126 വര്‍ഷംമുമ്പ് നിര്‍മിക്കപ്പെട്ടതും പഴക്കംമൂലം ബലക്ഷയം സംഭവിച്ചതുമായ മുല്ലപ്പെരിയാര്‍ അണക്കെട്ട് എത്രയും വേഗം ഡീകമ്മീഷന്‍ ചെയ്യണമെന്ന ആവശ്യം ഉന്നയിച്ച് ആലുവ സ്വദേശിയായ അഡ്വ. റസല്‍ ജോയി സുപ്രീംകോടതിയില്‍ കേസ് ഫയല്‍ ചെയ്തിരിക്കുകയാണ്. അദ്ദേഹം അടുത്തകാലത്ത് രൂപംകൊടുത്ത ''സേവ് കേരള ബ്രിഗേഡ്'' എന്ന സാമൂഹികസംഘടനയുടെ പേരില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ അന്തിമവാദം കേള്‍ക്കാന്‍ ഈ മാസം ആദ്യവാരം സുപ്രീംകോടതി ഡിവിഷന്‍ ബഞ്ചാണു തീരുമാനിച്ചത്.
ഏതാനും വര്‍ഷങ്ങളായി അഡ്വ. റസ്സല്‍ ജോയി നടത്തുന്ന നിയമപോരാട്ടങ്ങളിലെ ഏറ്റവും ഒടുവിലത്തെ ഹര്‍ജിയാണിത്. ആരുടെയും പിന്‍ബലമില്ലാതെ നിസ്വാര്‍ത്ഥമായി അദ്ദേഹം നടത്തുന്ന നിയമയുദ്ധത്തിന് അഭിവാദ്യം അര്‍പ്പിച്ചുകൊണ്ട് തോമസ് കുഴിഞ്ഞാലില്‍ നടത്തിയ അഭിമുഖത്തില്‍നിന്ന്:
മുല്ലപ്പെരിയാര്‍ അണക്കെട്ട് ഡീകമ്മീഷന്‍ ചെയ്യണമെന്നാവശ്യപ്പെട്ട് ''സേവ് കേരള ബ്രിഗേഡ്'' സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ അന്തിമവാദം പൂര്‍ത്തിയാകുമ്പോള്‍ നമ്മുടെ സംസ്ഥാനത്തിന് അനുകൂലായ ഒരു വിധി ഉണ്ടാകുമെന്ന് താങ്കള്‍ പ്രതീക്ഷിക്കുന്നുണ്ടോ?
സുപ്രീംകോടതിയില്‍ ഞങ്ങള്‍ നല്‍കിയിട്ടുള്ള ഹര്‍ജി ഡിവിഷന്‍ ബെഞ്ച് ഫയലില്‍ സ്വീകരിച്ചതുതന്നെ ശുഭസൂചനയാണ്. ഞങ്ങളുടെ അപേക്ഷ, കാലപ്പഴക്കംമൂലം അപകടാവസ്ഥയിലായ അണക്കെട്ട് ഡീകമ്മീഷന്‍ ചെയ്യണമെന്നാണ്. ഇതിനുമുമ്പ് 2017 ല്‍ ഞാന്‍ സമര്‍പ്പിച്ചിരുന്ന ഹര്‍ജിയില്‍ വാദംകേട്ട പരമോന്നത കോടതിയുടെ ഒരു ചോദ്യം ഇന്നും പ്രസക്തമാണ്: ""Why not a new dam?'' ' കോടതിയില്‍ ഫയല്‍ ചെയ്യുന്ന ഒരു കേസ് എങ്ങനെ തോല്‍ക്കാം എന്നതിന്റെ ഉത്തമോദാഹരണമാണ് മുല്ലപ്പെരിയാര്‍ തര്‍ക്കം. അടുത്ത 100 വര്‍ഷത്തേക്കുകൂടി ഡാം സുരക്ഷിതമായിരിക്കുമെന്ന ഉന്നതാധികാരസമിതിയുടെ തീര്‍പ്പാണ് സുപ്രീംകോടതിയുടെ മുമ്പിലിരിക്കുന്നതെന്നോര്‍ക്കണം. ഡാം എഞ്ചിനീയറിങ് പഠിപ്പിക്കുന്ന ഒരു യൂണിവേഴ്‌സിറ്റിയും നമ്മുടെ രാജ്യത്തുള്ളതായി എനിക്കറിയില്ല. ഏതെങ്കിലും അന്താരാഷ്ട്രവിദഗ്ധര്‍ അണക്കെട്ടു പരിശോധിച്ചതായും പറഞ്ഞു കേട്ടിട്ടില്ല.
വ്യവഹാരം നടക്കുന്ന വേളയില്‍ ഏതെങ്കിലും കാരണവശാല്‍ അണക്കെട്ട് തകരുന്നപക്ഷം ജീവനും സ്വത്തും നഷ്ടപ്പെടുന്ന കേരളത്തിലെ ജനങ്ങളുടെ ജീവിച്ചിരിക്കുന്ന അനന്തരാവകാശികള്‍ക്കു നഷ്ടപരിഹാരം കൊടുക്കണമെന്നും ഉപഭോക്തൃസംസ്ഥാനമായ തമിഴ്‌നാടിന് ഈ ബാധ്യതയുണ്ടെന്നും ഞാന്‍ വാദിച്ചു. ധാര്‍ഷ്ട്യം വെടിഞ്ഞ് ഒരു ഒത്തുതീര്‍പ്പിന് തമിഴ്‌നാട് മുമ്പോട്ടു വരുമെന്നു കരുതിയാണ് ഈ ആവശ്യം ഞാന്‍ ഉന്നയിച്ചത്. എന്നാല്‍, നിര്‍ഭാഗ്യമെന്നു പറയട്ടെ, എന്നെ പിന്തുണയ്ക്കുന്ന ഒരു സത്യവാങ്മൂലം ഫയല്‍ ചെയ്യാന്‍ കേരളസര്‍ക്കാര്‍ തയ്യാറായില്ല. എന്റെ ആത്മാര്‍ത്ഥത തിരിച്ചറിഞ്ഞ ബഹുമാനപ്പെട്ട സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിനോടും തമിഴ്‌നാടിനോടും കേരളത്തോടുമായി ഒരു ചോദ്യം ഉന്നയിച്ചു: 125 വര്‍ഷം പഴക്കമുള്ള ഒരണക്കെട്ടിന്റെ അടിയില്‍ നിങ്ങള്‍ ഉറങ്ങിക്കിടക്കുകയാണോ? നിങ്ങള്‍ അവസരത്തിനൊത്ത് ഉയരാത്തതെന്തുകൊണ്ട്? അന്താരാഷ്ട്രവിദഗ്ധര്‍ അണക്കെട്ടു പരിശോധിക്കുന്നതില്‍ നിങ്ങള്‍ക്കെതിര്‍പ്പുണ്ടോയെന്നും കോടതി ആരാഞ്ഞു. മൂന്നു കക്ഷികളുംവെവ്വേറെ ദുരന്തനിവാരണസേനകളെ നിയമിക്കണമെന്ന വിധിയുണ്ടായത് ഈ കേസിലാണ്. നമ്മുടെ വാദഗതികളെ പിന്തുണയ്ക്കുന്ന ഒരു സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഈ അവസരം പ്രയോജനപ്പെടുത്തിയിരുന്നെങ്കില്‍ 2018 ല്‍ത്തന്നെ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഒരു ശാശ്വതപരിഹാരം ഉണ്ടാകുമായിരുന്നുവെന്ന് എനിക്കുറപ്പുണ്ട്.
ബ്രിട്ടീഷ് ഇന്ത്യയുമായി ഇവിടത്തെ നാട്ടുരാജ്യങ്ങള്‍ ഉണ്ടാക്കിയിട്ടുള്ള എല്ലാ കരാറുകളും സ്വാതന്ത്ര്യലബ്ധിയോടെ റദ്ദു ചെയ്യപ്പെട്ടിരുന്നു. എന്നാല്‍, 29-10-1886 ലെ പെരിയാര്‍ ലീഡ് എഗ്രിമെന്റുമാത്രം ഇപ്പോഴും പ്രാബല്യത്തിലുണ്ടെന്നു പറയുന്നു. ഈ കരാര്‍ ഇപ്പോഴും നിലനില്ക്കുന്നുണ്ടോ?
ഇന്ത്യന്‍ ഇന്‍ഡിപെന്‍ഡന്‍സ് ആക്ട് പ്രകാരം ഇന്ത്യ സ്വതന്ത്രമായപ്പോള്‍ ബ്രിട്ടീഷ് ഇന്ത്യയുമായി ഏര്‍പ്പെട്ട എല്ലാ കരാറുകളും സ്വാഭാവികമായും റദ്ദായി. അക്കാലത്ത് തിരുവിതാംകൂര്‍ രാജാവായിരുന്ന ശ്രീചിത്തിരതിരുനാള്‍ ബാലരാമവര്‍മ ഒരു പ്രത്യേക രാജശാസനത്തിലൂടെ പെരിയാര്‍ ലീഡ് എഗ്രിമെന്റ് റദ്ദാക്കുകയും ആ വിവരം തിരുവിതാംകൂര്‍ മുഴുവന്‍ പെരുമ്പറ കൊട്ടി ജനങ്ങളെ അറിയിക്കുകയും ചെയ്തത് ചരിത്രസംഭവമാണ്. തന്റെ നാട്ടുരാജ്യത്തിനു ഗുണകരമല്ലാത്ത കരാറിന്റെ നിയമവിരുദ്ധതയും ദോഷവശങ്ങളും തിരിച്ചറിഞ്ഞ ദിവാന്‍ സര്‍ സിപി രാമസ്വാമി അയ്യര്‍ വൈസ്രോയിയായിരുന്ന മൗണ്ട് ബാറ്റണ്‍ പ്രഭുവിനെ തന്റെ വിയോജിപ്പ് അറിയിക്കുകയും ചെയ്തു. കാര്‍ഷികാവശ്യത്തിനും കുടിവെള്ളത്തിനും മാത്രമായി രൂപം കൊടുത്ത കരാറിനു വിരുദ്ധമായി വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള മദ്രാസ് പ്രസിഡന്‍സിയുടെ നീക്കങ്ങള്‍ക്കു തടയിട്ടത് സര്‍ സി.പിയാണ്. കരാറിലെ വ്യവസ്ഥയ്ക്കനുസരിച്ച് ഇരുകക്ഷികളും തമ്മിലുള്ള തര്‍ക്കം പരിഹരിക്കുന്നതിനു മധ്യസ്ഥതയ്ക്കു വിടുകയായിരുന്നു. എന്നാല്‍, ആര്‍ബിട്രേറ്റര്‍മാരായ ഡി. ദേവദാസിനും വി.എസ്. അയ്യര്‍ക്കും യോജിപ്പിലെത്താനാകാതെ വന്നതോടെയാണ് പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ഒരു അമ്പയറെ നിയോഗിച്ചത്. ബംഗാള്‍ ഹൈക്കോടതി ജഡ്ജിയായിരുന്ന സര്‍ എന്‍.എന്‍. ചാറ്റര്‍ജിയായിരുന്നു അമ്പയര്‍. തിരുവിതാംകൂറിനുവേണ്ടി സര്‍ സി.പി.യും മദ്രാസ് പ്രസിഡന്‍സിക്കുവേണ്ടി സര്‍ അല്ലാടി കൃഷ്ണസ്വാമി അയ്യരുമാണ് അമ്പയറുടെ മുമ്പില്‍ ഹാജരായത്. ഒരു മദ്രാസുകാരനായിരുന്നിട്ടും ശക്തമായ നിയമപോരാട്ടമാണ് സര്‍ സി.പി. നടത്തിയത്. 'മുല്ലയാറിനെയും പെരിയാറിനെയും അണകെട്ടി തടഞ്ഞുനിറുത്തി മദ്രാസ് പ്രസിഡന്‍സിയിലേക്കു തിരിച്ചുവിട്ടത് വെള്ളം ജലസേചനാവശ്യത്തിനു മാത്രം ഉപയോഗിക്കുന്നതിനായിരിക്കണം' എന്നായിരുന്നു അമ്പയറുടെ വിധി. 12-05-1941 ല്‍ സര്‍ സി.പി. വഴി ലഭിച്ച ഈ വിധിയാണ് തിരുവിതാംകൂറിന് അനുകൂലമായ ആദ്യത്തെ വിധി. ഇവിടെനിന്നു തിരിച്ചുവിട്ട വെള്ളം ഉപയോഗിച്ച് മദ്രാസ് പ്രസിഡന്‍സി പ്രതിവര്‍ഷം 25 ലക്ഷം രൂപ ലാഭിക്കുന്നുണ്ടെന്നും തിരുവിതാംകൂറിനു പാട്ടത്തുകയായി ലഭിക്കുന്നത് 40000 രൂപ മാത്രമാണെന്നും 21-07-1947 ല്‍ വൈസ്രോയിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ അദ്ദേഹത്തെ അറിയിക്കാനും സര്‍ സി.പിക്കു കഴിഞ്ഞു.
നിര്‍ഭാഗ്യകരമെന്നു പറയട്ടെ, 29-05-1970 ല്‍ രൂപം കൊടുത്ത ഒരു അനുബന്ധക്കരാറിലൂടെ വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള തമിഴ്‌നാടിന്റെ സമ്മര്‍ദത്തിനു കേരളം വഴങ്ങി. അക്കാലത്തെ യു.ഡി.എഫ്. സര്‍ക്കാരിന്റെ മുഖ്യമന്ത്രിയായിരുന്ന സി. അച്യുതമേനോന്‍, നിയമസഭയുടെയോ മന്ത്രിസഭയുടെയോ അനുമതിയില്ലാതെയാണ് 1954 മുതല്‍ മുന്‍കാലപ്രാബല്യത്തോടെ 999 വര്‍ഷത്തേക്ക് ആദ്യകരാര്‍ പുതുക്കി നല്കിയത്. ഒരു ജനാധിപത്യസര്‍ക്കാരും ചെയ്തുകൂടാത്ത ഈ മഹാഅപരാധത്തിലൂടെ അദ്ദേഹം സംസ്ഥാനത്തെ ഒറ്റിക്കൊടുക്കുകയായിരുന്നു. ആദ്യകരാറിലെ വ്യവസ്ഥകള്‍ ലംഘിച്ചാല്‍ പാട്ടഭൂമിയില്‍ പ്രവേശിക്കാനും കരാര്‍ റദ്ദാക്കാനുമുള്ള അവകാശങ്ങള്‍ അനുബന്ധ കരാറിലൂടെ നഷ്ടമായെന്നു മാത്രമല്ല, കേരളത്തിനു മേലുള്ള അധീശത്വം ഉറപ്പിക്കാനും അനര്‍ഹമായ നേട്ടം കൊയ്യാനും തമിഴ്‌നാടിനു സാധിച്ചു.
2018 ലെ പ്രളയകാലത്ത് പെരിയാര്‍ തടാകത്തിലെ ജലനിരപ്പ് അനുവദനീയമായ 142 അടിയും പിന്നിട്ട് കുതിച്ചുയര്‍ന്നപ്പോള്‍ താങ്കള്‍ ഇടപെടുകയും ജലനിരപ്പ് 139 അടിയായി കുറയ്ക്കാനുള്ള ഉത്തരവ് സമ്പാദിക്കുകയും ചെയ്തിരുന്നു. ഈ വിഷയത്തില്‍ ഇടപെട്ടതും വിജയിക്കാന്‍ കഴിഞ്ഞതും എങ്ങനെയെന്നു വിവരിക്കാമോ?
2018 ഓഗസ്റ്റുമാസത്തിലെ പ്രളയത്തില്‍ സംസ്ഥാനത്തെ 79 അണക്കെട്ടുകളും കവിഞ്ഞൊഴുകുന്ന സ്ഥിതിയിലായിരുന്നു. അണക്കെട്ടുകള്‍ തകര്‍ന്നേ ക്കാമെന്നു ഭയന്ന് പലയിടങ്ങളിലും തുറന്നുവിടുകയും ചെയ്തു. പെരിയാര്‍ തടാകത്തിലെ ജലനിരപ്പ് അനുവദനീയമായ അളവിലും കൂടിയിട്ടും തുറന്നുവിടാതെ പരമാവധി സംഭരണശേഷിയായ 152 അടിയിലേക്കുയര്‍ത്താനുള്ള നടപടികളിലേക്കാണു തമിഴ്‌നാട് സര്‍ക്കാര്‍ നീങ്ങിയത്. വെള്ളം തുറന്നുവിട്ട് ജനങ്ങളുടെ ഭയാശങ്കകള്‍ അകറ്റണമെന്ന നമ്മുടെ മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥനയും തമിഴ്‌നാട് അവഗണിച്ചപ്പോഴാണ് നിയമപരമായി അവരെ നേരിടാന്‍ ഞാന്‍ തയ്യാറായത്. ജലനിരപ്പ് 142 അടിയില്‍നിന്നു മൂന്നടി കുറച്ച് 139 അടിയായി നിജപ്പെടുത്തണമെന്ന് എന്റെ അപേക്ഷ പരമോന്നതകോടതി ദയാപൂര്‍വം പരിഗണിച്ച് ഉത്തരവിടുകയായിരുന്നു. ഇത് തമിഴ്‌നാടിനേറ്റ രണ്ടാമത്തെ പ്രഹരമായിരുന്നു. സംസ്ഥാനമുഖ്യമന്ത്രി പരാജയമടഞ്ഞിടത്താണ് ഒരു സാധാരണപൗരന്‍ നിയമനടപടിയിലൂടെ വിജയം കണ്ടത്.
കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടയില്‍ ഇടുക്കിജില്ലയിലെ പല ഭാഗങ്ങളിലും ഭൂമികുലുക്കങ്ങളും തുടര്‍ചലനങ്ങളും സര്‍വസാധാരണയായി കണ്ടുവരുന്നു. ബലക്ഷയം ബാധിച്ച മുല്ലപ്പെരിയാര്‍ അണക്കെട്ടിനെ ഇത്തരം പ്രകമ്പനങ്ങള്‍ ബാധിക്കുമെന്ന് താങ്കള്‍ കരുതുന്നുണ്ടോ?
ചെറുതും വലുതുമായ ഇരുപതോളം അണക്കെട്ടുകളാണ് ഇടുക്കിജില്ലയിലുള്ളത്. ഇവയില്‍ കെട്ടിനിറുത്തിയിരിക്കുന്ന വെള്ളത്തിന്റെ അളവ് 120 റ്റി.എം.സിക്കു മുകളില്‍ വരും. 100 കിലോമീറ്റര്‍ നീളത്തില്‍ ഒരു കിലോമീറ്റര്‍ വീതിയില്‍ 100 അടി താഴ്ചയിലുള്ള ഒരു ചെറുകടലാണത്. ഇത്രയും വെള്ളത്തിന്റെ ഭാരം താങ്ങാനുള്ള കരുത്ത് ജില്ലയുടെ പ്രതലത്തിനില്ലാത്തതുകൊണ്ടാണ് പ്രകമ്പനങ്ങള്‍ക്കും തുടര്‍ചലനങ്ങള്‍ക്കും കാരണം. മണല്‍ഖനനവും പാറപൊട്ടിക്കലും വ്യാപകമായ വനനശീകരണവും ജില്ലയെ അതീവ ദുര്‍ബലമാക്കിയ അവസ്ഥയും ഇതോടൊപ്പമുണ്ട്.
ഭൗമശാസ്ത്രജ്ഞരുടെ പഠനത്തില്‍ അതിതീവ്ര ഭൂകമ്പസാധ്യതപ്പട്ടികയില്‍ കേരളത്തെ മൂന്നാം സോണിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നോര്‍ക്കണം. ഇത്തരം മേഖലകളില്‍ റിക്ടര്‍ സ്‌കെയിലില്‍ 6.5 മുതല്‍ 8.50 വരെ തീവ്രതയുള്ള പ്രകമ്പനങ്ങള്‍ക്കു സാധ്യത ഏറെയാണ്. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ 300 കിലോമീറ്റര്‍ ചുറ്റളവില്‍ വന്‍പ്രഹരശേഷിയുള്ള 22 ഭ്രംശമേഖലകളുണ്ടെന്ന് പ്രമുഖ സീസ്‌മോളജിസ്റ്റ് ഹര്‍ഷ് കെ. ഗുപ്ത കണ്ടെത്തിയിട്ടുണ്ട്.
റിക്ടര്‍ സ്‌കെയിലില്‍ ആറിനു മുകളില്‍ ഒരു ഭൂചലനമുണ്ടായാല്‍ അണക്കെട്ടു തകര്‍ന്നടിയുമെന്ന് റൂര്‍ക്കി ഐഐറ്റിയുടെ പഠനത്തില്‍ തെളിഞ്ഞതാണ്. ഏറ്റവും അപകടകാരിയായ തേക്കടി - കൊടൈക്കനാല്‍ ഭ്രംശമേഖല മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍നിന്ന് 16 കിലോമീറ്റര്‍ മാത്രം അകലെയാണന്നതും ആശങ്ക വര്‍ദ്ധിപ്പിക്കുന്നുണ്ട്.
1995 ല്‍ അഡ്വക്കറ്റായി എന്റോള്‍ ചെയ്ത താങ്കള്‍ അഭിഭാഷകവൃത്തിയില്‍ കാല്‍നൂറ്റാണ്ടു പിന്നിട്ടുകഴിഞ്ഞു. കമ്പനികളുടെയും ബാങ്കുകളുടെയും കേസുകള്‍ സമര്‍ത്ഥമായി വാദിച്ചു ജയിച്ച് പ്രശസ്തനായ ഒരു വക്കീലായി പേരു സമ്പാദിക്കാനും താങ്കള്‍ക്കായി. അഭിഭാഷകന്റെ കുപ്പായം താങ്കള്‍ക്കു സംതൃപ്തി നല്കുന്നുണ്ടോ? ഏറ്റവുമൊടുവില്‍ മുല്ലപ്പെരിയാര്‍ വിഷയവുമായി ബന്ധപ്പെട്ടതിന്റെ പശ്ചാത്തലവും വിവരിക്കാമോ?
~ഒരു കോര്‍പ്പറേറ്റ് ജയന്റ് ആകണമെന്നാഗ്രഹിച്ച ഞാന്‍ ഒരു വക്കീലായതു ദൈവനിശ്ചയമല്ലാതെ മറ്റെന്താണ്? കഠിനമായ ജീവിതാനുഭവങ്ങളിലൂടെ അവിടുന്ന് എന്നെ രൂപപ്പെടുത്തുകയായിരുന്നു. എല്ലാ ആശ്രയവും നഷ്ടപ്പെട്ടപ്പോഴാണ് ഞാന്‍ ദൈവത്തിങ്കലേക്കു തിരിഞ്ഞത്. അവിടുന്നില്‍ ആശ്രയിക്കുന്നവര്‍ ഒരുനാളും ഭഗ്നാശരാവുകയില്ലെന്ന് എനിക്ക് ഉറച്ച ബോധ്യമുണ്ടായിരുന്നു. നാലര വയസ്സില്‍ പിതാവിനെ നഷ്ടപ്പെട്ട എന്നെ വളര്‍ത്തിയതും പഠിപ്പിച്ചതും കഠിനാധ്വാനിയായ എന്റെ അമ്മയാണ്. കെ.എസ്.എഫ്.ഇ. യില്‍നിന്നും സ്വകാര്യസ്ഥാപനങ്ങളില്‍നിന്നും കടമെടുത്ത് ഒരു ഓയില്‍ ആന്റ് ഫ്‌ളവര്‍ മില്‍ തുടങ്ങി. ലാഭം വര്‍ധിച്ചപ്പോള്‍ അഹങ്കാരവും വളര്‍ന്നു. വ്യവസായം തകര്‍ച്ചയിലാകാന്‍ അധികകാലം വേണ്ടിവന്നില്ല. ഇതിനിടയില്‍ ഉഡുപ്പിയിലെ വിബിസി ലോ കോളജില്‍നിന്ന് വക്കീല്‍ പഠനം പൂര്‍ത്തിയാക്കി 1995 ല്‍ അഡ്വക്കേറ്റായി എന്റോള്‍ ചെയ്തു.
ഒരു തുടക്കക്കാരന്‍ എന്ന നിലയില്‍ ആദ്യമൊന്നും വക്കാലത്തുകള്‍ കിട്ടിയില്ലെങ്കിലും സാവധാനം കേസുകള്‍ വന്നുതുടങ്ങി. ഐസിഡിഎസ്, മണിപ്പാല്‍ ഫിനാന്‍സ്, മഹാരാഷ്ട്ര അപ്പക്‌സ് കോര്‍പ്പറേഷന്‍, സിന്‍ഡിക്കേറ്റ് ബാങ്ക് തുടങ്ങിയ സ്ഥാപനങ്ങളുടെ ലീഗല്‍ അഡൈ്വസറായി നിയമിതനായത് എന്റെ ആത്മവിശ്വാസം വര്‍ധിപ്പിച്ചു. ഏകദേശം 500 കോടിയിലധികം രൂപയുടെ റിക്കവറിക്കുവേണ്ടിയുള്ള കേസുകളില്‍ വിജയിക്കാന്‍ കഴിഞ്ഞു. മറ്റു കേസുകള്‍ക്കൂടി ലഭ്യമായതോടെ പ്രതിഫലവും ഇരട്ടിച്ചു. വായ്പകള്‍ തിരിച്ചടച്ചശേഷം വീടിന്റെയും പറമ്പിന്റെയും ആധാരവുമായി വീട്ടിലെത്തുമ്പോള്‍ അമ്മയുടെ മുഖത്തു വിരിഞ്ഞ സന്തോഷം വിവരണാതീതമായിരുന്നു. വക്കീല്‍ പഠനത്തിനായി എന്നെ യാത്രയാക്കുമ്പോള്‍ അമ്മയില്‍നിന്നു ഞാന്‍ കേട്ട ഒരു വാചകം എന്റെ മനസ്സില്‍ ഇപ്പോഴും മായാതെ കിടക്കുന്നുണ്ട്: ''കാന്‍സര്‍ രോഗത്തെ ചികിത്സിക്കാന്‍ ഒരു ഡോക്ടര്‍ക്കു കഴിയുമായിരിക്കും. എന്നാല്‍, അഴിമതി, കൈക്കൂലി, സ്വകാര്യപക്ഷപാതം തുടങ്ങിയ സാമൂഹികതിന്മകള്‍ തുടച്ചുനീക്കാന്‍ ഒരു വക്കീലിനേ കഴിയൂ.'' അമ്മയുടെ നിരന്തരമായ പ്രാര്‍ത്ഥനകളാണ് എന്നെ ഇന്നത്തെ നിലയിലെത്തിച്ചതെന്നാണ് എന്റെ ഉത്തമവിശ്വാസം.
വക്കീലായി ഏതാനും വര്‍ഷങ്ങള്‍ക്കുശേഷമാണ് സുപ്രീംകോടതി ജഡ്ജിയായിരുന്ന അന്തരിച്ച വി.ആര്‍. കൃഷ്ണയ്യരെ പരിചയപ്പെടുന്നത്. ഭിന്നശേഷിക്കാരുടെയും നിരാലംബരുടെയും പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെയും അവകാശങ്ങള്‍ക്കുവേണ്ടി പോരാടുന്ന ഉള്‍ക്കാഴ്ച അദ്ദേഹമാണ് എനിക്കു നല്കിയത്. അവരുടെ സംഘടനകള്‍ക്കുവേണ്ടി അദ്ദേഹം തയ്യാറാക്കിയ ഒരു നിയമപുസ്തകം എനിക്കു സമ്മാനമായി നല്കുകയും ചെയ്തു. കൃഷ്ണയ്യര്‍ സാറിന്റെ ജൂണിയര്‍മാരില്‍ ഒരാളായി പ്രാക്ടീസ് ചെയ്യാന്‍ കഴിഞ്ഞതും ദൈവനിയോഗമെന്നേ പറയേണ്ടൂ. പ്രലോഭനങ്ങളെ അതിജീവിക്കാന്‍ കരുത്തുള്ള ഒരു മനസ്സും നിര്‍ഭയത്വവും അനിവാര്യമാണെന്ന് ഉപദേശിച്ചത് അദ്ദേഹമാണ്. ആര്‍ട്ടിക്കിള്‍ 32 പ്രകാരം തമിഴ്‌നാടിനെതിരേ കേസ് കൊടുക്കണമെന്ന് എന്നോട് ഉപദേശിച്ചതും കൃഷ്ണയ്യര്‍ സാറാണ്. പെരിയാറിന്റെ പോഷകനദികളായ പെരിയാറിനെയും മുല്ലപ്പെരിയാറിനെയും തടഞ്ഞുനിര്‍ത്തി പിറകോട്ടൊഴുക്കി മറ്റൊരു സംസ്ഥാനത്തേക്കു തിരിച്ചുവിട്ടത് അന്താരാഷ്ട്രചട്ടങ്ങളുടെ നഗ്നമായ ലംഘനമണെന്ന് അദ്ദേഹം സമര്‍ത്ഥിച്ചു. എന്നാല്‍, അണക്കെട്ട് ഡീ കമ്മീഷന്‍ ചെയ്യമെന്നാവശ്യത്തിന് ആര്‍ട്ടിക്കിള്‍ 32 നെക്കുറിച്ച് അദ്ദേഹം പറഞ്ഞുതന്ന അറിവുമാത്രം പോരായിരുന്നു. നമ്മുടെ ലക്ഷ്യത്തിലെത്തണമെങ്കില്‍ കൂടുതല്‍ ആഴമേറിയ പഠനം ആവശ്യമായിരുന്നു. ശാസ്ത്രീയവും ആധുനികവുമായ അറിവു നേടിയതിനുശേഷമായിരുന്നു 2017 ല്‍ സുപ്രീംകോടതിയില്‍ കേസുകൊടുത്തത്. കേന്ദ്രസര്‍ക്കാരിനെയും അതിനെ പ്രതിനിധീകരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ഒന്നാം എതിര്‍കക്ഷിയായി ചേര്‍ത്തതും ആ കേസിലാണ്.
ഇതിനിടെ, എന്റെ ഹര്‍ജിയിന്മേലുള്ള വാദത്തിനു തടയിടാന്‍ തമിഴ്‌നാട് റിട്ടയേര്‍ഡ് എന്‍ജിനീയേഴ്‌സ് അസോസിയേഷന്‍ ഇന്റര്‍വീനിങ് പെറ്റീഷന്‍ സമര്‍പ്പിച്ചു കഴിഞ്ഞു. നമ്മെ സംബന്ധിച്ച്, ഇത്രയും അനുകൂലമായ ഒരവസരം ഇനിയും ഉണ്ടാകണമെന്നില്ല. സംസ്ഥാനസര്‍ക്കാരും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളും സന്നദ്ധസംഘടനകളും വ്യക്തികളും ഇന്റര്‍വീനിങ് പെറ്റീഷനുകള്‍ സമര്‍പ്പിച്ച് എന്റെ ഉദ്യമങ്ങളെ പിന്തുണയ്ക്കണമെന്നാണ് അഭ്യര്‍ത്ഥിക്കാനുള്ളത്. അന്താരാഷ്ട്രവിദഗ്ധര്‍ ഡാം പരിശോധിച്ച് ഡീകമ്മീഷന്‍ തീയതി നിശ്ചയിക്കണമെന്നും സംസ്ഥാനസര്‍ക്കാരും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളും സന്നദ്ധസംഘടനകളും വ്യക്തികളും പൂര്‍ണമായും അനുകൂലിക്കുന്നുവെന്നും പരിശോധനയ്ക്കാവശ്യമായ എല്ലാ ചെലവുകളും വഹിക്കാന്‍ തയ്യാറാണെന്നും അടിയന്തരപ്രാധാന്യത്തോടെ കേസ് പരിഗണിക്കണമെന്നും സുപ്രീംകോടതിയോട് അപേക്ഷിക്കണം.
കേരളമക്കള്‍ ആരുടെയും അടിമകളാകാന്‍ ഇഷ്ടപ്പെടുന്നവരല്ലെന്നു ചരിത്രംതന്നെ സാക്ഷിയാണ്. സ്വാതന്ത്ര്യത്തിന്റെയും സമാധാനത്തിന്റെയും ഒരു പുത്തന്‍ പുലരിയിലേക്കാണ് ഇനി ഉയിര്‍ത്തെഴുന്നേല്‌ക്കേണ്ടത്. മുല്ലപ്പെരിയാര്‍ അണക്കെട്ട് അടിയന്തരമായി ഡീകമ്മീഷന്‍ ചെയ്യണമെന്ന് ആവശ്യത്തില്‍നിന്നു പിറകോട്ടില്ല.
ഇതിനിടെ, അണക്കെട്ടിന്റെ സുരക്ഷാപരിശോധകള്‍ക്ക് അനുമതി തേടി കേന്ദ്ര ജലക്കമ്മീഷന്‍ സുപ്രീം കോടതിയില്‍ അപേക്ഷ നല്‍കിയിരിക്കുകയാണ്. 2010-12 ലാണ് ഏറ്റവും ഒടുവില്‍ സുരക്ഷാപരിശോധന നടത്തിയതെന്ന് ജലകമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. സുരക്ഷാപരിശോധന നടത്തണമെന്ന കേന്ദ്രജലക്കമ്മീഷന്റെ നിര്‍ദേശം നമ്മുടെ സംസ്ഥാനത്തിന്റെ സുവര്‍ണനേട്ടമാണ്. ഡാം എന്‍ജിനീയറിംങ്ങില്‍ വൈദഗ്ധ്യം നേടിയിട്ടുള്ള അന്താരാഷ്ട്രവിദഗ്ധര്‍ അണക്കെട്ടു പരിശോധിക്കണമെന്ന വര്‍ഷങ്ങളായുള്ള എന്റെ ആവശ്യമാണിപ്പോള്‍ ഫലപ്രാപ്തിയിലെത്തുന്നത്. റിലയബിലിറ്റി സയന്റിസ്റ്റുകളെക്കൂടി പരിശോധനയ്‌ക്കെത്തിക്കാനായാല്‍ അണക്കെട്ട് ഡി കമ്മീഷന്‍ ചെയ്യണമെന്ന നമ്മുടെ ചിരകാലസ്വപ്നവും യാഥാര്‍ത്ഥ്യമാകും.