മീനച്ചൂടിലേക്കു കടക്കുമ്പോഴേ കേരളമാകെ വെന്തുരുകുകയാണ്. സംസ്ഥാനത്തിന്റെ പല സ്ഥലങ്ങളിലും കനത്ത ചൂടാണു രേഖപ്പെടുത്തുന്നത്. ചിലയിടങ്ങളില്‍ പകല്‍സമയത്ത് 40 ഡിഗ്രി സെല്‍ഷ്യസിന് അടുത്താണ് അന്തരീക്ഷതാപനില. രാത്രിയും കൊടുംചൂടാണു നേരിടേണ്ടിവരുന്നത്. രണ്ടു വന്‍പ്രളയങ്ങളെ നേരിട്ട കേരളത്തിന് ഇനി രൂക്ഷവരള്‍ച്ചകളെക്കൂടി നേരിടേണ്ട സാഹചര്യമാണുള്ളതെന്നു കാലാവസ്ഥാവിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പിനെ ഗൗരവത്തോടെ കാണേണ്ടിയിരിക്കുന്നു.
കുറച്ചു വര്‍ഷങ്ങളായി കാലാവസ്ഥാവ്യതിയാനവും തുടര്‍ദുരന്തങ്ങളും കെടുതികളും കേരളത്തെ വേട്ടയാടുന്നു. ഒരുവേള അത്യുഷ്ണവും പിന്നാലെ മേഘവിസ്ഫോടനത്തിനു സമാനമായ പേമാരിയും നാട്ടിലേക്കു മാറിമാറിയെത്തുന്നു. പ്രകൃതിയുടെ നിലനില്പിനെ ഗൗനിക്കാതെ ഭൗതികനേട്ടങ്ങള്‍ക്കു പിന്നാലെ ഓടുന്ന വ്യഗ്രതയില്‍ മനുഷ്യന്‍ ചെയ്യുന്ന പ്രവൃത്തികള്‍ക്കു പ്രതികാരമെന്നോണം വന്‍ദുരന്തങ്ങളെയാണു നാട് നേരിട്ടുകൊണ്ടിരിക്കുന്നത്. ലോകത്തിന്റെ പല ഭാഗങ്ങളിലെന്നപോലെ പൊള്ളുന്ന ചൂടും അതിശക്തമായ മഴയും ക്രമരഹിതമായ കാലവര്‍ഷവും മണ്ണിടിച്ചിലുമെല്ലാം രാജ്യത്തു ദുരന്തം വിതയ്ക്കുന്നതു പതിവാകുന്നു.
സൂര്യന്‍ ദക്ഷിണാര്‍ധഗോളത്തില്‍നിന്ന് ഉത്തരാര്‍ധഗോളത്തിലേക്കു കടക്കുന്ന സമയത്ത് ഭൂമധ്യരേഖാപ്രദേശങ്ങളില്‍ കടുത്ത ചൂട് അനുഭവപ്പെടാറുണ്ട്. വേനല്‍മഴ ലഭിക്കാത്തതും മേഘമില്ലാത്ത അന്തരീക്ഷത്തില്‍ സൂര്യനില്‍നിന്നുള്ള ചൂട് നേരിട്ടു പതിക്കുന്നതും ചുട്ടുപൊള്ളുന്ന അവസ്ഥയുണ്ടാക്കുന്നു.
കൊല്ലം, കോട്ടയം, ആലപ്പുഴ, തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ചൂട് ഉയരുമെന്ന് ഈ ദിവസങ്ങളില്‍ കാലാവസ്ഥാനിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ട്. വരുംദിവസങ്ങളിലും മിക്ക പ്രദേശത്തും 36 ഡിഗ്രി സെല്‍ഷ്യസിനു മുകളില്‍ ചൂടു രേഖപ്പെടുത്താന്‍ സാധ്യതയുണ്ടെന്നാണു കാലാവസ്ഥ ഏജന്‍സികള്‍ പ്രവചിക്കുന്നത്.
പകല്‍ താപനിലയില്‍ സംസ്ഥാനത്ത് ഏറ്റവും മുന്നിലാണ് കോട്ടയം. പുനലൂരിനെയും പാലക്കാടിനെയും പിന്‍തള്ളിയാണ് കഴിഞ്ഞ കുറെനാളായി കോട്ടയം ചുട്ടുപൊള്ളുന്നത്. പ്രളയത്തോളംപോന്ന മഴക്കാലത്തിനു ശേഷമാണ് നാട് വെയിലില്‍ ഉരുകുന്നത്. മലവെള്ളപ്പാച്ചിലില്‍ ഏറെ നാശനഷ്ടങ്ങള്‍ ജില്ലയിലുണ്ടായി. നദികളെല്ലാം നിറഞ്ഞുകവിഞ്ഞു. ശക്തമായ മഴ കഴിഞ്ഞ് ആഴ്ചകള്‍ പിന്നിട്ടപ്പോഴേക്കും കനത്ത ചൂടിലേക്ക് ജില്ലയുടെ അന്തരീക്ഷം വഴിമാറി. വെയില്‍ ശക്തമായതോടെ പുഴകളിലെ ജലനിരപ്പ് ക്രമാതീതമായി താഴുകയാണ്. മണിമലയാറ്റിലും മീനച്ചിലാറ്റിലും ജലനിരപ്പ് കുത്തനെ താഴ്ന്നു. പ്രളയജലം പാഞ്ഞുപോയ പുഴകളില്‍ കല്ലും മണ്ണും നിറഞ്ഞുകിടക്കുന്നു. വനത്തിനുള്ളില്‍ വെള്ളം കിട്ടായതോടെ കാട്ടുമൃഗങ്ങള്‍ ജനവാസമേഖലയിലേക്ക് ഇറങ്ങിവന്നു.
ജനജീവിതത്തെ അക്ഷരാര്‍ത്ഥത്തില്‍ പൊള്ളിച്ചാണ് ഈ വേനലും കടന്നുപോകുന്നത്. കൊടുംചൂട് ഇങ്ങനെ തുടരുന്നത് സൂര്യാതപത്തിനും ഉഷ്ണതരംഗത്തിനും സാധ്യത വര്‍ദ്ധിപ്പിക്കുമെന്നും കാലാവസ്ഥാനിരീക്ഷണകേന്ദ്രം വ്യക്തമാക്കുന്നു. ഫെബ്രുവരിയില്‍ തന്നെ വേനല്‍ അതിന്റെ പാരമ്യത്തിലെത്തിയിരുന്നു, മാര്‍ച്ച് എത്തിയപ്പോഴേക്കും ചുട്ടുപൊള്ളുന്ന അവസ്ഥയാണ്. കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ രേഖകള്‍ പ്രകാരം മാര്‍ച്ച് 14 ന് സംസ്ഥാനത്ത് ഏറ്റവും അധികം ചൂട് അനുഭവപ്പെട്ടത് കൊല്ലം ജില്ലയിലെ പുനലൂരിലാണ്, 38.7 ഡിഗ്രി സെല്‍ഷ്യസ്. സൂര്യാഘാതമേല്‍ക്കുന്ന സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. തൃശൂര്‍ വെള്ളാനിക്കരയില്‍ 38.4 ഡിഗ്രി സെല്‍ഷ്യസ് ചൂടാണ് ഇതേ ദിവസം രേഖപ്പെടുത്തിയത്. പാലക്കാട് മുണ്ടൂരില്‍ ഈ സീസണില്‍ പല തവണ 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ ചൂടു രേഖപെടുത്തി.
മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് വളരെ വലിയ കാലാവസ്ഥാവ്യതിയാനമാണ് സംസ്ഥാനത്ത് ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്.
ഇന്ന് കാലാവസ്ഥാമാറ്റവും പരിസ്ഥിതിപ്രശ്‌നങ്ങളും മലയാളിക്കും പരിചിതമായിരിക്കുന്നു. മുമ്പ് വടക്കേ ഇന്ത്യയിലെ കടുത്ത വേനലും മഞ്ഞും മഴയുമൊക്കെ നമുക്ക് വെറും വാര്‍ത്തകളായിരുന്നു. പക്ഷേ, കഴിഞ്ഞ കുറെ വര്‍ഷങ്ങളായി തീര്‍ത്തും അപരിചിതമായ കാലാവസ്ഥയിലൂടെയാണ് കേരളം കടന്നുപോകുന്നത്. ചരിത്രത്തിലെ ഏറ്റവും കൂടിയ മഴയും ഏറ്റവും കനത്ത മഴയും അതേപോലെ കടുത്ത വേനലുമാണ് രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. അടുത്ത നാലോ അഞ്ചോ മാസങ്ങള്‍ വരള്‍ച്ചയുടേതായിരിക്കുമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്.
കഠിനമായ കാലാവസ്ഥാമാറ്റങ്ങളോടു ചേര്‍ന്നുപോകാന്‍ നാം എത്രമാത്രം തയ്യാറായി എന്നതാണ് ഇവിടെ ശ്രദ്ധിക്കേണ്ട കാര്യം. ഒരുകാലത്ത് കാലാവസ്ഥ പ്രകൃതി തന്നെ ക്രമീകരിച്ചിരുന്നു, അതു സ്ഥിരതയോടെ കടന്നുപോയിരുന്നു. പിന്നീട് പ്രകൃതിയുടെ താളം മനുഷ്യന്‍ തെറ്റിച്ചതോടെ കാലാവസ്ഥ നമുക്ക് എതിരായി. പ്രകൃതിയെ ഇനിയെങ്കിലും നോവിക്കാതിരിക്കുക എന്നതാണ് നാം ചെയ്യേണ്ടത്. മാറിയ കാലാവസ്ഥയ്ക്കനുസരിച്ചു നമ്മുടെ ജീവിതത്തെ ക്രമീകരിക്കാനും പഠിക്കേണ്ടിയിരിക്കുന്നു.