''ആദ്യം വേണ്ടത് ആത്മവിശ്വാസമാണ്. മറ്റെല്ലാം പിന്നാലേ വന്നോളും.'' സ്വാമി വിവേകാനന്ദന്റെ വാക്കുകളാണിവ. മലമ്പുഴ കൂമ്പാച്ചി മലയിടുക്കില്‍ കുടുങ്ങിയ ചെറാട് സ്വദേശി ആര്‍. ബാബുവിന്റെ രക്ഷപ്പെടല്‍ ദൗത്യത്തിന്, ബാബുവിന്റെ മനക്കരുത്തും ആത്മവിശ്വാസവും വലിയ നേട്ടമായെന്ന് ലെഫ്റ്റനന്റ് കേണല്‍ ഹേമന്ദ് രാജ് ചൂണ്ടിക്കാട്ടിയത് സ്വാമി വിവേകാനന്ദന്‍ പറഞ്ഞതു ശരിവയ്ക്കുന്നു. ആപത്ഘട്ടങ്ങളില്‍ നഷ്ടധൈര്യരാകാതെ പ്രതീക്ഷയോടെ, ആത്മവിശ്വാസത്തോടെ കാത്തിരുന്നാല്‍ സഹായത്തിനായി ഒരു കൈ എവിടെനിന്നെങ്കിലും നീണ്ടുവരുമെന്ന സന്ദേശവും ഈ സംഭവം നമുക്കു കാണിച്ചുതരുന്നുണ്ട്.
ഒരുതുള്ളി വെള്ളമില്ല, ഭക്ഷണമില്ല. ചുട്ടുപഴുക്കുന്ന വെയിലിലും കൊടുംമഞ്ഞിലും മലമുകളിലെ പാറയിടുക്കില്‍ രണ്ടു രാത്രിയും പകലും കഴിച്ചുകൂട്ടിയ ബാബുവിനു തുണയായത് തളരാത്ത മനോവീര്യമാണ്. അടുത്തുവരെ എത്തിയ രക്ഷാപ്രവര്‍ത്തനങ്ങളെല്ലാം ഓരോന്നായി പരാജയപ്പെട്ടപ്പോഴും ബാബു മനോധൈര്യം കൈവിട്ടില്ല. പാറയിടുക്കില്‍ കുടുങ്ങി 34 മണിക്കൂര്‍ പിന്നിട്ടപ്പോള്‍ ബാബു ഇരുപതടിയോളം താഴ്ചയിലേക്കു വീണ്ടും വീണു. മസില്‍ കയറിയതിനാല്‍ കാലുയര്‍ത്താന്‍ ശ്രമിച്ചപ്പോഴാണ് വഴുതിവീണത്. കാല്‍ മറ്റൊരു പാറയിടുക്കില്‍ ഉടക്കിനിന്നതിനാല്‍ അദ്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. ഈ പ്രതിസന്ധികള്‍ക്കിടയിലൊന്നും ബാബു പതറിയില്ല. 'മരണത്തിലേക്കോ ജീവിതത്തിലേക്കോ എന്നറിയാതെ പാറയിടുക്കില്‍ ഇത്രനേരം കഴിഞ്ഞത് മറ്റാരെങ്കിലുമായിരുന്നെങ്കില്‍ പേടികൊണ്ടുതന്നെ മരിച്ചേനേ' എന്നാണ് രക്ഷപ്പെടുത്തിയ സേനാംഗങ്ങള്‍ പറഞ്ഞത്. വെള്ളവും ഭക്ഷണവും ഉറക്കവുമില്ലാത്ത കഠിനാവസ്ഥയിലും ബാബു കാണിച്ച മനോധൈര്യവും ആത്മവിശ്വാസവും മാതൃകാപരമാണ്.
മലയിടുക്കില്‍ അകപ്പെട്ട ഘട്ടംമുതല്‍ ഓരോ നിമിഷവും അവസരോചിതമായി പ്രവര്‍ത്തിക്കാനുള്ള മനസ്സും ബാബുവിനു തുണയായി. പ്രതിസന്ധി നേരിട്ടപ്പോള്‍ അതിനു മുന്നില്‍ തകര്‍ന്നുപോകാതെ, മനസ്സു മടുക്കാതെ സാധ്യമായ മാര്‍ഗങ്ങളെല്ലാം ബാബു തേടി. കൈയിലുണ്ടായിരുന്ന ഫോണില്‍നിന്ന് ബാബുതന്നെയാണ് അപകടത്തില്‍പ്പെട്ട വിവരം വീട്ടുകാരെയും സുഹൃത്തുക്കളെയും അഗ്നിരക്ഷാസേനയെയും അറിയിച്ചത്. കുടുങ്ങിയ സ്ഥലം ഉള്‍പ്പെടെ സെല്‍ഫിയെടുത്ത് ഫോട്ടോകളും കൈമാറി.
രാത്രിയില്‍ രക്ഷാസംഘം ബാബുവിന് അരികിലെത്തിയെങ്കിലും പരസ്പരം കണ്ടില്ല. എങ്കിലും, രക്ഷാപ്രവര്‍ത്തകരുടെ ശബ്ദം കേട്ട് ഉറക്കെ നിലവിളിച്ച് പ്രതികരണം അറിയിച്ചു. ജീവന് ഒന്നും പറ്റിയിട്ടില്ലെന്ന് ഉറപ്പാക്കാന്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് ഇതിലൂടെ കഴിഞ്ഞു. ആദ്യദിവസം ഇരുട്ടു വീണതോടെ മൊബൈല്‍ ഫോണിലെ ടോര്‍ച്ച് തെളിയിച്ച് താനിരിക്കുന്ന സ്ഥലം മറ്റുള്ളവര്‍ക്കു മനസ്സിലാക്കിക്കൊടുക്കാന്‍ ബാബുവിനു സാധിച്ചു. ഹെലികോപ്റ്റര്‍ വഴി രക്ഷാപ്രവര്‍ത്തനം നടക്കുമ്പോള്‍ അവശനാണെങ്കില്‍പ്പോലും ഷര്‍ട്ടൂരി വീശി ക്കാണിച്ച് സാന്നിധ്യമറിയിച്ചു. പ്രതിസന്ധികള്‍ക്കു നടുവില്‍ എല്ലാം അവസാനിച്ചു എന്നു കരുതാതെ സാധ്യമായ മാര്‍ഗങ്ങള്‍ ഉപയോഗിച്ച് സഹായം തേടുന്നതിലാണ് കാര്യം എന്ന് ബാബു നമ്മെ പഠിപ്പിക്കുന്നുണ്ട്.
ആത്മവിശ്വാസത്തോടൊപ്പം ആത്മധൈര്യം പകര്‍ന്നുകൊടുക്കുന്നതിലും പ്രാധാന്യമുണ്ട്. മലമുകളിലെത്തിയ സൈനികര്‍ ഒട്ടും സമയം കളയാതെ കയറുപയോഗിച്ച് തൂങ്ങിയിറങ്ങി പുലര്‍ച്ചെ രണ്ടേകാലോടെ ബാബുവിന് 100 മീറ്റര്‍ മുകളില്‍വരെയെത്തി. ബാബുവിനെ വിളിച്ച് 'ഞങ്ങള്‍ അടുത്തെത്തി, ധൈര്യമായിരിക്ക്, ഞങ്ങള്‍ രക്ഷിക്കും' എന്ന് ഉറപ്പുകൊടുത്തു. ആത്മവിശ്വാസം പകര്‍ന്നുനല്‍കല്‍ രക്ഷാദൗത്യത്തിന്റെ ഭാഗമാണെന്ന് സൈനികര്‍ പറഞ്ഞു. ഇതോടെ താന്‍ രക്ഷപ്പെടുമെന്ന ആത്മവിശ്വാസം വലിയ കരുത്തായി മാറി. രാവിലെ സൈനികര്‍ തനിക്കു സമീപത്ത് എത്തിയതോടെ ബാബു ക്ഷീണം മറന്നു കൈവീശിക്കാണിക്കുകയും ഒച്ചവയ്ക്കുകയും ചെയ്തു. കാലിനു പരിക്കുണ്ടെങ്കിലും മലകയറാന്‍ തയ്യാറാണെന്ന് അറിയിച്ച ബാബു ഉത്സാഹത്തിലായി. തകര്‍ക്കാനാവാത്ത ആത്മവിശ്വാസവും മലകയറാമെന്ന ബാബുവിന്റെ പാറപോലെ ഉറച്ച വാക്കുകളും സൈനികര്‍ക്കു ധൈര്യം പകര്‍ന്നു. കയ്യടിച്ച്, ആത്മവിശ്വാസം വീണ്ടും പകര്‍ന്നുനല്‍കിയാണ് സൈനികര്‍ ബാബുവിനെ മലമുകളില്‍ സ്വീകരിച്ചത്.
നല്ല വ്യക്തിത്വത്തിനായി ഒരാള്‍ക്ക് ഒന്‍പതു ഗുണങ്ങള്‍ ഉണ്ടാകണമെന്ന് വിദഗ്ധര്‍ നിഷ്‌കര്‍ഷിക്കുന്നു. അതില്‍ ഒരു പ്രധാനഘടകമാണ് ആത്മധൈര്യം. അവനവനില്‍ത്തന്നെ വിശ്വാസമുള്ളവര്‍ക്കേ ഏതു കാര്യത്തിലും വിജയിക്കാനാകൂ. ആത്മവിശ്വാസമുള്ളവര്‍ ഏതു സാഹചര്യവുമായും പെരുത്തപ്പെടും. എന്തിനെയും തരണം ചെയ്യും. ജീവിതവിജയം നേടിയ പലരും ആത്മവിശ്വാസം ഒന്നുകൊണ്ടുമാത്രം ആ സ്ഥാനം കൈവരിച്ചവരാണ്. ഭാവിയെക്കുറിച്ച് നാം രൂപപ്പെടുത്തുന്ന പദ്ധതികളെല്ലാം വിജയിക്കുമോ പരാജയപ്പെടുമോ എന്നത് നമ്മുടെ ആത്മവിശ്വാസത്തെ ആശ്രയിച്ചാണിരിക്കുന്നത്. ആത്മവിശ്വാസം നമ്മുടെ പ്രവര്‍ത്തനങ്ങളെ ഉത്തേജിപ്പിക്കുന്നു. വെന്‍ഗ്ലര്‍ എന്ന ചിന്തകന്‍ പറയുന്നു: ''ആത്മവിശ്വാസം ധീരതയുടെ ആരംഭമാണ്.'' ആത്മവിശ്വാസമുള്ളവരാകുക; ധീരരാകുക.
വാല്‍ക്കഷണം: ബാബുവിനോടും വാവ സുരേഷിനോടും ഒരു പഴഞ്ചൊല്ല് കൂടി ഓര്‍മിപ്പിക്കുന്നു: ''സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട.'' മുന്‍കരുതലും ജാഗ്രതയും നല്ലതാണ്.