പാണക്കാട്; ആത്മീയ, രാഷ്ട്രീയ നേതൃശൈലികള്‍ ഒരുമിച്ചുചേരുന്ന ഇടത്തിന് ആധുനികകേരളം അടയാളപ്പെടുത്തിയ ഉചിതമായൊരു പര്യായമാണിത്. അവിടെ അനേകം ചോദ്യങ്ങള്‍ക്ക് ഉത്തരമുണ്ടായിരുന്നു; ആശയക്കുഴപ്പങ്ങള്‍ക്കും തര്‍ക്കങ്ങള്‍ക്കും പരിഹാരമുണ്ടായിരുന്നു; അതിരുവിട്ട വാക്കുകള്‍ക്ക് അവിടുത്തെ അവസാനവാക്കില്‍ തീര്‍പ്പുണ്ടായിരുന്നു.
സമാനതകളേറെയില്ലാത്ത പാണക്കാട് കൊടപ്പനയ്ക്കല്‍ തറവാട്ടില്‍നിന്നുള്ള നേതൃബലപരമ്പരയിലെ ഒരു കണ്ണികൂടി നഷ്ടപ്പെട്ടിരിക്കുന്നു. മാര്‍ച്ച് ആറിന് അന്തരിച്ച പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, ഒരു നേതാവ് എന്നതിനപ്പുറം, ഒരു സമൂഹത്തിന്റെ രാഷ്ട്രീയ, ആത്മീയ വിചാരങ്ങളുടെ ഒരു കാലഘട്ടത്തിന്റെ മുഖ്യസൂക്ഷിപ്പുകാരനായിരുന്നു.
പരമ്പരാഗതമായി കൈവരുന്ന പദവിയെങ്കിലും, കാലത്തിനൊത്തു നിയോഗത്തെ നിറവുള്ളതാക്കാന്‍ മുന്‍ഗാമിയെപ്പോലെ ഹൈദരലി തങ്ങളും സൗമ്യവും ക്രിയാത്മകവുമായ ഇടപെടലുകള്‍ നടത്തിയെന്നതു വിസ്മരിക്കാനാവില്ല. മുസ്ലീം ലീഗ് എന്ന കേരളത്തിലെ വലതുപക്ഷരാഷ്ട്രീയത്തിലെ നിര്‍ണായകശബ്ദത്തെ അതിന്റെ താളത്തിലും ഈണത്തിലും വര്‍ത്തമാനകേരളത്തില്‍ മുഴക്കാന്‍ തങ്ങള്‍ക്കായി.
പ്രസന്നവും സൗമ്യവുമായ ഭാവം ഹൈദരലി ശിഹാബ് തങ്ങളുടെ മുഖത്തിന്റെ മാത്രമായിരുന്നില്ല, ഇടപെടലുകളുടെയും മുദ്രയായിരുന്നു. സങ്കീര്‍ണമായ സമസ്യകളുമായി നേതാക്കളും അണികളും മുന്നിലെത്തുമ്പോള്‍, ആ സൗമ്യതയില്‍ത്തന്നെ പരിഹാരം പകുതിയുണ്ട്.
രാഷ്ട്രീയം, മാനവികത
1947 ജൂണ്‍ 15 നാണു ഹൈദരലി തങ്ങളുടെ ജനനം. ചെറുപ്പംമുതല്‍ പാണക്കാട്ടെ കുടപ്പനയ്ക്കല്‍ തറവാടിനുമുന്നില്‍ ഓരോ ദിനവും വരുന്നവരില്‍, രാഷ്ട്രീയവും ആത്മീയവുമായ ആവശ്യങ്ങള്‍ക്കൊപ്പം മനുഷ്യത്വപരമായ ഇടപെടലുകള്‍ ആഗ്രഹിച്ചെത്തുന്നവരെയും ഹൈദരലി തങ്ങള്‍ കണ്ടു; അവരിലേറെപ്പേരും സന്തോഷത്തോടെ മടങ്ങുന്നതും. മറ്റുള്ളവരുടെ ആവശ്യങ്ങളില്‍ കരുണാര്‍ദ്രമായ സമീപനം പുലര്‍ത്താന്‍ അത് അദ്ദേഹത്തിനു മാര്‍ഗദീപമായി.
തന്റെ പിതാവ് പി.എം.എസ്.എ. പൂക്കോയ തങ്ങളില്‍ നിന്നാണ് രാഷ്ട്രീയത്തിന്റെയും മതത്തിന്റെയും ആദ്യപാഠങ്ങള്‍ ഹൈദരലി ശിഹാബ് തങ്ങള്‍ സ്വായത്തമാക്കിയത്. രണ്ടു വയസുള്ളപ്പോള്‍ പിതാവിന്റെ അറസ്റ്റും ജയില്‍വാസവും. വൈകാതെ മാതാവിന്റെ മരണം... പ്രതിബന്ധങ്ങള്‍ നേരിട്ടു മുന്നേറാനുള്ള അനുഭവപാഠങ്ങള്‍.
ചൂടേറിയ ചര്‍ച്ചകളും കൂടിയാലോചനകളും നിരന്തരം നടക്കുന്ന പാണക്കാട്ടെ കുടപ്പനയ്ക്കല്‍ തറവാട്ടില്‍ ദേശീയ, സംസ്ഥാനരാഷ്ട്രീയത്തിലെ തലയെടുപ്പുള്ളവരുണ്ടാകും മിക്കപ്പോഴും. രാഷ്ട്രീയകേരളത്തിന്റെ കണ്ണുകളും കാതുകളും പലപ്പോഴും ആകാംക്ഷയോടെ പാണക്കാട്ടേക്കെത്തുന്നത് അദ്ദേഹം കണ്ടു. പൊതുപ്രവര്‍ത്തനവഴികളുടെ പാഠശാലയായിരുന്നു തങ്ങള്‍ക്ക് അതെല്ലാം.
വിദ്യാര്‍ത്ഥിസംഘടനയിലൂടെ
പഠനത്തിനുശേഷം സുന്നി വിദ്യാര്‍ത്ഥിസംഘടനയുടെ സാരഥ്യം ഏറ്റെടുത്താണ് ഹൈദരലി തങ്ങള്‍ രാഷ്ട്രീയത്തിലേക്കു ചുവടുവയ്ക്കുന്നത്. മൂത്ത സഹോദരന്മാരായ മുഹമ്മദലി ശിബാഹ് തങ്ങളും ഉമറലി ശിഹാബ് തങ്ങളും ഈ വഴിയിലൂടെത്തന്നെയാണ് മുന്നേ നടന്നത്.
മുസ്ലീം സമൂഹത്തിലെ വ്യത്യസ്ത വിഭാഗങ്ങള്‍ തമ്മില്‍ ആശയപരമായ കലഹങ്ങള്‍ ഉണ്ടാകുമ്പോള്‍ അതിനെ തന്മയത്വത്തോടും സമാധാനപരമായും സമീപിക്കാനും പരിഹാരം കാണാനും ഹൈദരലി തങ്ങള്‍ ശ്രമിച്ചിട്ടുണ്ട്. മുസ്ലീം ലീഗ് രാഷ്ട്രീയപ്പാര്‍ട്ടിയാകുമ്പോഴും, രാഷ്ട്രീയ, മത കാഴ്ചപ്പാടുകളില്‍ ആശയക്കുഴപ്പങ്ങളില്ലാതെ വ്യക്തത വരുത്താന്‍ അദ്ദേഹത്തിനായി.
എസ്എസ്എഫ് സ്ഥാപക പ്രസിഡന്റ്, എസ്വൈഎസ് സംസ്ഥാന പ്രസിഡന്റ്, സമസ്തകേരള ജംഇയ്യത്തുല്‍ ഉലമ വൈസ് പ്രസിഡന്റ്, പട്ടിക്കാട് ജാമിഅ അടക്കം നൂറുകണക്കിന് മതസ്ഥാപനങ്ങളുടെ പ്രസിഡന്റ്, ആയിരക്കണക്കിനു മഹല്ലുകളുടെ രക്ഷാധികാരി, ചന്ദ്രിക ദിനപത്രത്തിന്റെ മാനേജിങ് എഡിറ്റര്‍... ഇങ്ങനെ പോകുന്ന ഹൈദരലി തങ്ങള്‍ നിര്‍വഹിച്ച ചുമതലകള്‍.
സമസ്തം, സമന്വയം
രണ്ടു ധ്രുവങ്ങളിലെങ്കിലും സമസ്തയും ലീഗും തമ്മിലുള്ള നല്ല ബാന്ധവമായിരുന്നു തങ്ങള്‍ ആഗ്രഹിച്ചത്. അതേസമയം, രാഷ്ട്രീയകക്ഷി എന്ന നിലയില്‍ ലീഗിന്റെ ആഭ്യന്തരവിഷയങ്ങളില്‍ ഇടപെടുന്നതില്‍നിന്നു സമസ്തയെ നിശ്ചിത അകലത്തു നിര്‍ത്താനും അദ്ദേഹത്തിനു സാധിച്ചു.
മുസ്ലീം ലീഗിനു നല്ല വളക്കൂറുള്ള മലപ്പുറത്ത്, 18 വര്‍ഷത്തോളം പാര്‍ട്ടിയുടെ ജില്ലാ പ്രസിഡന്റായിരുന്നു ഹൈദരലി തങ്ങള്‍. 12 വര്‍ഷം സംസ്ഥാന പ്രസിഡന്റായും പ്രവര്‍ത്തിച്ചു. വലിയൊരു പാര്‍ട്ടിയുടെ സാരഥിയാകുമ്പോഴും ജനത്തിനിടയിലേക്കിറങ്ങി പ്രവര്‍ത്തിക്കാന്‍ അദ്ദേഹത്തിനൊട്ടും മടിയുണ്ടായില്ലെന്ന് വ്യത്യസ്ത രാഷ്ട്രീയ കാഴ്ചപ്പാടുകളുള്ളവര്‍പോലും ഒരേ സ്വരത്തില്‍ സമ്മതിക്കും.
ഒരു മതനാമം ചേര്‍ത്ത രാഷ്ട്രീയകക്ഷിയുടെ സംസ്ഥാന അധ്യക്ഷനായിരിക്കുമ്പോഴും, മതസൗഹാര്‍ദത്തിനായി നിലപാടെടുക്കാന്‍ ഹൈദരലി തങ്ങള്‍ പ്രത്യേകം ശ്രദ്ധിച്ചു. രാഷ്ട്രീയത്തിനപ്പുറത്തു മാനവികതയുടെ മഹത്ത്വം തിരിച്ചറിഞ്ഞ അദ്ദേഹത്തിന് എല്ലാ മതങ്ങളിലും നല്ല സുഹൃത്തുക്കളുണ്ടായിരുന്നു. ബാബറി മസ്ജിദ് സംഭവത്തിനുശേഷം കലുഷിതമാകാമായിരുന്ന തെക്കന്‍ കേരളത്തില്‍ സംയമനത്തിന്റെയും സമാധാനത്തിന്റെയും ഭാഷ പങ്കുവയ്ക്കാന്‍ പരിശ്രമിച്ച വ്യക്തിത്വങ്ങളില്‍ ഹൈദരലി തങ്ങളുടെ പേര് മുന്നിലുണ്ട്.
അവസാനകാലത്ത്, മറ്റൊരു മതത്തിന്റെ അധികാരികള്‍ മേല്‍നോട്ടം വഹിക്കുന്ന ആതുരാലയത്തില്‍, ചികിത്സയ്ക്കായി എത്തിയതും അദ്ദേഹത്തിന്റെ വിശാലദര്‍ശനങ്ങളോടു ചേര്‍ത്തു വായിക്കാം. പാണക്കാട് തങ്ങള്‍ പരമ്പരയില്‍ ദീപ്തമായൊരു പ്രകാശനാളമായി സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ ജീവിതവും ഇനി ജ്വലിക്കും.