കര്‍ദിനാള്‍ സറായുടെ പുതിയ ഗ്രന്ഥം ''എന്നന്നേക്കും'' (For the Eternity) പങ്കുവയ്ക്കുന്ന പൗരോഹിത്യചിന്തകളുടെ ഒരു അവലോകനം II
കര്‍ദിനാള്‍ റോബര്‍ട്ട് സറായുടെ ''എന്നന്നേക്കും'' എന്ന ഗ്രന്ഥത്തിന്റെ ഒന്നാം അധ്യായം സിയന്നായിലെ വിശുദ്ധ കാതറൈന്റെ വാക്കുകളെ അടിസ്ഥാനമാക്കിയുള്ള പരിചിന്തനമാണ്. മിശിഹായോടും അവിടുത്തെ സഭയോടുമുള്ള അതിയായ സ്‌നേഹത്തിന്റെ തീക്ഷ്ണതയാല്‍ പ്രേരിതയായി പുരോഹിതന്മാരോടു സംസാരിക്കാന്‍ വി. കാതറൈന് അറിയാമായിരുന്നു.
സഭയില്‍ സ്ത്രീകള്‍ക്കു സ്ഥാനമാനങ്ങള്‍ വേണമെന്നോ പൗരോഹിത്യം വേണമെന്നോ ഒന്നുമല്ല അവര്‍ ആവശ്യപ്പെടുന്നത്. സഭയുടെ ദുഃസ്ഥിതിക്കും ദുര്യോഗങ്ങള്‍ക്കും കാരണം പുരോഹിതന്മാരുടെ ആധ്യാത്മികമാന്ദ്യവും അവര്‍ ചെയ്യുന്ന പാപങ്ങളുമാണെന്നു സധൈര്യം വിശുദ്ധ തുറന്നുപറഞ്ഞിരുന്നു. പുരോഹിതന്മാര്‍ അവരുടെ കൗദാശികജീവിതത്തിനു ചേര്‍ന്നവിധം മാനസാന്തപ്പെടാനാണ് വി. കാതറൈന്‍ ആവശ്യപ്പെട്ടിരുന്നത്.
പതിന്നാലാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന വി. കാതറൈന്‍(1347-1380) ഫ്രാന്‍സിലെ അവിഞ്ഞോണ്‍ നഗരത്തില്‍ താമസമാക്കിയ ഗ്രിഗറി പതിനൊന്നാമന്‍ മാര്‍പാപ്പായെ വി. പത്രോസിന്റെ ആസ്ഥാനമായ റോമിലേക്കു കൊണ്ടുവരാന്‍ ശക്തമായ ഇടപെടലുകള്‍ നടത്തുകയുണ്ടായി. ഇന്നും റോമിലെ മിനേര്‍വ ബസിലിക്കയില്‍ പ്രധാന ബലിപീഠത്തിനുതാഴെ വിശ്രമിക്കുന്ന അവരുടെ തിരുശേഷിപ്പുകള്‍, പുരോഹിതരോടു പാപബോധവും വിശുദ്ധിയും വീണ്ടെടുക്കാന്‍ ആഹ്വാനം ചെയ്യുന്നു.
കത്തോലിക്കാസഭയില്‍ പൗരോഹിത്യത്തിന്റെ ഇന്നത്തെ അവസ്ഥയെക്കുറിച്ചാണു ഗ്രന്ഥകാരന്‍ തുടര്‍ന്ന് എഴുതുന്നത്.
നമ്മള്‍ ലൗകികരും തീക്ഷ്ണത നഷ്ടപ്പെട്ടവരുമായി പരിണമിച്ചില്ലേ? നിരീശ്വരത്വവും ഭൗതികവാദവും മുഖമുദ്രയായ ഇന്നത്തെ ലോകത്തിന്റെ ഒരനുബന്ധമെന്നോണം സഭയെ തളച്ചിടാനാണോ ചിലര്‍ ശ്രമിക്കുന്നത്? നമ്മള്‍ നഷ്ടധൈര്യരാകരുത്. കര്‍ത്താവായ ഈശോമിശിഹായിലുള്ള സ്‌നേഹത്തിലും വിശ്വാസത്തിലും അടിയുറച്ചുനിന്നാല്‍ ലോകത്തെ ജയിക്കാന്‍ കഴിയും. ''ഈശോ, ദൈവപുത്രനാണെന്നു വിശ്വസിക്കുന്നവനല്ലാതെ മറ്റാരാണു ലോകത്തെ ജയിക്കുന്നത്? (1 യോഹ. 5:5).
സഭ മാത്രമാണ് ഇന്നലെയും ഇന്നും നാളെയും ഈശോമിശിഹായുടെ ദിവ്യകൂദാശ. എന്നാലും സമകാലീനരായ ധാരാളം പേര്‍ക്ക് - സഭാതനയരും അതില്‍പെടുന്നു - സാമൂഹികസേവനത്തിനുള്ള മാനുഷികസംഘടനമാത്രമാണു സഭ. പരിസ്ഥിതിസംരക്ഷണം, ദാരിദ്ര്യനിവാരണം, കുടിയേറ്റക്കാരുടെ പുനരധിവാസം തുടങ്ങിയ ലൗകികവും താത്കാലികവുമായ വിഷയങ്ങളിലുള്ള പ്രവര്‍ത്തനങ്ങളെപ്രതി മാത്രമാണു സഭ വിലമതിക്കപ്പെടുന്നത്. ഇവയെല്ലാം മിശിഹായെ ലോകത്തിനു പ്രദാനം ചെയ്യുക എന്ന പരമപ്രധാനമായ ദൗത്യത്തിന് അനുബന്ധമായിമാത്രം വരുന്നവയാണ്. ഇന്ന് സഭയുടെ മടിത്തട്ടില്‍ത്തന്നെ വലിയ സംഘര്‍ഷങ്ങളും സഭാപ്രബോധനങ്ങളിലെ ഭിന്നതകളും നിലനില്ക്കുന്നു. കര്‍ദിനാള്‍ തുടരുന്നു: ''അജപാലനപരമായ കാര്യങ്ങള്‍ക്കും പ്രേഷിതപ്രവര്‍ത്തനങ്ങളിലെ അനുഭവങ്ങള്‍ പങ്കുവയ്ക്കാനും ഉദ്ദേശിച്ച് റോമില്‍ സമ്മേളിക്കുന്ന മെത്രാന്മാരുടെ സിനഡുകള്‍പോലും വിവിധ ഗ്രൂപ്പുകള്‍ ഏറ്റുമുട്ടുന്ന വേദികളായി മാറുന്നു.''
കര്‍ദിനാള്‍ ഹെന്റി ദ് ലുബാക് വര്‍ഷങ്ങള്‍ക്കുമുമ്പേ പറഞ്ഞു: ''സഭയ്ക്കുള്ളിലെ തര്‍ക്കങ്ങള്‍ അവളെ ഉള്ളില്‍നിന്നു ദുര്‍ബലപ്പെടുത്തുക മാത്രമല്ല ബാഹ്യലോകത്തിന്റെ ദൃഷ്ടിയില്‍ അവളെ വിരൂപപ്പെടുത്തുകയും ചെയ്യുന്നു.'' വിശ്വാസം കാത്തുസൂക്ഷിക്കുന്നില്ലെങ്കില്‍ അവളുടെ സ്ഥിതി ഏറെ ദയനീയമായിരിക്കും. അവളുടെ പ്രവര്‍ത്തനങ്ങള്‍ ഫലശൂന്യവുമായിരിക്കും. ഹെന്റി ദ് ലുബാക്കിന്റെ ചോദ്യമിതാണ്: നമ്മുടെ പൗരോഹിത്യത്തിലൂടെ, സഭ സത്യമായും ഈശോമിശിഹായെ പ്രഘോഷിക്കുന്നുണ്ടോ?
ഇത്രയും ആമുഖമായി എഴുതിയശേഷമാണ് ഗ്രന്ഥകാരന്‍ സിയന്നായിലെ വേദപാരംഗതയായ വിശുദ്ധ കാതറൈന്റെ 'ഡയലോഗ്' എന്ന പ്രശസ്ത ഗ്രന്ഥഭാഗങ്ങള്‍ ഉദ്ധരിക്കുന്നത്. ദൈവവുമായുള്ള സംഭാഷണമായിട്ടാണ് വിശുദ്ധ ഈ ഗ്രന്ഥം രചിച്ചിട്ടുള്ളത്. ദൈവം പറയുന്നു: ''സഭയുടെ ദുഃസ്ഥിതിയില്‍ ദുഃഖിക്കുന്ന എന്റെ മകളേ, പുരോഹിതന്മാരുടെ ജീവിതനവീകരണവും വിശുദ്ധീകരണവും ദര്‍ശിക്കുവാനുള്ള അനുഗ്രഹം നിനക്കുണ്ടാകുമെന്നു ഞാന്‍ വാഗ്ദാനം ചെയ്യുന്നു.'' വിശുദ്ധ തുടര്‍ന്ന് എഴുതുന്നു:''മകളേ, നിന്റെ കണ്ണുനീരില്‍ കുതിര്‍ന്ന പ്രാര്‍ത്ഥന ഞാന്‍ കാണുന്നു. പുരോഹിതന്മാരുടെ അശുദ്ധിയും അഹങ്കാരവും സ്വാര്‍ത്ഥതയും ദ്രവ്യാഗ്രഹവും കുഷ്ഠം ബാധിച്ചാലെന്നപോലെ സഭയുടെ മുഖം വികൃതമാക്കുന്നു. അവര്‍ എന്റെ തിരുസുതന്റെ ദിവ്യരക്തത്തെയാണു മലിനമാക്കുന്നത്. അപ്രകാരം രക്ഷയ്ക്കു കാരണമാകേണ്ടത് ശിക്ഷയ്ക്കു കാരണമായി ഭവിക്കുന്നു. അതുകൊണ്ട് തങ്ങളുടെ പാപത്തെക്കുറിച്ച് അവര്‍ പശ്ചാത്തപിക്കുകയും പരിഹാരം അനുഷ്ഠിക്കുകയും വേണം.''
വിശുദ്ധരായ വൈദികര്‍ക്കു ദൈവം നല്കാനിരിക്കുന്ന നീതിയുടെ കിരീടത്തെപ്പറ്റിയും വിശുദ്ധ എഴുതുന്നുണ്ട് : ദൈവം പറയുന്നു, ''ജീവിതാന്ത്യത്തിലേക്കു സമീപിക്കുന്ന വിശുദ്ധരായ വൈദികരുടെ ആത്മാക്കള്‍ എത്ര ഭാഗ്യമുള്ളവ! ജീവിതകാലം മുഴുവന്‍ അവര്‍ ദൈവജനത്തിന്റെ അപ്പസ്‌തോലന്മാരും അവരുടെ വിശ്വാസത്തിന്റെ സംരക്ഷകരുമായിരുന്നു. ഈ പുരോഹിതന്മാരുടെ മജ്ജയോളം വിശ്വാസം ചൂഴ്ന്നിറങ്ങിയിരിക്കുന്നു. അവര്‍ക്കു ഞാന്‍ വലിയ പ്രതിഫലം നല്‍കും.''
വിശുദ്ധരായ വൈദികര്‍ പൂര്‍ണമായും ദൈവത്തില്‍ ആശ്രയിക്കുന്നു. പുണ്യജീവിതം നയിക്കുന്ന അവരുടെ ജീവിതമാതൃകവഴി അനേകരെ അവര്‍ സ്വര്‍ഗത്തിനര്‍ഹരാക്കി. പരിശുദ്ധരും കളങ്കരഹിതരുമായ അവരുടെമേല്‍ പിശാചിന്റെ തന്ത്രങ്ങള്‍ക്കു യാതൊരു നേട്ടവും കൈവരിക്കാനാവില്ല. അവരുടെ ഉപവി അവരെ നിത്യസൗഭാഗ്യത്തിനര്‍ഹരാക്കുന്നു.
തുടര്‍ന്ന് കര്‍ദിനാള്‍ സറാ തന്റെ വിചിന്തനങ്ങള്‍ പങ്കുവയ്ക്കുന്നു: സഭയിലെ പ്രശ്‌നങ്ങളുടെയും ദുര്‍മാതൃകകളുടെയും പേരില്‍ സഭാമാതാവിനെ തള്ളിപ്പറയുക എന്ന മാരകപ്രവൃത്തി വൈദികരുടെയും വിശ്വാസികളുടെയും ഭാഗത്തുനിന്ന് ഉണ്ടാകരുത്.'' ''മിശിഹായുടെ പരിശുദ്ധാരൂപിയില്‍ ജീവിക്കുവാന്‍ അവിടുത്തെ മൗതികശരീരത്തില്‍ വസിക്കണം. മിശിഹായുടെ സഭയെ സ്‌നേഹിക്കുന്നതിന്റെ തോതനുസരിച്ചാണ് നമ്മള്‍ പരിശുദ്ധാരൂപിയില്‍ വ്യാപരിക്കുന്നത്'' (വിശുദ്ധ ആഗസ്തീനോസ്). വി. ജോണ്‍ ക്രിസോസ്‌തോം എഴുതുന്നു: ''സഭയില്‍നിന്നു ഭിന്നിച്ചുപോകരുത്. അതിന്റെ ശക്തി മറ്റൊന്നിനുമില്ല. നിന്റെ പ്രത്യാശ സഭയാണ്. നിന്റെ നിത്യരക്ഷ സഭയാണ്. സഭ നിന്റെ സങ്കേതമാണ്. അവളുടെ ശക്തി അനന്തമാണ്.''
സഭയെ നവീകരിക്കാനായി മാര്‍ട്ടിന്‍ ലൂഥര്‍ സഭ ഉപേക്ഷിച്ചു. അസ്സീസിയിലെ വി. ഫ്രാന്‍സീസ് സ്വീകരിച്ച മാര്‍ഗമാണു ശരി.
ഫ്രഞ്ച് കത്തോലിക്കാസാഹിത്യകാരനായ ജോര്‍ജ് ബര്‍ണനോസിന്റെ (1880-1948) വാക്കുകളാണ് ഗ്രന്ഥകാരന്‍ ഇവിടെ ഉദ്ധരിക്കുന്നത്: ''സഭയ്ക്കു പരിഷ്‌കര്‍ത്താക്കളെയല്ല ആവശ്യം. അവള്‍ക്കാവശ്യം വിശുദ്ധരെയാണ്.''
കര്‍ത്താവിന്റെ സുവിശേഷം ജീവിതനിയമമാക്കുകയും പ്രാര്‍ത്ഥിക്കുകയും പ്രായശ്ചിത്തം അനുഷ്ഠിക്കുകയും ചെയ്ത വി. ഫ്രാന്‍സീസ് അസ്സീസിയുടെ വഴി നമുക്കു സ്വീകരിക്കാം.