ദീപനാളം മാര്‍ച്ച് 10 ന് പ്രസിദ്ധീകരിച്ച നിഷ ആന്റണിയുടെ ''ചാവുമണം'' എന്ന കഥയെക്കുറിച്ച്
''അന്ന് ആളുകള് ഒറ്റയ്ക്കായിരുന്നില്ല സാറേ, ഒരു കൂട്ടംതന്നെ ആയിരുന്ന്. മക്കള്, അമ്മായിമ്മ, നാത്തൂന്മാര്, ഇളേപ്പന്മാര്, പേരപ്പന്മാര്, ചാച്ചന്മാര്, വല്യപ്പച്ചന്‍, വല്യമ്മച്ചി, എളേമ്മമാര്... ഇടയ്ക്ക് പെറാന്‍ വരുന്നോര്, അവരുടെ മക്കള്, പിന്നെ കൃഷീം, പറമ്പിലെ നാല്കാലികളും, എല്ലാംകൂടി ഒരു ദേശംതന്നെയാ വീട്. ഒറ്റയ്ക്കിരിക്കാന്‍തന്നെ നേരോല്ല. ജീവിതം എവിടേം കെട്ടിനിന്നിരുന്നില്ല. ഒരൊഴുക്കുണ്ടായിരുന്ന്.''
സംസ്‌കൃതിയുടെ ശരിവഴികളില്‍നിന്ന് എപ്പോഴൊക്കെ മനുഷ്യന്‍ വഴിമാറി സഞ്ചരിച്ചിട്ടുണ്ടോ അപ്പോഴെല്ലാം സച്ചിന്തകളുടെ ഊര്‍ജവും വെളിച്ചവുമേകി അവരെ തിരിച്ചുവിളിക്കുകയെന്ന ധര്‍മമാണ് എക്കാലത്തെയും ഉദാത്തമായ സാഹിത്യസൃഷ്ടികള്‍ നിര്‍വഹിച്ചിട്ടുള്ളത്. മൂല്യങ്ങളുടെ നീരൊഴുക്കു നിലച്ചു കെട്ടിക്കിടന്നു മലിനമാകുന്ന പുതുസംസ്‌കൃതിയുടെ കനമില്ലായ്മയെയും കനിവില്ലായ്മയെയും സുന്ദരമായ ആഖ്യാനത്തിലൂടെ തുറന്നുകാട്ടുന്ന കഥയാണ് നിഷ ആന്റണി എഴുതിയ 'ചാവുമണം.'
മക്കളുടെ സ്‌നേഹവും കരുതലും കിട്ടാക്കനികളായി അനുഭവിക്കുന്ന വൃദ്ധമാതാവുതന്നെയാണു കേന്ദ്രകഥാപാത്രമെങ്കിലും 'കരികെല കൂട്ടിയിട്ട് കത്തിക്കുമ്പോലെ എരിയുന്നൊരു' ചിരികൊണ്ട് ഉള്ളിലെ സങ്കടങ്ങളത്രയും ഒളിപ്പിച്ചു മൂര്‍ച്ചയുള്ള വര്‍ത്തമാനങ്ങളിലൂടെയും ഉറപ്പുള്ള മനസ്സോടെയും ജീവിതത്തോടു പൊരുതുന്ന കുഞ്ഞൊറോതയെന്ന ഈ കഥാപാത്രം അത്ര പെട്ടെന്ന് അനുവാചകമനസ്സില്‍നിന്നിറങ്ങിപ്പോകില്ല എന്നതു തീര്‍ച്ചയാണ്.
ലക്ഷങ്ങള്‍ വിലമതിക്കുന്ന സ്ഥലം മൃഗാശുപത്രിക്കു സൗജന്യമായി നല്കിയ കുഞ്ഞൊറോതയെ മക്കളായ മാര്‍ട്ടിയും വെഞ്ചമിയും കൂടി ഈനാസ് എന്ന സൈക്യാട്രിസ്റ്റിന്റെ അടുത്തെത്തിക്കുന്നിടത്താണ് കഥയുടെ തുടക്കം.
''സാറ് ദേ പൊറത്തേക്ക് നോക്ക്യേ... വാലിമ്മേ തീ പിടിച്ചപോലെ ഒരുത്തന്‍ നടക്കണ കണ്ടോ? അവനാ എന്റെ മൂത്തമോന്‍ വെഞ്ചമി. എളേവന്‍ മാര്‍ട്ടി. ഇവന്റെയൊക്കെ പെമ്പിളേനെ പേറിനു കേറ്റീപ്പംപോലും ഈ നടപ്പു നടന്നിട്ടില്ല.'' മക്കളെ ചൂണ്ടി കുഞ്ഞൊറോത നടത്തുന്ന ഈ പരിചയപ്പെടുത്തലില്‍ പരിഹാസത്തിന്റെ സ്വരമുണ്ടെന്ന് ആദ്യവായനയില്‍ തോന്നാം. എന്നാല്‍, കൃതഘ്‌നതയുടെയും തിരസ്‌കാരത്തിന്റെയും ആയുധങ്ങള്‍കൊണ്ട് സ്വന്തം മക്കളാല്‍ മുറിവേല്പിക്കപ്പെടുന്ന എല്ലാ 'അമ്മവാഴ്‌വുകളു'ടെയും നിസ്സഹായതയും വേദനയുമാണ് ഈ വര്‍ത്തമാനം പ്രതിഫലിപ്പിക്കുന്നതെന്നു കഥയുടെ തുടര്‍വായനയില്‍ വ്യക്തമാകും.
സ്‌നേഹിക്കാനും പരിഗണിക്കാനുമറിയാത്ത, തിരക്കു പിടിച്ച ആധുനികമനുഷ്യന്റെ സ്ഥാനത്ത് ഒരു നായയെ പ്രതിഷ്ഠിച്ചുകൊണ്ടാണ് കുഞ്ഞൊറോതയെന്ന കഥാപാത്രം പുതുകാലത്തിന്റെ വെളിവില്ലാത്ത വീട്ടുവിചാരങ്ങളുടെ മുഖത്തടിക്കുന്നത്. ആയുസ്സുമുഴുവന്‍ മക്കള്‍ക്കു പങ്കിട്ടു നല്കിയ ഒരമ്മയ്ക്കു ജീവിതസായാഹ്നത്തില്‍ പ്രതീക്ഷിക്കാനുള്ളത് എന്താവും? മക്കളുടെയും കൊച്ചുമക്കളുടെയുമൊക്കെ സ്‌നേഹസാമീപ്യം, സുഖമാണോ എന്നൊരന്വേഷണം, ഒറ്റയാണെന്നൊരു തോന്നല്‍ ഒരിക്കല്‍പ്പോലും ഉണ്ടാകാനിടവരാത്തവിധമുള്ള ചേര്‍ത്തുപിടിക്കല്‍... അത്രയൊക്കയല്ലേ ഉള്ളൂ അവരുടെ ആഗ്രഹങ്ങള്‍. ഇനിയും മുറിയാതെ കാക്കുന്ന അയല്‍പക്കബന്ധങ്ങളെ വല്ലപ്പോഴുമൊന്നു പുതുക്കാന്‍, വല്ലതും മിണ്ടിപ്പറഞ്ഞിത്തിരിനേരം പങ്കുവയ്ക്കാന്‍ നമ്മുടെ വൃദ്ധരായ മാതാപിതാക്കള്‍ ഇന്ന് അനുവദിക്കപ്പെടുന്നുണ്ടോ? ഭക്ഷണവും മരുന്നും സഹിക്കാവുന്നതിനുമപ്പുറമുള്ള ഏകാന്തതയും മാത്രമാണോ നമ്മുടെ വീടുകള്‍ അവര്‍ക്കു സമ്മാനിക്കുന്നത്?
ഒറ്റയ്ക്കിരുന്ന് തഴമ്പു പിടിച്ച്, മക്കള്‍ സിനിമയ്ക്കു പോകുമ്പോള്‍ അയലോക്കംവഴി അമ്മ 'നെരങ്ങാ'തിരിക്കാന്‍ പൂട്ടിയിടുന്ന മുറിയില്‍ക്കിടന്ന് മുരടിച്ച ജീവിതത്തില്‍നിന്ന് രക്ഷപ്പെടാന്‍ കുഞ്ഞൊറോതയ്ക്കു കിട്ടിയ കച്ചിത്തുരുമ്പായിരുന്നു ഇട്ടി എന്ന നായ. ചാവാലിപ്പട്ടിയാണെന്നു പറഞ്ഞ് വെഞ്ചമി തല്ലിക്കൊല്ലാന്‍ കൊണ്ടുപോയ പട്ടിയെ പിടിച്ചുവാങ്ങി, സംരക്ഷിച്ച് സ്വന്തം മുറിയില്‍ കിടത്തിയതുകൊണ്ടാണ് മക്കള്‍ അമ്മയെ പൂട്ടിയിട്ടുപോയ ഒരു ദിവസം ശ്വാസംമുട്ടല്‍ കൂടി മരണത്തിന്റെ വക്കോളമെത്തിയിട്ടും ജീവിതത്തിലേക്കു തിരിച്ചുവരാന്‍ കുഞ്ഞൊറോതയ്ക്കായത്. ഇട്ടിയുടെ കുര കേട്ട് അയല്‍പക്കക്കാര്‍ വന്നില്ലായിരുന്നെങ്കില്‍ 'വൃദ്ധ മുറിക്കുള്ളില്‍ മരിച്ച നിലയില്‍' എന്ന കുഞ്ഞുവാര്‍ത്തയില്‍ കുഞ്ഞൊറോതയുടെ ജീവിതം അവസാനിക്കുമായിരുന്നു. തിരിച്ചുകിട്ടിയ ജീവിതത്തിന്റെയും തിരിമങ്ങാത്ത കൃതജ്ഞതയുടെയും തിളക്കംകൊണ്ടാവാം ഇട്ടിയെ മക്കളെക്കാള്‍ സ്‌നേഹവായ്‌പോടെ ആ വൃദ്ധ ചേര്‍ത്തുപിടിക്കുന്നതും മൃഗാശുപത്രിക്കു സൗജന്യമായി സ്ഥലം നല്കാന്‍ തീരുമാനിക്കുന്നതും.
സ്ത്രീത്വത്തെ സംബന്ധിച്ച, വൈധവ്യത്തെ ക്കുറിച്ച് സമൂഹത്തിന്റെ പ്രബലധാരണകളെ വേദന കലര്‍ന്ന ഒരു ചിരിയോടെ 'ചാവുമണം' തിരുത്തുന്നുണ്ട്. ''ഒരുപാട് അര്‍ത്ഥങ്ങളൊള്ള ഒരൊറ്റ വാക്കാണീ ഒറ്റ. നല്ല ചൂട് കട്ടന്‍ കാപ്പി തെകത്തിത്തന്നാല്‍ മറുപടി പറയാം.'' കുഞ്ഞറോത ഡോക്ടര്‍ ഈനാസിനോടു പറയുന്ന ഈ വര്‍ത്തമാനത്തിന്റെ മനഃശാസ്ത്രപരമായ ആഴമെത്രയാണ്!
നല്ല പാതിയെ 'ഒടേ തമ്പ്രാന്‍ വിളിച്ചോണ്ടു' പോയപ്പോള്‍ തനിക്കു പ്രായം ഇരുപത്തിയഞ്ചു മാത്രമായിരുന്നെന്നു പറയുന്ന കുഞ്ഞൊറോതയോട് 'അന്നത്തെ തണുപ്പൊക്കെ ഒറ്റയ്ക്ക് എങ്ങനെ സഹിച്ചു' എന്ന ഡോക്ടറുടെ ചോദ്യത്തിന്റെ പൊരുളറിഞ്ഞിട്ടുതന്നെയാണ് അവരുടെ മറുപടി. എഴുപതു കഴിഞ്ഞ കുഞ്ഞൊറതയില്‍നിന്ന് രണ്ടു കുരുന്നുകള്‍ക്കൊപ്പം ഒറ്റയായിപ്പോയ ഇരുപത്തഞ്ചുകാരിയുടെ ചിത്രത്തിനു ചുറ്റുമാണ് ഈനാസിന്റെ മനസ്സ് ചുറ്റിത്തിരിയുന്നതെന്നും കഥാകൃത്ത് കൃത്യമായി സൂചിപ്പിക്കുന്നു. സഹതാപത്തിന്റെയോ കൗതുകത്തിന്റെയോ മുന കൂര്‍പ്പിച്ച നോട്ടങ്ങളല്ല, പ്രതിസന്ധികളെ ഒറ്റയ്ക്കു നേരിടേണ്ടിവരുന്ന ഒരു പെണ്ണിന് ആവശ്യം എന്നു പരിഷ്‌കൃതസമൂഹത്തെ ഭംഗിയായി ഓര്‍മിപ്പിക്കുന്ന കഥകൂടിയാണ് 'ചാവുമണം'
'വിധവ, അതൊരു പരിഷ്‌കാരോം ഇല്ലാത്ത പേരല്ലേ സാറേ. സാറിനെപ്പോലെ പഠിപ്പുള്ളോരെങ്കിലും ഇച്ചിരി മര്യാദയ്ക്കു വര്‍ത്തമാനം പറഞ്ഞാട്ടെ' എന്ന് കഥയുടെ ആരംഭവാക്യത്തില്‍ത്തന്നെയുള്ള കുഞ്ഞൊേറാതയുടെ ഈ തിരുത്തല്‍ എപ്പോഴെങ്കിലുമൊക്കെ നമ്മുടെ മനസ്സില്‍ തെല്ലു നൊമ്പരത്തോടെ മുഴങ്ങിക്കൊണ്ടിരിക്കും. ഒറ്റയ്ക്കാണെന്നൊരു തോന്നലുണ്ടാകാത്തവിധം സമൃദ്ധമായ ആത്മബന്ധങ്ങളുടെയും അധ്വാനത്തിന്റെയും തണലില്‍ താന്‍ അതിജീവിച്ച കാലത്തിന്റെ ഓര്‍മകളാണ് 'അന്ന് ആളുകള് ഒറ്റയ്ക്കായിരുന്നില്ല സാറേ, ഒരു കൂട്ടം തന്നെ ആയിരുന്ന്' എന്നുള്ള മറുപടിയില്‍ കുഞ്ഞൊറോത ഒതുക്കുന്നത്. അലസചിന്തകളില്‍ കുടുങ്ങിപ്പോയ ഒരു നിമിഷംപോലും കുഞ്ഞൊറോതയുടെ ജീവിതത്തിലുണ്ടായിട്ടില്ലാത്തതിന്റെ തെളിമയാണ് 'ഇഞ്ചിക്കണ്ടത്തില്‍ കള പറിക്കുമ്പോഴും ചെരട്ടേന്ന് ഒട്ടുപാല്‍ പറിക്കുമ്പോഴുമൊക്കെയാ ഞങ്ങള് വര്‍ത്തമാനം പറഞ്ഞോണ്ടിരുന്നെ... ഇങ്ങനെ കുത്തിയിരുന്നോണ്ടുള്ള പറച്ചിലൊന്നുമില്ല' എന്ന സംഭാഷണത്തില്‍ പ്രതിഫലിക്കുന്നത്.
'പെര കേറി ചാവു വരുന്നതിന്റെ മണം പിടിക്കാനുള്ള കഴിവ് ഇതുങ്ങക്കുണ്ട്' എന്ന് ഈനാസ് ഡോക്ടറുടെ നായയെ നോക്കി വല്ലാത്തൊരു ഭാവത്തോടെ കുഞ്ഞൊറോത പറയുമ്പോള്‍ അയാളിലെ മനഃശാസ്ത്രജ്ഞന്‍ ഒരു നിമിഷത്തേക്കെങ്കിലും കേവലമനുഷ്യന്റെ ഭയത്തിലേക്കു വീഴുന്നുണ്ട്. ഭയത്തിന്റെയോ അസ്വസ്ഥതകളുടെയോ വിത്തുപാകി മനുഷ്യമനസ്സില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്ന മൃത്യുബോധത്തിന്റെ സാന്നിധ്യം 'ചാവുമണം' എന്ന ശീര്‍ഷകത്തില്‍ മാത്രമായി ഒതുങ്ങുന്നില്ല.
സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള അടിസ്ഥാനപരമായ ചില ചോദ്യങ്ങള്‍ക്കും ഈ കഥയില്‍ ഇടമുണ്ട്. 'ആയിരത്തിത്തൊള്ളായിരത്തിനാല്പത്തിയേഴില് ഗാന്ധിജി നമ്മുടെ കൂടിന്റെ കെട്ടഴിച്ചതല്ലേ സാറേ' എന്ന കുഞ്ഞൊറോതയുടെ ചോദ്യത്തില്‍, മുറിക്കുള്ളില്‍ പൂട്ടിയിടപ്പെട്ട ഒരമ്മയുടെ അമര്‍ഷത്തിന്റെ സ്വരം മാത്രമല്ല പ്രതിധ്വനിക്കുന്നത്. സ്വാതന്ത്ര്യം എന്ന പദത്തെ തങ്ങള്‍ക്കിഷ്ടമുള്ള രീതിയില്‍ വ്യാഖ്യാനിക്കാന്‍ ശ്രമിക്കുന്ന ആധിപത്യശക്തികള്‍ പുലരുന്നയിടങ്ങള്‍ - അതു ഭവനമാണെങ്കിലും ഭരണകൂടമാണെങ്കിലും - അസഹിഷ്ണുതയുടെ ചെറുതും വലുതുമായ പോര്‍ക്കളങ്ങളായിത്തീരും എന്ന വിശാലമായ അര്‍ത്ഥംകൂടി ഇവിടെ വായിക്കേണ്ടതുണ്ട്.
മക്കളോടുള്ള അമര്‍ഷമല്ല, മറിച്ച്, മലബാറീന്ന് പറമ്പ് കണ്ടിക്കാന്‍ പോയിട്ട് ഒരു ഗതിയുമില്ലാതെ നിസ്സഹായരായി തിരിച്ചുവന്ന ദേശക്കാര്‍ക്ക് ഉള്ള സ്വത്തിന്റെ പാതി കൊടുത്ത ഭര്‍ത്താവിന്റെ വഴിയിലൂടെ ത്തന്നെ സഞ്ചരിക്കാനുള്ള തീരുമാനംകൂടിയാണ് കുഞ്ഞൊറോതയെ വ്യത്യസ്തയാക്കുന്നത്.
ഹൃദയത്തില്‍ തൊടുന്ന സംഭാഷണങ്ങളിലൂടെയും കഥാപാത്രനിര്‍മിതിയുടെ നൈസര്‍ഗികസൗന്ദര്യത്തിലൂടെയും ലളിതസുന്ദരമായ ആഖ്യാനത്തിലൂടെയും 'ചാവുമണം' അനുവാചകമനസ്സില്‍ ഇടംപിടിച്ചിരിക്കുന്നു. കഥാകൃത്തിനും ദീപനാളത്തിനും അഭിനന്ദനങ്ങള്‍.