•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

കോട്ടയം കരുത്തുറ്റ കരങ്ങളില്‍

വിവാഹജീവിതത്തോടെ കരിയര്‍ സ്വപ്‌നങ്ങളെ കണ്ണീരില്‍ പൊതിഞ്ഞ് വഴിയിലുപേക്ഷിച്ച കഥകളാണു മുമ്പ് ഭൂരിഭാഗം സ്ത്രീകള്‍ക്കും പറയാനുണ്ടാവുക. പുരുഷന് അടിമയായിത്തീര്‍ന്നവള്‍, തന്റെ ദുഃഖവും വേദനകളും അടുക്കളയിലെ കരിപുരണ്ട ലോകത്ത് കരഞ്ഞുതീര്‍ക്കാന്‍ വിധിക്കപ്പെട്ടവള്‍. അതായിരുന്നു ഒരു കാലഘട്ടംമുമ്പുവരെ സ്ത്രീസങ്കല്പം. അതുകൊണ്ടാവാം കണ്ണുനീര്‍ത്തുള്ളിയെ കവി സ്ത്രീയോട് ഉപമിച്ചതും. എന്നാല്‍, കാലവും കഥയും മാറിയിരിക്കുന്നു. എല്ലാ പ്രതിസന്ധികളെയും അതിജീവിച്ചു സ്ത്രീകള്‍ മുന്നേറുന്ന കഥകളാണ് ഓരോ വനിതാദിനത്തിനും പറയാനുള്ളത്.
ഉന്നതപദവിയിലിരിക്കുന്ന ഓരോ സ്ത്രീയും ഒരുപാടു പ്രതിസന്ധികളെ അതിജീവിച്ചാണ് ഇവിടെയെത്തിയത്. നിലപാടുകള്‍കൊണ്ടും കഴിവുകൊണ്ടും ഐ.പി.എസുകാര്‍ക്കിടയില്‍ വ്യക്തിമുദ്ര പതിപ്പിച്ച ധീരവനിതയാണ് കോട്ടയം ജില്ലാ പൊലീസ് മേധാവിയായ ഡി. ശില്പ ഐ.പി.എസ്.
വിവാഹത്തിനുശേഷം സ്ത്രീ ജീവിതം വീടിന്റെ നാലു ചുമരുകള്‍ക്കുള്ളില്‍ ഒതുക്കാനുള്ളതല്ലെന്നും, കഠിനപ്രയത്‌നമുണ്ടെങ്കില്‍ സ്ത്രീകള്‍ക്ക് തന്റെ സ്വപ്‌നങ്ങള്‍ നേടിയെടുക്കാനാവുമെന്നും തെളിച്ച വ്യക്തികൂടിയാണ് ഡി. ശില്പയെന്ന ഐ.പി.എസുകാരി.
ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസിലായിരുന്നു ശില്പയുടെ പിതാവ്. പിതാവിന്റെ സുഹൃത്തുക്കളില്‍ പലരും ഐ.പി.എസുകാരായിരുന്നു. അതുകൊണ്ട് ചെറുപ്പംമുതല്‍ ഐ.പി.എസ്. എന്ന സ്വപ്‌നം മനസ്സില്‍കൊണ്ടു നടന്ന ശില്പ ഒരു പെണ്‍കുട്ടിയുടെ അമ്മയായതിനുശേഷമാണ് ഐ.പി.എസ്. എന്ന തന്റെ സ്വപ്നം യാഥാര്‍ത്ഥ്യമാക്കിയത്.
ശില്പയുടെ വിവാഹസമയത്തായിരുന്നു 'ഉഡാന്‍' എന്നൊരു സീരിയല്‍ ടിവിയില്‍ വരുന്നത്. ഒരു വനിത ഐ.പി.എസ്. ഉദ്യോഗസ്ഥയെക്കുറിച്ചുള്ള കഥയായിരുന്നു അതെന്നും, പ്രതിസന്ധികളെ തരണംചെയ്ത് സര്‍വീസിലെത്തുന്ന ആ സീരിയലിലെ മിടുക്കിയായ ഉദ്യോഗസ്ഥ തന്റെ ജീവിതത്തെ ഏറെ സ്വാധിനിച്ചിട്ടുണ്ടെന്നും ശില്പ പറയുന്നു.
ആദ്യം ബി.ടെക്. ചെയ്തു. പിന്നീട് എം.ബി.എ എടുത്തു. അതിനുശേഷമാണ് ഐടി മേഖലയില്‍ ജോലിയില്‍ പ്രവേശിച്ചത്. എങ്കിലും സിവില്‍ സര്‍വീസ് എന്ന സ്വപ്നം മനസ്സില്‍ മായാതെ കിടന്നു. അതിനിടയിലായിരുന്നു വിവാഹം. വൈകാതെ ഒരു കുഞ്ഞിന്റെ അമ്മയുമായി. അതുവരെ തിരക്കു പിടിച്ച് ഓടി നടന്നിരുന്ന ശില്പയുടെ കരിയറില്‍ ചെറിയൊരു ഇടവേള വന്നു. കുഞ്ഞിനുവേണ്ടി സമയം നീക്കിവയ്ക്കണമായിരുന്നു. സത്യത്തില്‍ ആ ഇടവേളയിലാണ് വീണ്ടും ഗൗരവമേറിയ വായനയ്ക്കും പഠനത്തിനും സമയം കണ്ടെത്തിയതെന്നും ശില്പ ഓര്‍ത്തെടുക്കുന്നു.
സിവില്‍ സര്‍വീസ് പരീക്ഷയ്ക്കു തയ്യാറെടുക്കാനുള്ള ആഗ്രഹം ശില്പ ആദ്യം അറിയിച്ചത് ഭര്‍ത്താവിനെയായിരുന്നു. താത്പര്യം അറിയിച്ചപ്പോള്‍ അദ്ദേഹത്തിനും വീട്ടുകാര്‍ക്കും വലിയ സന്തോഷം. അവരുടെയെല്ലാം പിന്തുണ തനിക്കുണ്ടായിരുന്നുവെന്ന് ശില്പ പറയുന്നു.
ഒടുവില്‍, ഐപിഎസിന് സെലക്ഷന്‍ ലഭിച്ചു. അമ്മയായതിനുശേഷം എന്തുകൊണ്ട് ഇങ്ങനെയൊരു തീരുമാനം എടുത്തു എന്ന കൗതുകം ഇന്റര്‍വ്യൂ ബോര്‍ഡിലെ അംഗങ്ങളും ചോദിച്ചതായി ശില്പ ഓര്‍ക്കുന്നു. ചെറുപ്പംമുതല്‍ സിവില്‍ സര്‍വീസിനോടുള്ള ഇഷ്ടം പങ്കുവച്ചപ്പോള്‍ അവര്‍ക്കും അദ്ഭുതം. പരിശീലനകാലഘട്ടം ശരിക്കും ബുദ്ധിമുട്ട് ഏറിയതായിരുന്നു. കടുത്ത വ്യായാമമുറകളൊന്നും  ശീലിച്ചിരുന്നില്ല. പ്രസവത്തിനുശേഷമുള്ള ശാരീരിക ബുദ്ധിമുട്ടുകള്‍ വേറേയും. എങ്കിലും അവയെല്ലാം വിജയകരമായി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതു തന്റെ ആത്മവിശ്വാസംകൊണ്ടാണെന്നും ശില്പ പറയുന്നു.
പൊലീസ് സര്‍വീസ് തീര്‍ച്ചയായും വളരെ ബുദ്ധിമുട്ടേറിയതാണ്. കൂടുതല്‍ സ്ത്രീകള്‍ ഇപ്പോള്‍ ഈ മേഖലയിലേക്കു വരുന്നുണ്ട്. എസ്.ഐ. റിക്രൂട്ട്‌മെന്റ് എടുക്കുകയാണെങ്കില്‍ അതില്‍ 25 ശതമാനവും സ്ത്രീകളാണ്. അതായത്, സമൂഹത്തിന്റെ കാഴ്ചപ്പാട് മാറിവരുന്നുണ്ടെന്നുവേണം മനസ്സിലാക്കാന്‍.
കൂടുതല്‍ സ്ത്രീകള്‍ പൊലീസ് സര്‍വീസിലേക്കു വരണമെന്നാണ് തന്റെ ആഗ്രഹമെന്നും ശില്പ പറയുന്നു. കൂടാതെ, തന്റെ അനുഭവത്തില്‍ സ്ത്രീകളെ പൊലീസ് യൂണിഫോമില്‍ കാണുമ്പോള്‍ സ്ത്രീകള്‍ക്കു തന്നെ ഒരു സുരക്ഷിതത്വബോധം വരുന്നുണ്ട്. സമൂഹത്തില്‍ സ്ത്രീകള്‍ക്കു ലിംഗനീതിയും തുല്യതയും ഉറപ്പുവരുത്തുന്നതിനു തീര്‍ച്ചയായും കൂടുതല്‍ സ്ത്രീകള്‍ പൊലീസ് സര്‍വീസില്‍ വരേണ്ടതുണ്ടെന്നും അവര്‍ പറയുന്നു.
എല്‍ആന്‍ഡ്ടി സീനിയര്‍ ഡവലപ്‌മെന്റ് മാനേജര്‍ എസ്. ആനന്ദാണു ഭര്‍ത്താവ്. മകള്‍ ഐറ. വനിതകളെ ലോകം ആദരിക്കുന്ന വനിതാദിനം വലിയ പ്രതീക്ഷയാണു നല്‍കുന്നത്. എന്നാല്‍,  മാര്‍ച്ച് എട്ടിനു മാത്രമല്ല, എല്ലാ ദിവസവും സാധാരണ ഏതൊരാളെയുംപോലെ ജീവിക്കാനുള്ള അവകാശവും സാഹചര്യവും വനിതകള്‍ക്ക് ഉറപ്പു വരുത്തണമെന്നും ഡി. ശില്പ ഐ പി എസ് ഓര്‍മിപ്പിക്കുന്നു.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)