•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

നീതിമാര്‍ഗത്തില്‍ ചരിച്ച സ്‌നേഹിതന്‍

താണ്ട് അറുപതു വര്‍ഷംമുമ്പ് എന്റെ വല്യമ്മച്ചിയോടു ഞാനൊരു സംശയം ചോദിച്ചു: ''യൗസേപ്പിതാവിനോടുള്ള ജപം മാത്രം എന്തുകൊണ്ടാണ്  ഭാഗ്യപ്പെട്ട മാര്‍ യൗസേപ്പ്  എന്നു തുടങ്ങുന്നത്, മറ്റുള്ള വിശുദ്ധരൊന്നും ഭാഗ്യപ്പെട്ടവരല്ലേ?'' വല്യമ്മച്ചി ചിരിച്ചുകൊണ്ടു പറഞ്ഞു: ''എടീ, ഈശോയെ കൈകളില്‍ എടുക്കുകയും ഈശോയോടും മാതാവിനോടുമൊപ്പം ജീവിക്കുകയും അവരുടെകൂടെ താമസിക്കുമ്പോള്‍ മരിക്കുകയും ചെയ്ത പിതാവ്. അതുകൊണ്ടായിരിക്കും ഭാഗ്യപ്പെട്ട മാര്‍ യൗസേപ്പ് എന്ന ജപം നമ്മള്‍ ചൊല്ലുന്നത്.'' രണ്ടാം ക്ലാസുവരെ പഠിച്ച വല്യമ്മച്ചി പറഞ്ഞുതന്നത് ഈ പ്രാര്‍ത്ഥന ചൊല്ലുമ്പോളൊക്കെ ഞാന്‍ അനുസ്മരിക്കുന്നു.
ദാവീദിന്റെ വംശത്തില്‍പ്പെട്ട ഉന്നതകുലജാതനായിരുന്നു മാര്‍ യൗസേപ്പ്. തന്റെ തീരുമാനങ്ങളിലും നിഷ്ഠകളിലും ഔന്നത്യം പ്രകടിപ്പിച്ചവന്‍. ദൈവം അദ്ദേഹത്തോടു സംസാരിച്ചു. ഫ്രാന്‍സീസ് പാപ്പാ ഒരിക്കല്‍ പറയുകയുണ്ടായി: ''എനിക്ക് വി. യൗസേപ്പിനോടു വളരെയധികം സ്‌നേഹമുണ്ട്. കാരണം, അദ്ദേഹം നിശ്ശബ്ദതയുടെയും ധൈര്യത്തിന്റെയും മനുഷ്യനാണ്.'' ജോസഫ് എന്ന നാമത്തിന്റെ അര്‍ത്ഥം 'യഹോവ വര്‍ദ്ധിപ്പിക്കുന്നു' അഥവാ ദൈവം വളര്‍ത്തുന്നു എന്നാണ്. രക്ഷകനെയും മാതാവിനെയും ദൈവം ഭരമേല്പിച്ച വ്യക്തി.
അന്ന - യൊവാക്കീം ദമ്പതികളുടെ മകളായ മേരി മൂന്നാമത്തെ വയസ്സുമുതല്‍ ദൈവാലയത്തില്‍ വളര്‍ന്നവളാണ്. ദൈവാലയത്തില്‍വച്ചു യഹൂദരുടെ വിശുദ്ധഗ്രന്ഥങ്ങളെല്ലാം മേരി മനഃപാഠമാക്കിയിരുന്നു. പതിന്നാലു വയസ്സു കഴിഞ്ഞാല്‍ പെണ്‍കുട്ടികള്‍ ദൈവാലയത്തില്‍ താമസിക്കാന്‍ പാടില്ല. മേരിയുടെ പിതാവും ദാവീദുവംശത്തില്‍പ്പെട്ടവനായിരുന്നു. യഹൂദര്‍ സ്വന്തം ഗോത്രത്തിലുള്ളവരെ മാത്രമേ വിവാഹം കഴിച്ചിരുന്നുള്ളൂ. അതുകൊണ്ട്, ദാവീദുവംശത്തിലെ അവിവാഹിതരായ യുവാക്കളെല്ലാം ദൈവാലയത്തില്‍ വരണമെന്നും മേരിക്ക് അനുയോജ്യനായ പുരുഷനെ കണ്ടെത്താനാണെന്നും  പുരോഹിതന്‍ അറിയിച്ചു. വന്ന ചെറുപ്പക്കാരുടെ പേരെഴുതിയ ഓരോ ഉണക്കക്കമ്പ്  പുരോഹിതന്‍ ദൈവാലയത്തില്‍ സൂക്ഷിച്ചു. ദിവസങ്ങള്‍ കടന്നുപോയി. ജോസഫിന്റെ പേരെഴുതിയ കമ്പ് പുഷ്പിച്ചു. ഉണക്കക്കമ്പ് പുഷ്പിക്കുന്നയാള്‍ക്ക് മേരിയെ വിവാഹം കഴിച്ചുകൊടുക്കണമെന്ന് പുരോഹിതന്‍ നിശ്ചയിച്ചിരുന്നു. ഇതൊരു ഐതിഹ്യമാണെങ്കിലും, യൗസേപ്പിതാവിന്റെ ചില ചിത്രങ്ങളില്‍ ഈ കമ്പ് കാണുന്നുണ്ട്. കൗമാരക്കാരിയും സുന്ദരിയും ആരോഗ്യവതിയുമായ മേരിയെ വിവാഹം കഴിക്കാനെത്തിയ യൗസേപ്പ് ശോഭനമായ യൗവനത്തിലായിരുന്നു. ബലവാനും ആരോഗ്യവാനും ഊര്‍ജസ്വലനുമായ യൗസേപ്പിനു മുപ്പതു വയസ്സിനു താഴെയേ കാണുകയുള്ളൂ. പൂര്‍ണമനസ്സോടെ യൗവനസ്‌നേഹത്തെ നിര്‍മലസ്‌നേഹമാക്കിയ ദമ്പതികള്‍.
യൗസേപ്പിതാവിന്റെ ജീവിതത്തില്‍നിന്നു നാം എന്തെല്ലാം മനസ്സിലാക്കണം? ആധുനികകാലത്ത് ഭാര്യയ്‌ക്കോ, ഭര്‍ത്താവിനോ എന്തെങ്കിലും ദേഷ്യമോ അസുഖമോ വന്നാല്‍ ഉടനെ വിവാഹമോചനമാണ്. പള്ളിക്കോടതികളിലും സര്‍ക്കാര്‍ കോടതികളിലും ഇതിന്റെ തിരക്കാണ്.
ഭാര്യയെ സ്‌നേഹിക്കുകയും വിശ്വസിക്കുകയും അവളെ ഒരു കാര്യത്തിലും അപഹാസ്യയാക്കാതെ കൂടെക്കൊണ്ടുനടക്കുകയും ചെയ്ത യൗസേപ്പിതാവ് ദമ്പതികളുടെ മധ്യസ്ഥനാണ്. മേരി തന്റെ ഇളയമ്മയെ ശുശ്രൂഷിക്കാന്‍ പോകുന്നതിനു യൗസേപ്പിതാവിനോട് അനുവാദം ചോദിച്ചപ്പോള്‍ സ്‌നേഹത്തോടെ സമ്മതിച്ച വലിയ മനുഷ്യന്‍. നമ്മുടെ പെണ്‍മക്കളെ വിവാഹം കഴിച്ചയച്ചാല്‍ ഒരു മാസം തികച്ച് സ്വന്തം വീട്ടില്‍പ്പോയി മാതാപിതാക്കളെ ശുശ്രൂഷിക്കാന്‍ അനുവാദം നല്‍കാറുണ്ടോ? ആണ്‍മക്കളെപ്പോലെ പെണ്‍മക്കളെ കാണാനും അവരുടെകൂടെ താമസിക്കാനും, പ്രായമായ മാതാപിതാക്കള്‍ ആഗ്രഹിക്കും: 'നീ പോയാല്‍ വീട്ടുകാര്യം ആരു നോക്കും?' എന്നുള്ള ചോദ്യം അവസാനിപ്പിച്ച്, ഞാന്‍ വീട്ടുകാര്യം നോക്കാം, നീ പോകുകയെന്നു പറയുന്ന ചെറുപ്പക്കാര്‍ ഉണ്ടാകണം.
അദ്ധ്വാനത്തിന്റെ മഹിമ നമ്മള്‍ മനസ്സിലാക്കണം. തച്ചനായിരുന്നു യൗസേപ്പ്. യേശു മാതാപിതാക്കള്‍ക്കു വിധേയനായി ജീവിച്ചു (ലൂക്കാ. 2:51). യൗസേപ്പിതാവിന്റെ ജോലികളിലെല്ലാം സഹകരിച്ചു ജീവിച്ചിരുന്നു. പിതാവിന്റെ ജോലികളെല്ലാം പഠിച്ച്, ദൈവപുത്രന്‍ 'തച്ചന്റെ മകന്‍' എന്നറിയപ്പെട്ടു. ഇന്നത്തെ പിതാക്കന്മാര്‍ തങ്ങളുടെ ബിസിനസിനെയോ ജോലിയെയോപറ്റി മക്കളോടു സംസാരിക്കുകപോലുമില്ല. അമ്മയ്ക്കും മക്കള്‍ക്കും അപ്പനെപ്പറ്റി ഒന്നും അറിയില്ലാത്ത അവസ്ഥ. അപ്പന്‍ മക്കളെയെല്ലാം തന്റെ കൂടെയിരുത്തി ജോലിയെപ്പറ്റിയും വീടിന്റെ അവസ്ഥയെപ്പറ്റിയുമെല്ലാം പറഞ്ഞുകൊടുക്കണം. അദ്ധ്വാനിക്കാതെ പണം കണ്ടെത്തുന്ന കുത്സിതമാര്‍ഗങ്ങളിലേക്ക് മക്കള്‍ പോകാതെ സൂക്ഷിക്കേണ്ടതും മാതാപിതാക്കളാണ്.
ദുഃഖങ്ങള്‍ ഉള്ളിലൊതുക്കി ദൈവത്തെ ശ്രവിച്ചവനാണു വിശുദ്ധ യൗസേപ്പ്. ബൈബിളില്‍ 'നീതിമാന്‍' എന്നു വിളിച്ചത് യൗസേപ്പിതാവിനെയാണ്. ഭാര്യയോടു നീതി പുലര്‍ത്തി. അവളെ അപമാനിതയാക്കാന്‍ ഇഷ്ടപ്പെട്ടില്ല. ഈശോയുടെ ജനനാവസ്ഥയില്‍ ഏറെ ദുഃഖിച്ചു. കാരണം, സത്രത്തില്‍ സ്ഥലം കിട്ടിയില്ല; താന്‍ ധര്‍മം ചെയ്തില്ലായെന്ന കുറ്റബോധം ഉണ്ടായിരിക്കണം. പുത്രനെ കാണാതായപ്പോള്‍ ഏറെ ദുഃഖിച്ചു. ഒരിക്കലും ഭാര്യയെ മാത്രം കുറ്റപ്പെടുത്തിയില്ല. മക്കള്‍ എന്തെങ്കിലും തെറ്റു ചെയ്താല്‍ ഭാര്യയുടെ കുഴപ്പമാണെന്നു പറയുന്ന ഒത്തിരിപ്പേരുണ്ട്.
നന്മരണത്തിന്റെ മദ്ധ്യസ്ഥനായും യൗസേപ്പിതാവിനെ വി. പത്താം പീയൂസ് മാര്‍പാപ്പാ അംഗീകരിച്ചിട്ടുണ്ട്. പുതിയ കെട്ടിടങ്ങളും ഭവനങ്ങളും പണിയുമ്പോള്‍ വി. യൗസേപ്പിന്റെ തിരുസ്വരൂപം വയ്ക്കുന്നത് വളരെ നല്ലതാണ്. പണിയുടെ തടസ്സങ്ങളെല്ലാം മാറിക്കിട്ടും. യൗസേപ്പിതാവിന്റെ മാധ്യസ്ഥ്യത്തില്‍ അപേക്ഷിക്കുന്നതെന്തും നമുക്കു ലഭിക്കാതിരിക്കില്ല. കാരണം, തന്റെ ഭൗതികപിതാവിന്റെ മാധ്യസ്ഥ്യം മകന്‍ കേള്‍ക്കും. മറിയത്തിന്റെ പ്രാര്‍ത്ഥനയും യൗസേപ്പിന്റെ പ്രാര്‍ത്ഥനയോടൊപ്പമുണ്ട്.
ഫ്രാന്‍സീസ് മാര്‍പാപ്പാ പറയുന്നു: ''എന്റെ മുറിയില്‍ യൗസേപ്പിതാവിന്റെ ഒരു തിരുസ്വരൂപമുണ്ട്. ഉറങ്ങുമ്പോഴും അദ്ദേഹം തിരുസ്സഭയെ സംരക്ഷിക്കുന്നു. എന്റെ ജീവിതത്തില്‍ പ്രയാസങ്ങളും പ്രശ്‌നങ്ങളുമുണ്ടാകുമ്പോള്‍ ഒരു പേപ്പറിലെഴുതി ഉറങ്ങുന്ന യൗസേപ്പിന്റെ തിരുസ്വരൂപത്തിന്റെ താഴെ വയ്ക്കും. യൗസേപ്പിതാവ് അതിനെപ്പറ്റി സ്വപ്നം കാണും. ദൈവത്തോട് ആലോചന ചോദിക്കും. ദൈവത്തിന്റെ ശബ്ദം ശ്രവിക്കും. പ്രശ്‌നങ്ങളുടെയും പ്രയാസങ്ങളുടെയും പരിഹാരം എന്റെ മനസ്സില്‍ തോന്നിക്കും.'' നമുക്കും മാര്‍പാപ്പായെപ്പോലെ നമ്മുടെ വിഷമതകളെല്ലാം യൗസേപ്പിതാവിനോടു പങ്കുവയ്ക്കാം. യൗസേപ്പിതാവിനോടും മാതാവിനോടും തിരുക്കുമാരനോടുമൊപ്പം നമ്മുടെ ജീവിതവും മുന്നോട്ടു കൊണ്ടുപോകാം.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)