•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

മുതലാകുന്നുവോ പണവും പലിശയും ?

ണം എന്ന മലയാളവാക്കിനു പകരമായി ഇംഗ്ലീഷ് ഭാഷയില്‍ ഉപയോഗിക്കുന്നത് MONEY എന്ന വാക്കാണ്.  More Opportunities Now Exist You എന്നതു ചുരുക്കിയെഴുതിയപ്പോഴാണ് '‘Money'’ കിട്ടിയത്. പണം കൈയിലുണ്ടെങ്കില്‍ താങ്കള്‍ക്കു കൂടുതല്‍ അവസരങ്ങളുണ്ട്, താങ്കള്‍ക്കു കൂടുതല്‍ ആവശ്യങ്ങള്‍ നിറവേറ്റാം, ആഡംബരമായി ജീവിക്കാം, സമ്പന്നനെന്ന മാന്യമായ പദവി  അലങ്കരിക്കാം എന്നൊക്കെയാണിതിന്റെ അര്‍ത്ഥം. പണം എന്തു ചെയ്യുന്നുവോ, അതാണു പണം(Money is what money does) എന്നൊരു നിര്‍വചനമുണ്ട്. ''പണം കൊടുത്താല്‍ മാതാപിതാക്കളെ ഒഴിച്ച് മറ്റെന്തുവേണമെങ്കിലും വാങ്ങാന്‍ കിട്ടുമെന്നും'', ''പണത്തിനു മീതെ പരുന്തും പറക്കുകയില എന്നും പണമില്ലാത്തവന്‍ പിണം' എന്നും  മറ്റും സാധാരണ കേള്‍ക്കാറുള്ള പ്രയോഗങ്ങളാണ്. എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം സാമ്പത്തികവിഷയങ്ങളാണ്  എന്നതു മുഴുവനായും ശരിയല്ലെങ്കിലും പൊതുവെ അങ്ങനെ ഒരു ധാരണയുണ്ട്. വിദ്യാഭ്യാസത്തിന്റെ മുമ്പില്‍ പണം ഒരു എതിരാളിയേ അല്ല. എങ്കിലും വിദ്യാഭ്യാസവും പണവുമുണ്ടെങ്കില്‍ പണത്തിന്റെ ശക്തി അപാരമാണ്.
പണവും പലിശയും തമ്മിലുള്ള ബന്ധം അഭേദ്യമാണ്. ''കടം വാങ്ങുന്ന പണത്തിന് അല്ലെങ്കില്‍ നിക്ഷേപത്തിന് ഒരു നിശ്ചിതനിരക്കില്‍ ക്രമമായി നല്‍കുന്ന തുകയാണു പലിശ.'' മധ്യകാലഘട്ടംവരെ കടത്തിന് (വായ്പകള്‍ക്ക്) പലിശ വാങ്ങുന്നതു പാപമായിട്ടാണു കണക്കാക്കിയിരുന്നത്. നവോത്ഥാനത്തോടെയാണ് ആ കാഴ്ചപ്പാടിനു മാറ്റം വന്നത്. മൂലധനം ഒരു വിലയേറിയ ഉത്പാദനഘടകമായി മാറിയപ്പോള്‍ പലിശയുടെ പ്രസക്തി വര്‍ദ്ധിച്ചു. പലിശ കൊടുത്താല്‍ മൂലധനം ലഭിക്കുമെന്ന സ്ഥിതി വന്നപ്പോള്‍ കൈയില്‍ കാശില്ലാത്ത പലരും കടം വാങ്ങി ഉത്പാദനപ്രക്രിയയിലേക്കു തിരിയുകയും വളരെ വേഗം സാമ്പത്തികപുരോഗതി കൈവരിക്കുകയും ചെയ്തു. നിക്ഷേപങ്ങള്‍ സ്വീകരിക്കുകയും വായ്പകള്‍ നല്‍കുകയും ചെയ്തുകൊണ്ട് പണമിടപാടുസ്ഥാപനങ്ങള്‍ ബാങ്കുകളായി വളര്‍ന്ന് രാജ്യത്തിന്റെ സാമ്പത്തികസ്രോതസ്സുകളും സൂക്ഷിപ്പുകാരുമായി മാറി. പണവും പലിശയും ഒരേ ശരീരത്തിന്റെ തലയും  വാലുമാണ്. മൂലധനത്തെ കാലാവധികൊണ്ടും പലിശനിരക്കുകൊണ്ടും ഗുണിച്ച് 100 കൊണ്ടു ഹരിച്ചാല്‍ കിട്ടുന്നതാണ് സാധാരണ പലിശ.
മൂലധനം ഃ കാലാവധി ഃ പലിശനിരക്ക്=പലിശ)                 (1=ജചഞ
                         100
സാധാരണപലിശ മൂലധനത്തോടു ചേരുമ്പോള്‍ മൂലധനംതന്നെയായി മാറുകയും പലിശയും കൂടെച്ചേര്‍ന്ന മൂലധനത്തിനു പലിശ കണക്കാക്കുമ്പോള്‍ അതു കൂട്ടുപലിശയായി മാറുകയും ചെയ്യുന്നു.
പലിശ വാങ്ങുന്നതു പാപമാണോ?
പണം സമ്പാദിക്കുന്നതും സൂക്ഷിക്കുന്നതും ദുഃഖഹേതുക്കളാണ് എന്നാണ് നീതിസാരം പറയുന്നത്.
''അര്‍ത്ഥാനാമാര്‍ജ്ജനേ ദുഃഖം
ആര്‍ജ്ജിതാനാന്തു രക്ഷണേ
ആയേ ദുഃഖം വ്യയേ ദുഃഖം
അര്‍ത്ഥഃ കിം ദുഃഖഭാജനം''
പണം സമ്പാദിക്കണമെങ്കില്‍ മിതവ്യയവും സാമ്പത്തിക അച്ചടക്കവും അത്യാവശ്യമാണ്. ആശകളും അഭിലാഷങ്ങളും ത്യജിക്കേണ്ടിവരും. പല ആവശ്യങ്ങളും പിന്നത്തേക്കു മാറ്റിമാറ്റി വയ്‌ക്കേണ്ടിവരും. 'നേട്ടത്തില്‍ പകുതി സൂക്ഷം' എന്നാണു ചൊല്ല്. വീട്ടിലുണ്ടാകുന്ന കോഴിമുട്ടയും പാലും വാഴപ്പഴങ്ങളും സ്വന്തം മക്കള്‍ക്കു കൊടുക്കാതെ വിറ്റു കാശാക്കി സൂക്ഷിച്ച പഴയകാലത്തെ കഥകള്‍ പറഞ്ഞാല്‍ പുതിയ തലമുറ വിശ്വസിക്കുകപോലുമില്ല. ഏതായാലും, അങ്ങനെയൊക്കെ പണം സമ്പാദിക്കുന്നതു വേദനാജനകമാണ്. സൂക്ഷിച്ചുവച്ച പണം വേര്‍പിരിയുന്നതും ദുഃഖഹേതുവാണ്. എങ്കിലും ബന്ധുക്കളും പ്രിയപ്പെട്ടവരും അത്യാവശ്യം പറഞ്ഞുചോദിക്കുമ്പോള്‍ കൊടുക്കാതിരിക്കാന്‍ വയ്യ. യാതൊരു പണയവും രേഖകളും സാക്ഷികള്‍പോലുമില്ലാതെയാണു പലപ്പോഴും ഇത്തരം വായ്പകള്‍ കൊടുക്കുന്നത്. അതേസമയം ബാങ്കില്‍നിന്ന് ഒരു ലോണ്‍ കിട്ടണമെങ്കില്‍ എന്തെല്ലാം നടപടിക്രമങ്ങളും ഈടും ജാമ്യക്കാരും വേണം. കാലാവധിപോലും പറയാതെ വാങ്ങിയ പണം തിരിച്ചുചോദിച്ചാല്‍ രണ്ടും മൂന്നും അവധി പറഞ്ഞ് അല്ലെങ്കില്‍ 'ഉപ്പും തവിടു' മായി തിരിച്ചുകൊടുക്കുമ്പോഴേക്കും പണം വാങ്ങിയ സമയത്തുണ്ടായിരുന്ന ലോഹ്യമെല്ലാം നഷ്ടപ്പെട്ടിട്ടുണ്ടായിരിക്കും. ബാങ്കില്‍ നിക്ഷേപിച്ചിരുന്ന സ്ഥിരം നിക്ഷേപം  കാലാവധി പൂര്‍ത്തിയാകുന്നതിനുമുമ്പു പിന്‍വലിച്ചുകൊടുത്തതാണെങ്കില്‍ അതിനു പിഴപ്പലിശപോലും ഒടുക്കിയിട്ടുണ്ടാവും. വല്ല പലിശക്കണക്കും പറഞ്ഞുപോയാല്‍, 'അവന്‍ എന്നോടു പലിശ വാങ്ങി' എന്നു നാലാളുകളോടു പറയുകയും ചെയ്യും. കടംകൊടുക്കൂ, ഒരു ശത്രുവിനെ സമ്പാദിക്കൂ എന്ന ചൊല്ല് എത്ര ശരിയാണ്!
വാസ്തവത്തില്‍, അത്രയൊക്കെ മ്ലേച്ഛമാണോ പലിശ? കാരണം, മേല്പറഞ്ഞതുപോലെയൊക്കെ സമ്പാദിച്ച പണം കടമായി വാങ്ങിയ ആള്‍ ആ പണം കൊണ്ടെന്താണു ചെയ്തത് എന്നന്വേഷിച്ചു നോക്കണം. അയാള്‍ ഒരു കര്‍ഷകനാണെങ്കില്‍ വിളവെടുപ്പുകാലത്ത് വില കുറവായതിനാല്‍ ഉത്പന്നങ്ങള്‍ വില്ക്കാതെ മഴക്കാലത്ത് വില കൂടുന്നതുവരെ കാത്തിരിക്കും. വിളവെടുപ്പുകാലത്തുള്ളതിന്റെ ഇരട്ടി വില കിട്ടുന്നതുവരെ അയാള്‍ക്കു തന്റെ കുരുമുളകും റബറും ജാതിക്കായും ഗ്രാമ്പുവുമൊക്കെ സൂക്ഷിച്ചുവയ്ക്കാം. അതുവരെ സുഖമായി ജീവിക്കാന്‍ കടം വാങ്ങിയ പണമുണ്ടല്ലോ. ഓഹരിക്കമ്പോളത്തില്‍ നിക്ഷേപിക്കുന്നവര്‍ക്ക് ഓഹരിക്കു പരമാവധി വില ലഭിക്കുന്നതുവരെ കാത്തിരിക്കാം. റിയല്‍ എസ്റ്റേറ്റിലും ഊഹക്കച്ചവടത്തിലുമൊക്കെ പണം നിക്ഷേപിക്കുന്നവരുടെ കഥയും തഥൈവ.
അതേസമയം, നാണയപ്പെരുപ്പംമൂലം പണത്തിന്റെ ക്രയശേഷി നാള്‍ക്കുനാള്‍ കുറഞ്ഞുകൊണ്ടിരിക്കുകയാണ്. രണ്ടുകൊല്ലംമുമ്പ് ഒരു ചാക്ക് അരി വാങ്ങാന്‍ കഴിയുമായിരുന്ന തുകകൊണ്ട് ഇന്ന് അരച്ചാക്ക് അരി വാങ്ങാന്‍ സാധിക്കുകയില്ല. കമ്പോളത്തിലെ ഓരോ വസ്തുവിന്റെയും സ്ഥിതിയിതാണ്. ആ സ്ഥിതിക്ക് ബന്ധത്തിന്റെയും പരിചയത്തിന്റെയുംപേരില്‍ കടം കൊടുത്ത പണം 'അതേപടി' തിരിച്ചുകിട്ടുമ്പോള്‍ കടം കൊടുത്തയാളുടെ  നഷ്ടം ഒന്നു കണക്കാക്കേണ്ടതാണ്. ''ആറ്റില്‍ കളഞ്ഞാലും  അളന്നേ കളയാവൂ.'' പലിശ വാങ്ങാതെ കടം കൊടുക്കുന്നതിനെക്കാള്‍ നല്ലത്, ദേശസാത്കൃതബാങ്കിലെ ഇല്ലാത്ത നിക്ഷേപങ്ങള്‍ക്കുള്ള പലിശനിരക്കു വച്ചു കണക്കാക്കിക്കിട്ടുന്ന തുക കടം വാങ്ങിയ ആള്‍ക്കു ദാനമായി നല്‍കിക്കൊണ്ട് താങ്കള്‍ക്ക് ഇത്രയും പണം സൗജന്യമായി നല്‍കുന്നു എന്നു പറയുന്നതായിരിക്കും. വിശുദ്ധ ബൈബിളില്‍ വാങ്ങരുതെന്നു പറയുന്ന പലിശ മുകളില്‍ പറഞ്ഞ സാധാരണ പലിശയായിരിക്കാന്‍ സാധ്യതയില്ല. അതു സ്വകാര്യപണമിടപാടെന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന ബ്ലേഡ് കമ്പനിക്കാര്‍ വാങ്ങുന്ന പലിശയായിരിക്കാനാണു സാധ്യത. കാരണം, യേശുക്രിസ്തു എന്നും നീതിമാന്റെ പക്ഷത്തായിരുന്നു. മുകളില്‍ പറഞ്ഞതില്‍ ആരാണു നീതിമാന്‍? ഉത്തമര്‍ണനോ അതോ അധമര്‍ണനോ?

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)