ ജ്വലിക്കുന്ന സ്‌നേഹവുമായി ഇങ്ങനെ ഒരു മനുഷ്യന്‍ പതിറ്റാണ്ടുകളോളം മനുഷ്യരെ കാണുന്നിടത്തെല്ലാം പ്രസംഗിച്ചുനടന്നു. സാധു ഇട്ടിയവിരാ എന്ന ആ വ്യത്യസ്തനായ മനുഷ്യന്‍ നൂറുവയസ്സിന്റെ ''ചെറുപ്പ''വുമായി വീട്ടില്‍ ഇരിപ്പാണ്. ഒരു നൂറ്റാണ്ടിനുള്ളില്‍ നടന്നുതീര്‍ത്ത വഴികളും ചെയ്ത കാര്യങ്ങളും ഏറെയാണ്. സന്ന്യാസതുല്യമായ മനസ്സോടെ വൈവിധ്യമാര്‍ന്ന ജീവിതരംഗങ്ങളില്‍ സഞ്ചരിച്ച സാധു ഇട്ടിയവിരാ തലമുറകള്‍ക്കു പ്രചോദനമാണ്.
മീനച്ചില്‍ താലൂക്കിലെ കൊല്ലപ്പള്ളി ഗ്രാമത്തില്‍ പെരുമാട്ടിക്കുന്നേല്‍ മത്തായി-അന്ന ദമ്പതികളുടെ മകനായി 1922 മാര്‍ച്ച് 18 നാണ് ഇട്ടിയവിരായുടെ ജനനം. അന്തീനാട് ഗവ. സ്‌കൂള്‍, പ്രവിത്താനം സെന്റ് മൈക്കിള്‍സ് സ്‌കൂള്‍, പാലാ സെന്റ് തോമസ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലായി വിദ്യാഭ്യാസം. സ്‌കൂള്‍ ഫൈനല്‍ പാസായശേഷം കുറച്ചുനാള്‍ എറണാകുളത്ത് ഒരു തടിഡിപ്പോയില്‍ മാനേജരായി ജോലി നോക്കി. അധികം വൈകാതെ ഇന്ത്യന്‍ ആര്‍മിയില്‍ ചേര്‍ന്നു. 1942 ലായിരുന്നു അത്. അഞ്ചുവര്‍ഷം സൈനികസേവനം ചെയ്ത അദ്ദേഹം സിംഗപ്പൂര്‍, മലയ എന്നിവിടങ്ങളില്‍ ജോലി ചെയ്തു. യുദ്ധം കഴിഞ്ഞതിനാല്‍ നാട്ടിലേക്കു തിരികെപ്പോന്നു.
പിന്നീട് ഉപരിപഠനത്തിനായി തേവര എസ്.എച്ച്. കോളജില്‍ ചേര്‍ന്നു. ഇന്റര്‍മീഡിയറ്റ് പാസായി. വൈദികനാവുക എന്ന ലക്ഷ്യവുമായി ഈശോസഭയില്‍ ചേര്‍ന്നത് 1950 ലാണ്. പഠനത്തില്‍ സമര്‍ത്ഥനായ ഇട്ടിയവിരാ വിവിധ സെമിനാരികളിലായി ഫിലോസഫിയും തിയോളജിയും പഠിച്ചു. വൈദികപട്ടം ലഭിക്കാന്‍ ഒരു വര്‍ഷം മാത്രം ബാക്കിനില്‍ക്കേ അദ്ദേഹം തിരികെപ്പോന്നു. പൗരോഹിത്യത്തിന്റെ പടിവാതില്‍ക്കല്‍നിന്നു പിന്തിരിഞ്ഞുനടന്നത് കുടുംബജീവിതത്തിലേക്കായിരുന്നില്ല. ദരിദ്രനായി നടന്നു പ്രസംഗിച്ച കര്‍ത്താവിനെ അനുകരിക്കാനായിരുന്നു മോഹം. ഉള്ളിന്റെയുള്ളില്‍ സ്‌നേഹത്തിന്റെ വിപ്ലവം വീര്യമുള്ള വീഞ്ഞായി പതഞ്ഞുയര്‍ന്നപ്പോള്‍ ആ വഴിയേ സഞ്ചരിക്കാനുള്ള സാഹസികത കൈവന്നു.
1958 ജൂണ്‍ 22 ന്, തന്റെ 36-ാം വയസ്സില്‍ വീടിനോടും വീട്ടുകാരോടും യാത്ര പറഞ്ഞ് ക്രിസ്തുവിന്റെ സാക്ഷിയായി പ്രസംഗിക്കാന്‍ ഇറങ്ങിത്തിരിച്ചു. ആ യാത്ര കന്യാകുമാരി വരെ നീണ്ടു. കാല്‍നടയായി സഞ്ചരിച്ചു തീരപ്രദേശത്തുകൂടി തിരികെയെത്തി, ഒരു മാസം കഴിഞ്ഞ്. മംഗലാപുരം വരെ പോയിവന്നത് രണ്ടു മാസം കഴിഞ്ഞപ്പോഴാണ്. ദൈവം സ്‌നേഹമാകുന്നു എന്ന സന്ദേശവാക്യവുമായി നടത്തിയ യാത്രകളിലൂടെ ക്രിസ്തുവിന്റെ ലാളിത്യം സ്വജീവിതത്തില്‍ ലോകത്തിനു പരിചയപ്പെടുത്താനായിരുന്നു ശ്രമം.
അക്കാലത്താണ് 'സാധു ഇട്ടിയവിരാ' എന്ന പേരു കൈവന്നത്. ഒരു യഥാര്‍ത്ഥഭിക്ഷുവിന്റെ ജീവിതമായിരുന്നു അത്. മണ്‍കുടിലിലും മണിമാളികകളിലും പണിശാലകളിലും പാഠാലയങ്ങളിലും കയറിയിറങ്ങി. തെരുവുതിണ്ണകളിലും മരച്ചുവട്ടിലും കിടന്നുറങ്ങി. എല്ലായിടത്തും ദൈവത്തിന്റെ സ്‌നേഹത്തെക്കുറിച്ച് എത്രയും ലളിതമായി പങ്കുവച്ചു. പഠിപ്പിന്റെ കനം തീണ്ടാത്ത വാക്കുകള്‍ അനേകരുടെ ഹൃദയത്തില്‍ നേരിട്ടു പതിഞ്ഞു. പത്തുവര്‍ഷത്തോളം ഭിക്ഷുവായി പദയാത്ര നടത്തിയതിലൂടെ അനേകര്‍ക്കു നല്‍കിയ നന്മകള്‍ അനവധിയാണ്.
ശാസ്ത്ര-സാങ്കേതികവിഷയങ്ങളില്‍ അഗാധമായ താത്പര്യം പുലര്‍ത്തിയിരുന്ന സാധു ഇട്ടിയവിരാ ആ വഴിക്കും ചുവടുവച്ചു. പ്രാര്‍ത്ഥനയുടെ അരൂപിയില്‍ ശാസ്ത്രീയഗവേഷണങ്ങള്‍ നടത്താന്‍വേണ്ടി മധ്യപ്രദേശിലെ റായ്പൂരില്‍ 'അനുസന്ധാന്‍ ആശ്രമം' സ്ഥാപിച്ചു. സമാനഹൃദയര്‍ ഒത്തുചേര്‍ന്ന ആ വേദിയില്‍ അദ്ദേഹംതന്നെ സൗരോര്‍ജസംബന്ധിയായ അനേകം ഗവേഷണങ്ങള്‍ നടത്തി. അനാരോഗ്യം നിമിത്തം അവിടത്തെ പ്രവര്‍ത്തനങ്ങള്‍ ഏറെക്കാലം തുടരാനായില്ല.
തിരികെ നാട്ടിലെത്തിയ സാധു ഇട്ടിയവിരാ വായനയും എഴുത്തും പ്രഭാഷണവുമൊക്കെയായി യാത്രകള്‍ തുടര്‍ന്നു. അതിനിടയില്‍ 56-ാം വയസ്സില്‍ വിവാഹജീവിതത്തില്‍ പ്രവേശിച്ചു. അതും സന്ന്യാസജീവിതത്തിന്റെ മറ്റൊരു മുഖമെന്ന മട്ടിലേ കാണാനാവൂ. ഇട്ടിയവിരാ - ലാലി ദമ്പതികളുടെ ഏകമകന്‍ ജിജോ അധ്യാപകനാണ്. ഭാര്യയോടും മകന്റെ കുടുംബത്തോടുമൊപ്പം കോതമംഗലം ഇരുമലപ്പടിയില്‍ 'ജീവജ്യോതി' എന്നു പേരിട്ട വീട്ടില്‍ ജീവിതസായാഹ്നം ചെലവഴിക്കുമ്പോള്‍ ചുറ്റിലും ആ ഉത്തമകര്‍ഷകന്റെ അപദാനങ്ങളാലപിക്കുന്ന ഫലവൃക്ഷാദികളുമുണ്ട്.
പ്രകൃതിയില്‍നിന്നും ചുറ്റുപാടുകളില്‍നിന്നും കൊച്ചുകൊച്ചുദാഹരണങ്ങള്‍ ചേര്‍ത്തുവച്ച്, വലിയ ജീവിതപാഠങ്ങള്‍ ലളിതസുന്ദരമായി അവതരിപ്പിക്കാന്‍ അസാമാന്യവിരുതുള്ള അദ്ദേഹത്തിന്റെ പ്രഥമഗ്രന്ഥം 1960 ല്‍ പുറത്തിറങ്ങിയ 'പിതാവും പുത്രനും' ആണ്. തുടര്‍ന്ന് നിരവധി പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു. മലയാളത്തില്‍ അമ്പതും ഇംഗ്ലീഷില്‍ എഴുപത്തഞ്ചുമായി ആകെ 125 പുസ്തകങ്ങള്‍. സമാഹരിക്കാത്ത ലേഖനങ്ങള്‍ ഏഴായിരത്തിലധികം ഉണ്ടാകും.
മനുഷ്യസ്‌നേഹപരമായ സേവനത്തിന് അഞ്ചുവര്‍ഷത്തിലൊരിക്കല്‍ നല്‍കുന്ന ആല്‍ബര്‍ട്ട് ഷൈ്വറ്റ്‌സര്‍ അന്താരാഷ്ട്ര അവാര്‍ഡിന് സാധു ഇട്ടിയവിരാ അര്‍ഹനായതു നിസ്സാരകാര്യമല്ല. 1981 ഏപ്രില്‍ 23 ന് അമേരിക്കയിലെത്തി അദ്ദേഹം അവാര്‍ഡ് ഏറ്റുവാങ്ങി. സെന്റ് പോള്‍സ് പബ്ലിക്കേഷന്‍സ് മൂല്യവത്തായ ഗ്രന്ഥത്തിനു നല്‍കുന്ന 'അല്‍ബേരിയോണോ' അവാര്‍ഡും അദ്ദേഹത്തിനു ലഭിച്ചു.