കേരളസംസ്ഥാനത്ത് കാടില്ലാത്ത ഒരേയൊരു ജില്ലയാണ് ആലപ്പുഴ. ആലപ്പുഴയിലെ പഞ്ചസാരമണലില്‍ മൂന്നര ശതാബ്ദങ്ങള്‍ക്കുമുമ്പു തനിക്കു സ്വന്തമായുണ്ടായിരുന്ന ഒന്നരയേക്കര്‍ സ്ഥലം മുഴുവന്‍ കാടാക്കി മാറ്റിയ അതുല്യപ്രതിഭയാണ് കെ.വി. ദയാല്‍ എന്ന പരിസ്ഥിതിസ്‌നേഹി. ''ഫോറസ്റ്റ് മാന്‍ ഓഫ് കേരള'' എന്ന വിളിപ്പേരിലറിയപ്പെടുന്ന ദയാല്‍സാര്‍ സാന്ദ്രമായി പങ്കുവയ്ക്കുന്ന കാട്ടറിവുകളും നാട്ടറിവുകളും കേള്‍വിക്കാരുടെ മനസ്സില്‍ മഞ്ഞുവീഴുന്ന അനുഭവമാണ്. ശാസ്ത്രീയാടിത്തറയിലൂന്നിയ പഠനങ്ങളും ഗവേഷണങ്ങളും ആത്മാര്‍ത്ഥതയോടെയുള്ള കാര്‍ഷികപ്രവര്‍ത്തനങ്ങളും ചാരുതയാര്‍ന്ന അദ്ദേഹത്തിന്റെ സ്വപ്നങ്ങളുമെല്ലാം വരുംതലമുറകള്‍ക്കു പരിസ്ഥിതി അവബോധത്തിന്റെ ശ്രീകോവിലായിത്തീരുമെന്നതില്‍ സംശയമില്ല. ശ്രീകോവിലെന്ന അദ്ദേഹത്തിന്റെ വീട്ടുപേരും ഇത് അന്വര്‍ത്ഥമാക്കുന്നു.
ആലപ്പുഴ ജില്ലയിലെ മുഹമ്മയില്‍ കായിപ്പുറത്തു ജനിച്ച ദയാലിന്റെ ബാല്യകൗമാരങ്ങളില്‍ ഏറിയ സമയവും അപഹരിച്ചിരുന്നതു കൃഷിയിടങ്ങളായിരുന്നു. പിന്നീട് എ.കോം പഠനമെല്ലാം കഴിഞ്ഞ് കയര്‍ ഫാക്ടറി നടത്തുമ്പോഴും കുഞ്ഞുന്നാളില്‍ത്തന്നെ ഉള്ളില്‍ വീണ പരിസ്ഥിതിസ്‌നേഹത്തിന്റെ വിത്തു മുളവച്ചു വളര്‍ന്നുവരുന്നുണ്ടായിരുന്നു. അതിന് ഊടും പാവും നല്‍കിയത് ജപ്പാനിലെ കാര്‍ഷികാചാര്യനായിരുന്ന മസനോബു ഫുക്കുവൊക്കെയുടെ നാച്ചുറല്‍ ഫാമിങ്ങിനെക്കുറിച്ചുള്ള പുസ്തകങ്ങളുടെ വായനയും. പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും സ്വന്തം കൃഷിയിടത്തിലെ തെങ്ങുകൃഷി വിജയകരമാക്കാന്‍ സാധിക്കാതെ വന്നപ്പോള്‍ ദയാല്‍ ആശ്രയിച്ചത് ഫുക്കുവൊക്കെയുടെ കൃഷിരീതിയാണ്. ഫുക്കുവൊക്കെയുടെ കൃഷിരീതിയിലെ വീടിനുചുറ്റും മരങ്ങള്‍ വച്ചുപിടിപ്പിക്കുകയെന്ന ആശയം പ്രാവര്‍ത്തികമാക്കാനുള്ള ശ്രമങ്ങളാരംഭിച്ചു. ആ സമയത്താണ് 1986 ല്‍ കാസര്‍കോഡ് കോട്ടന്‍ചേരി കാട്ടില്‍വച്ചു നടന്ന നേച്ചര്‍ ക്യാംപില്‍ ദയാലും മക്കളും പങ്കെടുത്തത്. ഒരേ ഭൂമി ഒരേ ജീവന്‍ പ്രസ്ഥാനത്തിനു തുടക്കംകുറിച്ച പ്രഫസര്‍ ജോണ്‍സി ജേക്കബായിരുന്നു നേതൃത്വം. ഈ നേച്ചര്‍ ക്യാമ്പിലൂടെ പകര്‍ന്നുകിട്ടിയ അനുഭവങ്ങളാണ് പിന്നീടുള്ള എല്ലാ പരിസ്ഥിതിപ്രവര്‍ത്തനങ്ങള്‍ക്കും ദയാലിന് ഊര്‍ജവും വളവുമായി മാറിയത്. തൊഴിലിടങ്ങളുടെയും ക്ലാസ്‌റൂമുകളുടെയും നാലു ചുവരുകള്‍ക്കുമപ്പുറം നടത്തപ്പെടുന്ന ഇത്തരം പ്രകൃതിസഹവാസക്യാമ്പുകളും യാത്രകളും സംവാദങ്ങളുമാണ് ഭൂമിയെ യഥാര്‍ത്ഥത്തില്‍ ഹരിതാഭമാക്കാന്‍ സഹായിക്കുകയെന്നത് ഇക്കാലത്തും ഓര്‍മിക്കപ്പെടേണ്ടതാണ്. ജോണ്‍സിമാഷിനോടൊപ്പം നിരവധി പരിസ്ഥിതിപ്രവര്‍ത്തനങ്ങളില്‍ പിന്നീടു പങ്കാളിയാകാനും വേമ്പനാട് നേച്ചര്‍ ക്ലബിനു തുടക്കംകുറിക്കാനും സാധിച്ചു. ജോണ്‍സിയോടും സി.ആര്‍. വര്‍മയോടുമൊപ്പം നടത്തിയ ഒട്ടനവധി വനയാത്രകള്‍ അവസാനിച്ചതു കാടിനോടുള്ള കടുത്ത പ്രണയത്തിലായിരുന്നു. പിന്നീടങ്ങോട്ട് എല്ലാ മാസവും കാട്ടിലേക്കുള്ള യാത്ര പതിവായി. ഇത്തരത്തിലുള്ളൊരു കാട് തന്റെ ജില്ലയിലും ഉണ്ടാകണമെന്നൊരാഗ്രഹം മനസ്സില്‍ മൊട്ടിട്ടു. തെങ്ങുപോലും നന്നായി ഉണ്ടാകാത്ത പഞ്ചാരമണ്ണില്‍ അതത്ര എളുപ്പമായിരുന്നില്ല. എന്നിരിക്കിലും തന്റെ പുരയിടത്തില്‍ ധാരാളം മരങ്ങള്‍വച്ചു പിടിപ്പിച്ചുകൊണ്ടിരുന്നു. ആവാസവ്യവസ്ഥയുടെ സ്വാഭാവികമായ പരിവര്‍ത്തനത്തിനായി ക്ഷമയോടെ കാത്തിരിക്കുകയും ചെയ്തു. കാലക്രമത്തില്‍ ഒരു ഇക്കോസിസ്റ്റം രൂപപ്പെട്ടുവന്നു. കാണുക മാത്രമല്ല, കണ്ടറിഞ്ഞ അറിവുകള്‍ ആവേശത്തോടെ മറ്റുള്ളവര്‍ക്കു പകര്‍ന്നുകൊടുക്കുകയും ചെയ്തുകൊണ്ടിരുന്നു. കായിപ്പുറത്തെ മണ്ണിനും കാലാവസ്ഥയ്ക്കും ഒന്നരയേക്കറില്‍ മാറ്റമുണ്ടായത് ആളുകള്‍ക്കു കൗതുകമായി. ഇന്നു ലോകത്തിനുതന്നെ മാതൃകയും അദ്ഭുതവുമാണ് പഞ്ചസാരമണലില്‍ തീര്‍ത്ത ദയാലിന്റെ വശ്യമനോഹരമായ കാട്. മുന്നൂറിലധികം വ്യത്യസ്ത വലിയ മരങ്ങളും രണ്ടു കുളങ്ങളും ആയിരത്തിലധികം സ്പീഷിസുകളും സഹവര്‍ത്തിത്വത്തോടെ കഴിയുന്ന ഭൂമിയിലെ സ്വര്‍ഗം. കേരളത്തിന്റെ വനഭൂപടത്തില്‍ കാടില്ലാതിരുന്നൊരു ജില്ലയ്ക്ക് കാടു സമ്മാനിച്ച വനപുരുഷനു വന്ദനം.
ഇവിടംകൊണ്ടവസാനിക്കുന്നില്ല ദയാല്‍സാറിന്റെ പരിസ്ഥിതിപ്രവര്‍ത്തനങ്ങള്‍. അഭൂതപൂര്‍വമായ ഈ വിജയം അദ്ദേഹത്തിന്റെ സ്വപ്നങ്ങള്‍ക്കു ചിറകുകള്‍ നല്‍കി. ഭക്ഷണം വിളയുന്ന കാടിനുവേണ്ടിയുള്ള പരിശ്രമങ്ങള്‍ ഏതാണ്ടു വിജയത്തിലെത്തിനില്‍ക്കുന്നു. കോടമഞ്ഞു പെയ്യുന്ന കാടിനുവേണ്ടിയുള്ള കാത്തിരിപ്പിലാണിപ്പോള്‍. ഇതിനിടയില്‍ ഭൂമിയില്‍ ചവിട്ടിനടക്കുന്ന, മണ്ണിന്റെ മണമുള്ള കര്‍ഷകരുടെ ആകുലതകളും ബുദ്ധിമുട്ടുകളും ആത്മഹത്യകളും ദയാലിന്റെ മനസ്സിനു വേദനയായി. ജോണ്‍സി തുടക്കമിട്ട ജൈവകര്‍ഷകസമിതിയുടെ കണ്‍വീനറായി പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. കര്‍ഷകക്കൂട്ടായ്മകള്‍ വിളിച്ചുകൂട്ടി. കാര്‍ഷികപ്രശ്‌നങ്ങളും കര്‍ഷകരുടെ പ്രശ്‌നങ്ങളും രണ്ടും രണ്ടാണെന്നു തിരിച്ചറിഞ്ഞു. ആധുനികകൃഷിസങ്കേതങ്ങളുടെ ആശയങ്ങളില്‍നിന്നു വഴിമാറി സഞ്ചരിക്കാന്‍ അതു പ്രേരണയായി. മണ്ണാണു ജീവനെന്നും മണ്ണില്‍ കനകം തീര്‍ക്കാന്‍ വിത്തല്ല ഹൈബ്രിഡ് ആക്കേണ്ടത് മണ്ണാണെന്നും അസന്ദിഗ്ധമായി പ്രഖ്യാപിക്കാനുള്ള ചങ്കൂറ്റം കാണിച്ചു. വിത്തു ഗുണത്തില്‍ പത്തു ഗുണമുണ്ടെങ്കിലും പത്തരമാറ്റു കിട്ടണമെങ്കില്‍ മണ്ണ് വിഷലിപ്തമാക്കാതെ പോഷകസമ്പുഷ്ടമാക്കണമെന്നു വാദിച്ചു തെളിയിച്ചു. ഫലമോ, ദയാലിന്റെ ആശയങ്ങള്‍ വരുംതലമുറകള്‍ക്ക് ഔപചാരികമായി നല്‍കാനും സംരക്ഷിക്കാനും മഹാത്മാഗാന്ധി സര്‍വകലാശാല മുന്നോട്ടു വന്നു. 2011 ല്‍ എ.ജി. യൂണിവേഴ്‌സിറ്റി ഓര്‍ഗാനിക് ഫാമിങ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ആരംഭിച്ചു. കോഴ്‌സിന്റെ സിലബസ് ഉണ്ടാക്കാനുള്ള കമ്മിറ്റിയില്‍ അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം, ലോകത്തുതന്നെ ആദ്യമായി ഒരു കര്‍ഷകനെ ഉള്‍പ്പെടുത്തി. വിദ്യാഭ്യാസമേഖലയില്‍ നടന്ന ഈ നൂതനവിപ്ലവം ഒരാഘോഷമാക്കുന്നതില്‍ നാം പിന്നിലായിപ്പോയി.
മണ്ണിനോടുള്ള മമത മറന്ന മനുഷ്യനെ മണ്ണുമായുള്ള പ്രണയത്തിലേക്കു തിരിച്ചുകൊണ്ടുവരാനായി എന്നതായിരിക്കും ദയാലിന്റെ ഏറ്റവും വലിയ സംതൃപ്തി. ജൈവകൃഷിയില്‍ ആഭിമുഖ്യമുണ്ടായിരുന്ന സ്‌പൈസസ് പ്രൊഡ്യൂസര്‍ കമ്പനിയിലെ (ടജഇ) 45 ഉദ്യോഗസ്ഥര്‍ എം.ജി. യൂണിവേഴ്‌സിറ്റിയില്‍ വന്ന് സര്‍ട്ടിഫിക്കറ്റ് കോഴ്‌സില്‍ പങ്കെടുക്കുകയും ജൈവകൃഷിയുടെ പ്രചാരകരായി മാറുകയും ചെയ്തു.
സൗരോര്‍ജത്തെ പച്ചപ്പുകൊണ്ടു പിടിച്ചെടുത്ത്, മണ്ണിലെത്തിക്കുക എന്നതാണ് ദയാലിന്റെ ടെക്‌നോളജി. മണ്ണിലെത്തുന്ന സൗരോര്‍ജമാണ് മണ്ണിന്റെ ജീവനെന്ന് അദ്ദേഹം പറയുന്നു. ഭക്ഷണമോ, പുനരാവിഷ്‌കരിക്കപ്പെട്ട സൗരോര്‍ജവും! രോഗത്തെക്കുറിച്ചും വ്യക്തമായ ധാരണയുള്ളയാളാണ് ദയാല്‍. ഇന്ത്യയില്‍ ആരോഗ്യരംഗത്ത് നാം ഒന്നാം സ്ഥാനത്തെത്തുന്നതിനെ തെല്ലു പരിഹാസത്തോടെയാണ് ദയാല്‍ കാണുന്നത്. ആരോഗ്യകേന്ദ്രങ്ങളുടെ എണ്ണത്തിലും വലുപ്പത്തിലും അതു ശരിയെങ്കിലും ആരോഗ്യത്തിന്റെ കാര്യത്തില്‍ സ്ഥിതി ശോചനീയമെന്നദ്ദേഹം സമര്‍ത്ഥിക്കുന്നു. എല്ലാ വീട്ടിലും സ്ഥായിയായ ഒരു രോഗമെങ്കിലുമുള്ളപ്പോള്‍ ആരോഗ്യത്തില്‍ നാം മുമ്പിലെന്ന് എങ്ങനെ പറയാനാകും? പ്രതിവിധിയും പറഞ്ഞുതരുന്നുണ്ട്. സ്വന്തം ശരീരത്തെ സ്‌നേഹിക്കുകയും അംഗീകരിക്കുകയും ആദരിക്കുകയും ചെയ്താല്‍ മതിയത്രേ! മാലിന്യനിര്‍മാര്‍ജനം ആദ്യം ആരംഭിക്കേണ്ടത് ശരീരത്തിലും മനസ്സിലുമാണെന്ന് അദ്ദേഹം പറയുന്നു. പോഷകസമൃദ്ധമായ ഭക്ഷണമാണ് എല്ലാറ്റിനും പ്രതിവിധി. അതു സാധ്യമാകുന്നത് സമ്പൂര്‍ണജൈവകൃഷിയിലൂടെ മാത്രവും. വിത്തുവിതരണമെന്ന മനുഷ്യനിയോഗത്തിലേക്കുള്ള നിതാന്തമായ ആഹ്വാനമാണ് അദ്ദേഹത്തിന്റെ പ്രബോധനങ്ങളില്‍ നിഴലിക്കുന്നത്. ജീവിതത്തിനായി പഠിപ്പിക്കുന്ന വിദ്യാഭ്യാസം വിട്ട് ജീവിതം പഠിപ്പിക്കുന്ന വിദ്യ അഭ്യസിക്കണമെന്നു സാരം. പട്ടിണിയില്ലാത്ത, പട്ടാളമില്ലാത്ത, അതിരുകളില്ലാത്ത ഒരു സമൂഹത്തെക്കുറിച്ചുള്ള സ്വപ്നങ്ങളുമായി ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ഒരു മനുഷ്യനിവിടെ സര്‍ഗാത്മകമായി സഞ്ചരിക്കുന്നു എന്നത് പുണ്യമാണ്.
ആഡംബരമനുഷ്യനില്‍നിന്ന് ആനന്ദമനുഷ്യനിലേക്കുള്ള പരിവര്‍ത്തനം ലക്ഷ്യമാക്കി കുട്ടികള്‍ക്കു പാഠശാലയും മുതിര്‍ന്നവര്‍ക്കു വാനപ്രസ്ഥവും സനാതനചികിത്സയുമൊക്കെയായി 75-ാം വയസിലും കര്‍മനിരതനാകുന്ന ദയാല്‍മാഷ്. സ്വന്തം ബിസിനസായ കയര്‍ എക്‌സ്‌പോര്‍ട്ട് മക്കളെ ഏല്പിച്ച് മുഴുവന്‍സമയ പരിസ്ഥിതിപ്രവര്‍ത്തനങ്ങളിലൂടെ ജീവിതത്തെ ആഘോഷമാക്കുകയാണ് ദയാല്‍.