നാമാഗ്രഹിക്കുന്ന തരത്തിലുള്ള ഒരു മാറ്റം ലോകത്തിലുണ്ടാകാന്‍ ആദ്യം ചെയ്യേണ്ടത്, ആ മാറ്റം നമ്മളില്‍നിന്നു തുടങ്ങുക എന്നതാണ്. രാഷ്ട്രപിതാവിന്റെ ഈ ആപ്തവാക്യം വളരെ ലളിതമായി തോന്നാമെങ്കിലും, സത്യസന്ധതയോടെ പ്രാവര്‍ത്തികമാക്കാന്‍ വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. അതുകൊണ്ടെന്താ, ലോകത്തെ നന്നാക്കാന്‍ നമുക്കാര്‍ക്കും കഴിയുന്നില്ല. എന്നാല്‍, ഇത്തരം ചില മാറ്റങ്ങള്‍ക്കു വിധേയപ്പെടാന്‍ സന്നദ്ധരായ ചുരുക്കം ചിലരെങ്കിലും ചരിത്രത്തിലിടം നേടി ലോകത്തെ കീഴ്‌മേല്‍ മറിച്ചിട്ടുണ്ട്... ഒരാള്‍ മാത്രമല്ല! കൂടെച്ചേരാന്‍ കുറെപ്പേര്‍ കൂടിയുണ്ടെങ്കിലോ? ചരിത്രത്തിനു വഴിമാറാതിരിക്കാന്‍ പറ്റില്ല. നമ്മുടെ ഈ കൊച്ചുകേരളത്തില്‍, കോട്ടയം ജില്ലയിലെ പൂഞ്ഞാര്‍ എന്ന മലയോരഗ്രാമത്തില്‍ കുറെയാളുകള്‍ - അനുഭവസമ്പത്തുള്ള കുറെ മുതിര്‍ന്നവരും, അറിവാര്‍ജിക്കാന്‍ താത്പര്യത്തോടെ കടന്നുവന്ന കുറെ ചെറുപ്പക്കാരും, കൃത്യമായിപ്പറഞ്ഞാല്‍ 20 വര്‍ഷങ്ങള്‍ക്കുമുമ്പു കണ്ടൊരു സ്വപ്നമാണ്... പങ്കുവച്ച ആശയങ്ങളാണ്... എടുത്ത തീരുമാനങ്ങളാണ്... നടന്ന വഴികളാണ്... ഇന്നു കേരളത്തിനു മാത്രമല്ല, ഭാരതത്തിനുതന്നെ മാതൃകയായി നില്ക്കുന്ന ഭൂമിക എന്ന പ്രസ്ഥാനം. പ്രസ്ഥാനം, സംഘടന എന്നൊക്കെ വിളിക്കുന്നതിനെക്കാള്‍, പൂഞ്ഞാറിനെ സംബന്ധിച്ച് അത് അവിടുത്തെ ഗ്രാമവാസികളെല്ലാം ഒരേപോലെ നെഞ്ചിലേറ്റുന്ന അവരുടെ 'മുന്നേറ്റ'മാണ്.
ഈ മുന്നേറ്റച്ചങ്ങലയിലെ ആദ്യകണ്ണികളായ 15 പേരാണ് പ്രായവ്യത്യാസങ്ങളെയെല്ലാം അതിജീവിച്ചു തകര്‍ക്കാന്‍ പറ്റാത്ത വിശ്വാസമായി ഇന്നും ഒരുമിച്ചുള്ളത്. അവര്‍ തമ്മില്‍ത്തമ്മില്‍ പങ്കുവയ്ക്കുന്ന സ്‌നേഹവിനിമയത്തിന്റെ ചാലിന് ഒരു പേരിട്ടാല്‍ നിറഞ്ഞ ചിരിയുമായി നാട്ടാരുടെ എല്ലാ പ്രശ്‌നങ്ങളിലും കൂടെയുള്ള എബി പൂണ്ടിക്കുളം എന്ന ചെറുപ്പക്കാരന്റേതായിരിക്കും. തങ്ങളുടെ സുന്ദരമായ ഗ്രാമത്തെയും അവിടുത്തെ അധ്വാനികളായ നാട്ടുകാരെയും ഹൃദയത്തിലേറ്റി, അവരുടെ ക്ഷേമത്തിനും വിദ്യാഭ്യാസത്തിനും പുരോഗതിക്കുമായി നിലകൊള്ളാനും, നിലപാടുകളെടുക്കാനും ആസ്തികളൊന്നുമവകാശപ്പെടാനില്ലാതെ സീറോ ബഡ്ജറ്റില്‍ അവര്‍ ഒരുമിച്ചെടുത്ത തീരുമാനം! ഒരു കൊച്ചു കടമുറിയിലെ തട്ടി നാലു കമ്പില്‍ കുത്തിനിര്‍ത്തി തുടങ്ങിയ പ്രസ്ഥാനം. പതിനഞ്ചുപേര്‍ ഷെയറിട്ട വാടകമുറി. പിന്നീടങ്ങോട്ടു പ്രവര്‍ത്തകരിലൊരാളുടെ വാടകയില്ലാത്ത കടമുറിയിലേക്കു മാറി. മുതല്‍ക്കൂട്ട് കുറെ നല്ല ബന്ധങ്ങളും ആത്മവിശ്വാസവും മാത്രം. പക്ഷേ, കൊച്ചുഗ്രാമത്തിലെ ആ കടമുറിയില്‍ പങ്കുവയ്ക്കപ്പെട്ടതെല്ലാം നാടറിയുന്ന പ്രവര്‍ത്തനങ്ങളായി മാറി എന്നത് പില്‍ക്കാലചരിത്രം. ആശയങ്ങള്‍ക്കൊരു ശുദ്ധിയും പ്രവര്‍ത്തനങ്ങള്‍ക്കൊരു ശക്തിയുമുണ്ടെങ്കില്‍ പണവും സംവിധാനങ്ങളുമില്ലാതെ അദ്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയും എന്നതിന്റെ സാക്ഷ്യപത്രമാണ് ഭൂമിക. ചങ്ങലയിലേക്കാകൃഷ്ടരായി എത്തിച്ചേര്‍ന്നവര്‍ കേരളത്തില്‍നിന്നു മാത്രമുള്ളവരല്ല മറ്റു സംസ്ഥാനങ്ങളില്‍നിന്നും വിദേശത്തുനിന്നുമുള്ളവര്‍. വിദ്യാര്‍ത്ഥികളും കര്‍ഷകരും ഉദ്യോഗസ്ഥരും ശാസ്ത്രജ്ഞരും സര്‍ക്കാര്‍-അര്‍ദ്ധസര്‍ക്കാര്‍ സര്‍ക്കാരിതരസംഘടനകളും സ്ഥാപനങ്ങളും! പലരും അവരുടെ പദ്ധതികള്‍ നടത്തുന്നതിനുള്ള സംഘശക്തിയായി ഭൂമികയെ തിരഞ്ഞെടുത്തു. പണം അവര്‍ മുടക്കിയപ്പോള്‍ സംഘാടകരായി ഭൂമിക പറന്നുനിന്നു! ഫലമോ, നിരന്തരമായ പരിശീലനക്ലാസുകളും ബോധവത്കരണപ്രവര്‍ത്തനങ്ങളും പഠനയാത്രകളും. ആയിരത്തിലധികം ക്ലാസ്സുകള്‍, ക്യാമ്പുകള്‍... കൃഷി ഡിപ്പാര്‍ട്ട്‌മെന്റ്, ഹോര്‍ട്ടികോര്‍പ്, റബര്‍ബോര്‍ഡ്, നബാര്‍ഡ്, കാര്‍ഷികവിജ്ഞാനകേന്ദ്രം, ഇക്വേഷന്‍സ് ബാംഗ്ലൂര്‍... കേരളത്തിനകത്തും പുറത്തുമുള്ള നിരവധി, സര്‍ക്കാര്‍, സര്‍ക്കാരിതരസ്ഥാപനങ്ങള്‍ സഹായവും പിന്തുണയുമായി ഭൂമികയ്‌ക്കൊപ്പം നിന്നു. വികാസ് വോളന്റിയര്‍ വാഹിനി(ഢഢഢ) എന്ന പ്രോജക്ട് നബാര്‍ഡ് സംശയലേശമെന്യേ ഭൂമികയെ ഏല്പിച്ചപ്പോള്‍ വിദ്യാഭ്യാസരംഗത്ത് പിന്നീട് ഒട്ടനവധി പരിവര്‍ത്തനങ്ങള്‍ക്കു ചാലകശക്തിയായി മാറിയ റിസോഴ്‌സ് ഫാക്കല്‍റ്റികള്‍ക്കുതന്നെ ജന്മം കൊടുക്കാനുള്ള പ്രവര്‍ത്തനമായതു മാറി. സീറോ ബഡ്ജറ്റില്‍ തന്നെ നാട്ടിലുള്ള ഒരു ക്ലബിന് അന്തര്‍ദേശീയനിലവാരത്തിലുള്ള പരിപാടികള്‍ക്കു നേതൃത്വം കൊടുക്കാന്‍ കഴിയുമെന്നതിന്റെ അടയാളമായി അത്. ഇക്കാലത്ത് അതിജീവനത്തിന്റെ പ്രതീക്ഷാനിര്‍ഭരമായ ഒരു വാതിലാണ് ഭൂമിക എന്നറിയണം.
ഇക്കഴിഞ്ഞ കൂട്ടിക്കല്‍ പ്രളയസമയത്ത് പരിസരങ്ങളെ പരിഗണിക്കുക എന്ന മുദ്രാവാക്യത്തിലൂന്നി ഭൂമിക പ്രവര്‍ത്തിച്ചപ്പോള്‍ ദുരന്തമുഖത്ത് കാര്യമായ സഹായമെത്തിക്കുവാന്‍ സാധിച്ചു. ഭൂമിക മനുഷ്യന്റെ സമഗ്രതയെ ലക്ഷ്യമാക്കി നിസ്വാര്‍ത്ഥമായി പ്രവര്‍ത്തിക്കുമ്പോള്‍ പ്രതീക്ഷകള്‍ക്കപ്പുറത്തുള്ള സഹായവും പിന്തുണയുമെത്തുന്നുണ്ട്. ഒലിവ് തിയോളജിക്കല്‍ സൊസൈറ്റി ഈയടുത്ത കാലത്ത് ഭൂമികയുടെ അടിസ്ഥാനസൗകര്യങ്ങള്‍ വിപുലപ്പെടുത്തിക്കൊടുത്തു എന്നത് സന്തോഷകരമായ അനുഭവമാണ്.
പൂര്‍ണചന്ദ്രന്‍ ഉദിച്ചുനില്ക്കുന്ന രാത്രിയാമങ്ങളില്‍, ചക്കിക്കാവിലും, മുതുകോരയിലും, കൈപ്പള്ളിമലയിലും, കാവാലിപ്പുഴത്തീരത്തുമൊക്കെ നിലാവ് കൂട്ടായ്മകള്‍ സംഘടിപ്പിക്കുന്നു. മീനനിലാവിലും മിഥുനനിലാവിലുമൊക്കെ പല പ്രദേശങ്ങളിലെ ആള്‍ക്കാര്‍, കുട്ടികളും സ്ത്രീകളുമായി കുടുംബമായി ഒന്നിച്ചെത്തുകയാണ്. നിലാവ് നനയുക, നിലാപ്പാട്ട്, നിലാഭക്ഷണം, നിലാധ്യാനം... പിന്നെ നിലാവര്‍ത്തമാനങ്ങളിലേക്ക്. രാവേറെ പ്രകൃതിയോടൊത്തു പങ്കിടുന്ന സമയം ഓരോരുത്തരും വ്യക്തിപരമായി പരിസരങ്ങളെ അറിയുകയാണ്, സ്‌നേഹിക്കുകയാണ്. പിന്നീട് നദീസംരക്ഷണപ്രവര്‍ത്തനങ്ങള്‍ക്കും, മാലിന്യനിര്‍മാര്‍ജനപ്രവര്‍ത്തനങ്ങള്‍ക്കുമൊക്കെയുള്ള ഊര്‍ജം പകര്‍ന്നുകിട്ടിയത് ഇത്തരം കൂട്ടായ്മകളിലെ സജീവചര്‍ച്ചകളിലായിരുന്നെന്ന് പലരും പങ്കുവയ്ക്കാറുണ്ട്. ഇത്തരത്തിലുള്ള വിചാരങ്ങളും അനുഭവങ്ങളും മനുഷ്യനോടുള്ള പ്രണയം ജ്വലിപ്പിച്ചുകൊണ്ടേയിരിക്കുന്നു.
പൂഞ്ഞാര്‍ എന്ന ഗ്രാമത്തിന്റെ മുഴുവന്‍ സത്തയും പേറുന്ന ഒരു സാംസ്‌കാരിക ഇടമായി ഭൂമിക മാറണമെന്ന് സംഘാടകര്‍ ആഗ്രഹിക്കുമ്പോള്‍ - അതുകൊണ്ടവസാനിക്കുന്നില്ല എന്നു നാം തിരിച്ചറിയുന്നു. ഒരുപിടി ആളുകളുടെ ചാരുതയാര്‍ന്ന ചിന്തകളും പ്രവര്‍ത്തനങ്ങളും ഭൂമിക്കുമേല്‍ സുഗന്ധമായി പരന്നൊഴുകുകയാണ്... കാലദേശങ്ങള്‍ക്കതീതമായി... നന്ദി ഭൂമികേ.