തലമുറകള്‍ക്കായി ഒരുപിടി നിത്യഹരിതഗാനങ്ങള്‍ ബാക്കിവച്ച് ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്‌കര്‍ യാത്രയായി. 92 വര്‍ഷത്തെ തന്റെ ജീവിതം, സംഗീതത്തിനും അഭിനയത്തിനും സിനിമയ്ക്കുംവേണ്ടി മാത്രം മാറ്റിവച്ച്, ആ ഏകാന്തപഥിക ആചരിച്ച സംഗീതസപര്യ അദ്ഭുതകരമെന്നേ പറയേണ്ടൂ! വിവിധങ്ങളായ അനവധി ഭാഷകളിലെ ഗാനങ്ങള്‍, എത്രയെത്ര പതിനായിരങ്ങള്‍! ഓരോ പാട്ടിനും അവര്‍ എടുത്ത സമയവും അധ്വാനവും കൂട്ടിനോക്കിയാല്‍ ആ സാധ്വിക്കു സ്വച്ഛമായി ജീവിക്കാന്‍ അധികസമയം ലഭിച്ചിട്ടുണ്ടാവുമോ? ആ സുവര്‍ണ സ്വനതന്തികളില്‍നിന്നൊഴുകിയ സംഗീതമധുരം ഇനി നമ്മുടെ സ്വപ്നങ്ങളില്‍ മാത്രം!
കൊവിഡിന്റെ പിടിയിലകപ്പെട്ട്, മുംബൈയിലെ ഒരു സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഇക്കഴിഞ്ഞ ആറാം തീയതി മുംബൈയിലെ ശിവാജി പാര്‍ക്കില്‍ സിനിമാ-രാഷ്ട്രീയ-സാംസ്‌കാരിക-കായിക-സംഗീതമേഖലകളിലെ പ്രമുഖരുടെ സാന്നിധ്യത്തില്‍ എരിഞ്ഞടങ്ങി ആ സംഗീത ഇതിഹാസം!
1929 സെപ്തംബര്‍ 28 ന് മധ്യപ്രദേശിലെ ഇന്‍ഡോറില്‍ സംഗീതജ്ഞന്‍ ദീനനാഥ് മങ്കേഷ്‌കറുടെയും, ഷേവന്തിയുടെയും മൂത്തമകളായി ജനനം. ആശാ ഭോസ്ലേ, ഉമാ മങ്കേഷ്‌കര്‍, മീനാ മങ്കേഷ്‌കര്‍, ഹൃദയനാഥ് മങ്കേഷ്‌കര്‍ എന്നിവര്‍ സഹോദരങ്ങള്‍. എല്ലാവരും സംഗീതവഴിയില്‍ പ്രമുഖര്‍. ദീനനാഥ് മങ്കേഷ്‌കറുടെ മരണശേഷം 13-ാം വയസ്സില്‍ കുടുംബത്തോടൊപ്പം ബോംബെയിലേക്കു താമസം മാറ്റുന്നതോടെ ലതാജി ഇന്ത്യന്‍ സംഗീതത്തിന്റെയും ചലച്ചിത്രത്തിന്റെയും ഭാഗമാവുകയായിരുന്നു.
ആദ്യകാലംമുതലേ ജീവിതത്തില്‍ ധാരാളം തടസ്സങ്ങളും പ്രതിസന്ധിഘട്ടങ്ങളും നേരിടേണ്ടിവന്നിരുന്നു. എന്തുതന്നെയായാലും മനസ്സു മടുക്കാതെ മുന്നോട്ടു നീങ്ങാന്‍ ബാല്യത്തില്‍ത്തന്നെ ധൈര്യമുണ്ടായിരുന്നു ലതയ്ക്ക്. 1942 ല്‍ 13-ാം വയസ്സില്‍ ആദ്യമായി പാടിയ മറാഠി ചലച്ചിത്രഗാനം, 'നാചുയാഗഡേഖേലു' ദൗര്‍ഭാഗ്യവശാല്‍ പുറത്തിറങ്ങിയില്ല. കാരണം, സെന്‍സര്‍ ബോര്‍ഡിന്റെ കത്രിക ആ ഗാനഭാഗത്തെ ഛേദിച്ചുകളഞ്ഞു. അന്ധവിശ്വാസം കൊടികുത്തി വാഴുന്ന വടക്കേ ഇന്ത്യന്‍ ലോബിക്ക് ആ ഒരൊറ്റക്കാരണം മതി കലാരംഗത്തുനിന്ന് ഒരു വ്യക്തിയെ തുടച്ചുമാറ്റാന്‍. പക്ഷേ, ആ ഗാനം ആര്‍ക്കും കേള്‍ക്കാന്‍ കഴിയാഞ്ഞതിനാല്‍ വലിയ പരസ്യം ലഭിക്കാതെ ഒഴിഞ്ഞുപോയി. മാത്രമല്ല, പിന്നീട് ഇറങ്ങിയ ഗാനങ്ങള്‍ തുടരെത്തുടരെ ആസ്വാദകരെ വശീകരിച്ചുകൊണ്ടിരുന്നു. 'മാതാ ഈ സബുത് കീ ദുനിയാ' എന്ന ഗാനമാണ് ആദ്യത്തെ ചലച്ചിത്രഗാനമെന്നു കരുതുന്നു. ചലച്ചിത്രഗാനങ്ങളാണ് തന്റെ വഴിയെന്ന് ഇളം പ്രായത്തിലേ ലതാജി തീരുമാനിച്ചിരുന്നു. അവിടംമുതല്‍ പിന്നീട് ഒന്നാം സ്ഥാനമെന്നത് ആര്‍ക്കും വിട്ടുകൊടുത്തില്ല.
1966 ല്‍ മമതാ എന്ന ചിത്രത്തില്‍ പാടിയ ഒരു ഗാനം ഏറെ അര്‍ത്ഥവത്തായി സ്വന്തം ജീവിതത്തില്‍ തിളങ്ങി. ഗാനമിതാണ്.
''രഹേ നാ രഹേ ഹം മഹ്കാ കരേംഗേ ബന്‍കേ കലി.'' ജീവിച്ചിരുന്നാലും ഇല്ലെങ്കിലും ഒരു പൂച്ചെണ്ടായും പൂന്തെന്നലായും ഞാന്‍ സുഗന്ധം പൊഴിച്ചുകൊണ്ടിരിക്കും എന്നര്‍ത്ഥം വരുന്ന ഗാനം! 2019 മാര്‍ച്ച് 30 ന് പാടിയ ''സുഗന്ധ് മുജെ ഇസ് മിട്ടികി'' (രചന - മയൂരേഷ് പൈ) എന്ന ഗാനംവരെ എണ്ണമെത്രയെന്നു വ്യക്തമായ കണക്കില്ല. പല മാധ്യമങ്ങളും പല കണക്കാണു പറയുന്നത്. അതിനി ആവര്‍ത്തിക്കുന്നില്ല.
1962 ല്‍ ഇന്ത്യാ-ചൈന യുദ്ധകാലത്ത് ലത ആലപിച്ച 'യേ മേരി വദന്‍ കേ ലോകോം' എന്ന ഗാനം ഇന്ത്യന്‍ മനസ്സുകളിലെ തീ അണച്ചിരുന്നു എന്നത് ഒരു സത്യമായിരുന്നു. അനേകം വിദേശരാജ്യങ്ങളില്‍ പലതവണ പ്രോഗ്രാം അവതരിപ്പിക്കുമ്പോഴും ഭാഷയ്ക്കതീതമായി ആ രാജ്യത്തെ ജനങ്ങളുടെ ഹര്‍ഷാരവം കേട്ട് ലതാജി അദ്ഭുതപ്പെട്ടിട്ടുണ്ട്. സംഗീതത്തിനു ഭാഷയില്ല എന്ന സത്യം ലതാജി തെളിയിച്ചു. ഹിന്ദിയോ മറ്റ് ഇന്ത്യന്‍ ഭാഷകളോ കേട്ടിട്ടുപോലുമില്ലാത്ത രാജ്യത്ത് തന്റെ ഗാനങ്ങള്‍ കേട്ട് ഹരംകൊള്ളുന്ന സദസ്സിനെക്കണ്ട് അവര്‍ നന്ദിപൂര്‍വ്വം നമസ്‌കരിച്ചുനിന്നിട്ടുണ്ട്. ഒരിക്കല്‍ ട്രിനിഡാഡിലെ പ്രൗഢമായ ഒരു സദസ്സില്‍ ഗാനം പാടിക്കഴിഞ്ഞപ്പോള്‍ സദസ്സ് ഒന്നാകെ എഴുന്നേറ്റ് ഉറക്കെ വിളിച്ചു പറഞ്ഞു: ''അല്‍വിദാ-അല്‍വിദാ.'' ലതയ്ക്ക് ഒന്നും മനസ്സിലായില്ല. തെക്കേ അമേരിക്കയിലെ ജോര്‍ജ് ടൗണില്‍ ലതയുടെ പ്രോഗ്രാം നടക്കുന്ന ദിവസം അവിടെ പൊതു അവധി പ്രഖ്യാപിച്ചു ഗവണ്‍മെന്റ്; ഇന്ത്യക്കാര്‍ക്ക് അതു വിശ്വസിക്കാന്‍ കഴിഞ്ഞില്ല. ടിമേറി അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് 40 കിലോമീറ്റര്‍ ദൂരമുണ്ട് ജോര്‍ജ് ടൗണിലേക്ക്. വഴിയിലുടനീളം ലതയ്ക്ക് അകമ്പടിയായി കാറുകളുടെ പെരുംഘോഷയയാത്ര.
ഏറ്റവും മുന്നിലെ കാറില്‍ ഒരു പെണ്ണും ആണും ഇരുന്ന് എന്തൊക്കെയോ വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു (ലതയുടെ പ്രകീര്‍ത്തനങ്ങളാവാം). ഗയാന എന്ന സ്ഥലത്തെത്തിയപ്പോള്‍ ആള്‍ക്കാര്‍ ലതാ - ലതാ എന്ന് ആര്‍ത്തുവിളിച്ചുകൊണ്ടിരുന്നു. നഗരസഭയുടെ ഔദ്യോഗികവരവേല്പായിരുന്നു. സ്ഥലത്തെത്തിയപ്പോള്‍ ഏറെ അദ്ഭുതകരം! അതാ ലതയുടെ ഗുനാമിലെ പ്രശസ്തഗാനം ബാന്റിലൂടെ മുഴങ്ങുന്നു! 'ഗുംനോം ഹെ കൊയി ബദ്‌നാംഹെ കൊയി.' ഒരിന്ത്യന്‍ ഗായികയ്ക്ക് ലഭിച്ച സ്വീകരണം! സംഗീതത്തിന്റെ മഹത്ത്വം!
ഭാരതത്തില്‍ ലഭിക്കാവുന്ന പരമോന്നത ബഹുമതികള്‍ എല്ലാംതന്നെ ലതാജിക്കു ലഭിച്ചിട്ടുണ്ട്. ദാദാ സാഹെബ് ഫാല്‍ക്കെ അവാര്‍ഡ്, ഭാരതരത്‌ന, പത്മവിഭൂഷണ്‍, പത്മഭൂഷണ്‍, ഫ്രഞ്ചു സര്‍ക്കാരിന്റെ പരമോന്നത ബഹുമതി റീജിയന്‍ ഓഫ് ഓണര്‍, ദേശീയ ബഹുമതി മൂന്നു പ്രാവശ്യം, മറ്റു പ്രാദേശികബഹുമതികള്‍!
അന്യഭാഷയെ നോവിക്കാത്ത ലതാജിയുടെ ഒരു സംഭവകഥകൂടിപ്പറഞ്ഞ് ഈ ലേഖനം ചുരുക്കാം. 1964 ല്‍ സംവിധായകന്‍ രാമു കാര്യാട്ടും നിര്‍മ്മാതാവ് കണ്‍മണി ബാബുവും ചേര്‍ന്ന് തകഴിയുടെ ചെമ്മീന്‍ സിനിമയാക്കാന്‍ തീരുമാനിച്ചു. ഏറെ പുതുമകള്‍ ആഗ്രഹിച്ച അവര്‍ സംഗീതസംവിധായകന്‍ സലില്‍ ചൗധരിയെയും ലതാജിയെയും മന്നാഡെയെയും അവതരിപ്പിക്കാന്‍ തീരുമാനിച്ചു. വയലാറെഴുതിയ ഗാനം, 'കടലിനക്കരെപ്പോണോരെ', യേശുദാസിനെക്കൊണ്ടു ശുദ്ധമലയാളത്തില്‍ റെക്കോര്‍ഡു ചെയ്ത് (ട്രാക്കു പാടിക്കുക എന്നു പറയും) ലതാജിക്കു കൊടുത്തു; ബോംബെ സ്റ്റുഡിയോയില്‍ റെക്കോര്‍ഡു ചെയ്യാന്‍ റിഹേഴ്‌സലും ആരംഭിച്ചു. വയലാര്‍ രാമവര്‍മതന്നെ ഗാനത്തിന്റെ അര്‍ത്ഥവും ഉച്ചാരണവും അനേകം തവണ പറഞ്ഞുകൊടുത്തു. 'പതിന്നാലാം രാവിലെ പാലാഴിത്തിരയിലെ' അവിടെയെത്തിയപ്പോള്‍ പാലാഴി ഒരു പ്രശ്‌നമായി. ലതാജിക്കു പാലാഷി എന്നേ വരൂ. പല തവണ മണിക്കൂറുകളോളം ആവര്‍ത്തിച്ചിട്ടും പാലാഷിതന്നെ! എന്തു ചെയ്യാം! വയലാറൊഴികെ മറ്റുള്ളവരെല്ലാം അങ്ങനെ പോരേ, സാരമില്ല എന്നായി. വയലാര്‍ പറഞ്ഞു: അതു ശരിയല്ല; മലയാളികളെ അങ്ങനെ പറ്റിക്കാന്‍ സാധ്യമല്ല. ആ തര്‍ക്കത്തിനു വിരാമമിട്ടുകൊണ്ട് ലതാജി പറഞ്ഞത്, 'മനോഹരമായ മലയാളഭാഷയെ വികലമാക്കാന്‍ ഞാനില്ല' എന്നാണ്. ഭൂരിപക്ഷം ഇന്ത്യന്‍ ഭാഷകളിലും പാടിയ ലതാജി നമ്മുടെ മലയാളത്തില്‍ ഒരു പാട്ടെങ്കിലും പാടിയില്ലെങ്കില്‍; അതൊരു സങ്കടമായിത്തീര്‍ന്നേനെ. പിന്നീടു നിര്‍മിച്ച നെല്ല് എന്ന ചിത്രത്തില്‍ 'കദളി ചെങ്കദളി' പാടിച്ച് രാമു കാര്യാട്ടും വയലാറും സംതൃപ്തരായി; കൂടെ മലയാളികളും!
ഇനി ലോകാന്ത്യംവരെ, ലതാജി പാടിയതുപോലെ, ഒരു പൂച്ചെണ്ടായും പൂന്തെന്നലായും സംഗീതപ്രേമികളെ എന്നെന്നും തഴുകിക്കൊണ്ടേയിരിക്കട്ടെ, ആ ഗാനങ്ങളും ഓര്‍മകളും!