•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

പുരോഹിതന്‍ മറ്റൊരു മിശിഹാ

കര്‍ദിനാള്‍ റോബര്‍ട്ട് സറായുടെ   എന്നന്നേക്കും (For the Eternity) എന്ന ഗ്രന്ഥം പങ്കുവയ്ക്കുന്ന പൗരോഹിത്യചിന്തകളുടെ ഒരു അവലോകനം

V
പുരോഹിതന്‍ ആരെന്നറിയാന്‍ സഭയുടെ സജീവമായ പാരമ്പര്യം പരിശോധിക്കുകയാണു വേണ്ടത്. ഈശോമിശിഹായില്‍ ആരംഭിച്ച് ഇന്നുവരെ ഇടമുറിയാതെ നല്കപ്പെടുന്ന പ്രബോധനങ്ങളാണു പൗരോഹിത്യത്തെക്കുറിച്ച് സഭയുടെ ഉള്‍ക്കാഴ്ച പ്രകടമാക്കുന്നത്. ഈ നീണ്ട ചരിത്രത്തില്‍ രണ്ടാം വത്തിക്കാന്‍ സൂനഹദോസ് ഒരു നാഴികക്കല്ലാണ്. സൂനഹദോസിനെത്തുടര്‍ന്ന് മെത്രാന്മാരുടെ മൂന്നു സിനഡുകള്‍ അല്മായവിശ്വാസികളുടെ ദൗത്യം (1988), വൈദികപരിശീലനം ആധുനികകാലഘട്ടത്തില്‍ (1992), സമര്‍പ്പിതജീവിതം (1996) എന്നീ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. മൂന്നു സിനഡനന്തര അപ്പസ്‌തോലികപ്രബോധനങ്ങള്‍ ജോണ്‍പോള്‍ രണ്ടാമന്‍പാപ്പാ പ്രസിദ്ധീകരിക്കുകയും ചെയ്തു. അതില്‍ പൗരോഹിത്യത്തെ സംബന്ധിക്കുന്ന സമഗ്രമായ പഠനം നല്കുന്ന അപ്പസ്‌തോലിക പ്രബോധനമാണ് Pastores dabo vobis(നിങ്ങള്‍ക്ക് ഞാന്‍ ഇടയന്മാരെ നല്കും). അതിലെ രണ്ടാമത്തെ അധ്യായം 14 മുതല്‍ 16 വരെ ഖണ്ഡികകള്‍ കര്‍ദിനാള്‍ സറായുടെ ''എന്നന്നേക്കും'' എന്ന ഗ്രന്ഥത്തില്‍ പൂര്‍ണമായി ഉദ്ധരിക്കുകയും തുടര്‍ന്ന് അതിന്മേല്‍ തന്റെ ധ്യാനചിന്തകള്‍ പങ്കുവയ്ക്കുകയും ചെയ്യുന്നു.
വി. ജോണ്‍പോള്‍ രണ്ടാമന്‍ പുതിയ ഉടമ്പടിയിലെ പൗരോഹിത്യത്തെ സംബന്ധിച്ച്
തന്റെ ഈലോകജീവിതകാലത്ത് ഈശോമിശിഹാ പുതിയ ഉടമ്പടിയില്‍ സമാരംഭിച്ച സാര്‍വത്രികപൗരോഹിത്യത്തിന്റെ ശുശ്രൂഷകരായി പ്രത്യേക അധികാരങ്ങളോടെ പന്ത്രണ്ടുപേരെ തിരഞ്ഞെടുത്തു. ''തന്നോടുകൂടി ആയിരിക്കാനും പ്രസംഗിക്കുന്നതിന് അയയ്ക്കാനും രോഗികളെ സുഖപ്പെടുത്തുന്നതിനും പിശാചുക്കളെ പുറത്താക്കുന്നതിനും അധികാരം നല്കാനുംവേണ്ടി അവന്‍ പന്ത്രണ്ടുപേരെ തിരഞ്ഞെടുത്തു'' (മര്‍ക്കോസ് 3: 14,15). മിശിഹാ തന്റെ കുരിശുമരണത്തിനും ഉത്ഥാനത്തിനുംശേഷം പത്രോസിന്റെ നേതൃത്വത്തിലുള്ള പന്ത്രണ്ടു പേര്‍ക്കും രക്ഷാദൗത്യം ലോകമെങ്ങും അറിയിക്കാനുള്ള കല്പന നല്കി:
''ഈശോ അവരെ സമീപിച്ച് അരുള്‍ ചെയ്തു: സ്വര്‍ഗത്തിലും ഭൂമിയിലും സര്‍വധികാരവും എനിക്കു നല്കപ്പെട്ടിരിക്കുന്നു. എന്റെ പിതാവ് എന്നെ അയച്ചതുപോലെ ഞാനും നിങ്ങളെ അയയ്ക്കുന്നു. നിങ്ങള്‍ പോയി എല്ലാ ജനതകളെയും ശിഷ്യപ്പെടുത്തുവിന്‍. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍ അവര്‍ക്കു മാമ്മോദീസ നല്കുവിന്‍. ഞാന്‍ നിങ്ങളോടു കല്പിച്ചവയെല്ലാം പാലിക്കാന്‍ അവരെ പഠിപ്പിക്കുവിന്‍. ഇതാ, ലോകാവസാനംവരെ ഞാന്‍ നിങ്ങളോടുകൂടെയുണ്ട്(വി. മത്താ. 28:18-20).
പിതാവ് ഈശോയെ ഭരമേല്പിച്ച ദൗത്യംതന്നെയാണ് അവിടുന്ന് ശ്ലീഹന്മാര്‍ക്കു കൈമാറുന്നത്: ''പിതാവ് എന്നെ അയച്ചതുപോലെ ഞാനും നിങ്ങളെ അയയ്ക്കുന്നു'' (യോഹ. 20: 21).
ശ്ലീഹന്മാര്‍ കാലാന്തരത്തില്‍ മെത്രാന്മാരെയും വൈദികരെയും ഡീക്കന്മാരെയും കൈവയ്പ്പുശുശ്രൂഷവഴി ഈ ദൗത്യം നിറവേറ്റുന്നതിനായി നിയോഗിച്ചു. പരിശുദ്ധാത്മാവ് അവരുടെമേല്‍ ആവസിക്കുകയും ഈ ദൗത്യനിര്‍വഹണം സാധ്യമാക്കുകയും ചെയ്യും. വിശുദ്ധ പത്രോസ്ശ്ലീഹാതന്നെ തന്റെ ലേഖനത്തില്‍ ഇപ്രകാരം നിയോഗിക്കപ്പെടുന്നവര്‍ക്ക് ഉപദേശങ്ങള്‍ നല്കുന്നുണ്ട് (1 പത്രോ. 5: 1-4).
''സഭയിലും സഭയ്ക്കായും പുരോഹിതന്മാര്‍ സഭയുടെ ശിരസ്സും ഇടയനുമായ ഈശോമിശിഹായെ കൗദാശികായി പ്രതിനിധാനം ചെയ്യുന്നു.'' ദിവ്യ കൂദാശകള്‍ പരികര്‍മം ചെയ്യുന്നതിലൂടെ മിശിഹായുടെ ദൗത്യം തുടരുകയും ചെയ്യുന്നു. റോമന്‍ റീത്തില്‍ പെസഹാവ്യാഴാഴ്ചയിലെ വി. കുര്‍ബാനയിലെ പ്രാര്‍ത്ഥനയില്‍ ചൊല്ലുന്നു: ''പരിശുദ്ധാത്മാവിന്റെ അഭിഷേകത്താല്‍ തന്റെ ഏകജാതനെ നവീനവും സനാതനവുമായ ഉടമ്പടിയുടെ പുരോഹിതനായി സ്ഥാപിച്ച ദൈവമേ, ഈ പൗരോഹിത്യം സഭയില്‍ സദാ സജീവമായി നിലനില്ക്കാന്‍ അങ്ങ് തിരുമനസ്സായി.''
വൈദികന്‍ മിശിഹായുടെ പൗരോഹിത്യത്തില്‍ പങ്കുചേര്‍ന്ന് സഭയുടെയും സഭയുടെ തലവനായ മിശിഹായുടെയും ശുശ്രൂഷകരായിത്തീരുന്നു.
പരിശുദ്ധ പിതാവ് ജോണ്‍പോള്‍ രണ്ടാമന്റെ ഈ പ്രബോധനങ്ങളെ ആസ്പദമാക്കി കര്‍ദിനാള്‍ സറാ നല്കുന്ന വിചിന്തനങ്ങള്‍ താഴെ വിവരിക്കുന്നു:
മിശിഹായെ ധരിക്കുന്നു
തിരുപ്പട്ടസ്വീകരണംവഴി പുരോഹിതന്‍ തന്നെത്തന്നെ മുഴുവനായും മിശിഹായുടെ തിരുവിഷ്ടത്തിനു സമര്‍പ്പിക്കുന്നു. ആരാധനക്രമശുശ്രൂഷകള്‍ക്കായി തിരുവസ്ത്രങ്ങളണിയുന്നത് മിശിഹായെ ധരിക്കുന്നതിനെയാണു സൂചിപ്പിക്കുന്നത്. ഓരോ വസ്ത്രം അണിയുമ്പോഴും അതിന്റേതായ പ്രാര്‍ത്ഥനകള്‍ ചൊല്ലിയിരുന്നു. പൗരോഹിത്യം എന്താണ് അര്‍ത്ഥമാക്കുന്നത് എന്നതിന്റെ സൂചനകളാണ് ഈ തിരുവസ്ത്രങ്ങള്‍. കര്‍ദിനാള്‍ സറാ പറയുന്നു: ''ഒരു ഉറാറ മാത്രം ധരിച്ചുകൊണ്ട് ഈ മഹനീയമായ ദിവ്യരഹസ്യങ്ങള്‍ അര്‍പ്പിക്കുന്നത് തീര്‍ച്ചയായും അപര്യാപ്തവും സങ്കടകരവുമാണ്. ഓരോ വിശുദ്ധകുര്‍ബാനയും ആഘോഷപൂര്‍വമാണ് അര്‍പ്പിക്കേണ്ടത്. അതാണു പുരോഹിതന്റെ ജീവിതത്തില്‍ ഏറ്റവും പ്രധാനപ്പെട്ട പ്രവൃത്തി.
പരിശുദ്ധാത്മാവിന്റെ
വാസസ്ഥലം
2019 മേയ്മാസം നാലാം തീയതി മെക്‌സിക്കോയിലെ ഗൗദെലുപ്പോയില്‍വച്ചു വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കപ്പെട്ട ഒരു വീട്ടമ്മയാണ് 'കൊണ്‍ചിത്ത' എന്നറിയപ്പെട്ടിരുന്ന മരിയ കൊണ്‍ചെപ്‌സിയോണ്‍. അവര്‍ക്കു ലഭിച്ചിരുന്ന വ്യക്തിപരമായ വെളിപാടുകളില്‍ ഈശോ പറഞ്ഞത് വൈദികരെ തന്റെ സ്വന്തമായിട്ടാണ് ഈശോ കരുതുന്നത് എന്നാണ്. ഈശോയുടെ സ്വന്തമായിരിക്കണമെങ്കില്‍ പരിശുദ്ധാത്മാവ് പുരോഹിതന്റെ ഹൃദയത്തില്‍ വസിക്കണം.
ദൈവസ്‌നേഹാഗ്നിയാല്‍ പുരോഹിതന്റെ ഹൃദയത്തെ ജ്വലിപ്പിക്കാന്‍ പരിശുദ്ധാത്മാവിനേ സാധിക്കൂ.
സഭയുടെ ശത്രുക്കളെ ജയിക്കാന്‍ മിശിഹായില്‍ രൂപാന്തരീകരണം പ്രാപിച്ച വൈദികരുടെ ഒരു സൈന്യംതന്നെ ആവശ്യമാണെന്നു വാഴ്ത്തപ്പെട്ട മരിയ കൊണ്‍ചെപ്‌സിയോണ്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
ഈ ദൈവനിയോഗത്തിനായിട്ടാണ് നമ്മള്‍ വിളിക്കപ്പെട്ടിരിക്കുന്നത് എന്നത് എത്രയോ സന്തോഷകരമായ കാര്യമാണെന്നാണു കര്‍ദിനാള്‍ സറാ നിരീക്ഷിക്കുന്നത്. അതിന് ആവശ്യമായ പ്രസാദവരം അവിടുന്നു നല്കുമെന്നതാണ് ആശ്വാസകരമായ കാര്യം എന്നും അദ്ദേഹം എഴുതുന്നു.
മറ്റൊരു ക്രിസ്തു
മെത്രാന്മാരും അവരുടെ സഹായികളായ വൈദികരും മിശിഹായുടെ നാമത്തില്‍ കൂദാശകള്‍ പരികര്‍മം ചെയ്യുന്നു. അതുകൊണ്ട് അവരെ മറ്റൊരു ക്രിസ്തു അല്ലെങ്കില്‍ ക്രിസ്തുതന്നെ എന്നു പറയാറുണ്ട്. ഈ പ്രയോഗങ്ങള്‍ തെറ്റിദ്ധരിക്കുവാന്‍ ഇടയാവരുത്. തിരുപ്പട്ടം എന്ന കൂദാശയിലൂടെ ലഭിക്കുന്ന കൗദാശികമുദ്രയാണ് ഈ മാറ്റം സാധ്യമാക്കുന്നത്.
കര്‍ദിനാള്‍ സറാ ഒരു ഉദാഹരണം നല്കുന്നുണ്ട്. വൈദികന്‍ ഒരു രോഗിയെ സന്ദര്‍ശിക്കുമ്പോള്‍ നിത്യപുരോഹിതനായ മിശിഹാതന്നെയാണ് അവിടെ സന്നിഹിതനാകുന്നത്. രോഗിയെ ശുശ്രൂഷിക്കുന്നതിനു വൈദികനെക്കാള്‍ മറ്റുള്ളവര്‍ക്കാണു കഴിവുള്ളതെങ്കിലും പുരോഹിതനാണു രോഗീലേപനവും വിശുദ്ധകുര്‍ബാനയും നല്കുന്നത്. അങ്ങനെ പുരോഹിതന്‍ മിശിഹായുടെ ഒരു ഉപകരണമായി മാറുന്നു. കുമ്പസാരരഹസ്യം പാലിക്കുന്നതും ഇക്കാരണത്താലാണ്. വൈദികനോട് ഏറ്റുപറയുന്ന പാപം മിശിഹായോടാണു പറഞ്ഞത്. അത് മറ്റാരും അറിയരുത്.
പാരീസിലെ കര്‍ദിനാളായിരുന്ന ഴാന്‍മരീ ലുസ്തിഷെ വൈദികരോടു പറയുമായിരുന്നു: ''നമ്മള്‍ മിശിഹായാണെന്നു പറയാന്‍ ധൈര്യമുള്ളവരായിരിക്കണം.'' അതാണു പുരോഹിതന്റെ അനന്യസ്വത്വം.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)