കര്‍ദിനാള്‍ റോബര്‍ട്ട് സറായുടെ ''എന്നന്നേക്കും'' (For the Eternity) എന്ന ഗ്രന്ഥം പങ്കുവയ്ക്കുന്ന പൗരോഹിത്യചിന്തകളുടെ ഒരു അവലോകനം
VII
12-ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ബനഡിക്‌ടൈന്‍ സന്ന്യാസവര്യനായിരുന്നു വേദപാരംഗതനായ വിശുദ്ധ ബര്‍ണാര്‍ഡ് (1090-1153). ഫ്രാന്‍സില്‍ ക്ലെര്‍വോ എന്ന സ്ഥലത്തെ സന്ന്യാസഭവനത്തിന്റെ ആബട്ട് ആയിരുന്നതുകൊണ്ട് അദ്ദേഹം ക്ലെര്‍വോയിലെ വി. ബര്‍ണാര്‍ഡ് എന്നറിയപ്പെടുന്നു.
മൂന്നാം യൂജീന്‍ മാര്‍പാപ്പായ്ക്കും ഫ്രാന്‍സിലെ ചില മെത്രാന്മാര്‍ക്കും അദ്ദേഹം എഴുതിയ ലത്തീന്‍ഭാഷയിലുള്ള കത്തുകളുടെ ഫ്രഞ്ചു പരിഭാഷ 1866 ല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതില്‍നിന്നുള്ള ചില ഭാഗങ്ങളാണ് കര്‍ദിനാള്‍ സറാ തന്റെ ഗ്രന്ഥത്തില്‍ ഉദ്ധരിച്ചിരിക്കുന്നത്.
വിശുദ്ധ ബര്‍ണാര്‍ഡ് എഴുതിയ കത്തുകളില്‍ മാര്‍പാപ്പായും മെത്രാന്മാരും വൈദികരും അടങ്ങിയ പുരോഹിതഗണത്തോടു സഭയുടെ നവീകരണത്തിനായി പ്രാര്‍ത്ഥനയില്‍ അഭയം പ്രാപിക്കണമെന്നാണ് ഉപദേശിച്ചിരുന്നത്. ഫ്രാന്‍സിലെ സാന്‍സ് രൂപതയുടെ മെത്രാനായിരുന്ന ഹെന്റിക്ക് എഴുതിയ കത്തില്‍ അദ്ദേഹം ചോദിക്കുന്നു: ''ലോകത്തെ പ്രസാദിപ്പിക്കാനാണെങ്കില്‍ നിങ്ങള്‍ എന്തിനാണു പുരോഹിതനായത്?'' ''ഞാന്‍ എപ്പോഴും മനുഷ്യരെ പ്രസാദിപ്പിക്കുകയാണെങ്കില്‍ ക്രിസ്തുവിന്റെ ദാസനാവുകയില്ല.'' (ഗലാ.1: 10). അദ്ദേഹം തുടരുന്നു: ''ആടുകളുടെ ഇടയന്മാര്‍ ആടുകളെപ്പോലെ താഴേക്കു നോക്കി മേഞ്ഞുനടന്നാല്‍പ്പോരാ. ശത്രു വരുന്നുണ്ടോന്ന് മുഖമുയര്‍ത്തി നോക്കണം.'' തന്നത്താന്‍ മറന്നു മറ്റുള്ളവരെ പരിപാലിക്കണമെങ്കില്‍ നിര്‍മലമായ ഹൃദയത്തിന് ഉടമയാകണം. കോപിഷ്ഠനു നല്ലയിടയനായ ഈശോ മിശിഹായുടെ ശാന്തഗുണം പകര്‍ന്നുകൊടുക്കാന്‍ സാധിക്കുകയില്ലെന്നും വി. ബര്‍ണാര്‍ഡ് പ്രസ്താവിക്കുന്നു.
പ്രാര്‍ത്ഥന അവഗണിക്കരുത്
സ്വന്തം നന്മ മറന്ന് മറ്റുള്ളവരുടെ കാര്യങ്ങളില്‍ മാത്രം വ്യാപൃതരാകുന്നതിനെയും വിശുദ്ധ ബര്‍ണാര്‍ഡ് അപലപിക്കുന്നുണ്ട്. 'പ്രവര്‍ത്തനങ്ങളില്‍ മിതത്വം പാലിച്ച് ജ്ഞാനം നേടുക' എന്ന സോളമന്റെ ഉപദേശം ഓര്‍മിപ്പിക്കുന്നു. എല്ലാ സംരംഭങ്ങള്‍ക്കുംമുമ്പു പ്രാര്‍ത്ഥിക്കണമെന്നും വിശുദ്ധന്‍ നിര്‍ദേശിക്കുന്നു. പുരോഹിതന്‍ എല്ലാവര്‍ക്കും എല്ലാമാകുമ്പോള്‍ തന്നെത്തന്നെയും അതില്‍ ഉള്‍പ്പെടുത്തണമെന്ന് വിശുദ്ധ ബര്‍ണാര്‍ഡ് പ്രസ്താവിക്കുന്നു. ഒരു പൊതുക്കിണര്‍ എന്നപോലെ എല്ലാവരും നിന്നെ സമീപിച്ചു ദാഹം തീര്‍ക്കുന്നു. നീ മാത്രം പാനം ചെയ്യാതിരുന്നാല്‍ എങ്ങനെ? പ്രാര്‍ത്ഥനയാണ് ഇവിടെ അദ്ദേഹം വിവക്ഷിക്കുന്നത്. മുഴുവന്‍ നേരവും പ്രവര്‍ത്തനങ്ങളില്‍ മുഴുകാതെ നിങ്ങളുടെ ഹൃദയത്തിന്റെയും സമയത്തിന്റെയും ചെറിയൊരു ഭാഗം പ്രാര്‍ത്ഥനയ്ക്കായി നീക്കിവയ്ക്കുക. ''തന്നോടുതന്നെ പിശുക്കു കാണിക്കുന്നവന്‍ ആരോടെങ്കിലും ഔദാര്യം കാണിക്കുമോ?അവന്‍ സ്വന്തം സമ്പത്ത് ആസ്വദിക്കുകയില്ല'' (പ്രഭാ. 14,5). മൂന്നാം യൂജീന്‍ മാര്‍പാപ്പായ്ക്കുള്ള പ്രസ്തുത കത്തില്‍ വി. ബര്‍ണാര്‍ഡ് തുടര്‍ന്നു പ്രതിപാദിക്കുന്നത് പ്രാര്‍ത്ഥനയുമായി ബന്ധപ്പെട്ട ദൈവഭക്തി എന്ന വിഷയമാണ്.
ദൈവഭക്തി
ദൈവഭക്തി എന്നതുകൊണ്ട് പ്രാര്‍ത്ഥനയിലൂടെയുള്ള ദൈവാരാധനയെയാണ് താന്‍ അര്‍ത്ഥമാക്കുന്നത് എന്നു വിശുദ്ധന്‍ എഴുതുന്നു. സങ്കീര്‍ത്തനം 46 ലെ 10-ാം വാക്യമാണ് ഇത്തരുണത്തില്‍ വി. ബര്‍ണാര്‍ഡ് ഉദ്ധരിക്കുന്നത്. ''ശാന്തമാവുക, ഞാന്‍ ദൈവമാണെന്ന് അറിയുക.'' ഇതല്ലേ പ്രാര്‍ത്ഥനയുടെ മുഖ്യകര്‍ത്തവ്യം എന്ന് അദ്ദേഹം ചോദിക്കുകയും ചെയ്യുന്നു.
ഇപ്രകാരം ശാന്തമാകാതെ എടുത്ത തീരുമാനങ്ങളും വിധി ത്തീര്‍പ്പുകളും തിടുക്കത്തിലുള്ള പ്രവൃത്തികളും ഉപദ്രവകരമായി ഭവിച്ചിട്ടുണ്ടെന്ന് അങ്ങേക്കുതന്നെ അനുഭവമുള്ളതല്ലേ എന്ന് മാര്‍പാപ്പായോടു വി. ബര്‍ണാര്‍ഡ് ചോദിക്കുന്നു.
പ്രാര്‍ത്ഥനയുടെ ഫലങ്ങള്‍
പ്രാര്‍ത്ഥനയുടെ ഫലങ്ങള്‍ അദ്ദേഹം താഴെക്കാണുംവിധം വിവരിക്കുന്നു: ''പ്രാര്‍ത്ഥനയുടെ പ്രഥമഫലം അത് അതിന്റെ ഉറവിടമായ മനുഷ്യാത്മാവിനെ ശുദ്ധീകരിക്കുന്നു എന്നതാണ്. തുടര്‍ന്ന് വികാരങ്ങളെ നിയന്ത്രിക്കുന്നു, പ്രവൃത്തികളെ നേര്‍വഴിക്കു നയിക്കുന്നു, അതിരു കടന്നാല്‍ തിരുത്തല്‍ നല്കുന്നു, നല്ല പെരുമാറ്റം രൂപപ്പെടുത്തുന്നു, ജീവിതത്തെ സത്യസന്ധവും ക്രമാനുഗതവുമാക്കുന്നു. പ്രാര്‍ത്ഥന മാനുഷികവും ദൈവികവുമായ ജ്ഞാനം പ്രദാനം ചെയ്യുന്നു. അത് താറുമാറായിടത്ത് അടുക്കും ചിട്ടയും കൊണ്ടുവരുന്നു. അകന്നതിനെ അടുപ്പിക്കുന്നു. ചിതറിപ്പോയതിനെ ഒന്നിച്ചുകൂട്ടുന്നു. പ്രാര്‍ത്ഥന രഹസ്യങ്ങള്‍ ചൂഴ്ന്നിറങ്ങുന്നു, ശ്രദ്ധയോടെ സത്യം അന്വേഷിക്കുന്നു. പ്രഹസങ്ങളുടെ മറനീക്കി കാപട്യവും വ്യാജവും വെളിവാക്കുന്നു. ഐശ്വര്യകാലത്തു കഷ്ടകാലവും കഷ്ടകാലത്ത് ഐശ്വര്യവും മുന്‍കൂട്ടി ദര്‍ശിക്കാനുള്ള കഴിവും വിവേകവും പ്രാര്‍ത്ഥനവഴി ആര്‍ജിക്കാന്‍ കഴിയും.''
കര്‍ദിനാള്‍ സറായുടെ വിചിന്തനം
വിശുദ്ധ ബര്‍ണാര്‍ഡിന്റെ കാവ്യാത്മകമായ ഈ വാക്യങ്ങള്‍ വായിക്കുന്നതുതന്നെ ഉണര്‍വു നല്കുന്നുവെന്നും യൂജിന്‍ മൂന്നാമന്‍ പാപ്പാ നല്കുന്ന ഉറപ്പുള്ള നിര്‍ദേശങ്ങള്‍ ഈ കാലഘട്ടത്തിലെ പുരോഹിതന്മാര്‍ക്കും പ്രസക്തമാണെന്നും കര്‍ദിനാള്‍ സറാ നിരീക്ഷിക്കുന്നു. മദ്ധ്യയുഗത്തില്‍ മെത്രാന്മാരുടെയും വൈദികരുടെയും നിയമനത്തില്‍ രാജ്യത്തെ ഭരണത്തലവന്മാര്‍ ഇടപെട്ടിരുന്നു. അത് പുരോഹിതന്മാരുടെ ധാര്‍മികാധഃപതനത്തിനു വഴിതെളിച്ചു. ഇതിനെ മറികടക്കാന്‍ മഹാനായ വിശുദ്ധ ഗ്രിഗറി മാര്‍പാപ്പാ തുടങ്ങിവച്ച നവോത്ഥാന പ്രയത്‌നങ്ങള്‍ വി. ബര്‍ണാര്‍ഡ് തുടരുകയാണു ചെയ്തത്. വൈദികരുടെ വിശുദ്ധീകരണത്തിനാണു പ്രഥമ പരിഗണന നല്കിയിരുന്നത്. ഇന്നും അതുതന്നെയാണ് ആവശ്യമെന്ന് കര്‍ദിനാള്‍ പ്രസ്താവിക്കുന്നു.
അന്ന് രാഷ്ട്രീയാധികാരികളാണു സഭയുടെമേല്‍ സമ്മര്‍ദം ചെലുത്തിയിരുന്നതെങ്കില്‍ ഇന്ന് സാംസ്‌കാരികസമ്മര്‍ദങ്ങളാണ് സഭയെയും അവളുടെ പൗരോഹിത്യത്തെയും ദോഷകരമായി ബാധിക്കുന്നത്.
ആധുനികസമ്മര്‍ദങ്ങള്‍
ആപേക്ഷികവാദവും ഉപഭോഗസംസ്‌കാരവും സുഖഭോഗാസക്തിയും എല്ലാ മേഖലകളിലും നുഴഞ്ഞുകയറുന്നു. കര്‍ത്താവിന്റെ സുവിശേഷത്തിനു ചേരാത്ത ഈ പ്രവണതകളെ തള്ളിക്കളയണം. ഭൗതികതയില്‍നിന്നും അഹംഭാവത്തില്‍നിന്നും മോചിതരായി പുല്ക്കൂട്ടിലെ താഴ്മയുടെയും ഗാഗുല്‍ത്തായിലെ കുരിശിന്റെയും മഹത്ത്വം സ്വാംശീകരിക്കാന്‍ പുരോഹിതര്‍ക്കു കഴിയണം. അല്ലെങ്കില്‍ മദ്ധ്യയുഗത്തിലെന്നപോലെ ഇന്നും സഭയിലേക്കുള്ള ഭൗതികതയുടെ കടന്നുകയറ്റംവഴി വൈദികരില്‍ ലൈംഗിക ഇടര്‍ച്ചകളും സാമ്പത്തികക്രമക്കേടുകളും തത്ഫലമായി അധികാരപ്രമത്തതയും മാരകമായ ആധ്യാത്മിക വരള്‍ച്ചയും ഉളവാകും.
ഭൗതികസംസ്‌കാരത്തിന്റെ ചങ്ങലകളില്‍നിന്നു മോചിതനാകാന്‍ വി. ബര്‍ണാര്‍ഡ് വൈദികനു നിര്‍ദേശിക്കുന്ന ഒറ്റമൂലി പ്രാര്‍ത്ഥനയാണ് എന്ന് കര്‍ദിനാള്‍ സറാ നിരീക്ഷിക്കുന്നു. പ്രാര്‍ത്ഥനയ്ക്കായി വിളിക്കപ്പെട്ടവനാണു പുരോഹിതനെന്നും ദീര്‍ഘനേരം പ്രാര്‍ത്ഥനയില്‍ ചെലവഴിക്കുന്ന ഇടയനെ ദര്‍ശിക്കുന്നതു വിശ്വാസികള്‍ക്ക് ഒരാദ്ധ്യാത്മികാവശ്യംതന്നെയാണെന്നും അങ്ങനെയുള്ള വൈദികര്‍ തങ്ങളെ ആഴമായി സ്‌നേഹിക്കുന്നുവെന്ന് അവര്‍ക്കു തീര്‍ച്ചയായും അറിയാമെന്നും കര്‍ദിനാള്‍ വിശദമാക്കുന്നു.
പ്രാര്‍ത്ഥന
പ്രാര്‍ത്ഥന എന്താണെന്നാണ് അടുത്തതായി ഗ്രന്ഥകാരന്‍ പരിചിന്തനം ചെയ്യുന്നത്. വിശുദ്ധ കൊച്ചുത്രേസ്യായുടെ ആത്മകഥയിലെ വാക്കുകള്‍ അദ്ദേഹം ഉദ്ധരിക്കുന്നു: ''എന്നെ സംബന്ധിച്ചിടത്തോളം പ്രാര്‍ത്ഥന ഹൃദയത്തിന്റെ ഒരാവേശവും അഭിലാഷവുമാണ്. അതു സ്വര്‍ഗത്തിന്റെ നേര്‍ക്കുള്ള ലളിതമായ ഒരു നോട്ടമാണ്. അത് ആനന്ദത്തിലും ആകുലതയിലും ഒരേപോലെ നന്ദിയുടെയും സ്‌നേഹത്തിന്റെയും ഒരു തേങ്ങലാണ്. ചുരുക്കത്തില്‍, പ്രാര്‍ത്ഥന എന്റെ മനസ്സിനു വികാസം ചൊരിയുകയും ഈശോയോട് അതിനെ ഒന്നിപ്പിക്കുകയും ചെയ്യുന്നു'' (അദ്ധ്യായം തക). ശുഷ്‌കത അനുഭവപ്പെടുമ്പോള്‍ 'സ്വര്‍ഗസ്ഥനായ പിതാവേ' ഒരു പ്രാവശ്യം ശാന്തമായി, സാവധാനം ചൊല്ലുകയാണു ചെയ്യാറുള്ളതെന്നും വി. കൊച്ചുത്രേസ്യാ തുടര്‍ന്ന് എഴുതിയിട്ടുണ്ട്.
അനിയന്ത്രിതമായ പ്രവര്‍ത്തനനിരതയെക്കുറിച്ച് കുരിശിന്റെ വിശുദ്ധ യോഹന്നാന്‍ എഴുതിയിട്ടുള്ള കാര്യങ്ങള്‍ കര്‍ദിനാള്‍ സറാ അനുസ്മരിക്കുന്നുണ്ട്. തന്റെ സുവിശേഷപ്രഘോഷണവും പ്രവര്‍ത്തനങ്ങളും ലോകം മുഴുവന്‍ വ്യാപിപ്പിക്കുവാന്‍ വ്യാമോഹിക്കുന്ന പ്രേഷിതരോടു കുരിശിന്റെ വി. യോഹന്നാന്‍ പറഞ്ഞു: ''പ്രവര്‍ത്തനത്തിനായി എടുക്കുന്ന സമയത്തിന്റെ പകുതി ദൈവസന്നിധിയില്‍ ചെലവഴിക്കുക. ഫലം ഏറെ വ്യത്യസ്തമായിരിക്കും.''
വി. ബര്‍ണാര്‍ഡിനെ പിന്‍ചെന്നുകൊണ്ട് നമുക്കു പ്രാര്‍ത്ഥിക്കാന്‍ പഠിക്കാം. പ്രാര്‍ത്ഥന എന്നാല്‍, പ്രഥമമായി, നമ്മുടെ ശ്രദ്ധ ഈശോയില്‍ ഉറപ്പിക്കുകയാണ്. ''അതിനാല്‍, സ്വര്‍ഗത്തില്‍നിന്നുള്ള വിളി സ്വീകരിച്ചിരിക്കുന്ന എന്റെ വിശുദ്ധ സഹോദരരേ, നമ്മുടെ വിശ്വാസത്തിന്റെ ശ്ലീഹായും മഹാപുരോഹിതനുമായ ഈശോമിശിഹായെ ശ്രദ്ധിക്കുവിന്‍'' (ഹെബ്രാ 3, 1-2).
സഹനങ്ങളിലൂടെ കടന്നുപോകുമ്പോള്‍ ഗദ്‌സേമനിലെ ഈശോയില്‍ കണ്ണുകള്‍ ഉറപ്പിക്കുവാനാണ് കര്‍ദിനാള്‍ സറാ ഉപദേശിക്കുന്നത്.