വികസനമെന്നതിന്റെ അടിസ്ഥാനമെന്തെന്നു തിരിച്ചറിയാതെ ''ഡിജിറ്റല്‍ സ്വപ്നം'' എന്ന പുതിയ വ്യാഖ്യാനമാണു നമ്മുടെ പ്രസംഗത്തിലുടനീളം ഇപ്പോള്‍. ദരിദ്രരേറുന്ന നമ്മുടെ നാട്ടിലെന്തു ഡിജിറ്റല്‍ കറന്‍സി? ഭൂമിയില്‍ കടുത്ത വരള്‍ച്ചയും സഹികെട്ട വെള്ളപ്പൊക്കവും ജനജീവിതത്തെ ദുസ്സഹമാക്കുമ്പോഴും സ്വപ്നങ്ങളുടെ ''ബഹിരാകാശ''യാത്രയിലാണോ നാമൊക്കെ? ഏതു വികസനവും യാഥാര്‍ത്ഥ്യമാക്കുന്നതിനുമുമ്പ് ഓരോ വികസനവും ഇവിടുത്തെ സാധാരണക്കാരില്‍ സാധാരണക്കാരെ എങ്ങനെ ബാധിക്കുമെന്നു പഠിക്കണമെന്ന ഗാന്ധിജിയുടെ ചിന്ത നമുക്കു വിലയില്ലാത്തതായോ? നാട്ടിലും വിദേശത്തും ഉയര്‍ന്ന പീഠത്തിന്മേല്‍ സ്ഥാപിക്കപ്പെട്ടിരിക്കുന്ന മഹാത്മജിയുടെ പ്രതിമയുടെ 'വേഷം' നമ്മുടെ രാജ്യത്തെ മക്കളോടുള്ള പ്രതിബദ്ധതയുടെ പ്രതിരൂപമാണെന്നു നാം വിസ്മരിക്കരുത്. കോട്ടും സ്യൂട്ടും ഡിജിറ്റല്‍ സംവിധാനങ്ങളും മാത്രമല്ല വികസനത്തിനാധാരം. ജനസാമാന്യത്തെ പ്രതികൂലമായി ബാധിക്കുന്നതും ഭൂരിപക്ഷത്തെ കടബാധ്യതയിലേക്ക് എത്തിക്കുന്നതുമായ 'കടമെടുപ്പ്' വികസനവും രാഷ്ട്രീയവും ഉപേക്ഷിക്കണം. സകലതും സ്വകാര്യമേഖലയ്ക്കു തീറെഴുതി സ്വസ്ഥമാകാന്‍ വെമ്പല്‍ പൂണ്ടിരിക്കുന്ന സര്‍ക്കാരുകള്‍ക്കെങ്ങനെയാണ് കെ. റെയില്‍ അഥവാ സില്‍വര്‍ ലൈന്‍പോലുള്ള പദ്ധതികളെക്കുറിച്ചു ചിന്തിക്കാനാകുന്നത്?
നിലവിലുള്ള ഗതാഗതസംവിധാനങ്ങളുടെ കാര്യക്ഷമതയെ പുനരുജ്ജീവിപ്പിക്കാനും ശക്തിപ്പെടുത്താനുമാകാത്ത സര്‍ക്കാരുകള്‍ക്കു നാടിന്റെ തെക്കുവടക്ക് അതിവേഗ റെയില്‍പാതയെക്കുറിച്ചു ചിന്തിക്കാനാകുമോ? ഏറിയാല്‍ അഞ്ചു വര്‍ഷംമാത്രം കാലാവധിയുള്ള ജനാധിപത്യസര്‍ക്കാരുകള്‍ക്കു സില്‍വര്‍ലൈന്‍ പദ്ധതികളെ തിളക്കമുള്ളതാക്കാന്‍ അവസരമുണ്ടോ? അഥവാ അടുത്ത സര്‍ക്കാര്‍ വരുമ്പോള്‍ മറ്റൊരു പദ്ധതിയെ സ്വപ്നം കാണുകയും സില്‍വര്‍ ലൈനിന്റെ സര്‍വ്വേക്കല്ലുകള്‍ കാടുകയറി നോക്കുകുത്തികളും സാധാരണക്കാര്‍ക്കു ജീവിതക്ലേശം വര്‍ധിപ്പിക്കുന്ന തര്‍ക്കത്തിന്റെ അതിര്‍ത്തിക്കല്ലുകളുമായി മാറില്ലേ? ക്ലേശങ്ങള്‍ക്ക് ഒട്ടും ശമനം വരാത്ത നമ്മുടെ നാട്ടില്‍ അടിസ്ഥാനവികസനം ശക്തിപ്പെടുത്തുകയാണു വേണ്ടത്. ഓരോ പൗരന്റെയും കടഭാരം വര്‍ദ്ധിപ്പിക്കുന്ന 'കടമെടുപ്പുവികസനം' ഒരു ദുരന്തമാണ്; ഭാവിതലമുറയെ ഇനിയും കുടിയേറ്റക്കാരാക്കുന്നതുമാണ്. അടഞ്ഞുകിടക്കുന്ന കൊട്ടാരസദൃശമായ വീടുകളും 'സനാഥരായ അനാഥ'രുടെ ഗദ്ഗദങ്ങള്‍ ഏറുന്നതുമായ നമ്മുടെ നാട്ടില്‍ കെ. റെയില്‍ മാത്രമാണോ പരിഹാരം? ചേരിക്കു മുന്നിലൂടെ പോകുന്ന കെ. റെയിലിനു സില്‍വറിന്റെ തിളക്കമോ മഹിമയോ ലഭിക്കുമോ? എളുപ്പത്തില്‍ കയറിപ്പറ്റാവുന്നതും വിഷമിച്ചു രക്ഷപ്പെടാവുന്നതുമായ ഒരു കുടുക്കാണ് യഥാര്‍ത്ഥത്തില്‍ 'കടം' എന്ന രണ്ടക്ഷരം! വ്യക്തിയും സമൂഹവും ഭരണകൂടവും കടത്തിന്റെ കെണിയിലാകുന്ന വികസനത്തിന് ഒരു സ്വപ്നത്തിന്റെ വശ്യതമാത്രമാണ്; യാഥാര്‍ത്ഥ്യം തീരെയില്ലെന്നറിയണം.
രാജ്യത്തിന്റെ വികസനത്തിന് ആക്കം കൂടുന്നത് 'എല്ലാവര്‍ക്കും തൊഴില്‍' എന്ന യാഥാര്‍ത്ഥ്യത്തിലേക്കു നാമെത്തുമ്പോഴാണ്. തൊഴിലിന്റെ അടിസ്ഥാനം സര്‍വകലാശാലായോഗ്യതകള്‍ക്കപ്പുറം അഭിരുചിക്കനുസരണവും പരസ്പരം സഹായിച്ചും സഹകരിച്ചും രാജ്യപുരോഗതിയെയും സുസ്ഥിരജീവിതാവസ്ഥയെയും ലക്ഷ്യം വച്ചുകൊണ്ടുള്ളതുമാകണം. ഉന്നതയോഗ്യതയെക്കാള്‍ മഹത്ത്വപൂര്‍ണമായ 'ജീവിതവീക്ഷണം' പൗരന്മാര്‍ സ്വന്തമാക്കണം. വിദേശത്തുള്ളവര്‍ 'എല്ലാവര്‍ക്കും തൊഴില്‍' എന്ന യാഥാര്‍ത്ഥ്യത്തില്‍ ജീവിക്കുന്നവരാണ്; എന്നാല്‍, യോഗ്യതാസര്‍ട്ടിഫിക്കറ്റുകളുടെ തലം എവിടെ നില്‍ക്കുന്നുവെന്നുകൂടി ചിന്തിക്കുക!
നമുക്കിവിടെ തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുന്ന വ്യവസായശാലകളും ഇതരപദ്ധതികളുമാണു വികസനത്തിന്റെ രൂപരേഖയിലേക്കു കടന്നുവരേണ്ടത്. പദ്ധതിരേഖയ്ക്കും പദ്ധതിയടങ്കലിനും പദ്ധതികളുടെ പൂര്‍ത്തീകരണത്തിനുമിടയിലെ അഴിമതിയുടെയും കാലതാമസത്തിന്റെയും കടമ്പകള്‍ വികസനത്തിന്റെ ആത്യന്തിക ഗുണഫലത്തിനു വിഘാതം സൃഷ്ടിക്കുന്നില്ലേ? നിക്ഷേപകര്‍ മുന്നോട്ടു വരുമ്പോഴും നിക്ഷേപങ്ങളുടെ ലക്ഷ്യം യാഥാര്‍ത്ഥ്യമാക്കുന്ന രാഷ്ട്രീയം നമുക്കു ശീലമുണ്ടോ? ഏതു പ്രസ്ഥാനം വന്നാലും വളരെ പെട്ടെന്നുതന്നെ അതു പൂട്ടിക്കുന്ന തൊഴില്‍പ്രശ്‌ന'കൊടികള്‍' നമ്മുടെ നാടിന്റെ ശാപമല്ലേ? ആരെതിര്‍ത്താലും പദ്ധതി മുന്നോട്ടുപോകുമെന്നു പറയുന്നവര്‍ കെ. റെയിലിന്റെ ലക്ഷ്യം എന്തെന്നു പറയുമോ? ആരാണ് ഇത്ര 'മിന്നല്‍വേഗ'ത്തില്‍ തെക്കുവടക്കു യാത്ര ചെയ്യുന്നവര്‍? അതും കേരളത്തെ രണ്ടായി കീറിമുറിച്ചുകൊണ്ട്? ഡിജിറ്റല്‍ സ്വപ്നം എത്ര ഉയര്‍ന്നതായാലും നമുക്കിടയിലെ പലവിധ പാര്‍ശ്വവത്കരണത്തിനു പരിഹാരമുണ്ടാകേണ്ടേ? ഏതു പദ്ധതിയിലും സ്വന്തം ലാഭം നോക്കുന്ന രാഷ്ട്രീയത്തിനു സില്‍വല്‍ ലൈന്‍ 'അപവാദ'മാകുമോ? കേരളത്തിന്റെ തെക്കുവടക്കു മനുഷ്യജീവിതം എങ്ങനെയെന്നു പഠിക്കുന്നതാണു പ്രധാനം. നിലവിലെ പദ്ധതികളുടെ തിളക്കം യാഥാര്‍ത്ഥ്യമായോയെന്നും പഠിക്കണം. ഏതു കാര്യത്തിന്റെയും 'അടിസ്ഥാനശില' സ്ഥാപിക്കുന്നതില്‍ പരസ്പരം മത്സരിക്കാതെ, രാഷ്ട്രീക്കാര്‍ ഒരു മേശയ്ക്കു ചുറ്റുമിരുന്നു വേണ്ടതും വേണ്ടാത്തതും തിരിച്ചറിഞ്ഞ് ഒരുമയോടെ പ്രവര്‍ത്തിക്കണം. അതിനാണല്ലോ നമ്മുടെ നിയമനിര്‍മാണസഭയൊക്കെ ഉണരേണ്ടത്? ഭൂരിപക്ഷം പാസാക്കുന്നതെല്ലാം ജനക്ഷേമം കൈവരുന്നതാണെന്നു നിര്‍ബന്ധമുണ്ടോ? പാവങ്ങളെ ചവിട്ടിനിന്നുകൊണ്ടും, ചവിട്ടിമെതിച്ചുകൊണ്ടുമുള്ള വികസനം ആര്‍ക്കുവേണ്ടി?
അഭ്യസ്തവിദ്യരും ബുദ്ധിരാക്ഷസരും മികവുറ്റ സാങ്കേതികവിദഗ്ധരും, സര്‍വോപരി മനുഷ്യവിഭവശേഷിയും നാടുവിടുന്ന ഇന്നത്തെ സങ്കീര്‍ണനാളുകളില്‍ മലയാളക്കരയുടെ ശോഭയും തിളക്കവും വെറും നിര്‍മാണപ്രവര്‍ത്തകരുടെ (അതിഥിത്തൊഴിലാളികള്‍) വിയര്‍പ്പില്‍ മാത്രം ഒരുക്കുന്നതില്‍ ഒരു വിചിന്തനം വേണ്ടേ? സില്‍വര്‍ ലൈന്‍ പ്രാവര്‍ത്തികമാക്കാന്‍ ഓടിനടക്കുമ്പോഴും ഒരു ചോദ്യമുണ്ട്: സില്‍വര്‍ ലൈന്‍ എന്ന സ്വപ്നം യാഥാര്‍ത്ഥ്യമായാല്‍ യാത്രക്കാരായി മലയാളികള്‍ ഉണ്ടാകുമോ? മലയാളവും ഉണ്ടാകുമോ? ദാരിദ്ര്യത്തിനും പട്ടിണിക്കും വെള്ളപ്പൊക്കത്തിനും വരള്‍ച്ചയ്ക്കും മാറ്റം വരുമോ? പരിസ്ഥിതിയെ തെക്കുവടക്കു തകിടം മറിക്കുന്ന സില്‍വര്‍ലൈനിനു കേരളത്തെ രണ്ടാക്കുന്ന ഒരു മതില്‍സ്വഭാവം ഉണ്ടാകില്ലേ? ദരിദ്രര്‍ പരമദരിദ്രരും സാധാരണക്കാര്‍ ദരിദ്രരും ആകുന്ന പുതിയ ഡിജിറ്റല്‍ വികസനം ആലോചനയില്ലാത്തതുതന്നെ. പണത്തിനു ക്ഷാമം വരുമ്പോള്‍ പ്രവാസിമലയാളിയോടു നാടിനെക്കുറിച്ചുള്ള ഓര്‍മപ്പെടുത്തലുണ്ടാകും. പ്രവാസിക്കു മുന്നിലാണല്ലോ നമ്മുടെ വികസനത്വരയുടെ ധാര്‍ഷ്ട്യം വിളമ്പുന്നതും!
വികസനമെന്നതിന് ഒരു മുഖ്യധാരാഗുണഫലം ഉണ്ടാകണം. കര്‍ഷകര്‍ക്കും കാര്‍ഷികമേഖലയ്ക്കും ഏറെ പ്രാധാന്യമുള്ള നമ്മുടെ നാട്ടില്‍ കാര്‍ഷികവിഭവബന്ധിയായ വികസനമോ കര്‍ഷകരുടെ വളര്‍ച്ചയോ ഉണ്ടാകുന്നുണ്ടോ? വാണിജ്യാടിസ്ഥാനത്തിലുപരി, വ്യാവസായികാടിത്തറയുള്ള നാട്ടിലേ സംതൃപ്തമായ വികസനവും തദ്വാരയുള്ള തൊഴിലവസരങ്ങളും ഉണ്ടാകൂ. സില്‍വര്‍ലൈന്‍പോലുള്ള സ്വപ്നപദ്ധതികളെക്കാള്‍ നാടിനാവശ്യം പുതിയ പുതിയ വ്യവസായശൃംഖലകളാണ്. എന്തു പഠിച്ചാലും എത്ര പഠിച്ചാലും ഈ നാട്ടില്‍ ജീവിക്കാനാവശ്യമായ തൊഴില്‍ ലഭ്യമല്ലെന്നു യുവാക്കളും പരിണതപ്രജ്ഞരായ പഠിതാക്കളും പറയുന്നത് ഭരണകര്‍ത്താക്കള്‍ മനസ്സിലാക്കാത്തതെന്ത്?
മലയാളക്കരയുടെ വിഭവശേഷിയുടെ വൈശിഷ്ട്യങ്ങളും വൈവിധ്യങ്ങളും എന്തേ ഇന്നും വികസനത്തിന്റെ പുത്തന്‍മാനം അന്വേഷിക്കുന്നു? മൂല്യവര്‍ധിതോത്പന്നങ്ങളിലൂടെ നമ്മുടെ വ്യവസായങ്ങളും കയറ്റുമതിയും തൊഴില്‍ സാധ്യതകളും ജീവിതനിലവാരവും മെച്ചമാക്കാമെന്നിരിക്കേ, ഡിജിറ്റല്‍ സ്വപ്നങ്ങളുടെ ചില്ലുമേടയിലിരുന്നു കൊടിയ ദാരിദ്ര്യത്തിന്റെമേല്‍ കൊട്ടാരം പണിയരുത്. സാരാംശത്തില്‍ വികസനമെന്നതിനു സാധാരണക്കാരുടെ അനുദിനജീവിതസംതൃപ്തിയോളം ഉന്നതിയുണ്ട്; ഉണ്ടാകണം! തിരഞ്ഞെടുക്കപ്പെടുന്ന ചിലരുടെയൊക്കെ ആശയാഭിലാഷങ്ങളുടെ പൂര്‍ത്തീകരണത്തിനു പട്ടിണിക്കാരുടെ പഴംകഞ്ഞിയില്‍ കൈയിട്ടു വാരരുത്. പ്രകൃതിയെ തകിടം മറിക്കുകയോ താറുമാറാക്കുകയോ ചെയ്യരുത്. ചുരുക്കത്തില്‍, മുഴുവന്‍ ജനത്തിന്റെയും ആളോഹരി കടം വര്‍ധിപ്പിച്ച് വികസനസ്വപ്നാടനത്തില്‍പ്പെട്ട് ഉള്ള കഞ്ഞിയില്‍ പാറ്റയിടരുതേ! ഡിജിറ്റല്‍ യുഗത്തിലെ ആധുനിക മലയാളികുടുംബങ്ങള്‍, യുവജനങ്ങളായി ആരും ശേഷിക്കാത്ത സാഹചര്യത്തിലേക്കെത്തുന്നുവെന്ന് സര്‍ക്കാരുകള്‍ മറക്കരുത്. വൃദ്ധരുടെ നാടായി മലയാളനാട് മാറുന്നുവെന്നത് ഏതു വികസനത്തിനു നടുവിലും ആശങ്കയുണര്‍ത്തുന്നു. നമ്മുടെ മക്കള്‍ക്കു നാട്ടില്‍ ജോലി ചെയ്തു ജീവിതം കെട്ടിപ്പടുക്കാന്‍ അവസരമുണ്ടാകണം; നാട് നാട്ടുകാര്‍ക്കു പ്രിയങ്കരമാകണമെങ്കില്‍ മാന്യമായി വരുംതലമുറയ്ക്കു ജീവിക്കാനാകണം. ഡിജിറ്റല്‍ കറന്‍സിയും ഡിജിറ്റല്‍ യുഗവും നമ്മുടെ മനുഷ്യത്വത്തെ ഹനിക്കരുത്.