''മറ്റുള്ള ഭാഷകള്‍ കേവലം ധാത്രിമാര്‍!
മര്‍ത്ത്യനു പെറ്റമ്മ തന്‍ഭാഷതാന്‍
മാതാവിന്‍ വാത്സല്യദുഗ്ദ്ധം നുകര്‍ന്നാലേ
പൈതങ്ങള്‍ പൂര്‍ണ്ണവളര്‍ച്ച നേടൂ.''
''അമ്മതാന്‍തന്നേ പകര്‍ന്നുതരുമ്പോഴേ
നമ്മള്‍ക്കമൃതുമമൃതായ്ത്തോന്നൂ!
ഏതൊരു വേദവുമേതൊരു ശാസ്ത്രവു-
മേതൊരു കാവ്യവുമേതൊരാള്‍ക്കും
ഹൃത്തില്‍പ്പതിയേണമെങ്കില്‍ സ്വഭാഷതന്‍
വക്ത്രത്തില്‍ നിന്നുതാന്‍ കേള്‍ക്കവേണം''
വള്ളത്തോള്‍ നാരായണമേനോന്‍
(സാഹിത്യമഞ്ജരി-ഭാഗം7)്യൂ
അമ്മയുടെ മുഖത്തുനിന്നുതന്നെ കേട്ടു പഠിക്കുന്നതാണു മാതൃഭാഷ. അതുകൊണ്ട് ആദ്യമായി ഉള്ളില്‍ തെളിയുന്നതും മാതൃഭാഷയാണ്. ഒരാള്‍ക്കു സ്വന്തം വികാരങ്ങളും വിചാരങ്ങളും വ്യക്തമായി ആവിഷ്‌കരിക്കാന്‍ സാധിക്കുന്നതു മാതൃഭാഷയില്‍ക്കൂടിയാണ്. ധാരാളം ഭാഷകള്‍ മനസ്സിലാക്കിയിട്ടുള്ളവര്‍ക്കും ആശയപ്രകടനത്തിന് ഏറ്റവും സ്വീകാര്യമായി തോന്നുന്നതു സ്വന്തം ഭാഷയാണെന്നു കവിതയില്‍ സൂചിപ്പിക്കുന്നു.
ഏതു വേദവും ഏതു ശാസ്ത്രവും ഏതു കാവ്യവും ഒരാളുടെ മനസ്സില്‍ പതിയണമെങ്കില്‍ അത് സ്വന്തം ഭാഷയില്‍ത്തന്നെ കേള്‍ക്കണം.
ഇന്ത്യയിലെ ദേശീയഭാഷകളില്‍ ഒന്നാണ് മലയാളം. കേരളസംസ്ഥാനത്തിലെയും ലക്ഷദീപുകളിലെയും മുഖ്യഭാഷയുമാണ്.
ദ്രാവിഡഭാഷാഗോത്രത്തിലെ സ്വതന്ത്രമായ ഒരു ഭാഷയാണു മലയാളം. എഡി 800 നടുത്തുവരെ കേരളം മിക്കവാറും തമിഴകത്തിന്റെ ഭാഗമായിരുന്നു. തമിഴിന്റെ പ്രാദേശികഭേദമായിരുന്നു, അന്നത്തെ മലയാളഭാഷ. പരണര്‍, ഇളങ്കോവടികള്‍, കുലശേഖര ആള്‍വാര്‍ തുടങ്ങിയ പ്രമുഖരായ തമിഴ്കവികള്‍ കേരളീയരാണ്. എഡി ഒമ്പതാം ശതകത്തോടുകൂടി, മലനാട്ടുതമിഴ് ചരിത്രപരമായ ചില സവിശേഷതകളാല്‍ സംസ്‌കൃത-പ്രാകൃതങ്ങളുടെ സ്വാധീനത്തില്‍ പ്പെട്ടു പ്രത്യേകമായൊരു ഭാഷയായി വളരാന്‍ തുടങ്ങി. തമിഴ്, മലയാളം, തെലുങ്ക്, കന്നട എന്നീ പ്രധാനപ്പെട്ട ദ്രാവിഡഭാഷകളില്‍ മലയാളമാണ്, ഏറ്റവും ഒടുവില്‍ രൂപംകൊണ്ടത്. മലയാളം വ്യക്തിത്വമാര്‍ന്ന ഒരു സ്വതന്ത്രഭാഷയായി വികസിച്ചതോടെ നേരത്തേയുണ്ടായിരുന്ന വട്ടെഴുത്ത് ഉപേക്ഷിക്കുകയും തെക്കേ ഇന്ത്യയില്‍ സംസ്‌കൃതം എഴുതാന്‍ ഉപയോഗിച്ചിരുന്ന ഗ്രന്ഥാക്ഷരത്തിന്റെ സഹായത്താല്‍ ഒരു പുതിയ ലിപിസമ്പ്രദായം സ്വീകരിക്കുകയും ചെയ്തു.
നാലഞ്ചു നൂറ്റാണ്ടുകള്‍കൊണ്ടാണ് ഇത് ഒരു സ്വതന്ത്രഭാഷയായിത്തീര്‍ന്നത്. മലയാളത്തിന്റെ ലിപിവ്യവസ്ഥ നിലവില്‍ വന്നത് 13-ാം ശതകത്തിന്റെ ആദ്യഘട്ടത്തിലാണെന്ന്, ഭാഷാശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെടുന്നു.
മലൈ + ആഴം = മലയാഴം, മലയാളം (കുന്നിന്റെയും കുഴിയുടെയും ഇടയ്ക്കു കിടക്കുന്നത്), മല + ആഴം = മലയാളം എന്നിങ്ങനെ പല വ്യുത്പത്തികളും മലയാളത്തിനു നിര്‍ദേശിച്ചുകാണുന്നു.
കേരളഭാഷ, മലയാംപാഴ, മലയായ്മ, മലയാളീം, മലയാണ്മ, മലയാഴ്മ എന്നിങ്ങനെ പല പേരുകള്‍ വിവിധ ഘട്ടങ്ങളില്‍ മലയാളത്തിനുണ്ടായിരുന്നു.
ഭാരതത്തിലെയും വിദേശത്തെയും നിരവധി ഭാഷകളില്‍നിന്നു മലയാളഭാഷയിലേക്കു പദങ്ങള്‍ വന്നുചേര്‍ന്നിട്ടുണ്ട്. സംസ്‌കൃതസ്വാധീനം വ്യാകരണകാര്യങ്ങളില്‍ മാറ്റം വരുത്തിയിട്ടില്ല.
ആര്യന്മാര്‍ക്കുമുമ്പ് കേരളത്തില്‍ എത്തിയ ദ്രാവിഡര്‍ തമിഴര്‍ ആയിരുന്നെന്നും അവര്‍ പാലക്കാട് ചുരത്തിലൂടെ കേരളത്തിലെത്തിയെന്നും, അവരുടെ ഭാഷ, മലയാളമായി രൂപാന്തരപ്പെട്ടെന്നും കാള്‍ഡ്വല്‍ സിദ്ധാന്തിക്കുന്നു.
മലനാട്ടുതമിഴ് രാഷ്ട്രീയവും സാംസ്‌കാരികവും ഭൂമിശാസ്ത്രപരവുമായ കാരണങ്ങളാല്‍ മലയാളമായി ചമഞ്ഞുവെന്ന്, രാജരാജവര്‍മ അഭിപ്രായപ്പെടുന്നു. സംസ്‌കൃതത്തിന്റെ അതിപ്രസരം മലയാളപദസമ്പത്തിനു വമ്പിച്ച മുതല്‍ക്കൂട്ടേകി. ഇത് എല്ലാ ഭാഷാശാസ്ത്രജ്ഞരും അംഗീകരിക്കുന്നു.
ഇന്നത്തെ മലയാളലിപിയുടെ മാതൃക ഗ്രന്ഥാക്ഷരമാണ്. ഉത്തരഭാരതത്തില്‍ പ്രചരിച്ചിരുന്ന അതിപ്രാചീന ബ്രാഹ്‌മിയില്‍നിന്നു ജനിച്ചതാണിത്. പല്ലവരാജാക്കന്മാരുടെ (എ.ഡി. 4,5 ശതകങ്ങളില്‍) ശാസനങ്ങളിലാണിത് ആദ്യമായി കാണുന്നത്. ബ്രാഹ്‌മിയില്‍ ആകെ 46 അക്ഷരങ്ങളാണ് ഉണ്ടായിരുന്നത്. ബാക്കി തമിഴില്‍ നിന്നു സ്വീകരിച്ചു.
ഏകകാലത്ത് തമിഴ്, വട്ടെഴുത്ത്, തമിഴ് ഗ്രന്ഥം, കോലെഴുത്ത്, മലയാണ്മ, മലയാളഗ്രന്ഥം, നാഗരി, അറബി എന്നീ വിവിധ ലിപികള്‍ ഒറ്റയ്ക്കും കലര്‍ത്തിയും ഉപയോഗിച്ച സവിശേഷസ്ഥിതിയായിരുന്നു കേരളത്തിലുണ്ടായിരുന്നത്. വട്ടെഴുത്തില്‍ എഴുതിയ രാമചരിതകാലത്തും അറബി - മലയാളത്തില്‍ എഴുതിയ ബദര്‍പ്പാട്ടിന്റെ കാലത്തും മറ്റു ലിപികളും ഉപയോഗത്തിലുണ്ടായിരുന്നു.
തിരുവണൂര്‍ ക്ഷേത്രത്തിലെ ഒരു രേഖയും, താമ്രശാസനവും 426-ാം ആണ്ട് പ്രാചീന രേഖകളാണ്. എടയ്ക്കല്‍ ഗുഹാശാസനമാണ് മറ്റൊന്ന്. മണിപ്രവാളത്തില്‍ സംസ്‌കൃതാക്ഷരമാല ഉപയോഗിച്ചുപോന്നു. മലയാളത്തിലെ 'ള' കാരം അക്ഷരമാലയുടെ പഴക്കത്തിനു തെളിവാണ്.
മലയാളഭാഷയ്ക്ക് അക്ഷരമാല ചാര്‍ത്തിയത്, തുഞ്ചത്ത് എഴുത്തച്ഛന്‍ ആയിരുന്നു, ചെറുശ്ശേരിയുടെ 'കൃഷ്ണഗാഥ'യിലാണ് തനിമലയാളം കൂടുതലായി ഉപയോഗിച്ചിരിക്കുന്നത്.