•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

ഞങ്ങളും ഇവിടെ ജീവിച്ചിരിക്കുന്നു

1910 ല്‍ ജര്‍മനിയിലെ വനിതാനേതാവും രാഷ്ട്രീയപ്രവര്‍ത്തകയുമായ ക്ലാരാ സെറ്റ്കിനാണ് അന്താരാഷ്ട്രതലത്തില്‍ വനിതകള്‍ക്കുവേണ്ടി ഒരു ദിനം എന്നതിന്റെ പ്രാധാന്യം ലോകത്തിനുമുമ്പില്‍ ആദ്യം അവതരിപ്പിച്ചത്. 17 രാജ്യങ്ങളില്‍നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്ത സമ്മേളനത്തിലാണ് ഇത്തരമൊരു ആശയം ഉയര്‍ന്നുവന്നത്. ആ  സമ്മേളനത്തില്‍ത്തന്നെ അതിന് അംഗീകാരവും ലഭിച്ചു. തൊട്ടടുത്ത വര്‍ഷം 1911 ല്‍ അന്താരാഷ്ട്രതലത്തില്‍ വനിതാദിനം ആചരിച്ചു. പിന്നീട് വര്‍ഷങ്ങള്‍ക്കുശേഷം 1975 ലാണ് ഐക്യരാഷ്ട്രസഭ മാര്‍ച്ച് എട്ട് അന്താരാഷ്ട്ര വനിതാദിനമായി പ്രഖ്യാപിച്ചത്. തുടര്‍ന്ന്, എല്ലാ വര്‍ഷവും വനിതാദിനം ആഘോഷിക്കപ്പെടുന്നു. പക്ഷേ, ഇത് ഒരു ആഘോഷമായല്ല, സ്ത്രീകളുടെ നേട്ടങ്ങളും പ്രശ്‌നങ്ങളും സമൂഹത്തില്‍ ചര്‍ച്ച ചെയ്യാനുള്ള  അവസരമായാണ് നമ്മള്‍ കാണേണ്ടത്.
ഇന്ത്യയില്‍ ഭരണഘടനപ്രകാരം സ്വാതന്ത്ര്യത്തിനുള്ള അവകാശം എല്ലാ മനുഷ്യര്‍ക്കുമുണ്ടെങ്കിലും സ്ത്രീകള്‍ അതര്‍ഹിക്കുന്നില്ലെന്നാണ് പലരുടെയും ധാരണ. സമൂഹത്തിലെ ഒരു വിഭാഗം മാത്രമല്ല  ഗവണ്‍മെന്റ് സംവിധാനങ്ങള്‍പോലും പലപ്പോഴും സ്ത്രീയെ ഒരു വ്യക്തിയായി കാണാന്‍ ശ്രമിക്കാറില്ല.
 സ്ത്രീകളുടെ നിലവിലെ ജീവിതത്തിനും സമൂഹത്തിലെ സ്ഥാനത്തിനും മാറ്റങ്ങള്‍ വേണമെന്നും അതു കാലത്തിന്റെ ആവശ്യമാണെന്നും  മനസ്സിലാക്കാന്‍ ഒരു ദിവസമെങ്കിലും ലോകം മാറ്റിവയ്ക്കുന്നുണ്ടെങ്കില്‍ അതിനു നമ്മള്‍ പ്രാധാന്യം നല്‍കേണ്ടതുണ്ട്. സ്ത്രീകളുടെ സാമൂഹിക, സാമ്പത്തിക, സാംസ്‌കാരിക, രാഷ്ട്രീയ നേട്ടങ്ങള്‍ തിരിച്ചറിയുന്നതിനാണ് ഈ ദിനം എല്ലാ വര്‍ഷവും ആഘോഷിക്കപ്പെടുന്നത്. വനിതാശക്തീകരണപ്രവര്‍ത്തനങ്ങള്‍ നൂറു വര്‍ഷം പിന്നിടുന്ന ഈ കാലഘട്ടത്തിലും  സ്ത്രീ-പുരുഷതുല്യതയെന്നത് സ്ത്രീകള്‍ക്കു യുദ്ധം ചെയ്തു നേടേണ്ട ഒന്നായി നിലനില്‍ക്കുന്നു
പതിനഞ്ചു വര്‍ഷം നീണ്ട എന്റെ പൊതുപ്രവര്‍ത്തനത്തിനിടയിലും, ജോലിസംബന്ധമായും അല്ലാതെയുമുള്ള യാത്രകള്‍ക്കിടയിലും ഞാന്‍ കണ്ട സ്ത്രീജീവിതങ്ങളില്‍ പലതും ഒരിക്കല്‍ക്കൂടി ഓര്‍ക്കാന്‍ ഇഷ്ടമില്ലാത്തതാണ്. ഒരിക്കല്‍, നിലവില്‍ ജോലി ചെയ്യുന്ന ബിഹാറിലുള്ള പോലീസ് സ്റ്റേഷനില്‍ പോകേണ്ടിവന്നു. എന്റെകൂടെ സ്വന്തം മകളെ കാണാതായ ഒരു അച്ഛനുമുണ്ടായിരുന്നു. ഞാന്‍ താമസിച്ചിരുന്ന മുറിയുടെ അടുത്ത ഒറ്റമുറിയിലായിരുന്നു അയാളും ഭാര്യയും ഒരു പെണ്‍കുട്ടിയും രണ്ട് ആണ്‍കുട്ടികളും അടങ്ങുന്ന കുടുംബം താമസിച്ചിരുന്നത്. അയാള്‍  ജോലി ചെയ്തിരുന്നത് ജാര്‍ഖണ്ഡിലായിരുന്നു. മാസത്തില്‍ ഒരു തവണ ആ മനുഷ്യന്‍ വന്നുപോകും. ഒരു ചെറിയ മുറിയില്‍ ഇവരെല്ലാവരുംകൂടി താമസിക്കുന്നതും ഭക്ഷണം പാചകം ചെയ്യുന്നതും കാണുമ്പോള്‍, ചില ജീവിതങ്ങള്‍ ഇങ്ങനെയുംകൂടിയാണല്ലോ എന്നോര്‍ക്കുമായിരുന്നു. ആ പെണ്‍കുട്ടിയെയാണു കാണാതായത്. അവളെ കണ്ടെത്തിത്തരണമെന്നു പറയാനാണ്  ഞാനും ആ അച്ഛനും സ്റ്റേഷനില്‍ പോയത്.
പോലീസ് ആ അച്ഛന്‍ പറയുന്നതെല്ലാം കേട്ടുനിന്നശേഷം പതുക്കെ അയാളോടു പറഞ്ഞു, കേസ് ചാര്‍ജ് ചെയ്യണമെങ്കില്‍ ഇരുപതിനായിരം രൂപ നല്‍കണമെന്ന്. അതു ചോദ്യം ചെയ്ത എന്നോട്, 'നിങ്ങള്‍ക്ക് ഇവിടെ നടക്കുന്നതൊന്നും അറിയില്ലെന്നും പെണ്‍കുട്ടി കാമുകന്റെകൂടെ ഒളിച്ചോടിയതാണെന്നും കുറച്ചു ദിവസങ്ങള്‍ കഴിയുമ്പോള്‍ തിരിച്ചുവരുമെന്നും  ഒരു വഷളന്‍ ചിരിയോടെയുള്ള മറുപടിയാണ് അയാള്‍ പറഞ്ഞത്. പിന്നീടു മനസ്സിലായി, പെണ്‍കുട്ടികള്‍ അപ്രത്യക്ഷരാകുന്നത് സാധാരണ കാര്യമായി ഇവിടങ്ങളിലെ മനുഷ്യരുടെ ജീവിതത്തില്‍ മാറിയിട്ട് കാലങ്ങളായെന്ന്. കാണാതാകുന്ന പെണ്‍കുട്ടികള്‍ കൊല്‍ക്കത്തയിലോ മറ്റു മഹാനഗരങ്ങളെവിടെയങ്കിലുമോ  ഏതെങ്കിലും തെരുവുകളില്‍  ഉണ്ടാകാം. അവരില്‍ ചിലര്‍ തിരിച്ചുവരും. പലരും പുതിയ ജീവിതത്തോടു പൊരുത്തപ്പെടും, എന്നിട്ട് ജീവിതം മുഴുവന്‍ ആ അഴുക്കുചാലില്‍ തീര്‍ക്കും. മാസങ്ങള്‍ക്കുശേഷം, കാണാതായ ഈ പെണ്‍കുട്ടിയും തിരിച്ചുവന്നു. മുഴുവന്‍ സമയവും ചിരിച്ചുകൊണ്ടു നടന്നിരുന്ന പഴയ പത്താം ക്ലാസ്സുകാരിയായിട്ടല്ല; ഒരു ജീവിതം മുഴുവന്‍ അനുഭവക്കേണ്ടത് ഒരുമിച്ച് അനുഭവിച്ചെന്ന മുഖഭാവമുള്ള ഒരു മുതിര്‍ന്ന സ്ത്രീയായിട്ട്. ഒന്നും ചോദിക്കാന്‍ തോന്നിയില്ല. കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍  പെണ്‍കുട്ടിയെയുംകൂട്ടി ആ കുടുംബം എങ്ങോട്ടോ അപ്രത്യക്ഷമായി.
ഇതുമാത്രമാണോ ഓര്‍മയിലുള്ളത്? അല്ല, ആണിനെ പ്രസവിക്കുംവരെ ഒരു യന്ത്രംപോലെ പ്രസവിക്കേണ്ടിവരുന്ന സ്ത്രീകള്‍, ആഴ്ചയില്‍ ഏഴു ദിവസവും വ്രതമെടുത്തു  ഭര്‍ത്താവിന്റെ ആയുസ്സ് ഉറപ്പാക്കുന്നവള്‍, മക്കള്‍ സ്ത്രീയുടെ മാത്രം ഉത്തരവാദിത്വമാണെന്ന് ആരോ പറഞ്ഞുവച്ചത് വിശ്വസിച്ചു ജീവിതം മുഴുവന്‍ ഒരു മുറിയില്‍ തീര്‍ക്കുന്നവള്‍, പഠിച്ചു ജോലി നേടേണ്ടത് സ്ത്രീകളല്ല എന്നു വിശ്വസിക്കുന്നവര്‍, പഠിക്കേണ്ട പ്രായത്തില്‍ വിവാഹം കഴിച്ചു ജീവിതം കുഞ്ഞുചുമലിലേക്കു മാറ്റിയവള്‍. അങ്ങനെ പേരുകള്‍പോലും ആവശ്യമില്ലാത്ത എത്രയോ മുഖങ്ങള്‍, ജീവിതങ്ങള്‍. ഇതൊക്കെ ഉത്തരേന്ത്യയിലെ കഥകളല്ലേയെന്ന് പുച്ഛിച്ചുതള്ളാന്‍ വരട്ടെ. ഇന്നും സ്ത്രീകള്‍ക്കുണ്ടാകുന്ന ശരീരത്തിന്റെ  ജൈവികപ്രവര്‍ത്തനമായ ആര്‍ത്തവത്തെപ്പോലും അശുദ്ധിയെന്നു പറഞ്ഞു മാറ്റിനിര്‍ത്തുന്നവരാണ് പ്രബുദ്ധരായ മലയാളികള്‍. മാറ്റങ്ങള്‍ ഇല്ലായെന്നല്ല, എന്നാലും സ്ത്രീകള്‍ക്കു നേരേയുണ്ടാകുന്ന അതിക്രമങ്ങള്‍ റിപ്പോര്‍ട്ടുചെയ്യാന്‍ അധികാരികളുടെ അടുത്തേക്കു പോകുമ്പോള്‍പ്പോലും ഇതിലൊക്കെ എന്തു കാര്യമിരിക്കുന്നു എന്നുള്ള ഉദ്യോഗസ്ഥരുടെ അനാസ്ഥ കണ്ട് അന്ധാളിച്ചുപോയ അവസരങ്ങള്‍ ധാരാളമുണ്ട്. സ്വന്തം സ്വപ്നങ്ങളോ ജീവിതമോ എന്തെന്നുപോലും തിരിച്ചറിയാത്ത സ്ത്രീകള്‍!
ഇന്ത്യയില്‍ എവിടെയായാലും സ്ത്രീകളുടെ ജീവിതത്തിന് ഒരേ ഒഴുക്കാണ്, ഒരേ വേദനയാണ്. ആരുടെയും കാരുണ്യത്തില്‍ ജീവിക്കേണ്ടവരല്ല എന്നതിനൊപ്പം ആരാലും ആക്രമിക്കപ്പെടാനുമുള്ളവരല്ല എന്നൊരു ബോധം എന്നാണു സ്ത്രീകളിലേക്ക് എത്തുക?
ഇരുപതാം നൂറ്റാണ്ട് രണ്ടു ദശകം പിന്നിട്ടിട്ടും ഇന്നും സ്ത്രീകള്‍ സംസാരിക്കേണ്ടി വരുന്നത് അടിസ്ഥാനാവശ്യങ്ങള്‍ക്കുവേണ്ടിയാണല്ലോയെന്ന് നാണക്കേടോടെ ചിന്തിക്കേണ്ടിയിരിക്കുന്നു. അങ്ങനെയൊരു രാജ്യത്ത്, ഞങ്ങളും ജീവിച്ചിരിക്കുന്നു എന്നും സ്ത്രീകളുടെ നേട്ടങ്ങളും പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ടെന്നും ലോകത്തോടു വിളിച്ചുപറയാന്‍ ഒരു ദിവസം ഉണ്ടായിരിക്കുന്നതു പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ്. അതുമാത്രമല്ല വളര്‍ന്നുവരുന്ന പെണ്‍കുട്ടികളില്‍ ധൈര്യവും നിശ്ചയദാര്‍ഢ്യവും വാര്‍ത്തെടുക്കാനും ഇത്തരം അവസരങ്ങള്‍ ഉപകാരപ്പെടുകതന്നെ ചെയ്യും. സ്ത്രീകളുടെ അവകാശങ്ങള്‍, ലിംഗസമത്വം, സുരക്ഷ, എല്ലാ തരത്തിലുമുള്ള ഉപദ്രവങ്ങള്‍ തടയല്‍ തുടങ്ങിയവയെക്കുറിച്ച് ആളുകളെ ബോധവാന്മാരാക്കല്‍ എന്നിവകൂടി ഈ ദിനം ആചരിക്കുന്നതിന്റെ പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നു. കൂടുതല്‍ ആത്മവിശ്വാസത്തോടെ ജീവിതത്തെ നേരിടാന്‍, അസമത്വങ്ങളെ ഇല്ലായ്മ ചെയ്യാന്‍ വളര്‍ന്നു വരുന്ന പെണ്‍കുഞ്ഞുങ്ങള്‍ക്കെങ്കിലും കഴിയട്ടെ.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)