ദിവ്യകാരുണ്യഭക്തിക്കായി സ്വയം സമര്‍പ്പിച്ച് സഹനത്തിന്റെ പാതയിലൂടെ ഇക്കഴിഞ്ഞ ജനുവരി 22 ന് പറുദീസയിലേക്കു കടന്നുപോയ അജ്‌ന ജോര്‍ജിനെക്കുറിച്ച്
ഓര്‍മവെച്ച നാള്‍മുതല്‍ ദിവ്യകാരുണ്യഭക്തിക്കായി ജീവിതം സമര്‍പ്പിക്കുക, കാന്‍സറിന്റെ അസഹനീയവേദനകളെ പരാതികളില്ലാതെ ഏറ്റുവാങ്ങി ദൈവസ്തുതിക്കായി കാഴ്ചവയ്ക്കുക, മരണം തൊട്ടടുത്തെത്തുമ്പോഴും ദിവ്യകാരുണ്യനാഥനെ പുഞ്ചിരിയോടെ ചേര്‍ത്തുപിടിക്കുക... പറഞ്ഞുവരുന്നത് തിരസ്സഭ കഴിഞ്ഞ വര്‍ഷം വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്കുയര്‍ത്തിയ കാര്‍ലോ അക്യുറ്റിസിനെക്കുറിച്ചല്ല, കാര്‍ലോയുടെ വിശുദ്ധജീവിതം അനുസ്മരിക്കുംവിധം ദിവ്യകാരുണ്യഭക്തിക്കായി സ്വയം സമര്‍പ്പിച്ച അജ്‌നയെക്കുറിച്ചാണ്; ഇക്കഴിഞ്ഞ ദിവസം (ജനുവരി 22) ഈശോയുടെ സന്നിധിയിലേക്കു യാത്രയായ 27 വയസ്സുകാരി അജ്‌ന ജോര്‍ജ് എന്ന ''ജീസസ് യൂത്തി'നെക്കുറിച്ചാണ്.
ഈശോയെ സ്‌നേഹിക്കാന്‍ മത്സരിച്ചവള്‍... കാന്‍സര്‍ കോശങ്ങള്‍ കണ്ണും കാതും കരളും വായും താടിയെല്ലും കാര്‍ന്നെടുത്തപ്പോഴും പുഞ്ചിരി തൂകിയവള്‍... വേദനയാല്‍ പുളയുമ്പോള്‍പോലും വേദന സഹിച്ചു നടന്നുതന്നെ പള്ളിയില്‍ വരണമെന്നു വാശി പിടിച്ചവള്‍... ലോക്ഡൗണ്‍ ദിനങ്ങളില്‍പ്പോലും ഈശോയെ തരണമെന്നു നിര്‍ബന്ധം പിടിച്ചവള്‍... വേദനകളുടെ ലോകത്തുനിന്ന് ദൈവം അവളെ തിരിച്ചുവിളിക്കാന്‍ സകലരും പ്രാര്‍ത്ഥിച്ചപ്പോഴും സഹനങ്ങള്‍ കൂടുതല്‍ തരാന്‍ ഈശോയോട് അപേക്ഷിച്ചവള്‍... സകലരെയും അദ്ഭുതപ്പെടുത്തിയ അജ്‌നയ്ക്ക് ഏറ്റവും ചേരുന്നത്, വാഴ്ത്തപ്പെട്ട കാര്‍ലോ അക്യുറ്റിസിന്റെ സോദരി എന്ന വിശേഷണമാകും!
സഹനം നല്‍കണേയെന്നു പ്രാര്‍ത്ഥിച്ച വിശുദ്ധാത്മാക്കളെക്കുറിച്ചു വായിച്ചിട്ടുണ്ട്, ജീവിതമത്രയും ദിവ്യകാരുണ്യ ഈശോയ്ക്കു സമര്‍പ്പിച്ച വിശുദ്ധരെക്കുറിച്ചും കേട്ടിട്ടുണ്ട്. എന്നാല്‍, അപ്രകാരമൊരു പുണ്യജീവിതം അടുത്തുനിന്നു കാണാന്‍, അവള്‍ക്കുവേണ്ടുന്ന ആത്മീയശുശ്രൂഷകള്‍ ലഭ്യമാക്കാന്‍ അവസരമൊരുക്കിയ ദൈവഹിതം ഓര്‍ക്കുമ്പോള്‍ എന്റെ കണ്ണു നിറയുന്നു- ദൈവമേ, നീയെത്ര മഹോന്നതന്‍! ഒരു വ്യക്തിയെ തിരുസ്സഭ വിശുദ്ധപദവിയിലേക്ക് ഉയര്‍ത്തുന്നതു നാളുകള്‍ നീളുന്ന, സങ്കീര്‍ണമായ പഠനങ്ങള്‍ക്കും സൂക്ഷ്മപരിശോധനകള്‍ക്കുംശേഷമാണ്. എന്നാല്‍, ഏതാണ്ട് 17 വര്‍ഷമായി അജ്‌നയെ അടുത്തറിയാവുന്നയാള്‍ എന്ന നിലയില്‍ എനിക്കു സാക്ഷ്യപ്പെടുത്താനാകും, ഒരു വിശുദ്ധയ്ക്കടുത്ത ജീവിതമായിരുന്നു അവളുടേത്!
എന്റെ സഹപാഠിയുടെ (അജ്മ) സഹോദരിയായ അജ്‌നയെ ആദ്യമായി കാണുമ്പോള്‍ പത്തു വയസ്സുകാരിയായിരുന്നിരിക്കും അവള്‍. വളരുന്നതിനുസരിച്ച് ഈശോയോടുള്ള അവളുടെ സ്നേഹവും വളര്‍ന്നു. കോളജ് പഠനകാലത്ത് 'ജീസസ് യൂത്തി'ല്‍ സജീവമായതിലൂടെ കൈവന്ന ആത്മീയപോഷണത്തെക്കുറിച്ച് അവള്‍തന്നെ പറഞ്ഞിട്ടുണ്ട്. ബിരുദവും ബിരുദാനന്തരബിരുദവും മികച്ച മാര്‍ക്കോടെ പാസായി തേവര എസ്.എച്ച്. കോളജിലെ കോമേഴ്സ് ഡിപ്പാര്‍ട്ടുമെന്റില്‍ അസിസ്റ്റന്റ് പ്രൊഫസറായി ഉദ്യോഗം ലഭിച്ച നാളുകളിലാണ്, ഏതാണ്ടു നാലര വര്‍ഷംമുമ്പ് കാന്‍സര്‍ കോശങ്ങള്‍ അവളുടെ താടിയെല്ലില്‍ സാന്നിധ്യമറിയിച്ചത്.
അടിയന്തര ശസ്ത്രക്രിയ ഉള്‍പ്പെടെയുള്ള ചികിത്സയിലൂടെ ജീവിതത്തിലേക്കു തിരിച്ചെത്തി, പക്ഷേ, ആ സൗഖ്യദിനങ്ങള്‍ക്ക് അല്പായുസ്സേ ഉണ്ടായിരുന്നുള്ളൂ. കണ്ണും കാതും കരളും താടിയെല്ലും അധരങ്ങളുമെല്ലാം കാര്‍ന്നുതിന്നാന്‍ കാന്‍സര്‍ കോശങ്ങള്‍ മത്സരിച്ചപ്പോഴും അവളുടെ മുഖത്തുനിന്നു പുഞ്ചിരി മാഞ്ഞില്ല, അധരങ്ങളില്‍നിന്നു ദൈവസ്തുതി അകന്നില്ല. ഇക്കാലയളവില്‍ ഒരു കണ്ണിന്റെ കാഴ്ചയും ഒരു കാതിന്റെ കേള്‍വിയും മാത്രമല്ല അവളുടെ മുഖകാന്തിയും കവര്‍ന്നെടുത്തു കാന്‍സര്‍. രണ്ടു മാസംമുമ്പു സംസാരശേഷിയും ഏറെക്കുറെ നഷ്ടമായി. അവളുടെ പീഡാസഹനങ്ങളുടെ അവസാനനാളുകളില്‍, രണ്ടര വര്‍ഷംമുമ്പ് അവളുടെ ഇടവകവികാരിയായി ഞാന്‍ നിയമിക്കപ്പെട്ടതും മറ്റൊരു ദൈവഹിതം.
ദിവ്യകാരുണ്യത്തോടുള്ള അവളുടെ ഭക്തി കൂടുതല്‍ അടുത്തറിഞ്ഞ നാളുകളായിരുന്നു അത്. ഈശോ തന്നെ സ്‌നേഹിക്കുന്നതിനെക്കാള്‍ കൂടുതല്‍ തനിക്ക് ഈശോയെ സ്‌നേഹിക്കണം - അതിനുവേണ്ടിയുള്ള മത്സരത്തിലായിരുന്നു അവളെന്നു പലപ്പോഴും തോന്നിയിട്ടുണ്ട്. കുട്ടിക്കാലംമുതല്‍ ശീലിച്ച അനുദിന ദിവ്യബലി കഠിനവേദനയുടെ ദിനങ്ങളിലും അവള്‍ മുടക്കിയില്ല. പിച്ചവയ്ക്കുന്ന കുട്ടിയെപ്പോലെ അമ്മയുടെ കരം പിടിച്ച് അവള്‍ ദിവ്യബലിയില്‍ പങ്കുകൊള്ളാന്‍ ദൈവാലയത്തിലെത്തും. വാഹനസൗകര്യം ഒരുക്കാന്‍ ശ്രമിച്ച എന്നെ തടഞ്ഞുകൊണ്ട് അവള്‍ പറഞ്ഞ വാക്കുകള്‍ എങ്ങനെ ഞാന്‍ മറക്കും: 'സഹനം ഒഴിവാക്കാന്‍ എന്നെ പ്രലോഭിപ്പിക്കുകയാണല്ലേ!'
ലോക്ഡൗണ്‍ കാലത്ത് പൊതുജനപങ്കാളിത്തത്തോടെയുള്ള ദിവ്യബലികള്‍ വിലക്കപ്പെട്ടപ്പോഴും വിശുദ്ധ കുര്‍ബാന ഉള്‍ക്കൊള്ളാന്‍ അവള്‍ കാണിച്ച നിര്‍ബന്ധബുദ്ധി അമ്പരപ്പിക്കുന്നതായിരുന്നു. വിശുദ്ധ കുര്‍ബാനയുമായി അവളുടെ വീട്ടിലേക്കു നടത്തിയ യാത്രയ്ക്കിടെ എത്രയോ തവണ പൊലീസിന്റെ ചോദ്യം ചെയ്യലിനു വിധേയനായിട്ടുണ്ടെന്നോ! രോഗം മൂര്‍ച്ഛിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഒരാഴ്ച എന്റെ അജപാലനജീവിതത്തില്‍ ഒരിക്കലും മറക്കാനാവില്ല. ആശുപത്രിമുറി ദിവ്യകാരുണ്യ ആരാധനാചാപ്പലാക്കി മാറ്റിയ ദിനങ്ങളായിരുന്നു അത്. അവള്‍ക്കു നല്‍കാനായി കൊണ്ടുപോകുന്ന തിരുവോസ്തിക്കുമുന്നില്‍ ഒരു മണിക്കൂറോളം മനസ്സുകൊണ്ടു സ്തുതിയാരാധനകള്‍ അര്‍പ്പിച്ചശേഷമാകും അവള്‍ ഈശോയെ നാവില്‍ സ്വീകരിക്കുക.
ദിവ്യകാരുണ്യനാഥനെ സ്വീകരിച്ചുകൊണ്ടുതന്നെയായിരുന്നു അവള്‍ ഈശോയില്‍ വിലയം പ്രാപിച്ചതും (അധരങ്ങള്‍ തുറക്കാന്‍പോലും സാധിക്കാതിരുന്ന അവള്‍ തിരുവോസ്തി വെള്ളത്തില്‍ അലിയിച്ച്, ഭക്ഷണം നല്‍കാന്‍ വയറു തുളച്ചിട്ടിരിക്കുന്ന ട്യൂബിലൂടെയാണ് ഉള്‍ക്കൊണ്ടിരുന്നത്. കഴിഞ്ഞ ഏഴു മാസമായി ഇപ്രകാരമായിരുന്നു അവളുടെ വിശുദ്ധ കുര്‍ബാനസ്വീകരണം എന്നുകൂടി അറിയണം). ആ വിശുദ്ധമരണം കണ്‍മുമ്പില്‍നിന്നു മായില്ല. രോഗീലേപനം സ്വീകരിച്ചു വിശുദ്ധ കുര്‍ബാന ഉള്‍ക്കൊണ്ടശേഷം എന്റെ കരംപിടിച്ച് ചൊല്ലിത്തുടങ്ങിയ 'ഈശോ മറിയം യൗസേപ്പേ,' എന്ന സൃകൃതജപം അരമണിക്കൂര്‍ പിന്നിട്ടപ്പോഴേക്കും ശബ്ദം നേര്‍ത്തുനേര്‍ത്ത് ഇല്ലാതായി, അവള്‍ ഈശോയ്ക്കു സമര്‍പ്പിച്ച ജീവശ്വാസം നിലച്ചു - വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് കൃത്യം മൂന്നിന്, ഈശോ മരിച്ച അതേസമയം! ദൈവമേ, ഒരു വിശുദ്ധയുടെ സ്വര്‍ഗപ്രാപ്തിക്കു സാക്ഷിയാക്കുകയായിരുന്നോ അവിടുന്ന് എന്നെ!
അറിയില്ല, പക്ഷേ, ഒന്നെനിക്കറിയാം - പരിചയപ്പെടുന്ന എല്ലാവരിലേക്കും ദിവ്യകാരുണ്യ ഈശോയെ പകര്‍ന്നുനല്‍കുക എന്നതായിരുന്നു അവളുടെ ആഗ്രഹം. വിശുദ്ധ കൊച്ചുത്രേസ്യയെയും വിശുദ്ധ അല്‍ഫോന്‍സാമ്മയെയുംപോലെ, രോഗക്കിടക്കയിലായിരിക്കുമ്പോഴും സഹനങ്ങളത്രയും കാഴ്ചവച്ചതും ആ നിയോഗത്തിനുവേണ്ടിത്തന്നെ. അവളുടെ മരണംപോലും ദിവ്യകാരുണ്യ പ്രഘോഷണമായി മാറിയതും അതുകൊണ്ടുതന്നെയാവണം - ദിവ്യകാരുണ്യ ഈശോയോടുള്ള അവളുടെ സ്നേഹം പ്രകീര്‍ത്തിക്കുന്ന എത്രയെത്ര കുറിപ്പുകളാണ് സാമൂഹികമാധ്യമങ്ങളില്‍ ഇടംപിടിച്ചത്.
വേദനകള്‍ അലതല്ലുമ്പോഴും ഒരു വിശുദ്ധയ്ക്കു ജന്മം നല്‍കിയ ആ മാതാപിതാക്കള്‍ക്കും (വരാപ്പുഴ അതിരൂപത വൈറ്റില സെന്റ് പാട്രിക് ഇടവക മുട്ടുങ്കല്‍ ജോര്‍ജ് - അച്ചാമ്മ ദമ്പതികള്‍) അവളുടെ സഹോദരങ്ങള്‍ക്കും ആനന്ദിക്കാം. അവളെ പരിചയപ്പെട്ട ഓരോരുത്തര്‍ക്കും അഭിമാനിക്കാം. ദിവ്യകാരുണ്യ ഈശോയോടുള്ള ഭക്തിയില്‍ വളരാനുള്ള നമ്മുടെ പ്രാര്‍ത്ഥനകളില്‍ അവള്‍ ഇനിയും നമ്മെ സഹായിക്കും, തന്നെ ഏറെ സ്നേഹിക്കുന്ന, താന്‍ അതിലേറെ സ്‌നേഹിക്കുന്ന ഈശോയുടെ തൊട്ടടുത്തായിരുന്നുകൊണ്ട്. അവള്‍ ജീവിച്ചിരുന്ന കാലത്തു ജീവിക്കാന്‍ സാധിച്ചതാണ് നമ്മുടെ പുണ്യം. അജ്‌നാ, നീ പറുദീസയില്‍ ആയിരിക്കുമ്പോള്‍ ഞങ്ങളെയും ഓര്‍ക്കണമേ...