•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

ഒറ്റ തിരിയാതെ ഒന്നായിരിക്കുക

രുട്ടില്‍ തപ്പിത്തടയുന്ന മനുഷ്യനെപ്പോലെയാണു നമ്മള്‍. നടക്കേണ്ട വഴിയിലല്ല നടക്കുന്നത്. ലക്ഷ്യംതെറ്റിയുള്ള ഈ യാത്രയെ പാപം എന്നു വിളിക്കാം. വെളിവു നഷ്ടപ്പെട്ടു നടക്കുന്ന ഒരുവന്റെ അവസ്ഥയെ നാം ധ്യാനിക്കേണ്ടതുണ്ട്. കാഴ്ചപ്പാടുകള്‍ മാറുമ്പോള്‍ നിലപാടുകളില്‍ മാറ്റം വരും. പണത്തോടുള്ള യൂദാസിന്റെ ആര്‍ത്തി കാഴ്ചപ്പാടില്‍ മാറ്റം വരുത്തി. സ്ഥാനമാനങ്ങളോടുള്ള ആര്‍ത്തി സെബദീപുത്രന്മാരുടെ മനോഭാവത്തില്‍ മാറ്റം വരുത്തി. ജീവിതയാത്രയില്‍ മനോഭാവങ്ങളില്‍ മാറ്റം വരുത്തുമ്പോള്‍ നാം ലക്ഷ്യം തെറ്റിയവരായി മാറും. പാപത്തിലേക്കുള്ള പതനത്തിന് ഇതു നിമിത്തമാകും.
ആയിരിക്കേണ്ടിടത്ത് ആകാതെ വേണ്ടാത്ത സ്ഥലങ്ങളില്‍ നാം ആയിത്തീരുന്ന അവസ്ഥയുണ്ട്. നാം ആയിരിക്കുന്ന അവസ്ഥയില്‍നിന്ന് ആയിത്തീരേണ്ട അവസ്ഥയിലേക്കുള്ള പ്രയാണമാണു ജീവിതം. ദൈവത്തില്‍നിന്നു പടിപടിയായി അകലുന്ന മനുഷ്യന്‍ വേണ്ടാത്ത സ്ഥലങ്ങളില്‍ എത്തിച്ചേരും. ദൈവത്തോടൊപ്പം നടക്കേണ്ട ആദിമാതാപിതാക്കള്‍ വേറിട്ടു നടന്നപ്പോള്‍ പറുദീസാ നഷ്ടമായി. വാത്സല്യനിധിയായ പിതാവില്‍നിന്നകന്നപ്പോള്‍ ധൂര്‍ത്തപുത്രന്‍ പന്നിക്കുഴിയില്‍ ചെന്നുചേര്‍ന്നു. ആയിരിക്കേണ്ട സ്ഥലങ്ങളില്‍ ആയിരുന്നില്ലെങ്കില്‍ വേണ്ടാത്ത സ്ഥലങ്ങളില്‍ നമ്മള്‍ എത്തിച്ചേരും. കുടുംബബന്ധങ്ങളുടെ ശീതള ച്ഛായയില്‍ ചേര്‍ന്നിരിക്കാത്ത കുടുംബനാഥന്‍ സ്വഭാവദൂഷ്യങ്ങളില്‍ചെന്നുവീഴും. പൗരോഹിത്യത്തിലും സന്ന്യാസത്തിലുമെല്ലാം ഇതുതന്നെ സംഭവിക്കുന്നു.
ഹവ്വ എന്ന ആദ്യസ്ത്രീ ഒറ്റയ്ക്കു നടന്നപ്പോഴാണ് സാത്താന്‍ പിടികൂടിയത്. എല്ലാവരില്‍നിന്നും വേറിട്ടുനടക്കുന്നത് തകര്‍ച്ചയെ സൂചിപ്പിക്കുന്നു. പിതാവില്‍നിന്നും ജ്യേഷ്ഠനില്‍നിന്നും വേറിട്ട് ഒറ്റയ്ക്കു നടക്കുന്ന ധൂര്‍ത്തപുത്രനെ ബൈബിളില്‍ നാം കാണുന്നു. ഒരു ചുള്ളിക്കമ്പിനെ ഒടിക്കാന്‍ എളുപ്പമാണ്. എന്നാല്‍, വിറകുകമ്പിനെ ഒടിക്കാനാവില്ല. കുടുംബബന്ധങ്ങളില്‍ ഒരുമിച്ചുനില്ക്കണം. സഭാത്മകജീവിതത്തില്‍ ഒന്നിച്ചുനില്ക്കണം. പൗരോഹിത്യകൂട്ടായ്മയില്‍ ഒന്നിച്ചുനില്ക്കണം. സന്ന്യാസസമൂഹത്തോട് ഒന്നിച്ചുനില്ക്കണം. ഒന്നിച്ചുനില്ക്കുന്നതിലാണ് ബലം. ഒറ്റയ്ക്കു മരത്തിലിരിക്കുന്ന കോഴിയെ കുറുക്കന്‍ ലക്ഷ്യം വയ്ക്കും. ഒറ്റതിരിഞ്ഞുനടക്കുന്ന മാനിനെ സിംഹം വേട്ടയാടും. ആരോടും ഒരു ബന്ധവുമില്ലാതെ ഒറ്റയ്ക്കിരിക്കുന്നവരെ സാത്താന്‍ വശീകരിക്കും.
ലഹരിക്ക് അടിമയായ മനുഷ്യന്‍ ബോധം നഷ്ടപ്പെട്ടവനായി മാറും. ഭൗതികസ്വത്തുക്കള്‍ക്ക് അടിമയായ മനുഷ്യനു സുബോധം പോകാം. സ്വത്തിനോടുള്ള ആര്‍ത്തി ധൂര്‍ത്തപുത്രന്റെ ബോധം നഷ്ടപ്പെടുത്തി. പന്നിക്കുഴിയിലെ ചെളിയില്‍ കിടന്നുരുണ്ടപ്പോള്‍ അവനു സുബോധമുണ്ടായി. നമുക്കും സുബോധമുണ്ടാവണം. ധനവാനായ പിതാവിന്റെ പുത്രനാണു താനെന്ന സുബോധം അവനുണ്ടായി. നമ്മള്‍ പിറന്നുവീണ കുടുംബത്തെപ്പറ്റിയും സഭയെപ്പറ്റിയും സുബോധം വേണം. സുബോധം നഷ്ടപ്പെട്ട മകന്‍ കുടുംബത്തെ തകര്‍ക്കും. സുബോധം നഷ്ടപ്പെട്ടവര്‍ സഭയെ തകര്‍ക്കാന്‍ ശ്രമിക്കും. നമ്മള്‍ ആയിരിക്കുന്ന അവസ്ഥയെക്കുറിച്ച് സുബോധമുള്ളവരായിരിക്കുക.
ചുറ്റുപാടുകളില്‍ തിന്മ പെരുകുമ്പോള്‍ നിസ്സംഗതയോടെ നില്‍ക്കുന്ന വ്യക്തിയാണോ ഞാന്‍? നിസ്സംഗത പാപമാണ്. 'എന്റെ സഹോദരന്റെ കാവല്‍ക്കാരനാണോ ഞാന്‍?' എന്ന ചോദ്യം ഉത്പത്തിപ്പുസ്തകത്തില്‍ കാണുന്നുണ്ട്. ഇന്നും ഈ ചോദ്യം ഞാന്‍ ആവര്‍ത്തിക്കുന്നില്ലേ? അപരന്റെ അല്ലലില്‍ അലിയാത്ത ഹൃദയം പാപാവസ്ഥയെ സൂചിപ്പിക്കുന്നു. എന്റെ കാലില്‍ ഒരു ബക്കറ്റു തിളച്ച വെള്ളം വീഴുമ്പോള്‍ എനിക്കു പൊള്ളലനുഭവപ്പെടുന്നില്ലെങ്കില്‍ അതു കാലിനെ ബാധിച്ച കുഷ്ഠമാണ്. എന്റെ ചുറ്റുപാടുകളില്‍ അപരന്റെ വേദന കണ്ട് എന്റെ മനസ്സലിയുന്നില്ലെങ്കില്‍ അതു ഹൃദയത്തെ ബാധിച്ച കുഷ്ഠമാണ്. അലിവിന്റെ കനലുകള്‍ ആത്മാവില്‍ എരിയുന്ന മനുഷ്യരായി നാം ജീവിക്കണം. ഒരുപാത്രം പച്ചവെള്ളം കര്‍ത്താവിന്റെ നാമത്തില്‍ പാവങ്ങള്‍ക്കു കൊടുക്കുമ്പോള്‍ അതുപോലും കാണുന്ന ദൈവമാണ് നമുക്കുള്ളത്. ഈ ഓര്‍മ നമ്മുടെ കാഴ്ചപ്പാടുകളെ സ്വാധീനിക്കണം. ചിന്താഗതികള്‍ മാറിമറിയാന്‍ ബൈബിള്‍വചനങ്ങള്‍ നമുക്കു വഴിയൊരുക്കുന്നു.
കാണാതെ പോയ നാണയത്തിന്റെയും ആടിന്റെയും ഉപമയിലൂടെ നഷ്ടപ്പെട്ടുപോകലിന്റെ ചിത്രം നാം കാണുന്നു. ദൈവസന്നിധിയില്‍നിന്നു ഞാന്‍ നഷ്ടപ്പെട്ടുപോയോ? സഭയില്‍നിന്നു ഞാന്‍ നഷ്ടപ്പെട്ടുപോയോ? എന്റെ ജീവിതവിശുദ്ധിയില്‍നിന്നു ഞാനകന്നുപോയോ? ഒരു തിരിച്ചുവരവിനുള്ള സമയമായിരിക്കുന്നു. തിരിച്ചറിവുകള്‍ ലഭിച്ചിട്ടും ഞാന്‍ മാറുന്നില്ലെങ്കില്‍ എനിക്കെന്തോ കുഴപ്പമുണ്ട്. ആ കുഴപ്പത്തിന്റെ പേരാണു ഹൃദയകാഠിന്യം. എല്ലാ തിരിച്ചറിവുകളും ലഭിച്ചിട്ടും ഫറവോന്‍ മനഃപൂര്‍വം നിസ്സഹകരിച്ചുനിന്നു. ദൈവത്തിന്റെ അടയാളങ്ങള്‍ സ്വീകരിച്ച മോശയും ജനതയും അനുഗൃഹീതരായി മാറി. ദൈവത്തിന്റെ പ്രചോദനങ്ങളെ തിരസ്‌കരിച്ച ഫറവോന്‍ കഠിനഹൃദയനായി മാറി. ആത്മശോധനയിലൂടെ നമ്മെ തിരുത്താനും ദൈവവഴിയിലേക്കു തിരിഞ്ഞു നടക്കാനും ദൈവത്തിന്റെ പരിശുദ്ധാത്മാവ് നമ്മെ ബലപ്പെടുത്തട്ടെ.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)