ക്രിസ്ത്യാനികള്‍ക്കെതിരായി ഈ യടുത്തകാലത്ത് ലോകത്താകമാനം വര്‍ദ്ധിച്ചുവരുന്ന ആക്രമണങ്ങളുടെ ലക്ഷ്യം വ്യക്തമാണ്: ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളെ ഒറ്റപ്പെടുത്തുക. ഇന്ത്യയിലെ 1.3 ബില്യണിലധികം ജനങ്ങളില്‍ 2% വരുന്ന ക്രിസ്ത്യാനികള്‍ക്കു നേരേയുള്ള ഈ നീക്കം, ക്രൈസ്തവന്യൂനപക്ഷങ്ങളെ കൂടുതല്‍ അരക്ഷിതരാക്കുന്നു.
ഇത്തരം പ്രവൃത്തികളോടു സമൂഹം പ്രതികരിച്ചില്ലെങ്കില്‍, ഇന്ത്യയുടെ മതേതരഘടന നഷ്ടപ്പെടും. ഇത് ഇന്ത്യയിലെ ജനങ്ങള്‍ക്കു പരിഹരിക്കാനാകാത്ത നാശമുണ്ടാക്കും. ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖത്തില്‍ വിഭാവനം ചെയ്യുന്ന, എല്ലാവരെയും ഉള്‍ക്കൊള്ളുന്നതും ജനാധിപത്യപരവും ബഹുസ്വരവുമായ ഇന്ത്യ എന്നന്നേക്കുമായി നമുക്കു നഷ്ടപ്പെടും.
ഇന്ത്യയിലെ ക്രിസ്ത്യാനികള്‍ക്ക് 2021 ഏറ്റവും മോശം വര്‍ഷമായിരുന്നുവെന്നു കണക്കുകള്‍ കാണിക്കുന്നു. ന്യൂനപക്ഷങ്ങള്‍ക്കും അതിന്റെ സ്ഥാപനങ്ങള്‍ക്കും നേരേയുള്ള 486 അക്രമങ്ങള്‍ കഴിഞ്ഞ വര്‍ഷം റിപ്പോര്‍ട്ടു ചെയ്യപ്പെട്ടു. ജയ്പൂരില്‍ നടത്തിയ ഒരു പഠനത്തില്‍ കഴിഞ്ഞ ഒമ്പതു മാസത്തിനിടെ ഇന്ത്യയില്‍ ക്രിസ്ത്യാനികള്‍ക്കെതിരേ 300 അതിക്രമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്.
കേരളത്തില്‍ ക്രിസ്തുമതവിശ്വാസികളും അവരുടെ ആരാധനാലയങ്ങളും വലിയ തോതില്‍ ആക്രമിക്കപ്പെടുന്നത് മുഖ്യധാരാമാധ്യമങ്ങളില്‍പോലും ചിലപ്പോള്‍ റിപ്പോര്‍ട്ടു ചെയ്യപ്പെടുന്നില്ല. ആരാധനാലയങ്ങള്‍ക്കു തീയിടല്‍, ശാരീരിക, ലൈംഗികാതിക്രമങ്ങള്‍, കൊലപാതകം, ക്രിസ്ത്യന്‍ സ്‌കൂളുകള്‍-കോളജുകള്‍-സെമിത്തേരികള്‍ എന്നിവ നശിപ്പിക്കുക, ക്രൈസ്തവപെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകുക, പ്രാര്‍ത്ഥന തടയുക, സമൂഹമാധ്യമങ്ങളില്‍ക്കൂടി അവഹേളിക്കുക തുടങ്ങി വിവിധ രീതിയിലുള്ള ആക്രമണങ്ങള്‍ കൂടിവരികയാണ്. ക്രൈസ്തവര്‍ക്കെതിരേ പൊതുവികാരം സൃഷ്ടിക്കുന്നതില്‍ ചില തീവ്രവാദസംഘടനകളും കൂട്ടായ്മകളും നടത്തുന്ന ശ്രമങ്ങള്‍ കേന്ദ്ര-സംസ്ഥാനസര്‍ക്കാരുകള്‍ തിരിച്ചറിയണം.
ക്രിസ്തുവിനെയും ക്രൈസ്തവവിശ്വാസപ്രമാണ ങ്ങളെയും അവഹേളിച്ചു സംസാരിക്കുകയും പൗരോഹിത്യ-സന്ന്യസ്തജീവിതങ്ങളെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്യുന്ന വ്യക്തികള്‍ക്കോ പ്രസ്ഥാനങ്ങള്‍ക്കോ നവമാധ്യമങ്ങള്‍ക്കോ സിനിമകള്‍ക്കോ എതിരേ നടപടി സ്വീകരിക്കുന്നതില്‍ ഉത്തരവാദിത്വപ്പെട്ടവര്‍ ഉദാസീനനയം പുലര്‍ത്തുകയാണ്. ഇപ്പോഴിറങ്ങുന്ന മിക്ക സിനിമകളും ക്രൈസ്തവവിശ്വാസത്തെയും കത്തോലിക്കാസഭയെയും അങ്ങേയറ്റം അവഹേളിക്കുന്നവയാണ്. ക്രൈസ്തവസഭയെയും ക്രിസ്തീയമൂല്യങ്ങളെയും, പരിശുദ്ധ കൂദാശകളെയും അപമാനിച്ചശേഷം സാത്താനും അവന്റെ നാമത്തിനും കൈയടി വാങ്ങിക്കൊടുക്കുന്നതായി മലയാളസിനിമാവ്യവസായം മാറിയിരിക്കുന്നു എന്നു പറയുന്നതില്‍ ഏറെ ഖേദമുണ്ട്.
അന്താരാഷ്ട്ര എന്‍.ജി.ഒ. ഓപ്പണ്‍ ഡോര്‍സ്
പീഡിപ്പിക്കപ്പെടുന്ന ക്രിസ്ത്യാനികള്‍ക്കുവേണ്ടി വാദിക്കുന്ന പ്രശസ്ത അന്താരാഷ്ട്ര എന്‍.ജി.ഒ.യായ ഓപ്പണ്‍ ഡോര്‍സ് അവരുടെ വാര്‍ഷിക വേള്‍ഡ് വാച്ച് ലിസ്റ്റ് 2022 ജനുവരി 19 നു പുറത്തിറക്കി. ക്രിസ്ത്യാനികള്‍ ഏറ്റവും കഠിനമായ പീഡനങ്ങള്‍ നേരിടുന്ന 50 രാജ്യങ്ങളെ വേള്‍ഡ് വാച്ച് ലിസ്റ്റ് വിലയിരുത്തുന്നു. വേള്‍ഡ് വാച്ച് ലിസ്റ്റില്‍ ഒന്നാം സ്ഥാനത്തുള്ള അഫ്ഗാനിസ്ഥാനില്‍ 2021 ഓഗസ്റ്റില്‍ താലിബാന്‍ ഭരണം ഏറ്റെടുത്തതിനെത്തുടര്‍ന്ന്, ക്രിസ്ത്യന്‍ ജനസംഖ്യയില്‍ ഭൂരിഭാഗവും പലായനം ചെയ്തു. അവശേഷിക്കുന്നവര്‍ ഒളിവിലുമാണ്.
പട്ടികയില്‍ 20 വര്‍ഷത്തിനുശേഷം രണ്ടാം സ്ഥാനത്തേക്കു വീണെങ്കിലും, ഉത്തര കൊറിയയിലെ ക്രൈസ്തവപീഡനം ജീവിതത്തിന്റെ എല്ലാ മേഖലകളിലും സമ്പൂര്‍ണമായി തുടരുന്നു. 2022 ലെ വേള്‍ഡ് വാച്ച് ലിസ്റ്റ് റിപ്പോര്‍ട്ടു ചെയ്യുന്നത് ക്രൈസ്തവപീഡനം രാജ്യത്തു രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന തലത്തില്‍ എത്തിയിരിക്കുന്നു എന്നാണ്. വലിയ തോതില്‍ ക്രൈസ്തവപീഡനം നടക്കുന്ന സൊമാലിയ മൂന്നാം സ്ഥാനത്താണ്. ലിബിയയും യെമനുമാണ് നാലും അഞ്ചും സ്ഥാനങ്ങളില്‍ വരുന്നത്.
ക്രിസ്തുമതത്തെ അധികാരത്തിനു ഭീഷണിയായി കാണുന്ന സ്വേച്ഛാധിപത്യസര്‍ക്കാരുകള്‍
ചില രാജ്യങ്ങളില്‍, സ്വേച്ഛാധിപത്യഗവണ്‍മെന്റുകള്‍ക്കു കീഴിലാണ് ക്രിസ്ത്യന്‍പീഡനം നടക്കുന്നത്. ഈ സര്‍ക്കാരുകള്‍ ചില മതവിഭാഗങ്ങളെ ഭരണകൂടത്തിന്റെ ശത്രുക്കളായി കണക്കാക്കുന്നു.
2022 ലെ റാങ്കിങ് പ്രകാരം ക്രൈസ്തവപീഡനങ്ങളുടെ മേല്‍ത്തട്ടില്‍ പത്തു രാജ്യങ്ങളില്‍ ഏറ്റവും മുന്‍പന്തിയില്‍ അഫ്ഗാനിസ്ഥാന്‍, വടക്കന്‍ കൊറിയ, സൊമാലിയ, ലിബിയ, യെമന്‍, എറിട്രിയ, നൈജീരിയ, പാക്കിസ്ഥാന്‍, ഇറാന്‍, ഇന്ത്യ തുടങ്ങിയവയാണ്.
ക്രൈസ്തവപീഡനത്തിലെ
പുതിയ പ്രവണതകള്‍
വ്യക്തിഗത ഡിജിറ്റല്‍ സാങ്കേതികവിദ്യ ആഗോളതലത്തില്‍ ക്രിസ്ത്യാനികളെ എങ്ങനെ ലക്ഷ്യമിടുന്നു എന്നു നോക്കുക: മുഖം തിരിച്ചറിയാനുള്ള സാങ്കേതികവിദ്യ, ഇലക്ട്രോണിക് ചിപ്പുകള്‍, വ്യക്തിഗത ഡിജിറ്റല്‍ സാങ്കേതികവിദ്യ എന്നിവയിലൂടെ സര്‍ക്കാരുകള്‍ക്കു കൂടുതലായി പൗരന്മാരെ നിരീക്ഷിക്കാം. ലോകത്തിന്റെ പല ഭാഗങ്ങളിലും സ്വേച്ഛാധിപത്യസര്‍ക്കാരുകള്‍ ക്രൈസ്തവര്‍ക്കെതിരേ ഇത് ദുരുപയോഗം ചെയ്യുന്നു.
വിയറ്റ്‌നാം, മ്യാന്‍മര്‍, ചൈന, ഉത്തര കൊറിയ തുടങ്ങിയ രാജ്യങ്ങളെല്ലാം ഇത്തരം വിദ്യകളിലൂടെ മതപരമായ അവകാശങ്ങളുടെമേല്‍ കര്‍ശനമായ നിയന്ത്രണം കൊണ്ടുവരുന്നു.
ക്രിസ്ത്യന്‍ സ്ത്രീകളെ പ്രത്യേകമായി ലക്ഷ്യമിടുന്ന രാജ്യങ്ങളുണ്ട്. ക്രിസ്ത്യന്‍ സ്ത്രീകള്‍ അനുഭവിക്കുന്ന പീഡനങ്ങള്‍ ഞെട്ടിക്കുന്നതാണ്. പല രാജ്യങ്ങളിലും അവര്‍ 'ഇരട്ട പീഡനം' അനുഭവിക്കുന്നു; ഒരു ക്രിസ്ത്യാനിയായതിനാലും, ഒരു സ്ത്രീയെന്ന നിലയിലും. ഇത്തരത്തിലുള്ള പീഡനം വിലയിരുത്താന്‍ പ്രയാസമാണ്. കാരണം, ഇത് ഏറെ സങ്കീര്‍ണവും അക്രമാസക്തവും മറഞ്ഞിരിക്കുന്നതുമാണ്.
ക്രിസ്തുവിലുള്ള വിശ്വാസത്തിന്റെ പേരില്‍ ലോകമെമ്പാടുമായി ദിവസവും ചുരുങ്ങിയത് 23 പേര്‍ മാനഭംഗത്തിനിരയാവുകയും, പത്തു പേര്‍ തടവിലാക്കപ്പെടുകയും, ഇരുപത്തിയഞ്ചോളം ദൈവാലയങ്ങളോ ക്രിസ്ത്യന്‍ കെട്ടിടങ്ങളോ ആക്രമിക്കപ്പെടുകയും ചെയ്യുന്നുണ്ടെന്നും 'ഓപ്പണ്‍ ഡോര്‍സ്' വ്യക്തമാക്കുന്നു.
എണ്ണത്തിലും അനുപാതത്തിലും ക്രിസ്ത്യാനികളെപ്പോലെ മറ്റൊരു മതത്തെയും വിഭാഗത്തെയും ഉപദ്രവിക്കുകയും കൊല്ലുകയും ചെയ്തിട്ടില്ല.
കൊവിഡ്-19 നെ ചില രാജ്യങ്ങളില്‍
ക്രൈസ്തവപീഡന ആയുധമായി ഉപയോഗിക്കുന്നു
കൊവിഡ് -19 സഹായം സ്വീകരിക്കുന്നതില്‍നിന്നു ക്രിസ്ത്യാനികളെ എത്രമാത്രം ഒഴിവാക്കുന്നുവെന്ന് ഓപ്പണ്‍ ഡോര്‍സ് ഗവേഷണം വെളിപ്പെടുത്തുന്നു. ഏഷ്യയിലും ആഫ്രിക്കയിലുടനീളവും ഇത്തരം സംഭവങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഭക്ഷണം വിതരണം ചെയ്യുമ്പോള്‍ ദുര്‍ബലരായ വിശ്വാസികളെ പ്രാദേശികാധികാരികള്‍ മനഃപൂര്‍വം അവഗണിക്കുകയും ക്രിസ്ത്യന്‍ നഴ്‌സുമാര്‍ക്ക് സുപ്രധാന പിപിഇ നിഷേധിക്കുകയും, ക്രിസ്ത്യാനികളാണു കൊവിഡ് വൈറസ് പടരുന്നതിനു കാരണമെന്ന് അടിസ്ഥാനര ഹിതമായി കുറ്റപ്പെടുത്തുകയും ചെയ്യുന്നു.
ഓപ്പണ്‍ ഡോര്‍സിന്റെ വേള്‍ഡ് വാച്ച് ലിസ്റ്റ് 2022 ലോകമെമ്പാടുമുള്ള ക്രിസ്ത്യാനികള്‍ അഭിമുഖീകരിക്കുന്ന സാഹചര്യത്തെക്കുറിച്ചുള്ള ഒരു യഥാര്‍ത്ഥ ചിത്രം വരയ്ക്കുന്നു. എന്നിരുന്നാലും, ഇത് ക്രിസ്ത്യാനികളില്‍ അവസാനിക്കുന്നില്ല. ക്രിസ്ത്യാനികള്‍, പ്രത്യേകിച്ച് ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങള്‍ പീഡിപ്പിക്കപ്പെടുന്ന രാജ്യങ്ങളില്‍, മറ്റ് മതന്യൂനപക്ഷങ്ങള്‍ സമാനമായ പെരുമാറ്റത്തിനു വിധേയരാകുന്നു. കൂടാതെ, ഇവരുടെ റിപ്പോര്‍ട്ട് വളരെ പ്രധാനപ്പെട്ട ഒരു കാര്യം ഉന്നയിക്കുന്നു. മതന്യൂനപക്ഷങ്ങളെ പീഡിപ്പിക്കുന്നവര്‍ക്കെതിരേ നടപടികള്‍ ഇല്ലാത്തതും, ശിക്ഷകള്‍ വളരെ നിസ്സാരമാക്കുന്നതും കുറ്റവാളികളെ ധൈര്യപ്പെടുത്തുന്നതിനാല്‍ അതു കൂടുതല്‍ കുറ്റകൃത്യങ്ങള്‍ക്കു കാരണമാകുന്നു. ഇത് ഒരു പ്രദേശത്തോ രാജ്യത്തോ മാത്രമല്ല, ലോകം മുഴുവനുമുള്ള കുറ്റവാളികളെ ധൈര്യപ്പെടുത്തുന്നു. നാം ഗൗരവമായി കാണേണ്ട ഒരു മുന്നറിയിപ്പാണിത്. ക്രൈസ്തവപീഡനത്തിന്റെ യഥാര്‍ത്ഥ വ്യാപ്തി പുറംലോകത്തെ അറിയിക്കാന്‍ ഐക്യരാഷ്ട്രസഭ അടക്കമുള്ള സംഘടനകളും വിമുഖത കാണിക്കുകയാണ്.