•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

കേരള ബജറ്റ് ധനമന്ത്രി കണ്ടതും കാണാത്തതും

1.34 ലക്ഷം കോടി രൂപ വരവും 1.57 ലക്ഷം കോടി രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റാണ് ഇക്കുറി കേരള ധനമന്ത്രി കെ.എന്‍. ബാലഗോപാ അവതരിപ്പിച്ചിരിക്കുന്നത്. നമ്മുടെ സമ്പദ്‌വ്യവസ്ഥ കൊവിഡിന്റെ പീഡനവും താഡനവും കഴിഞ്ഞ് ഉയിര്‍ത്തെഴുന്നേറ്റ് വളരാന്‍ കാത്തിരിക്കുന്ന സമയത്ത് അവതരിപ്പിക്കുന്ന ബജറ്റില്‍ സമ്പദ്‌വ്യവസ്ഥയുടെ വളര്‍ച്ചയയ്ക്കു പ്രതിബന്ധമായി നില്‍ക്കുന്ന തടസ്സങ്ങള്‍ നീക്കിയെടുക്കാനുള്ള  നിര്‍ദ്ദേശങ്ങള്‍  കുറവാണെന്നു പറയേണ്ടിയിരിക്കുന്നു.
കേരളം നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം സാമ്പത്തികപ്രതിസന്ധിയാണ്. വരവറിയാതെ നാം ചെലവു ചെയ്യുന്നു. ഒഴിവാക്കാവുന്ന ചെലവിനങ്ങള്‍ കണ്ടെത്താനോ ചോര്‍ച്ച ഒഴിവാക്കാനോ  ഒരു ശ്രമവും നടക്കുന്നില്ല. സര്‍ക്കാര്‍വകുപ്പുകളിലും കെ.എസ്.ആര്‍.ടി.സി., വൈദ്യുതിബോര്‍ഡ് തുടങ്ങിയ സ്ഥാപനങ്ങളിലും ആവശ്യത്തിലേറെ ജീവനക്കാര്‍. അഞ്ചു ലക്ഷത്തോളംവരുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പൊതുമേഖലാസ്ഥാപനങ്ങളില്‍ പണിയെടുക്കുന്നവര്‍ക്കും പിന്‍കാലപ്രാബല്യത്തോടെ വേതനവും പെന്‍ഷനും ഉയര്‍ത്തി നല്‍കാന്‍ കഴിഞ്ഞ കൊല്ലം തീരുമാനിച്ചത് ഒരു വലിയ ബാധ്യതയായിത്തീര്‍ന്നിരിക്കുകയാണ്.
ഇതെല്ലാമായിട്ടും പുതിയ തസ്തികകള്‍ സൃഷ്ടിക്കുന്നു. അവിടെ  പലയിടങ്ങളിലും പിന്‍വാതില്‍നിയമനങ്ങള്‍ നടത്തുന്നു. വൈദ്യുതി ബോര്‍ഡ്, വാട്ടര്‍ അതോറിറ്റി തുടങ്ങിയ സ്ഥാപനങ്ങളില്‍ സ്ഥിരം ശമ്പളക്കാര്‍ മെയിന്റനന്‍സ് ജോലികള്‍ ചെയ്യാറില്ല. ജോലിഭാരം കാരണം കാട്ടി പണികളെല്ലാം കോണ്‍ട്രാക്ടര്‍മാരെക്കൊണ്ടോ ദിവസശമ്പളക്കാരെ വച്ചോ നടത്തുന്നു. ഈ പണിയെടുക്കേണ്ട സ്ഥിരം ശമ്പളക്കാര്‍ 'മേല്‍നോട്ടം വഹിക്കുന്നു.' അങ്ങനെയും ചെലവേറുന്നു. ഈ ഭാരമെല്ലാം  അധികനിരക്കുകളുടെ രൂപത്തില്‍ പൊതുജനങ്ങളുടെ തലയില്‍ വയ്ക്കുകയും ചെയ്യുന്നു. ഇന്ത്യയില്‍ ഇന്ന് ബസ് യാത്ര, വൈദ്യുതി, വെള്ളം മുതലായവയ്‌ക്കെല്ലാം ഏറ്റവുമുയര്‍ന്ന നിരക്കുകള്‍ ചുമത്തുന്ന സംസ്ഥാനമാണ് കേരളം.
എന്നിട്ടും, കേരളത്തിലെ പൊതുമേഖലാസ്ഥാപനങ്ങള്‍ മിക്കവയും നഷ്ടത്തില്‍ നടക്കുന്നു. അവയെല്ലാംകൂടി കഴിഞ്ഞ കൊല്ലം ഉണ്ടാക്കിയ മൊത്തം നഷ്ടം 6055 കോടി രൂപ. (മുന്‍കൊല്ലത്തെ നഷ്ടം 1738 കോടി).
150 ല്‍പ്പരം  സ്ഥാപനങ്ങളില്‍ ചിലത് ലാഭമുണ്ടാക്കിയിട്ടുണ്ട്. ഉദാ. കെ.എസ്.എഫ്.ഇ. എന്ന സര്‍ക്കാര്‍ ചിട്ടിക്കമ്പനി, ലാഭം 146 കോടി. ചവറയിലെ കേരള മിനറല്‍സ് & മെറ്റല്‍സിന്റെ ലാഭം 85 കോടി. കേരള ഫീഡ്‌സ് 36 കോടി ലാഭമുണ്ടാക്കി. ഏറ്റവും കൂടുതല്‍ നഷ്ടമുണ്ടാക്കിയവ കെ.എസ്.ആര്‍.ടി.സി. (1976 കോടി രൂപ), വൈദ്യുതിബോര്‍ഡ് കമ്പനി (1822 കോടി രൂപ).
ഇങ്ങനെ നഷ്ടക്കച്ചവടം തുടരുന്നതിനിടയ്ക്കാണ്  കേരളസര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിന്റെ ചില പൊതുമേഖലാസ്ഥാപനങ്ങളെ ഏറ്റെടുക്കുന്നത്. വെള്ളൂരിലെ ഹിന്ദുസ്ഥാന്‍ ന്യൂസ്പ്രിന്റ് ലിമിറ്റഡിനെ ഈയിടെ കേരളസര്‍ക്കാര്‍ ഏറ്റെടുത്തു; 370 കോടി രൂപയ്ക്ക്. അതു ലാഭകരമാക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയിട്ടേയുള്ളൂ. ഇപ്പോഴിതാ കേന്ദ്രസര്‍ക്കാര്‍ സ്വകാര്യവത്കരിക്കാന്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന തിരുവനന്തപുരത്തെ ഹിന്ദുസ്ഥാന്‍ ലൈഫ് കെയര്‍ ലിമിറ്റഡ് (പഴയ ഹിന്ദുസ്ഥാന്‍ ലാറ്റക്‌സ് കമ്പനി) സംസ്ഥാന സര്‍ക്കാരിനു നല്‍കാന്‍ നാം ആവശ്യപ്പെടുന്നു.
മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിന്റെ എണ്ണം 25 ല്‍നിന്നു പത്താക്കി കുറയ്ക്കുന്ന കാര്യവും പാര്‍ട്ടിക്കാരെ അവിടെ നിയമിച്ച് രണ്ടു കൊല്ലം ജോലി ചെയ്യിപ്പിച്ച് ജീവിതകാലം മുഴുവന്‍ പെന്‍ഷന്‍ നല്‍കുന്ന പരിപാടി അവസാനിപ്പിക്കണമെന്ന നിര്‍ദ്ദേശവും സുപ്രീംകോടതിയുടെ വിമര്‍ശനത്തിനു പാത്രമായിക്കഴിഞ്ഞിട്ടും കേരളസര്‍ക്കാര്‍ പരിഗണിക്കുന്നില്ല.
കേരളസര്‍ക്കാര്‍ കൈക്കൊള്ളുന്ന മറ്റൊരു തെറ്റായ സമീപനമാണ് ഓരോ വകുപ്പിലുമുള്ള പുതിയ പദ്ധതികള്‍ ആ  വകുപ്പിലെ ഉദ്യോഗസ്ഥരെക്കൊണ്ട് ചെയ്യിക്കുന്നതിനുപകരം പുതിയ  സ്ഥാപനങ്ങള്‍ അതിനുവേണ്ടി സൃഷ്ടിക്കുക. മൂല്യവര്‍ദ്ധിതോത്പാദനം  നടത്താന്‍വേണ്ടി, ബജറ്റ് നിര്‍ദ്ദേശിക്കുന്നു, ഒരു മൂല്യവര്‍ദ്ധിത ഉത്പാദനമിഷന്‍. കൃഷിവകുപ്പ് ചെയ്യേണ്ട കാര്യങ്ങള്‍ ആ വകുപ്പിലെ ഉദ്യോഗസ്ഥന്മാര്‍ ചെയ്യുന്നതിനുപകരം സ്ഥാപിച്ചു, ഹരിതകേരളമിഷന്‍. ഹൗസിങ് ബോര്‍ഡ് ചെയ്യേണ്ട പണി ചെയ്യാന്‍ ലൈഫ് മിഷന്‍! മറ്റൊന്ന്, നവകേരള മിഷന്‍! അവിടെയെല്ലാം പുതിയ ചെയര്‍മാനും വൈസ് ചെയര്‍മാനും പുതിയ ജീവനക്കാരും.
കേരളത്തില്‍ തകര്‍ന്നുകിടക്കുന്ന മറ്റൊരു മേഖലയാണ് കൃഷി. ഏറ്റവും ആദായകരമായി വിവിധ വിളകള്‍ കൃഷി ചെയ്യാന്‍ പര്യാപ്തമായ മണ്ണും മഴയും സൂര്യപ്രകാശവുമുള്ള നാട്, കഠിനാദ്ധ്വാനികളും സാഹസികരുമായ കര്‍ഷകര്‍. അവരുടെ ഉത്പന്നത്തിന് ന്യായമായ വില കിട്ടുന്നില്ല. ഉദാഹരണം, റബര്‍.
ബജറ്റില്‍ 500 കോടി രൂപ റബറിന് സബ്‌സിഡി എന്നു പറഞ്ഞ് നീക്കിവച്ചിട്ടുണ്ട്. പക്ഷേ, ഇപ്പോള്‍ റബര്‍വില 170 രൂപയ്ക്കു മുകളിലാണ്. റബര്‍ കര്‍ഷകര്‍ക്ക് ഒരു പ്രയോജനവുമില്ലാത്ത സ്ഥിതിയാണ്.  നേരേ മറിച്ച്, ന്യായവില 250 രൂപയാക്കി ഉയര്‍ത്തുമെന്നു  പറഞ്ഞ തിരഞ്ഞെടുപ്പു വാഗ്ദാനം നിറവേറ്റാന്‍ സര്‍ക്കാര്‍ തയ്യാറായിരുന്നെങ്കില്‍ മാറ്റിവച്ചിരിക്കുന്ന തുക നമ്മുടെ കര്‍ഷകര്‍ക്കു ലഭിക്കുമായിരുന്നു.
മറ്റൊരു പ്രശ്‌നം; ചില നാണ്യവിളകള്‍ക്കു മാത്രം അനുവദിച്ചിട്ടുള്ള ഭൂപരിധി നിര്‍ണയ നിയമത്തില്‍ നിന്നുമുള്ള ഒഴിവാക്കല്‍ എല്ലാ വിളകള്‍ക്കും അനുവദിക്കുക. അതായത്, കര്‍ഷകന് തന്റെ കൃഷിഭൂമിയില്‍ ഇഷ്ടമുള്ള വിള കൃഷി ചെയ്യാന്‍ അനുവാദം നല്‍കുക. കര്‍ഷകനെ സ്വതന്ത്രനാക്കുക. 60 കൊല്ലം മുമ്പ് ഭൂപരിധി നിര്‍ണയം സാമൂഹികനീതി ഉറപ്പുവരുത്താനായി ആവശ്യമായിരുന്നു. അന്നു കേരളം മറ്റു സംസ്ഥാനങ്ങള്‍ക്കു മാതൃകയായി അതു കര്‍ശനമായി നടപ്പാക്കി. ഇന്നു ഭൂമിയുടെ ഉടമസ്ഥാവകാശമല്ല പ്രധാന വിഷയം; തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക എന്നതാണ്. ആദായകരമായ കൃഷി ചെയ്യാനും തന്റെ ഭൂമി കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുമുള്ള പദ്ധതികള്‍ക്കായി ഉപയോഗിക്കാനുള്ള സ്വാതന്ത്ര്യം കര്‍ഷകനു ലഭിക്കുന്നതോടെ 'ഫാം ടൂറിസം' തുടങ്ങിയ മേഖലകള്‍ക്കും കേരളത്തില്‍ വന്‍തോതിലുള്ള വളര്‍ച്ചയുണ്ടാകും. വിപണിയിലെ ഡിമാന്റനുസരിച്ചുള്ള വിളകളുടെ കൃഷി നടക്കും. ഉത്പന്നങ്ങള്‍ വിപണിയിലെത്തും. മൂല്യവര്‍ദ്ധിതോത്പന്നനിര്‍മാണത്തിനുള്ള വ്യവസായങ്ങളും കര്‍ഷകരുടെ മനസ്സിലെത്തും.
പക്ഷേ, വ്യവസായസംരംഭങ്ങള്‍ പൊന്തിവരണമെങ്കില്‍ മറ്റൊരു വലിയ പ്രശ്‌നം പരിഹരിക്കപ്പെടണം, നോക്കുകൂലി. ലോകത്തില്‍ മറ്റൊരിടത്തുമില്ലാത്ത നോക്കുകൂലി കേരളത്തിലെ ചുമട്ടുതൊഴിലാളി യൂണിയനുകള്‍ നിര്‍ലജ്ജം നടപ്പാക്കുന്നു. എതിര്‍ക്കുന്നവരെ ആക്രമിക്കുന്നു, മര്‍ദ്ദിക്കുന്നു. കേരളമുഖ്യമന്ത്രി, നോക്കുകൂലി പാടില്ലെന്നു പ്രഖ്യാപിക്കുന്നു. ഹൈക്കോടതി ജഡ്ജിമാര്‍ നോക്കുകൂലി നിയമവിരുദ്ധമെന്നു വിധി പ്രസ്താവിക്കുന്നു. പക്ഷേ, യൂണിയന്‍കാര്‍ ജനങ്ങളെ ഭീഷണിപ്പെടുത്തി നോക്കുകൂലി തുടരുന്നു. ഇത് അവസാനിപ്പിക്കാന്‍ ഒരേയൊരു മാര്‍ഗമേയുള്ളൂ. ചുമടിറക്കാനും കയറ്റാനും ചുമട്ടുതൊഴിലാളി യൂണിയനുകള്‍ക്കു നിലവിലുള്ള നിയമം നല്‍കുന്ന കുത്തകാധികാരം എടുത്തുകളയുക. ഒരു ഡ്രൈവറെയോ മെക്കാനിക്കിനെയോ പ്ലംബറെയോ നമുക്കാവശ്യമുണ്ടെങ്കില്‍ അവരുടെ യൂണിയനെ സമീപിക്കേണ്ട കാര്യമില്ല. നമുക്കിഷ്ടമുള്ളയാളെ വിളിച്ചുവരുത്തി ജോലി ചെയ്യിക്കാം. പക്ഷേ, ചുമടിറക്കാനോ കയറ്റാനോ നമുക്ക് അവരുടെ യൂണിയനുകളെ സമീപിച്ചേ പറ്റൂ. ഈ കുത്തകാവകാശം അവര്‍ക്കു ലഭിച്ചതുകൊണ്ടാണ് ജനങ്ങളെ അവര്‍ ബന്ദികളാക്കി പീഡിപ്പിച്ചും മര്‍ദ്ദിച്ചും അധികക്കൂലിയും നോക്കുകൂലിയുമെല്ലാം വാങ്ങിയെടുക്കുന്നത്.  
ബജറ്റില്‍ പറഞ്ഞിരിക്കുന്ന മറ്റൊരു കാര്യം സ്‌കില്‍ ഡെവലപ്‌മെന്റ്. നമ്മുടെ ചെറുപ്പക്കാര്‍ക്ക് പുതിയ 'സ്‌കില്‍'  ലഭ്യമാക്കാന്‍ ഏറ്റവും ഫലപ്രദമായ ഒരു മാര്‍ഗമുണ്ട്. അറുപതും എഴുപതും  കൊല്ലം മുമ്പ് നെഹൃവിന്റെ കാലത്തു തുടങ്ങിയ ഐ.ടി.ഐ.കളെ സാങ്കേതികമായി നവീകരിക്കുക. പുതിയ ടെക്‌നിക്കുകള്‍ പരിചയപ്പെടാനും പുതിയ യന്ത്രങ്ങള്‍ ഉപയോഗിക്കാനും പഠിപ്പിക്കുക. ഉദാഹരണമായി സാധാരണ 'ലേത്തു' മെഷീനുകള്‍ ഉപയോഗിക്കുന്നവരെ കംപ്യൂട്ടറൈസ്ഡ് സി.എന്‍.സി. ലേത്തുകള്‍ ഉപയോഗിക്കാന്‍ പഠിപ്പിക്കുക. സാധാരണ വെല്‍ഡിംഗ് മാത്രം അറിയാവുന്നവരെ നൂതനവിദ്യകള്‍ ൗെയാലൃഴലറ മൃര ംലഹറശിഴ  തുടങ്ങിയവയില്‍ പരിശീലനം നല്‍കുക.
ബജറ്റില്‍ പറയുന്ന മറ്റൊരു നല്ല കാര്യം, ഉന്നതവിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉയര്‍ത്താന്‍ എടുക്കുന്ന നടപടികളാണ്. ഗവേഷണത്തിനു പ്രാധാന്യം നല്‍കേണ്ടതാവശ്യമാണ്. നമ്മുടെ കോളജുകള്‍ വെറും ടീച്ചിങ് ഷോപ്‌സ് ആയി പ്രവര്‍ത്തിക്കുന്നതിനുപകരം ഗവേഷണം, കണ്‍സള്‍ട്ടന്‍സി തുടങ്ങിയ മേഖലകളിലും സജീവമാകണം. പക്ഷേ, ഇതു ഫലപ്രദമായി നടപ്പാക്കാന്‍, നമ്മുടെ യൂണിവേഴ്‌സിറ്റികളുടെ ഘടനയിലും പ്രവര്‍ത്തനരീതിയിലും മാറ്റങ്ങള്‍ വരുത്തേണ്ടതാവശ്യം. സെനറ്റിലും സിന്‍ഡിക്കേറ്റിലുമെല്ലാം  അല്പജ്ഞാനികളായ രാഷ്ട്രീയപ്രവര്‍ത്തകരെയും വിദ്യാര്‍ത്ഥിയൂണിന്‍കാരെയും അധ്യാപകയൂണിയന്‍ നേതാക്കളെയും കയറ്റിയിരുത്തുന്നതിനുപകരം അക്കാദമിക് മികവുള്ള അധ്യാപകര്‍ക്ക് അവിടെ അവസരം നല്‍കണം.
അടിസ്ഥാനസൗകര്യവികസനം, പ്രത്യേകിച്ചും ഗതാഗതമേഖലയില്‍ ആവശ്യമാണ്. ഇന്നു നമ്മുടെ റോഡുകള്‍ വാഹനനിബിഡമാണ്. എല്ലാത്തരം വണ്ടികളും മത്സരിച്ചോടുന്നു. അപകടങ്ങള്‍, അധികമായ ഇന്ധനോപയോഗം, കാര്‍ബണ്‍ വാതകങ്ങളുടെ ബഹിര്‍ഗമനം അന്തരീക്ഷതാപനം എന്നിവയെല്ലാം ഉണ്ടാകുന്നു. ഇതെല്ലാമൊഴിവാക്കാന്‍ റെയില്‍ ഗതാഗതമാണ് വികസിപ്പിക്കുകയും വേഗമേറിയതും സുരക്ഷിതവുമാക്കേണ്ടതും. മുഖ്യമന്ത്രിയുടെ ഈ വാദം ശരിയാണ്. പക്ഷേ, അദ്ദേഹം മുന്നോട്ടുവയ്ക്കുന്ന സില്‍വര്‍ ലൈന്‍ പ്രോജക്ട് ഒരുവിധത്തിലും അംഗീകരിക്കാന്‍ പാടുള്ളതല്ല.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)