മൂന്നാം ലോകമഹായുദ്ധം എന്നാണ് ആഗോളസാമ്പത്തികവിദഗ്ധരും സാമൂഹികശാസ്ത്രജ്ഞരും കോവിഡ് -19 നെ വിശേഷിപ്പിച്ചത്. ആ മഹാമാരി രാജ്യ-ഭൂഖണ്ഡ-വംശ-വര്‍ഗ-ഭാഷാഭേദമെന്യേ ലോകസാമ്പത്തികക്രമത്തിലും സാമൂഹികജീവിതത്തിലും സൃഷ്ടിച്ച സ്തംഭനാവസ്ഥയും പലവിധ ആശങ്കകളും കണക്കിലെടുക്കുമ്പോള്‍ പ്രസ്തുത വിലയിരുത്തല്‍ അക്ഷരംപ്രതി വസ്തുതാപരമെന്നു പറയേണ്ടിവരും. മനുഷ്യര്‍ ഉള്ളിടത്തെല്ലാം കോവിഡിന്റെ സാന്നിധ്യമോ കോവിഡ് ഉയര്‍ത്തുന്ന ഭീതിയെത്തുടര്‍ന്നുള്ള നിയന്ത്രണങ്ങളോ ഉണ്ട്. കോവിഡ് പ്രത്യക്ഷമായോ പരോക്ഷമായോ സര്‍വവ്യാപിയായിക്കഴിഞ്ഞു എന്നു സാരം. ഇതുപോലൊരു മഹാമാരി നൂറ്റാണ്ടു പിറകിലേക്കു ചരിത്രം പരതിയാല്‍പ്പോലും കണെ്ടത്താന്‍ കഴിഞ്ഞെന്നു വരില്ല. പതിനായിരക്കണക്കിനു മനുഷ്യജീവന്‍ കവര്‍ന്ന മഹാമാരികള്‍ മുമ്പും ഉണ്ടായിട്ടുണെ്ടങ്കിലും അവയൊക്കെ ഒരു രാജ്യത്തോ ഏതാനും രാജ്യങ്ങളിലോ അതുമല്ലെങ്കില്‍ ഒന്നോ രണേ്ടാ ഭൂഖണ്ഡങ്ങളില്‍ മാത്രമോ ഒതുങ്ങിനിന്നവയായിരുന്നു.
ആ നിലയില്‍ ചിന്തിക്കുമ്പോള്‍ ഒന്നും രണ്ടും ലോകമഹായുദ്ധങ്ങള്‍ സൃഷ്ടിച്ചതിനേക്കാള്‍ ഗൗരവതരആഘാതമാകും കോവിഡ്മൂലം ഉണ്ടാകാന്‍ പോകുന്നത്. അതിന്റെ യഥാര്‍ത്ഥചിത്രം ഏതാനും മാസങ്ങള്‍കൂടി കഴിഞ്ഞാവും പൂര്‍ണതോതില്‍ വെളിപ്പെടുക. ആഗോളതൊഴില്‍ മേഖലയില്‍ അതിന്റെ അനുരണനങ്ങള്‍ ഇപ്പോള്‍ത്തന്നെ പ്രകടമായിക്കഴിഞ്ഞു. കഴിഞ്ഞ ആറു മാസത്തിലേറെയായി ആഗോളഉത്പാദനരംഗവും ടൂറിസമുള്‍പ്പെടെയുള്ള ഇതര ബിസിനസ് മേഖലകളും സ്തംഭനാവസ്ഥയിലാണ്. ആഗോളഭീമന്മാരായ കമ്പനികള്‍ക്കുപോലും ജീവനക്കാരുടെ എണ്ണം ഗണ്യമായി കുറയ്‌ക്കേണ്ടിവന്നു. ഈ പ്രവണത കോവിഡാന്ത്യം വരെ തുടരും. കോവിഡ് പൂര്‍ണമായും പിന്‍വാങ്ങിയാല്‍പ്പോലും, ഏതാനും വര്‍ഷങ്ങള്‍തന്നെ വേണ്ടിവന്നേക്കാം പഴയപടി കാര്യങ്ങള്‍ പുരോഗതി കൈവരിക്കാന്‍. ലോകത്ത് എവിടെ, ഏതുതരം പ്രതിസന്ധി ഉണ്ടായാലും അത് ആദ്യവും ഏറ്റവും കൂടിയ അളവിലും ബാധിക്കുന്ന സമൂഹം കേരളമാണ്. സപ്തഭൂഖണ്ഡങ്ങളിലും മലയാളി സാന്നിധ്യമുണ്ട് എന്നതു തന്നെ കാരണം. ആഗോളതൊഴില്‍ മേഖലയില്‍ ഉടലെടുക്കുന്ന സുരക്ഷിതത്വമില്ലായ്മ ഏറ്റവും കൂടുതല്‍ ബാധിക്കാന്‍ പോകുന്നതും നമ്മെത്തന്നെ ആയിരിക്കും. അത്തരം അശുഭവാര്‍ത്തകള്‍ ഗള്‍ഫ് സെക്ടറില്‍നിന്നും എത്തിക്കഴിഞ്ഞു.
സ്വദേശിവത്കരണം എന്ന ലേബലിലാണു കാര്യങ്ങള്‍ എന്നു മാത്രം. അടുത്ത മൂന്നു മാസത്തിനകം 10 ലക്ഷം വിദേശികളെ തൊഴില്‍മേഖലയില്‍നിന്നും ഒഴിവാക്കും എന്നാണു കുവൈത്ത് പ്രഖ്യാപിച്ചിരിക്കുന്നത്. കുവൈത്തിലെ ഏറ്റവും വലിയ പ്രവാസിസമൂഹം ഇന്ത്യക്കാരാണ്. 10 ലക്ഷത്തോളം ഇന്ത്യക്കാര്‍ അവിടെ തൊഴിലെടുക്കുന്നു. അതില്‍ ഗണ്യമായ സംഖ്യ മലയാളികളും. പ്രവാസികളെ സംബന്ധിച്ച തൊഴില്‍വ്യവസ്ഥകള്‍ കുടുതല്‍ കര്‍ക്കശമാക്കും എന്നു തന്നെയാണു കുവൈത്ത് വ്യക്തമാക്കുന്നത്. കോവിഡ് അതിനു വേഗം പകരുകതന്നെ ചെയ്യും. ഇതേനിലയില്‍ പ്രതികരിച്ചുകഴിഞ്ഞ മറ്റൊരു രാജ്യം ഒമാനാണ്. അടുത്ത മൂന്നു വര്‍ഷത്തിനകം ഫിഷറീസ്, ഖനനമേഖലയില്‍ 35 ശതമാനമായി സ്വദേശിപ്രാതിനിധ്യം ഉയര്‍ത്തും എന്നാണ് അവര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള പ്രവാസിസമൂഹം കയ്യടക്കിയിരുന്ന ഹോം ഡെലിവറി മേഖല പൂര്‍ണമായും സ്വദേശവത്കരിക്കാന്‍ തീരുമാനിച്ചതിനു പിന്നാലെയാണ് ഒമാന്റെ പുതിയ പ്രഖ്യാപനം. സൗദി ഉള്‍പ്പെടെയുള്ള മറ്റു ഗള്‍ഫുരാജ്യങ്ങളും ഇതേ വഴിക്കു നീങ്ങിയേക്കാം എന്ന സൂചനകളുണ്ട്. അങ്ങനെയെങ്കില്‍ ലക്ഷക്കണക്കിനു പ്രവാസിമലയാളികള്‍ക്കാവും വിദൂരമല്ലാത്ത ഭാവിയില്‍ തൊഴില്‍ നഷ്ടമാവുക. തുടര്‍ച്ചയായ രണ്ടു പ്രളയവും രണ്ടു മഹാമാരിയും നേരിട്ടു ഗുരുതരസാമ്പത്തികപ്രതിസന്ധിയിലൂടെ നീങ്ങുന്ന കേരളത്തിന്റെ സമ്പദ്ഘടനയ്ക്ക് അപരിഹാര്യനഷ്ടമാകും അതുവഴി ഉണ്ടാവുക.
ഇവ്വിധമുള്ള ആശങ്കകള്‍ക്കിടയിലും പ്രതീക്ഷ പകരുന്ന ഏതാനും വാര്‍ത്തകളും ഉണ്ട്. കോവിഡ് അനുഭവത്തിന്റെ പശ്ചാത്തലത്തില്‍ യൂറോപ്പിലെയും അമേരിക്കയിലെയും ഗള്‍ഫ് മേഖലയിലെയും വികസിത ഏഷ്യന്‍ രാജ്യങ്ങളിലെയും ആരോഗ്യരംഗം വിപുലീകരിക്കപ്പെടും എന്നതാണത്. അതുവഴി സൃഷ്ടിക്കപ്പെടുന്ന തൊഴിലവസരങ്ങള്‍ കേരളത്തിന് അനുഗ്രഹമാകും. ടൂറിസം, ഐ.ടി. ഉള്‍പ്പെടെയുള്ള മേഖലകളിലും സമാനമാറ്റങ്ങള്‍ പ്രതീക്ഷിക്കാം.
ആശങ്കയുടെ മുള്‍മുനയില്‍ ലോകം നില്‍ക്കുന്ന ഈ അവസരത്തിലും പ്രപഞ്ചസത്യമായി മാറിയ ആ വാചകത്തില്‍ നമുക്കു വിശ്വാസമര്‍പ്പിക്കാം: 'മാറ്റമില്ലാത്തതു മാറ്റത്തിനു മാത്രം.' ഒപ്പം ഒരു കവിവാചകവും ഓര്‍മ്മിക്കാം: 'ഈ അവസ്ഥയും കടന്നുപോം, വന്നപോല്‍.'