•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

മാതൃദേവോ ഭവഃ

തിപുരാതനകാലംമുതല്‍ ഭാരതം ഉരുക്കഴിച്ചു പോരുന്ന ഒരു മന്ത്രമുണ്ട്:
''മാതൃദേവോ ഭവഃ''- അമ്മയാണ് ഈശ്വരന്‍.
ശ്രീശങ്കരഭഗവത് പാദരും ഇങ്ങനെ പറഞ്ഞു:
''ശിവഃശക്ത്യായുക്തോ യദി ഭവതി ശക്തഃ''
ശിവന്‍ ശക്തിയോടു ചേര്‍ന്നാല്‍ മാത്രമേ എന്തിനും ശക്തനാകൂ. ്യൂ
മാതൃപുത്രബന്ധത്തിന്റെ നിരുപമസ്വഭാവംകൊണ്ടുതന്നെയായിരിക്കാം ഈശ്വരനെ മാതാവായി ആരാധിക്കുന്ന സമ്പ്രദായം ലോകമെമ്പാടും കാണപ്പെടുന്നത്.
ലോകത്തിലെ സര്‍വജീവജാലങ്ങളെയും നിരീക്ഷിക്കുമ്പോള്‍, ഒരു കാര്യം വ്യക്തമാകും: പ്രകൃതിയില്‍ ഒരിക്കലും അപൂര്‍ണത ഉണ്ടാവാതിരിക്കാനാണ് ഈശ്വരന്‍ രണ്ടു തരത്തിലുള്ള ജീവജാലങ്ങള്‍ക്കു രൂപം കൊടുത്തതെന്ന്! അര്‍ദ്ധനാരീശ്വരസങ്കല്പം.  
പകുതി സ്ത്രീയും പകുതി പുരുഷനുമായ അവതാരരൂപമാണ് അര്‍ദ്ധനാരീശ്വരന്‍. പാര്‍വതീ പരമേശ്വരന്മാരുടെ അവാച്യമായ പ്രണയസാഫല്യത്തിന്റെ  മൂര്‍ത്തിമദ്ഭാവമാണ് ഇത്. സ്ത്രീ - പുരുഷസമഭാവനയുടെ ദൃഷ്ടാന്തം.
 തുല്യപ്രാധാന്യമെന്നത് കാലക്രമേണ പുരുഷാധിപത്യം, സ്ത്രീ അബലയാണെന്ന വാദം എന്നിവയ്ക്കു വഴിമാറിക്കൊടുത്തു. ശാരീരികപ്രത്യേകതകള്‍ കാരണം സ്ത്രീ അടിമയായി. യാതൊരു പ്രതിഫലവുമില്ലാതെ, ദിവസം മുഴുവന്‍ ജോലി ചെയ്യുന്ന യന്ത്രം! പുരുഷനൊപ്പം യജ്ഞശാലയില്‍ ഇരുന്നവള്‍,  പാണ്ഡിത്യത്തില്‍ പുരുഷനെ പലപ്പോഴും പിന്നിലാക്കിയവള്‍ ഗാര്‍ഗി എന്ന വനിത, വേദകാലത്ത് യാജ്ഞവല്‍ക്യനെ തര്‍ക്കിച്ചു തോല്പിക്കാന്‍ വെല്ലുവിളിച്ചിരുന്നു. ഇന്ന് സ്ത്രീ വെറും ഭോഗവസ്തു മാത്രമായി മാറി. മൃഗങ്ങളെ നാണിപ്പിക്കുന്ന ക്രൂരത ഇന്ന് എങ്ങും താണ്ഡവമാടുന്നു...
വേദകാലങ്ങളിലും അതിനു മുമ്പും സ്ത്രീക്കും പുരുഷനും സമൂഹം കല്പിച്ചുനല്‍കിയിരുന്ന സ്ഥാനം തുല്യമായിരുന്നു. 'എവിടെ സ്ത്രീ പൂജിക്കപ്പെടുന്നുവോ അവിടെ ദേവത കുടികൊള്ളുന്നു' എന്നെഴുതിയ മനുസ്മൃതിതന്നെ സ്ത്രീസംരക്ഷണം ഒരു സമൂഹത്തിന്റെ  ബാധ്യതയായി വിവരിച്ചു.
സ്ത്രീശക്തീകരണത്തിനു മാര്‍ഗദീപമായി വനിതകളുടെ ഒരു നീണ്ട നിരതന്നെയുണ്ടെങ്കിലും ഇതിലേക്കായുള്ള ആദ്യവെളിച്ചം തെളിച്ചത് ഇന്ത്യന്‍ നവോത്ഥാനത്തിന്റെ പിതാവായ രാജാറാം മോഹന്‍ റോയ് തന്നെയാണ്. തുടര്‍ന്ന്, വിവിധ കാലങ്ങളിലായി നിരവധി സാമൂഹിക പരിഷ്‌കര്‍ത്താക്കളും വിദ്യാഭ്യാസപ്രവര്‍ത്തകരും സമൂഹത്തില്‍ സ്ത്രീകള്‍ക്കിടയില്‍ നിലനിന്നിരുന്ന പലവിധ അനാചാരങ്ങളുടെ ഉന്മൂലനത്തിനായും സ്ത്രീവിദ്യാഭ്യാസത്തിനായും അഹോരാത്രം പരിശ്രമിച്ചു. പിന്നീട് ഒറ്റയ്ക്കും കൂട്ടായും ചില സ്ത്രീ മുന്നേറ്റങ്ങളുണ്ടായെങ്കിലും അവയ്‌ക്കൊന്നും രാജ്യവ്യാപകമായ ചലനങ്ങള്‍ സൃഷ്ടിക്കാനായില്ല.
കേരളത്തില്‍ എല്ലാ സമുദായങ്ങളിലും വലിയ മാറ്റങ്ങള്‍ക്കായി യത്‌നിച്ച മനുഷ്യസ്‌നേഹികള്‍ ഉണ്ടായിട്ടുണ്ട്.
പോരാട്ടങ്ങളിലൂടെ നേടിയെടുത്ത സ്വാതന്ത്ര്യത്തിനുമുന്നില്‍ ഇരുപത്തൊന്നാം നൂറ്റാണ്ടിലും, ഇന്ത്യയിലൊട്ടാകെ,   സ്ത്രീകള്‍ പൊതുനിരത്തിലൂടെ സുരക്ഷിതമായി നടക്കാനുള്ള അവകാശത്തിനായും വീടുകളിലും തൊഴിലിടങ്ങളിലും ലഭിക്കേണ്ട തുല്യനീതിക്കും അധികാരസ്ഥാനങ്ങളില്‍ തുല്യ പ്രാതിനിധ്യത്തിനും ശബ്ദിക്കേണ്ടിവരുന്നു. ഇന്നും സ്ത്രീസ്വാതന്ത്ര്യം എന്താണെന്നും ആരില്‍നിന്നാണ് സുരക്ഷ നേടേണ്ടതെന്നും ഏതുതരം ശക്തീകരണമാണ് ആവശ്യമെന്നും തിരിച്ചറിയാതെ പകച്ചു നില്‍ക്കുന്നു.
 ഒരു സ്ത്രീക്ക് വിദ്യാഭ്യാസം നല്കുന്നതാണ് ഏറ്റവും വലിയ പുണ്യം - അവള്‍ക്ക് ഒരു തലമുറയെ വാര്‍ത്തെടുക്കാന്‍ അതിലൂടെ കഴിയുമെന്ന് സ്വാമി വിവേകാനന്ദന്‍ ഓര്‍മിപ്പിക്കുന്നു.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)