പരിസ്ഥിതിസംരക്ഷണപ്രവര്ത്തനങ്ങളിലേര്പ്പെടാന്, നാടറിയുന്ന സംഭാവനകള്‍ നല്കാന്‍, അതിലൊരു വിജയമാകാന്‍ വിദ്യാഭ്യാസമോ, പണമോ, കഴിവോ, പ്രായമോ ഒന്നുംതന്നെ തടസ്സമല്ല എന്നു കേരളം ലോകത്തെ പഠിപ്പിച്ചത് കല്ലേന്‍ പൊക്കുടന്‍ എന്ന അതിസാധാരണക്കാരനായ - ഒരു കാലത്ത് മുഖ്യധാരയില്‍നിന്ന് അരികുകളിലേക്കു മാറ്റിനിര്‍ത്തപ്പെട്ട ദലിത് സമുദായത്തിലെ ഒരു കുടിയാന്‍വഴിയാണ്. കണ്ണൂര്‍ ജില്ലയിലെ ഏഴോം പഞ്ചായത്തിലെ എടക്കീല്‍തറയില്‍ അരിങ്ങളയന്‍ ഗോവിന്ദന്‍ പറോട്ടിയുടെയും കല്ലേന്‍ വെള്ളച്ചായയുടെയും മകനായി 1937 ല്‍ ജനിച്ച കല്ലേന്‍ പൊക്കുടന്‍ എന്ന കണ്ടല്‍ക്കാടുകളുടെ കൂട്ടുകാരനെക്കുറിച്ചാണ് പ്രതിപാദ്യം.
പൊക്കുടന്റെ ബാല്യവും കൗമാരവും അന്നത്തെ പുലയ സമുദായത്തിലെ ഏതൊരാളിനെപ്പോലെയും അവഗണനയുടെയും ഒറ്റപ്പെടലിന്റെയും ദാരിദ്ര്യത്തിന്റെയുമായിരുന്നു. അതുകൊണ്ടുതന്നെ രണ്ടാം ക്ലാസില്‍ പഠനമുപേക്ഷിച്ച് ജന്മിയുടെ പണിച്ചെക്കനായി മാറേണ്ടിവന്നു, പാവം പൊക്കുടന്. ദാരിദ്ര്യവും കഷ്ടപ്പാടും, ജാതിയുടെ പേരിലുള്ള വിവേചനവും ആ ക്ഷുഭിതയൗവനത്തെ പിന്നീട് കമ്യൂണിസ്റ്റുപ്രസ്ഥാനത്തിലെത്തിച്ചു. നിരവധി കര്‍ഷകസമരങ്ങളില്‍ പങ്കെടുത്ത് ജയില്‍വാസമനുഭവിച്ച പൊക്കുടന്‍ 1980 കളില്‍ പാര്‍ട്ടിയില്‍നിന്നകന്ന് സമുദായത്തോടടുത്തു.
1989 കളോടെയാണ് പൊക്കുടന്‍ കണ്ടല്‍ച്ചെടികളെ ഇത്രമാത്രം പ്രണയിച്ചുതുടങ്ങിയത്. അന്നദ്ദേഹത്തിന് വയസ്സ് 52. പുഴയോരങ്ങളിലും ചതുപ്പുനിലങ്ങളിലും ധാരാളം കണ്ടല്‍ച്ചെടികള്‍ നട്ടുപരിപാലിക്കാന്‍ തുടങ്ങി. അതിനുള്ള പ്രേരണ അദ്ദേഹത്തിന്റെ ഭാഷയില്‍ത്തന്നെ പറഞ്ഞാല്‍, ''പൊഴയിലെ മൊതയടിച്ച് ചിറ തകരാതിരിക്കാനും, കുട്ടികള്‍ സ്‌കൂളില്‍ പോകുമ്പോള്‍ കാറ്റീന്നു രക്ഷപ്പെടാനുമാണ് ഞാനിതു വച്ചുതുടങ്ങിയത്. ചെടികള്‍ വളര്‍ന്നു വന്നപ്പോള്‍, നല്ല കാഴ്ചയും...'' വയല്‍വരമ്പിലൂടെ നടന്നുവരുന്ന കുട്ടികളുടെ കുടയും പുസ്തകങ്ങളും മഴക്കാറ്റടിച്ചു നനയുന്നതും പറന്നുപോകുന്നതും പൊക്കുടന്റെ മനസ്സിനു വേദനയായി. അതോടൊപ്പം പെരുവെള്ളം ചിറ തകര്‍ത്ത് വയലിലെ 'ചാളകള്‍' തകര്‍ക്കുന്ന കാഴ്ചയും! പരിഹാരമായി പൊക്കുടന്‍ കണ്ടെത്തിയ മാര്‍ഗമാണ് കണ്ടല്‍ച്ചെടികള്‍ നട്ടുപിടിപ്പിക്കുക എന്നത്. പുഴത്തീരത്താദ്യം 300 വിത്തുകള്‍ നട്ടു. അതു ചെടിയായി നില്‍ക്കുന്ന കാഴ്ചയുടെ സൗന്ദര്യത്തെപ്പറ്റി പറഞ്ഞ് സ്‌കൂള്‍മാഷ്മാര് അഭിനന്ദിച്ചത് കൂടുതല്‍ പ്രചോദനമായി. പിന്നീട് അതിരാവിലെ എഴുന്നേറ്റു തൂക്കുപാത്രത്തില്‍ കഞ്ഞിയും കുടിവെള്ളവുമായി തന്റെ ചെറുവള്ളം തുഴഞ്ഞ് വിത്തുകള്‍ തേടിയുള്ള അലച്ചിലായി. കാറ്റും മഴയും വെയിലുമൊന്നും ആ ആവേശത്തെ കെടുത്തിയില്ല. ശേഖരിച്ചത് 6000 വിത്തുകള്‍. പിന്നീട് പുഴയോരങ്ങളിലും ചതുപ്പുകളിലും വിത്തുകളുടെ നടീല്‍, പരിപാലനം. സമനില തെറ്റിയെന്നു പറഞ്ഞു കളിയാക്കിവരാണധികവും. ഭൂമാഫിയകളും വികസനപ്രവര്‍ത്തകരും ശത്രുക്കളായി. ഫലമോ? നട്ട കണ്ടലുകള്‍ പലതും പിഴുതെറിയപ്പെട്ടു. കൂടെ ഭീഷണിയും. ഇത്തരക്കാരോടുള്ള പൊക്കുടന്റെ വിനയത്തോടെയുള്ള പ്രതികരണം 'കണ്ടല്‍ക്കാടുകള്‍ക്കിടയില്‍ എന്റെ ജീവിതം' എന്ന ആത്മകഥയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്: ''കണ്ടലിനെ ഞാനത്രയധികം സ്‌നേഹിക്കുന്നു. കുറെയൊക്കെ ഞാനതു നട്ടുപിടിപ്പിച്ചിട്ടുണ്ട്. പലരും അത് നശിപ്പിച്ചിട്ടുമുണ്ട്. എങ്കിലും, എനിക്കു നിരാശയില്ല. നശിപ്പിച്ചവരാണല്ലോ യഥാര്‍ത്ഥത്തില്‍ നിരാശപ്പെടേണ്ടത്.'' സര്‍വകലാശാലകളിലെ ഏതു ഡിഗ്രിയെയും തോല്പിക്കുന്ന രണ്ടാം ക്ലാസ്സുകാരന്റെ ഈ അനുഭവപാഠം വര്‍ത്തമാനകാലമാധ്യമപ്രവര്‍ത്തനത്തിന്റെ ആധാരശിലയായി മാറിയിരുന്നെങ്കില്‍!
പൊക്കുടനു കണ്ടലിനോടിത്ര സ്‌നേഹം വന്നത് അവ മാനവസമൂഹത്തിനു പകര്‍ന്നുതരുന്ന സേവനത്തിന്റെ പേരിലാെണന്നദ്ദേഹം പറയുന്നു. ഉപ്പുവെള്ളത്തെ ശുദ്ധീകരിക്കാനും കാറ്റിനെ തടയാനും തീരങ്ങളെ സംരക്ഷിക്കാനും ഈ കാടുകള്‍ വേണം. എണ്ണിയാലൊടുങ്ങാത്ത മത്സ്യയിനങ്ങള്‍ മുട്ടയിടുന്നതും പെരുകുന്നതും ഈ കാടുകള്‍ക്കിടയിലാണ്. ഇന്നുള്ള വികസനപ്രക്രിയകള്‍ ഈ രീതിയില്‍ തുടര്‍ന്നാല്‍ കുടിക്കാനുള്ള വെള്ളവും ഞണ്ടും ചെമ്മീനും എന്തിന് പുഴപോലും ഒരോര്‍മയാകും. എല്ലാ പച്ചപ്പും ഇല്ലാതാകുമ്പോള്‍ ചുഴറ്റിയടിക്കുന്ന ഒരു കാറ്റില്‍ നമുക്കെല്ലാം നഷ്ടപ്പെടും. നമുക്കെന്നാണിതൊക്കെ ബോധ്യമാകുക? പൊക്കുടന്റെ സങ്കടച്ചോദ്യം ഇപ്പോഴും അന്തരീക്ഷത്തില്‍ മുഴങ്ങുന്നു. ഇത്തരമൊരറിവില്‍നിന്നാകണം, കേരളത്തില്‍നിന്നു മാത്രമല്ല, മറ്റു രാജ്യങ്ങളില്‍നിന്നും വിദ്യാസമ്പന്നരായ ഗവേഷകരും ശാസ്ത്രജ്ഞരും ഈ മനുഷ്യനു മുന്നില്‍ ശിഷ്യരായിരുന്നുകൊടുത്തത്. സുനാമിപോലുള്ള വന്‍കൊടുങ്കാറ്റുകളെ പ്രതിരോധിക്കാനുള്ള ഉത്തമജൈവമാര്‍ഗമാണിതെന്ന് ശാസ്ത്രം ഉറപ്പു നല്‍കുന്നു. തീരപ്രദേശങ്ങളെ കടലെടുക്കാതെ - കരയെ കാക്കുന്ന കാവല്‍ക്കാരായി ഇനിയും നമ്മുടെ ഭൂപ്രകൃതിയില്‍ അന്യംനില്‍ക്കാതെ ഈയൊരു സുരക്ഷിതവലയം ഉണ്ടാകണം. കണ്ടല്‍വനങ്ങളെ നശിപ്പിക്കുന്ന എല്ലാ വികസനസങ്കല്പങ്ങളും പ്രതിരോധിക്കപ്പെടേണ്ടതാണ്, രാഷ്ട്രീയഗൂഢലക്ഷ്യങ്ങള്‍ക്കതീതമായിത്തന്നെ. അവശേഷിക്കുന്ന ഈ കാടിന്റെ പച്ചപ്പും, ചതുപ്പിന്റെ മണവും, ഉപ്പുകാറ്റുമാണ് എനിക്കു ജീവിതമെന്ന് ഈ മനുഷ്യന്‍ അടയാളപ്പെടുത്തുമ്പോള്‍, നമുക്കു ചുറ്റുമുള്ള നന്മകളിലേക്കു നോക്കാനുള്ള പ്രേരണയായതു മാറണം.
കേരളത്തിന്റെ തീരപ്രദേശങ്ങളിലെ ഉപ്പുകലര്‍ന്ന മണ്ണില്‍നിന്നുപോലും ഒരു നിത്യഹരിതവനം തീര്‍ക്കുന്ന ഈ ജൈവവ്യവസ്ഥയെ - കണ്ടല്‍വനങ്ങളെ - ഉപയോഗശൂന്യമായ സ്ഥലങ്ങളെന്നു മുദ്രകുത്തി നികത്തി കെട്ടിടസമുച്ചയങ്ങള്‍ക്കും മൈതാനങ്ങള്‍ക്കും വിമാനത്താവളങ്ങള്‍ക്കും വാണിജ്യതാത്പര്യങ്ങള്‍ക്കുംവേണ്ടി ഇല്ലാതാക്കുന്നവര്‍ ശിക്ഷിക്കപ്പെടേണ്ടതാണ് - ആരായാലും! 700 ചതുരശ്രകിലോമീറ്ററിലധികം തുടര്‍ച്ചയായ കണ്ടല്‍ക്കാടുകളുണ്ടായിരുന്ന കേരളതീരങ്ങളില്‍ ഇന്നു വെറും 17 ചതുരശ്രകിലോമീറ്ററില്‍ മാത്രമാണ് കണ്ടല്‍വനങ്ങളുള്ളത്. അതും തുണ്ടുതുണ്ടുകളായി മാത്രം. ഈ യാഥാര്‍ത്ഥ്യത്തിനുമുന്നില്‍ നിന്നുകൊണ്ടുവേണം കണ്ടല്‍സംരക്ഷണപദ്ധതികള്‍ ആവിഷ്‌കരിക്കാന്‍. കോട്ടയം കുമരകം ഭാഗത്ത് കണ്ടല്‍ച്ചെടികള്‍ നട്ടുപിടിപ്പിച്ച കണ്ടലമ്മച്ചി എന്നറിയപ്പെട്ടിരുന്ന മറിയാമ്മ കുര്യനും അരങ്ങൊഴിഞ്ഞു. കണ്ണൂര്‍ ജില്ലയിലെ ചെറുകുന്ന് ഹയര്‍ സെക്കണ്ടറിയിലെ വിദ്യാര്‍ത്ഥികളായിരുന്ന സനോജും അബ്ദുള്ളയും കണ്ടല്‍സംരക്ഷണത്തിന് മാതൃകയായി വിദ്യാര്‍ത്ഥികള്‍ക്കു മുന്നിലുണ്ട്. പൊക്കുടന്‍ വിതച്ച വിത്തുകള്‍ മാത്രമല്ല, ആശയവും സംരക്ഷിക്കപ്പെടേണ്ടതാണ് തുടര്‍ന്നുപോകേണ്ടതാണ്.
ഭൂമിമിത്രപുരസ്‌കാരം, വനമിത്രപുരസ്‌കാരം, സി.വി. തമ്പി സ്മാരക എന്‍ഡോവ്‌മെന്റ് തുടങ്ങി നിരവധി പുരസ്‌കാരങ്ങളാല്‍ നാടും സര്‍ക്കാരും പൊക്കുടന്റെ കണ്ടല്‍പ്രവര്‍ത്തനങ്ങള്‍ക്ക് അംഗീകാരവും ആദരവും നല്‍കിയെങ്കില്‍, അദ്ദേഹത്തിന്റെ മരണശേഷവും പൊക്കുടന്റെ സ്വപ്നങ്ങള്‍ സംരക്ഷിക്കേണ്ട ബാധ്യത ഭരണകൂടത്തിനുണ്ട് എന്നോര്‍ക്കേണ്ടതാണ്. ''കണ്ടല്‍ക്കാടുകള്‍ക്കിടയില്‍ എന്റെ ജീവിതം'' എന്ന ആത്മകഥ പല സര്‍വകലാശാലകളും കുട്ടികള്‍ക്കു പഠിക്കാനുള്ള പാഠപുസ്തകമാക്കിയിട്ടുണ്ട്. മൂന്നരപ്പതിറ്റാണ്ടിലധികം പ്രായത്തെ അവഗണിച്ച് അദ്ദേഹം നടത്തിയ കണ്ടല്‍സംരക്ഷണപ്രവര്‍ത്തനങ്ങള്‍, ലോകം മുഴുവന്‍ കണ്ടല്‍വനങ്ങളുടെ പാരിസ്ഥിതികപ്രാധാന്യത്തെക്കുറിച്ചു ചര്‍ച്ച ചെയ്യുന്നതിനും കണ്ടല്‍സംരക്ഷണപദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിനും കാരണമായി. അദ്ദേഹം അതിയായ ആനന്ദത്തോടെ തന്നെക്കുറിച്ചുതന്നെ പറയുന്ന ഒരു സ്റ്റേറ്റ്‌മെന്റുണ്ട്. അതിതാണ്: ''സത്യത്തില്‍ ഞാന്‍ ഒരു പ്‌രാന്തന്‍ കണ്ടലാണ്.'' ഇത്തരം ചില പ്‌രാന്തുകളാണ് ഭൂമിക്കു തണുപ്പും സമൂഹത്തിനു വെളിച്ചവുമായി മാറുന്നത്. പ് രാന്തന്‍