ഫെബ്രുവരി 21 : ലോകമാതൃഭാഷാദിനം
വര്‍ഷങ്ങളായി നമ്മുടെ മലയാളപാഠപുസ്തകങ്ങളില്‍നിന്ന് ഒഴിവാക്കപ്പെട്ട 'അക്ഷരമാല'യെ തിരികെക്കൊണ്ടുവരാന്‍വേണ്ടി അക്ഷീണം അടരാടിയ അക്ഷരസ്‌നേഹിയായ ഫാ. ഡോ. തോമസ് മൂലയില്‍, തന്റെ ഒറ്റയാള്‍ പോരാട്ടത്തിന്റെ നാള്‍വഴികള്‍ ഇവിടെ തുറന്നുകാട്ടുന്നു.
അക്ഷരസമരത്തിന്റെ പശ്ചാത്തലം
മാതൃഭാഷയുടെ ദയനീയസ്ഥിതി തിരിച്ചറിഞ്ഞ് തിരുത്താനുള്ള ശ്രമം ഞാനാരംഭിച്ചിട്ട് വര്‍ഷങ്ങളായി. 2018 മുതല്‍ ഈ ശ്രമം കൂടുതല്‍ ശക്തിപ്പെടുത്തി. അതിനു നിമിത്തമായത് എന്റെ പരിശീലനവലയത്തിലുണ്ടായിരുന്ന ഒരു സംഘം കുട്ടികളുടെ വായന ശ്രദ്ധിച്ചതാണ്. അഞ്ചുമുതല്‍ പത്തുവരെയുള്ള ക്ലാസുകളില്‍ പഠിക്കുന്ന സമര്‍ത്ഥരായ കുട്ടികള്‍. പരീക്ഷയില്‍ മിക്കവാറും ''ഫുള്‍ എ പ്ലസ്''. അവര്‍ക്കു മലയാളത്തിനും എപ്ലസാണ്. പക്ഷേ, മലയാളം വായിക്കാനറിഞ്ഞുകൂടാ! എന്തുകൊണ്ടാണിങ്ങനെ സംഭവിക്കുന്നതെന്നറിയാന്‍ അവരെക്കൊണ്ടു മലയാളഭാഷയുടെ അക്ഷരങ്ങള്‍ എഴുതിച്ചു നോക്കി. അക്ഷരങ്ങള്‍ കൃത്യമായി എഴുതാന്‍ അറിയാവുന്ന ഒരു കുട്ടിപോലുമില്ലായിരുന്നു! പിന്നീട് നൂറോളം കുട്ടികളുടെ ഇടയില്‍ ഈ പരീക്ഷണം നടത്തിയപ്പോഴും ഫലം ഇതുതന്നെയായിരുന്നു. ഇങ്ങനെ പല ഘട്ടങ്ങളിലായി അഞ്ഞൂറോളം കുട്ടികളുടെ ഇടയിലും ഈ പരീക്ഷണം നടത്തി. ഭാഷയുടെ കുറെ അക്ഷരങ്ങള്‍ എഴുതുന്നു എന്നല്ലാതെ ഭൂരിഭാഗം കുട്ടികള്‍ക്കും മലയാളത്തിന്റെ അക്ഷരങ്ങള്‍ അറിഞ്ഞുകൂടാ എന്നെനിക്കു ബോദ്ധ്യപ്പെട്ടു. ഉച്ചാരണമാകട്ടെ അതിദയനീയവും!
കാരണം തേടിയുള്ള പ്രയാണം
എന്താണിതിന്റെ കാരണം എന്നറിയാന്‍ കോളജിലെ മലയാളം പ്രൊഫസര്‍മാരോടു ചോദിച്ചപ്പോള്‍, ഇതിനുത്തരവാദികള്‍ സ്‌കൂള്‍ റ്റീച്ചേഴ്‌സാണ് എന്നു പറഞ്ഞ് അവര്‍ ഒഴിഞ്ഞു. ഹൈസ്‌കൂള്‍കാര്‍ക്കും പറയാനുള്ളത് കുട്ടികള്‍ക്ക് അക്ഷരമറിയില്ല എന്നാണ്. അവര്‍ പ്രൈമറി അധ്യാപകരെ പഴിചാരി രക്ഷപ്പെടുന്നു. അവസാനം ഒന്നാം ക്ലാസില്‍ പഠിപ്പിക്കുന്ന അധ്യാപകരോടു ചോദിച്ചപ്പോഴാണ്, ഞെട്ടിക്കുന്ന വിവരം അവര്‍ പറയുന്നത്; ഒന്നാം ക്ലാസിലെ പാഠപുസ്തകത്തില്‍ അക്ഷരമാല ഇല്ല എന്ന്! ഒന്നിലില്ലെങ്കില്‍ ഏതെങ്കിലും ക്ലാസിലെ പാഠപുസ്തകത്തില്‍ അക്ഷരമാല ചേര്‍ത്തിട്ടുണ്ടോ എന്നറിയാന്‍ ഒന്നുമുതല്‍ പത്തുവരെയുള്ള പാഠപുസ്തകങ്ങള്‍ വാങ്ങി പരിശോധിച്ചു; ഒരിടത്തും അക്ഷരമാല ഇല്ല!
അമ്മമലയാളം അത്യാസന്നനിലയില്‍!
2018 നവംബര്‍ മാസം ഒന്നാം തീയതി (കേരളപ്പിറവിദിനം)യിലെ പത്രങ്ങളിലെല്ലാം മുഖ്യമന്ത്രിയുള്‍പ്പെടെയുള്ള രാഷ്ട്രീയ നേതാക്കളും സാംസ്‌കാരികനായകരും കുഞ്ഞുങ്ങളെ മടിയിലിരുത്തി അക്ഷരമെഴുതിക്കുന്ന പടം കണ്ടു. ഈ കുഞ്ഞുങ്ങളാണല്ലോ ഭാവിയില്‍ അക്ഷരമറിയാതെ സ്‌കൂള്‍വിദ്യാഭ്യാസം പൂര്‍ത്തിയാക്കി പുറത്തിറങ്ങുന്നത് എന്നോര്‍ത്തു വല്ലാത്ത ഒരു 'കണ്‍ഫ്യൂഷന്‍'! 'അമ്മമലയാളം അത്യാസന്നനിലയില്‍' എന്ന പേരില്‍ ദീപികയില്‍ ഞാനൊരു ഹാസ്യകഥ എഴുതി. കഥ ഇഷ്ടപ്പെട്ടെന്നു പറഞ്ഞ് ചിലരെല്ലാം വിളിച്ചഭിനന്ദിച്ചു. അക്ഷരമാല തേടിയുള്ള പ്രയാണത്തോടൊപ്പം ലേഖനങ്ങളും എഴുതിക്കൊണ്ടിരുന്നു.
മാതൃഭാഷാ പോഷക സന്നദ്ധസമിതി
അക്ഷരമാല തിരികെക്കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ 'മാതൃഭാഷാപോഷകസന്നദ്ധ സമിതി' എന്ന പേരില്‍ ഒരു സമിതി രൂപീകരിച്ചു പ്രവര്‍ത്തനങ്ങളാരംഭിച്ചു. ജനങ്ങളുടെയിടയില്‍ ഒരവബോധം സൃഷ്ടിക്കാന്‍ ഇതു സഹായകമായി. അധ്യാപകര്‍ക്കും കുട്ടികള്‍ക്കുംവേണ്ടി ബോധവത്കരണപരിപാടികള്‍ സംഘടിപ്പിച്ചു. ''അക്ഷരമാല'', ''അക്ഷരക്കൂട്'' മുതലായ ചിത്രീകരണങ്ങള്‍ ആകര്‍ഷകമായി ഡിസൈന്‍ ചെയ്തു, കുട്ടികള്‍ക്കു സൗജന്യമായി വിതരണം ചെയ്തു. അതോടൊപ്പം, അക്ഷരക്കുടുക്ക എന്ന ലഘുഗ്രന്ഥവും ഉച്ചാരണസഹായി എന്ന പേരില്‍ ഒരു ദൃശ്യശ്രാവ്യാവിഷ്‌കരണവും അക്ഷരപരിചയപരിപാടിയുടെ ഭാഗമായി ഞാന്‍ പ്രസിദ്ധീകരിച്ചു.
സമാന്തരമായി, 'പ്രൈമറിതലസമഗ്ര സാക്ഷരതായത്‌നം' എന്ന ഒരു പ്രോജക്ടിന്റെ പ്രവര്‍ത്തനവും ആരംഭിച്ചു. പതിനഞ്ചിന കര്‍മപരിപാടികളായിരുന്നു അതിലുള്‍പ്പെടുത്തിയിരുന്നത്. പരമ്പരാഗതരീതിയില്‍ ഒന്നാംക്ലാസ്സില്‍ത്തന്നെ കുട്ടികളെ അക്ഷരങ്ങള്‍ പഠിപ്പിക്കുക; എഴുതുന്നതോടൊപ്പം ശരിയായ ഉച്ചാരണ പരിശീലനവും നല്കുക. എല്ലാ കുട്ടികള്‍ക്കും ആകര്‍ഷകമായി ലേ ഔട്ട് ചെയ്തു മനോഹരമാക്കിയ അക്ഷരമാല ചാര്‍ട്ട് നല്കുക, വീട്ടില്‍ പ്രധാന സ്ഥലത്ത് അതു തൂക്കിയിടുക, സ്‌കൂളിലെ എല്ലാ ക്ലാസുമുറിയിലും അക്ഷരമാല ചാര്‍ട്ട് സ്ഥാപിക്കുക, സ്‌കൂളിന്റെ പ്രവേശകവാടത്തില്‍ അക്ഷരമാലഫലകം സ്ഥാപിക്കുക മുതലായവയായിരുന്നു കര്‍മപരിപാടികള്‍.
അഞ്ചു വിദ്യാലയങ്ങള്‍ ഈ പ്രോജക്ട് നടപ്പിലാക്കുന്നതിനുള്ള സന്നദ്ധത അറിയിച്ചു. അധ്യാപകരും കുട്ടികളും വളരെ ആവേശത്തോടെയാണ് പരിപാടികളില്‍ വ്യാപൃതരായത്. രക്ഷാകര്‍ത്താക്കളുടെ നിര്‍ലോപമായ സഹകരണവും ലഭിച്ചതിനാല്‍, ഓണ്‍ലൈന്‍ ക്ലാസ്സുകളായിരുന്നിട്ടുപോലും, അഞ്ഞൂറോളം കുരുന്നുകള്‍ ഒന്നാം സെമസ്റ്റര്‍ അവസാനത്തോടെ, അക്ഷരപരിചയം നേടിക്കഴിഞ്ഞിരുന്നു.
തിരസ്‌കരണപരമ്പര
ജനങ്ങളുടെയും ഭരണാധികാരികളെടെയും ശ്രദ്ധയില്‍ ഈ വിഷയം അവതരിപ്പിക്കുന്നതിനുവേണ്ടി ലേഖനങ്ങളെഴുതി മുഖ്യധാരാപത്രങ്ങള്‍ക്കൊക്കെ അയച്ചുകൊടുത്തെങ്കിലും ആരും തിരിഞ്ഞുനോക്കിയില്ല. ഏതായാലും മംഗളം ദിനപത്രം ഒരു നിയോഗംപോലെ ഇതേറ്റെടുത്ത് എനിക്കു ശക്തമായ പിന്തുണ നല്കി. ഞാന്‍ ഒരു ലേഖനപരമ്പര മംഗളത്തിലാരംഭിച്ചു.
ലേഖനങ്ങള്‍-കത്തുകള്‍-നിവേദനങ്ങള്‍
അക്ഷരങ്ങളുടെയും അക്ഷരമാലയുടെയും പ്രസക്തിയും പ്രാധാന്യവും സമഗ്രമായി പഠിച്ചെഴുതിയ ലേഖനങ്ങളായിരുന്നു അവയെല്ലാം. ഭാഷാസ്‌നേഹികള്‍ അഭിനന്ദിച്ചും നന്ദിപറഞ്ഞും എന്നെ വിളിക്കാന്‍ തുടങ്ങി. പാഠപുസ്തകത്തില്‍ അക്ഷരമാല ചേര്‍ക്കാന്‍ വിട്ടുപോയതാണോ വിട്ടുകളഞ്ഞതാണോ എന്നായിരുന്നു മുഖ്യമായി ഉന്നയിച്ച ചോദ്യം. പക്ഷേ, ഒരു മറുപടിയും ഒരിടത്തുനിന്നുമുണ്ടായില്ല. പിന്നീട്, ഞാന്‍ കേരളഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, വിദ്യാഭ്യാസവകുപ്പ് എന്നിവിടങ്ങളിലേക്കെല്ലാം കത്തുകളയയ്ക്കാന്‍ തുടങ്ങി. അതുപിന്നെ, നിവേദനങ്ങളായി മാറി. മറുപടിയൊന്നും ലഭിച്ചില്ല. ഉദ്യോഗസ്ഥവലയം ഭേദിക്കാന്‍ ഒരു മാര്‍ഗവും കാണാതെ വന്നപ്പോള്‍ സ്ഥലം എം.എല്‍.എ. ശ്രീ മാണി സി. കാപ്പന്‍ വഴി ഒരു നിവേദനം അന്നത്തെ പൊതുവിദ്യാഭ്യാസമന്ത്രി പ്രഫ. സി. രവീന്ദ്രനാഥിനു നല്കി. അദ്ദേഹത്തിന്റെ പ്രതികരണം വളരെപ്പെട്ടെന്നായിരുന്നു. പൊതുവിദ്യാഭ്യാസസെക്രട്ടറിക്ക് തുടര്‍നടപടികള്‍ക്കായി നിവേദനം കൈമാറിയിട്ടുണ്ട് എന്നു കാണിച്ചുകൊണ്ടുള്ള മന്ത്രിയുടെ രേഖാമൂലമുള്ള അറിയിപ്പ് 2020 സെപ്റ്റംബര്‍ 23 നു കിട്ടി.
നിര്‍ണായകനിവേദനം
പക്ഷേ, നടപടിയൊന്നുമുണ്ടായില്ല. അതിനിടെ തിരഞ്ഞെടുപ്പു വന്നു; സര്‍ക്കാര്‍ മാറി; മന്ത്രിയും മാറി. നഷ്ടശരണനാകാതെ ബഹു. മന്ത്രി റോഷി അഗസ്റ്റിന്‍ വഴി പൊതുവിദ്യാഭ്യാസമന്ത്രി ശ്രീ ശിവന്‍കുട്ടിക്ക് ഒരു നിവേദനം നല്കി. ശ്രീ റോഷി അഗസ്റ്റിന്‍ നേരിട്ട് എന്റെ അടുത്തു വന്ന് നിവേദനവും അനുബന്ധരേഖകളും കൈപ്പറ്റി എന്ന കാര്യം എടുത്തുപറയട്ടെ. പ്രസ്തുത നിവേദനത്തിനുള്ള മറുപടി എസ്.സി.ഇ.ആര്‍.ടിയില്‍നിന്നാണു ലഭിച്ചത്. നിവേദനം പരിഗണനയ്‌ക്കെടുത്തിട്ടുണ്ടെന്നും പാഠപുസ്തകപരിഷ്‌കരണം നടത്തുന്ന വേളയായതിനാല്‍ പഠനസമിതി നിവേദനം പരിഗണിക്കുമെന്നും പറഞ്ഞായിരുന്നു മറുപടി. 05.08.2021 ലാണ് മറുപടി ലഭിക്കുന്നത്. അതിപ്രകാരമാണ്: ''താങ്കള്‍ സമര്‍പ്പിച്ച നിവേദനവും അതിനോടൊപ്പം നല്കിയ അനുബന്ധരേഖകളും പരിശോധിച്ചു. കേരളത്തിലെ പൊതുവിദ്യാലയങ്ങളില്‍ ഇപ്പോള്‍ ആശയാവതരണരീതിയാണു നിലവിലിരിക്കുന്നത്. നിരവധി ഭാഷാപണ്ഡിതന്മാരുടെയും വിദ്യാഭ്യാസ മനഃശാസ്ത്രജ്ഞന്മാരുടെയും കണ്ടെത്തലുകളുടെ ഫലമായിട്ടാണ്, അക്ഷരാവതരണരീതിക്കു പകരം ആശയാവതരണരീതി പിന്തുടരുന്നത്. ആയതിനാല്‍ അക്ഷരമാല നിലവിലെ പാഠപുസ്തകങ്ങളില്‍ ഇല്ല.''
അക്ഷരമാലവിട്ടുപോയതല്ല-വിട്ടുകളഞ്ഞതാണ്!
മൂന്നുകൊല്ലക്കാലത്തെ ഭഗീരഥപ്രയത്‌നത്തിന്റെയവസാനമാണ്, അക്ഷരമാല പാഠപുസ്തകത്തിലില്ലായെന്നും വിട്ടുപോയതല്ല, വിട്ടുകളഞ്ഞതാണ് എന്നും മനസ്സിലാക്കുന്നത്! വരികള്‍ക്കിടയിലൂടെ വായിച്ചാല്‍, പണ്ഡിതവരേണ്യന്മാര്‍ തീരുമാനിച്ച കാര്യത്തിന് ഇനി മാറ്റമൊന്നുമുണ്ടാകാന്‍ പോകുന്നില്ല എന്നു പറയാതെ പറഞ്ഞിരിക്കയാണ്!
സമരം നയിക്കാന്‍ ദ്രോണാചാര്യര്‍
അക്ഷരം നീക്കം ചെയ്യാന്‍ ഉപദേശം നല്കിയ പണ്ഡിതന്മാരാരെങ്കിലും കേരളത്തിലുണ്ടോ എന്നറിയാന്‍ ഞാന്‍ നേരിട്ട് അന്വേഷണം തുടങ്ങി. അപ്പോഴാണ് ഡോ. വി. ആര്‍. പ്രബോധചന്ദ്രന്‍നായരെപ്പറ്റി വിവരം ലഭിക്കുന്നത്. അദ്ദേഹം ഭാഷാശാസ്ത്രജ്ഞനും വിദ്യാഭ്യാസവിചക്ഷണനുമാണ്. അദ്ദേഹത്തിന്റെ ഫോണ്‍ നമ്പര്‍ കണ്ടുപിടിച്ച്, ധൈര്യമവലംബിച്ച് അദ്ദേഹത്തെ വിളിച്ചു. ഞാന്‍ കാര്യം അവതരിപ്പിച്ചു. അദ്ദേഹം നല്കിയ പിന്തുണ ഒരിക്കലും വിസ്മരിക്കാനാവുകയില്ല. തന്നാല്‍ പറ്റുന്നതെല്ലാം ചെയ്യാമെന്ന് അദ്ദേഹം എനിക്കുറപ്പുതന്നു! ദേശീയ അന്തര്‍ദേശീയ തലങ്ങളില്‍ പതിറ്റാണ്ടുകളായി കത്തിജ്വലിച്ചുനില്ക്കുന്ന ആ വലിയ മനുഷ്യന്റെ പിന്തുണയും അനുഗ്രഹവും പ്രദാനം ചെയ്ത ഊര്‍ജ്ജം എനിക്കു വലിയ ശക്തിയായി. കുരുക്ഷേത്രയുദ്ധത്തില്‍ ദ്രോണാചാര്യരെപ്പോലെ അദ്ദേഹം ഈ സമരത്തിന് ഊര്‍ജ്ജം പകര്‍ന്നുതന്നു.