•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

ലോകായുക്തയുടെ ചിറകരിയാനുള്ള ഓര്‍ഡിനന്‍സ്

ന്ത്യയ്ക്കാകെ മാതൃകയായ നിയമങ്ങളും ചട്ടങ്ങളുമായാണ് കേരള ലോകായുക്തയുടെ പ്രവര്‍ത്തനമെന്നു പ്രകീര്‍ത്തിച്ചവരാണ് കേരളത്തിലെ ഇടതുമുന്നണി നേതൃത്വം. പക്ഷേ, ഇപ്പോള്‍ ലോകായുക്തയുടെ അധികാരങ്ങള്‍ ഇല്ലാതാക്കി, സര്‍ക്കാരിന്റെ ഒരു ഉപകരണമാക്കി, വെറും നോക്കുകുത്തിയാക്കി മാറ്റാനാണ് സര്‍ക്കാര്‍ നീക്കം. ഗവര്‍ണറുടെ അംഗീകാരത്തിനു സമര്‍പ്പിച്ചിട്ടുള്ള ഓര്‍ഡിനന്‍സ് ഭരണഘടനാവിദഗ്ധരുടെയും നിയമപണ്ഡിതരുടെയും പരിശോധനയ്ക്കും നിര്‍ദേശങ്ങള്‍ക്കുമായി ഗവര്‍ണര്‍ നല്‍കിയിട്ടുള്ളതായാണു വാര്‍ത്തകള്‍. ഗവര്‍ണറുടെ മുമ്പില്‍ അംഗീകാരത്തിനായി സമര്‍പ്പിച്ചിട്ടുള്ള ഈ ഓര്‍ഡിനന്‍സ് ലോകായുക്തയുടെ ചിറകരിയുന്നതാണ്. അടുത്തകാലംവരെ കേരള ലോകായുക്തയെ പ്രശംസിക്കുകയും രാജ്യത്തിനുതന്നെ വലിയ മാതൃകയാണെന്നു പ്രസ്താവിക്കുകയും ചെയ്തുകൊണ്ടിരുന്ന മുഖ്യമന്ത്രിയും സി.പി.ഐ.എമ്മും നീതിയുടെ ഈ കാവല്‍ഗോപുരം തകര്‍ക്കാന്‍ നീക്കം നടത്തുകയാണ്. മുഖ്യമന്ത്രിയുടെ മെഗാഫോണ്‍ ആയി മാറിയിട്ടുള്ള സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സ്ഥലകാലവിഭ്രാന്തിയിലാണ് ഈ വിഷയത്തില്‍ പ്രതികരിക്കുന്നത്.
ലോകായുക്തയുടെ മുമ്പില്‍, തനിക്കും ഇപ്പോഴത്തെയും കഴിഞ്ഞ മന്ത്രിസഭയിലെയും പലര്‍ക്കുമെതിരേയുള്ള കേസുകളില്‍നിന്നു രക്ഷപ്പെടണമെങ്കില്‍ ഇതുമാത്രമേ വഴിയുള്ളൂ എന്നു മുഖ്യമന്ത്രി തിരിച്ചറിഞ്ഞിരിക്കുന്നുവെന്ന് ഇതില്‍നിന്നു വ്യക്തമാകുന്നു. രാജാവ് നഗ്നനാണെന്ന് ജനങ്ങള്‍ പറഞ്ഞുതുടങ്ങിയിരിക്കുന്നു. എന്തുവന്നാലും തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ പാവങ്ങള്‍ക്കു ഭക്ഷ്യക്കിറ്റും മാധ്യമമുതലാളിമാര്‍ക്ക് പൊതുഖജനാവില്‍നിന്നു കോടികള്‍ പരസ്യയിനത്തിലും നല്‍കി അച്ചടി - ദൃശ്യമാധ്യമങ്ങളെ ചൊല്പടിക്കു കൊണ്ടുവരാമെന്ന ചിന്തയാണ് മുഖ്യമന്ത്രിക്കും പാര്‍ട്ടിക്കും. അതിനാല്‍ത്തന്നെ ജനവികാരങ്ങളും പ്രതിഷേധവും ഗൗനിക്കാതെ മുന്നോട്ടുപോകുകയായിരുന്നു മുഖ്യമന്ത്രി. ഇപ്പോള്‍ ലോകായുക്ത തനിക്കുനേരേ വിരല്‍ ചൂണ്ടുമോയെന്ന ഭയത്തിലാണ് മുഖ്യമന്ത്രിയെന്നതും വ്യക്തമാണ്. അതുകൊണ്ട് സി.പി.എം. ദേശീയനേതൃത്വത്തിന്റെയും ഇടതുപക്ഷകക്ഷികളുടെയും എതിര്‍പ്പുപോലും അവഗണിച്ച്, നിയമസഭ ചേരാനിരിക്കേ, അവിടെ ചര്‍ച്ചയ്ക്കും തീരുമാനത്തിനും വിടാതെ ഓര്‍ഡിനന്‍സിലൂടെ ലോകായുക്തയെ നിര്‍വീര്യമാക്കാന്‍ തയ്യാറായത്. പക്ഷേ, ഗവര്‍ണറെ ഇക്കാര്യത്തില്‍ റബര്‍ സ്റ്റാമ്പാക്കാമെന്ന ആഗ്രഹത്തിനു തുടക്കത്തിലേ തടസ്സമായിട്ടുണ്ട്.   
ജുഡീഷ്യറിയെയും നിയമവാഴ്ചയെയും തകര്‍ക്കാനിടയാക്കുന്ന നീക്കമാണിപ്പോള്‍ നടത്തുന്നത്. ഇതു ഭരണനേതൃത്വത്തിന്റെ ധിക്കാരമാണു വെളിപ്പെടുത്തുന്നത്. കെ - റെയില്‍ പദ്ധതി ഉള്‍പ്പെടെ സര്‍ക്കാര്‍ പറയുന്നതു ജനങ്ങള്‍ അംഗീകരിക്കണം. ജനവികാരമോ പ്രതിഷേധമോ പരിഗണിക്കില്ലെന്ന നിലപാടു ജനാധിപത്യവിരുദ്ധമാണ്. റേഡിയോപോലെ പറയുന്നത് ഇങ്ങോട്ടു കേള്‍ക്കാം മറുപടി പറയാനാവില്ല എന്ന സമീപനം ശരിയല്ല. ഇതു ജനാധിപത്യവിരുദ്ധവും ജനവിരുദ്ധവുമാണ്. തിടുക്കപ്പെട്ട് ഇത്തരത്തില്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരാനുള്ള കാരണം വ്യക്തമായി മനസ്സിലാക്കിത്തന്നെയാണു പ്രതിപക്ഷവും ഭരണമുന്നണിയിലെ രണ്ടാമത്തെ വലിയ കക്ഷിയായ സി.പി.ഐയും പ്രതികരിച്ചിട്ടുള്ളത്.
ഇടതുപക്ഷ ദേശീയനേതൃത്വം കാഴ്ചക്കാരുടെ റോളിലേക്കു മാറാതെ ആര്‍ജവത്തോടെ പ്രതികരിക്കാന്‍ തയ്യാറാകണം. കര്‍ണാടക ലോകായുക്ത വിധിയെത്തുടര്‍ന്ന് മുഖ്യമന്ത്രി യദിയൂരപ്പയെ ജയിലിലടച്ചപ്പോള്‍ അതു സ്വാഗതം ചെയ്തയാളാണ് പിണറായി വിജയന്‍. ഒരു പടികൂടി കടന്ന്, ദേശീയതലത്തില്‍ ലോക്പാല്‍ നിയമപരിധിയില്‍ പ്രധാനമന്ത്രിയെക്കൂടി ഉള്‍പ്പെടുത്തണമെന്നു വാദിച്ചയാളുമാണ് അദ്ദേഹം. ലോക്പാല്‍ പരിധിയില്‍ പ്രധാനമന്ത്രി വരുന്നതില്‍ ഭയമുള്ളതിനാലാണ് അതില്‍നിന്നൊഴിവാകാന്‍ ശ്രമിക്കുന്നതെന്നാണ് അന്ന് അദ്ദേഹം പറഞ്ഞത്. ഇതിനു നേരേ വിപരീതനിലപാടുമായി വരുമ്പോള്‍ കാരണമെന്തെന്നു ജനങ്ങള്‍ക്കു ബോധ്യമാകുന്നതാണ്. 2019 ല്‍ സി.പി.എം. ഔദ്യോഗികജിഹ്വയായ ചിന്ത വാരികയില്‍ പിണറായി പറഞ്ഞത്, ഓംബുഡ്‌സ്മാന്‍ കുരയ്ക്കുന്ന ഒരു നായ മാത്രമാണ്, ലോകായുക്ത അങ്ങനെയല്ലെന്നാണ്. പുതിയ ഓര്‍ഡിനന്‍സിലൂടെ കേരള ലോകായുക്തയെ കുരയ്ക്കാന്‍പോലും കെല്പില്ലാത്ത നിലയില്‍ നിര്‍വീര്യമാക്കാനാണു ശ്രമം. ഇപ്പോള്‍ നിര്‍വീര്യമാക്കാന്‍ ശ്രമിക്കുന്ന വകുപ്പുകള്‍ നിയമസഭ മുമ്പു വിശദമായി ചര്‍ച്ച ചെയ്തു തള്ളിക്കളഞ്ഞതാണെന്ന കാര്യം പിണറായും കോടിയേരിയും സൗകര്യപൂര്‍വം വിസ്മരിക്കുകയാണ്.
ലോകായുക്തനിയമത്തില്‍ ഭേദഗതികൊണ്ടുവരാനുള്ള ഓര്‍ഡിനന്‍സ് നീക്കം മുഖ്യമന്ത്രിയെ കേസുകളില്‍നിന്നു രക്ഷപ്പെടുത്താനാണെന്നു പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ കുറ്റപ്പെടുത്തുന്നു. അടുത്തനാളില്‍ മുഖ്യമന്ത്രിക്കും ഉന്നതവിദ്യാഭ്യാസമന്ത്രിക്കുമെതിരായുണ്ടായ കേസുകള്‍ ലോകായുക്തയ്ക്കുമുമ്പില്‍ വരുന്നതാണ്, ഇത്തരമൊരു ഓര്‍ഡിനന്‍സിനു പിന്നിലെന്ന് അദ്ദേഹം പറയുന്നു. മുഖ്യമന്ത്രിക്കെതിരേ കേസുവന്നപ്പോള്‍ മാത്രമാണ് 22 വര്‍ഷമായി സി.പി.എം. പറയാത്ത ലോകായുക്ത നിയമത്തിനു ഭരണഘടനാവിരുദ്ധത പറയുന്നത്. എന്തും ചെയ്യാമെന്ന പ്രഖ്യാപനമാണ് നിയമഭേദഗതി നീക്കമെന്നാണ് അദ്ദേഹം പറയുന്നത്.
എന്തെല്ലാം ന്യായീകരണങ്ങള്‍ ഉയര്‍ത്തിയാലും ജനങ്ങള്‍ക്കു സ്വീകാര്യമായ നീക്കമല്ല ഇത്. പൊതുപ്രവര്‍ത്തകരുടെ അഴിമതിയും സ്വജനപക്ഷപാതവും ഭരണത്തലപ്പത്തെ ഉന്നതരുടെ നിയമവാഴ്ചയ്ക്കു നിരക്കാത്ത വഴിവിട്ട നടപടികളും തെളിവുകളുടെ പിന്‍ബലത്തില്‍ പരിശോധിച്ചു മേല്‍നടപടികള്‍ക്ക് ഉത്തരവിടാനുള്ള അവകാശം ഇല്ലാതാക്കാനുള്ള നീക്കം അനുവദിക്കാനാവില്ല. മൊറാര്‍ജി ദേശായി ഭരണപരിഷ്‌കാരക്കമ്മീഷനാണ് അഴിമതിവിരുദ്ധ ഓംബുഡ്‌സ്മാന്‍ സംവിധാനം സംസ്ഥാനങ്ങളില്‍ രൂപീകരിക്കണമെന്ന നിര്‍ദേശം മുന്നോട്ടുവച്ചത്. നാലു പതിറ്റാണ്ടിലേറെക്കഴിഞ്ഞാണ് ദേശീയതലത്തില്‍ ലോക്പാല്‍ നിയമം കൊണ്ടുവരുന്നത്. മഹാരാഷ്ട്ര, കേരളം, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ ശക്തമായ അധികാരാവകാശങ്ങളുള്ള ലോകായുക്തസംവിധാനം നിലവില്‍ വന്നിരുന്നു. 1966 ലെ മൊറാര്‍ജി ഭരണപരിഷ്‌കാരക്കമ്മീഷന്‍ ശുപാര്‍ശകളോടു നീതിപുലര്‍ത്തുന്ന തരത്തില്‍ കേരള ലോകായുക്ത നടപ്പാക്കുന്നത് 1996 ലെ ഇ.കെ. നായനാര്‍ സര്‍ക്കാരിന്റെ കാലത്താണ്. ലോകായുക്തയുടെ അധികാരം കവരാന്‍ ശ്രമിക്കുന്ന പിണറായി വിജയന്‍ അന്നത്തെ നായനാര്‍ മന്ത്രിസഭയില്‍ അംഗമായിരുന്നു എന്ന വസ്തുത വിസ്മരിച്ചുകൂടാ. അഴിമതിവിരുദ്ധമായ പ്രതിച്ഛായയുണ്ടാക്കി ജനവിശ്വാസം നേടി അധികാരത്തില്‍ വരുകയും കിട്ടുന്ന അവസരങ്ങളില്‍ അഴിമതിയുടെ ചെളിക്കുണ്ടില്‍ പതിക്കുകയും ചെയ്യുന്ന രാഷ്ട്രീയനേതാക്കളുടെ കപടമുഖമാണിപ്പോള്‍ മുഖംമൂടി മാറ്റി പുറത്തുവരുന്നത്. മുഖ്യമന്ത്രിയും സ്പീക്കറും പ്രതിപക്ഷനേതാവും ചേര്‍ന്ന സമിതിയുടെ ശുപാര്‍ശപ്രകാരം നിയമിതമാകുന്ന ലോകായുക്ത ജനതാത്പര്യസംരക്ഷണത്തിന് ആശ്രയിക്കാവുന്ന സ്ഥാപനമാണ്. സുപ്രീം കോടതി ജഡ്ജി, ഹൈക്കോടതി ജഡ്ജി സ്ഥാനങ്ങളില്‍ നിന്നു വിരമിച്ചവര്‍ ഉള്‍പ്പെട്ട ലോകായുക്തയ്ക്ക് കുറ്റക്കാരായി കണ്ടെത്തുന്നവരെ അധികാരസ്ഥാനത്തുനിന്നു നീക്കാന്‍ ഉത്തരവിടാന്‍ അധികാരമുണ്ട്. കെ.ടി. ജലീലിന് മന്ത്രിസ്ഥാനം നഷ്ടപ്പെടുന്നത് അങ്ങനെയാണ്. അത്തരം ഡമോക്ലിസിന്റെ വാള്‍ തങ്ങളുടെ തലയ്ക്കുമീതെ തൂങ്ങിക്കിടക്കുന്നതായി പേടിക്കുന്നവര്‍, അവസാനകച്ചിത്തുരുമ്പായി ഇങ്ങനെയൊരു ഓര്‍ഡിനന്‍സിനു നീക്കം നടത്തുകയാണ്. വിരമിച്ച സുപ്രീം കോടതി ജഡ്ജിയോ ഹൈക്കോടതി ചീഫ് ജസ്റ്റീസോ ലോകായുക്ത അധ്യക്ഷസ്ഥാനത്തിരിക്കണമെന്ന നിയമം ഭേദഗതി ചെയ്ത് ഹൈക്കോടതിയില്‍നിന്നു വിരമിച്ച ഏതെങ്കിലും ജഡ്ജിയെ അധ്യക്ഷസ്ഥാനത്തേക്കു കൊണ്ടുവരാമെന്ന ഭേദഗതിനീക്കവും അപകടകരമാണ്.
മനുഷ്യാവകാശക്കമ്മീഷന്‍, ബാലാവകാശക്കമ്മീഷന്‍, വനിതാക്കമ്മീഷന്‍ എന്നിവയെപ്പോലെ തങ്ങളുടെ ചിറകിനടിയിലൊതുങ്ങുന്ന ഒരു സംവിധാനമാക്കി കേരള ലോകായുക്തയെ മാറ്റാനുള്ള നീക്കം ഒരിക്കലും അനുവദിക്കാവുന്നതല്ല. ഇക്കാര്യത്തില്‍ സി.പി.ഐ. ഉറച്ച നിലപാടെടുക്കണം. ഗവര്‍ണര്‍ നിയമപരിപാലനത്തില്‍ ഉയര്‍ത്തുന്ന സംശയങ്ങള്‍ ജനങ്ങള്‍ക്കുമുമ്പിലും ഉയര്‍ന്നുവരുന്നതാണ്. ഇക്കാര്യത്തില്‍ ഗവര്‍ണര്‍ ഉറച്ച നിലപാടു സ്വീകരിക്കണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നു. നിയമവാഴ്ച നിലനിര്‍ത്തേണ്ടത് ആരുടെയെങ്കിലും ഔദാര്യത്തിലാകരുത്. തങ്ങള്‍ക്കുനേരേ നീളുന്ന കരങ്ങള്‍ മുറിച്ചുമാറ്റാനും വാദങ്ങളുന്നയിക്കുന്ന നാവ് അരിയാനും നടക്കുന്ന നീക്കത്തിനതിരേ രാഷ്ട്രീയനിലപാടു നോക്കാതെ ഒരുമിച്ചുനില്‍ക്കാന്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കു കഴിയണം.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)