നിഷാ ശര്‍മയെ ഓര്‍മയുണ്ടോ? ഡല്‍ഹിക്കടുത്തുള്ള നോയ്ഡ സ്വദേശിനി. അന്നവള്‍ക്കു വയസ്സ് ഇരുപത്. കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥിനി.
അപ്പോഴാണ് അവളുടെ വിവാഹം നിശ്ചയിക്കപ്പെട്ടത്. പഠിക്കാന്‍ സമര്‍ത്ഥയായ ആ പെണ്‍കുട്ടിക്ക് തന്റെ പഠനം ഇടയ്ക്കുവച്ച് അവസാനിപ്പിക്കാന്‍ അശേഷം താത്പര്യമുണ്ടായിരുന്നില്ല. പക്ഷേ, അച്ഛന്റെ നിര്‍ബന്ധത്തിനുവഴങ്ങി പാതിമനസ്സോടെ സമ്മതിക്കേണ്ടി വന്നു.
വരന്‍ മനീഷ് ദലാല്‍. അഭ്യസ്തവിദ്യന്‍. നാട്ടുനടപ്പനുസരിച്ചുള്ള പൊന്നും പണവുമെല്ലാം നിഷയുടെ വീട്ടുകാര്‍ ഒരുക്കിവച്ചു. അതിനു പുറമേ ടി.വി., ഫ്രിഡ്ജ്, വാഷിങ് മെഷീന്‍, മൈക്രോവേവ്, മ്യൂസിക് സിസ്റ്റം, മാരുതി എസ്റ്റീം കാര്‍... ഒക്കെയും വരന്റെ വീട്ടുകാര്‍ ഡിമാന്റ് ചെയ്തു. പെണ്ണിന്റെ അച്ഛന്‍ പെടാപ്പാടുപെട്ട് ഒക്കെയും സജ്ജമാക്കി.
കാത്തുകാത്തിരുന്ന കല്യാണദിവസമെത്തി. വധൂഗൃഹത്തിലാണു ചടങ്ങ്. ഏതാണ്ട് രണ്ടായിരത്തോളം അതിഥികള്‍. ഒരുക്കങ്ങളൊക്കെയും പൂര്‍ത്തിയായി. പെട്ടെന്ന് വരന്റെ അച്ഛന്റെ ഫോണ്‍ കോള്‍. പന്ത്രണ്ടു ലക്ഷംരൂപകൂടി തന്നില്ലെങ്കില്‍ തങ്ങള്‍ പന്തലിലേക്കു വരില്ല എന്നായിരുന്നു സന്ദേശം.
പലരും അനുനയിപ്പിക്കാന്‍ ശ്രമിച്ചു, സ്ഥലം ജനപ്രതിനിധിയടക്കം. പക്ഷേ, അവര്‍ കടുംപിടിത്തത്തില്‍ ഉറച്ചുനിന്നു. വധൂഗൃഹത്തില്‍ എല്ലാവരും കരച്ചിലും വിളിയുമാണ്. അതിഥികള്‍ അമ്പരന്നു.
പക്ഷേ, നിഷ തെല്ലും പതറിയില്ല. അവള്‍ പറഞ്ഞു: ''എനിക്കീ കല്യാണം വേണ്ട!'' അവള്‍ അമ്മാവനെയും കൂട്ടി നോയ്ഡാ പോലീസ് സ്റ്റേഷനിലെത്തി പരാതി ബോധിപ്പിച്ചു. എന്തിനധികം, പോലീസ് നിയമം നടപ്പാക്കി, വരനും കൂട്ടരും അറസ്റ്റു ചെയ്യപ്പെട്ടു. അവര്‍ക്കെതിരേ ഉചിതമായ ശിക്ഷാവിധിയുമുണ്ടായി.
രണ്ടാമത്തെയാള്‍ ശ്രീകലയാണ്. കൊല്ലം സ്വദേശിനി. വയസ്സ് ഇരുപത്തിയഞ്ച്. സ്വര്‍ണപ്പണിക്കാരനാണ് അച്ഛന്‍. നിര്‍ദ്ധനകുടുംബം. ഏറെ നാളത്തെ കാത്തിരിപ്പിനുശേഷം മകള്‍ക്ക് ഒരു കല്യാണം ഒത്തുവന്നു. വരന്‍ ഉമയനല്ലൂര്‍ സ്വദേശി. ഒരു ലക്ഷം രൂപയും പതിനഞ്ചു പവനുമാണ് സ്ത്രീധന ഡിമാന്റ്. ഏറെക്കാലത്തെ ചെറുസമ്പാദ്യങ്ങള്‍ ചേര്‍ത്തുവച്ചും കടം വാങ്ങിയുമൊക്കെ തുക സ്വരൂപിച്ച് വരന്റെ വീട്ടുകാര്‍ക്കു കൈമാറി. പക്ഷേ, പതിനായിരം രൂപയുടെ കുറവുണ്ട്. കല്യാണത്തിനുമുമ്പ് എത്തിച്ചുകൊള്ളാമെന്നായിരുന്നു വാക്ക്.
പക്ഷേ, എത്ര ശ്രമിച്ചിട്ടും പണം സ്വരൂപിക്കാനായില്ല. പുലര്‍ച്ചെ ഉമയനല്ലൂരുനിന്ന് വരന്റെ ആള്‍ക്കാരെത്തി. അവര്‍ പതിനായിരം രൂപയുടെ പേരില്‍ ശകാരവും അസഭ്യവര്‍ഷവും ചൊരിഞ്ഞു. അയല്‍ക്കാരൊക്കെ ബഹളംകേട്ട് അവിടെയെത്തി. പല അനുനയശ്രമങ്ങളും നടത്തി. ഒക്കെയും നിഷ്ഫലം. പെണ്ണിന്റെ വീട്ടുകാരെ കണ്ടമാനം അധിക്ഷേപിച്ചിട്ടാണവര്‍ മടങ്ങിയത്. സഹിക്കാവുന്നതിലും അപ്പുറത്തായിരുന്നു കാര്യങ്ങള്‍.
മുഹൂര്‍ത്തസമയം അടുത്തു. വരനും കൂട്ടരും എത്തിച്ചേര്‍ന്നു. പക്ഷേ, ശ്രീകല ഒരു കാര്യത്തില്‍ ഉറച്ചുനിന്നു. തനിക്ക് ഈ വിവാഹം വേണ്ട! തന്റെ അച്ഛനെയും കുടുംബക്കാരെയും വെറും പതിനായിരം രൂപയുടെ പേരില്‍ ഇവ്വിധം അപമാനിച്ച വീട്ടിലേക്കു തനിക്കു മരുമകളായി ചെന്നു കയറേണ്ട... ആരൊക്കെ നിര്‍ബന്ധിച്ചിട്ടും അവള്‍ വഴങ്ങിയില്ല. ഒടുക്കം ആ പണക്കൊതിപ്പാച്ചന്മാര്‍ക്ക് ഇളിഭ്യരായി മടങ്ങേണ്ടിവന്നു.
എന്റെ ഓര്‍മയുടെ ശേഖരത്തില്‍ തെളിയുന്ന അടുത്തയാള്‍ അമ്പിളിയാണ്. ആലപ്പുഴയ്ക്കടുത്തുള്ള ഒരു ഗ്രാമത്തിലാണു താമസം. അമ്പിളിക്ക് ഒരു പ്രസില്‍ ജോലിയുണ്ട്. തയ്യല്‍ക്കാരനായ അച്ഛന്റെ വരുമാനംകൊണ്ട് തട്ടിമുട്ടി ആ കുടുംബം ജീവിക്കുന്നു.
അങ്ങനെയിരിക്കേ, അവളുടെ കല്യാണം തീരുമാനിക്കപ്പെട്ടു. തൊട്ടടുത്ത കരയിലാണു വരന്റെ വീട്. പേര് ശ്രീകുമാര്‍. പ്ലംബിങ് തൊഴിലാളി. ഇവിടെ സ്ത്രീധനമോ സ്വര്‍ണമോ ഒന്നുമായിരുന്നില്ല പ്രശ്‌നം.
താലികെട്ടിനു നേരമായപ്പോള്‍ മണവാളനതാ, കുടിച്ചു കുന്തംമറിഞ്ഞ അവസ്ഥയില്‍! താങ്ങിപ്പിടിച്ചാണ് ആളിനെ കതിര്‍മണ്ഡപത്തിലേക്ക് എത്തിച്ചത്. താലികെട്ടാന്‍ പോയിട്ട് നിവര്‍ന്നിരിക്കാന്‍പോലുമാവുന്നില്ല.
അമ്പിളി അപ്പോള്‍ത്തന്നെ ധീരമായ ഒരു നിലപാടെടുത്തു. താന്‍ ഈ വിവാഹത്തിന് ഒരുക്കമല്ല! ഭാഗ്യത്തിന് ഒട്ടുമിക്കവരും അവളെ പിന്തുണച്ചു. വരനെ തൂക്കിയെടുത്ത് വീട്ടുകാര്‍ നിഷ്‌ക്രമിച്ചു. അവിടെ സന്നിഹിതനായിരുന്ന, മറ്റൊരു യുവാവ് അമ്പിളിയെ വേള്‍ക്കാന്‍ തയ്യാറായി വന്നതോടെ കാര്യങ്ങള്‍ ശുഭപര്യവസായിയായി.
സ്ത്രീധനംമൂലം പെണ്‍കുട്ടികള്‍ അനുഭവിക്കുന്ന യാതനകള്‍. അവമാനങ്ങള്‍... കേരളം ഇത്രയേറെ പുരോഗമിച്ചിട്ടും നമ്മുടെ ചിന്താഗതികള്‍ എത്ര യാഥാസ്ഥിതികം!
തങ്ങളെ പാടുപെട്ടു വളര്‍ത്തി പഠിപ്പിച്ച അച്ഛനമ്മമാരെ കടക്കെണിയിലാഴ്ത്തുന്ന, പെണ്ണിന്റെ വ്യക്തിത്വത്തെക്കാള്‍ പണത്തിനു പ്രാമുഖ്യം നല്‍കുന്ന വിവാഹങ്ങള്‍ വേണ്ടെന്നു നിശ്ചയിക്കാന്‍ എന്നാണു നമ്മുടെ പെണ്‍കുട്ടികള്‍ തയ്യാറാവുന്നത്?
ഒരാളിന്റെ ജീവിതത്തിലെ എല്ലാമെല്ലാം വിവാഹമാണ് എന്ന ധാരണ തിരുത്തി, ഇഷ്ടമുള്ള തൊഴില്‍ ചെയ്തു സ്വയം പര്യാപ്തരായി, സ്വതന്ത്രരായി, തലയുയര്‍ത്തിപ്പിടിച്ച്, തനിക്കും ഈ ഭൂമിയില്‍ ജീവിക്കാനാവുമെന്ന് എന്നാണവര്‍ തിരിച്ചറിയുക?
അതുപോലെ ഭര്‍ത്തൃഗൃഹത്തില്‍ പീഡനമനുഭവിക്കുന്നവര്‍... അവര്‍ ആത്മഹത്യയില്‍ അഭയം പ്രാപിക്കുംവരെ കാത്തിരിക്കാതെ അവര്‍ക്കു വേണ്ട ധാര്‍മിക പിന്തുണയേകാന്‍ വീട്ടുകാര്‍ ഒപ്പമുണ്ടാവണം. മേല്പറഞ്ഞ മൂന്നു പെണ്‍കുട്ടികള്‍ക്കും അവരുടെ വീട്ടുകാരുടെ പൂര്‍ണപിന്തുണ ഉണ്ടായിരുന്നതുകൊണ്ട് അവര്‍ക്ക് തീരുമാനത്തിലുറച്ചു നില്‍ക്കാനും നല്ലൊരു ജീവിതം കരുപ്പിടിപ്പിക്കാനും സാധിച്ചു.
വനിതാദിനത്തിന്റെ ഭാഗമായി എത്രയോ സെമിനാറുകള്‍, പ്രബന്ധങ്ങള്‍, മുദ്രാവാക്യങ്ങള്‍! പെണ്‍കുട്ടികള്‍ സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തരാവുകയാണ് ഏറ്റവും മുഖ്യം. ഒപ്പം, പ്രതിബന്ധങ്ങളെ നേരിടാനുള്ള ഇച്ഛാശക്തി ആര്‍ജ്ജിക്കുക. അതിജീവനത്തിന്റെ നാളുകളില്‍ വീട്ടുകാരും ഉറ്റവരും തുണയായി കൂടെയുണ്ടാവട്ടെ!