"Every child comes with the messege that God is not yet discouraged of man' |
'ഭൂമിയിലേക്കു പിറന്നുവീഴുന്ന ഓരോ കുഞ്ഞും നമുക്കു തരുന്ന സന്ദേശം; ദൈവം ഇനിയും മനുഷ്യനെ മടുത്തിട്ടില്ല എന്നുള്ളതാണ്' - എന്ന ടാഗോറിന്റെ പ്രസിദ്ധമായ വാക്കുകള്‍ മനുഷ്യനെ മറക്കുകയും മടുക്കുകയും അവനെ മര്‍ദ്ദിച്ചു മരണത്തിലേക്കു തള്ളിവിടുകയും ചെയ്യുന്ന എല്ലാ മനുഷ്യാധമന്‍മാര്‍ക്കും പ്രസ്ഥാനങ്ങള്‍ക്കും വെള്ളിടിയായി മാറട്ടെ.
എല്ലാ വര്‍ഷവും ജൂലൈ 11 ലോകജനസംഖ്യാദിനമായി ആചരിക്കുന്നു. ലോകജനസംഖ്യ 500 കോടിയിലെത്തിയ ദിനത്തിന്റെ ഓര്‍മയാണ് അത് പകര്‍ന്നു നല്‍കുന്നത്. കൃത്യമായി പറഞ്ഞാല്‍, ലോകജനസംഖ്യ 500 കോടിയിലെത്തിയത് 1987 ജൂലൈ 11 നായിരുന്നു. 1989 ല്‍ ഐക്യരാഷ്ട്രസഭയുടെ ഭരണസമിതി എല്ലാവര്‍ഷവും ജൂലൈ 11 ലോകജനസംഖ്യാദിനമായി (World Population Day) ആചരിക്കുവാന്‍ തീരുമാനിച്ചു. ജനസംഖ്യാപ്രശ്‌നങ്ങളെക്കുറിച്ചും, സ്ത്രീപുരുഷസമത്വം, ദാരിദ്ര്യം, മനുഷ്യാവകാശം തുടങ്ങിയ വിഷയങ്ങളെക്കുറിച്ചും ജനങ്ങള്‍ക്കു ബോധവത്കരണം നടത്തുക എന്നതാണ് ഈ ദിനത്തിന്റെ ലക്ഷ്യം. ഇങ്ങനെയൊരു ജനസംഖ്യാദിനത്തിന്റെ തീയതി നിര്‍ദ്ദേശിച്ചത് മലയാളിയായ മുന്‍ ലോകബാങ്ക് ജനസംഖ്യാ ശാസ്ത്രജ്ഞനും ഇപ്പോള്‍ CDS(Centre for Development Studies)ന്റെ ഓണററി പ്രൊഫസറുമായ ഡോ. കെ.സി. സക്കറിയ ആയിരുന്നു എന്നത് നമുക്ക് അഭിമാനകരമായ കാര്യമാണ്. ഇന്ന് ലോകജനസംഖ്യ 780 കോടിയിലെത്തി നില്‍ക്കുന്നു.
ക്രിസ്തുവിന്റെ കാലംമുതല്‍ 19-)o നൂറ്റാണ്ടുവരെ ലോകജനസംഖ്യാവര്‍ദ്ധനവു താരതമ്യേന കുറവായിരുന്നു. നൂറുവര്‍ഷം കൊണ്ടാണ് ജനസംഖ്യ നൂറു കോടിയുടെ വര്‍ദ്ധനവ് കാണിച്ചിരുന്നത്. എന്നാല്‍, വ്യാവസായികവിപ്ലവത്തിനുശേഷം നാല്പതു വര്‍ഷംകൊണ്ട് ജനസംഖ്യാവര്‍ദ്ധന നൂറു കോടിയിലെത്തുകയും പിന്നീട് ഹരിതവിപ്ലവത്തിന്റെയും നൂതനസാങ്കേതികവിദ്യകളുടെയും വികസനപ്രക്രിയയില്‍ പതിമ്മൂന്ന് പതിന്നാലു വര്‍ഷം കൂടുമ്പോള്‍തന്നെ നൂറുകോടി ജനസംഖ്യാവര്‍ദ്ധന കാണിക്കുന്ന ഒരു ഘട്ടത്തിലെത്തി നില്‍ക്കുകയും ചെയ്തിരിക്കുന്നു.
ഓരോ പ്രദേശത്തെയും ജനസംഖ്യയെയും കാലാകാലങ്ങളില്‍ ഉണ്ടാവുന്ന വര്‍ദ്ധനവിനെയും വ്യതിയാനത്തെയും കുറിച്ചു പഠിക്കുന്ന ശാസ്ത്രശാഖയ്ക്ക് സെമോഗ്രാഫി (ജനസംഖ്യാശാസ്ത്രം) എന്നാണു പറയുന്നത്. ജനസംഖ്യാവര്‍ദ്ധനവിനനുസരിച്ച് ജനങ്ങളുടെ സുസ്ഥിതിക്കാവശ്യമായ സാമ്പത്തികസ്രോതസ്സുകള്‍ കണെ്ടത്തി സുസ്ഥിരവികസനം സാധ്യമാക്കുവാന്‍ ഈ ശാസ്ത്രം ഗവണ്‍മെന്റുകളെ സഹായിക്കുന്നു. യഥാര്‍ത്ഥത്തില്‍ ഒരു രാഷ്ട്രത്തിന്റെ ഭാഗധേയങ്ങളെ നിര്‍ണ്ണയിക്കുന്ന അടിസ്ഥാനഘടകമാണ് ജനസംഖ്യ. വിദ്യാഭ്യാസം, ഗതാഗതം, വ്യവസായം, ആരോഗ്യം എന്നു വേണ്ട സര്‍വ്വ മേഖലകളെയും സ്വാധീനിക്കുകയും പരിപുഷ്ടിപ്പെടുത്തുകയും ചെയ്യുന്ന രാഷ്ട്രസമ്പത്താണ് ജനങ്ങള്‍. ഒരു രാഷ്ട്രത്തിന്റെ ശക്തി എന്നത് അവിടത്തെ ജനങ്ങളാണ്, ( Human Resource is the power) എന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യാഗവണ്‍മെന്റ് 'മാനവവിഭവശേഷി' മന്ത്രാലയം തന്നെ(Human Resource Development Ministry) വിഭാവനം ചെയ്തിരിക്കുന്നത്. അവിടെയാണ് കുടുംബവും വ്യക്തികളും പ്രസക്തമാവുന്നത്.
കേരളത്തിലെ സിറിയന്‍ ക്രിസ്ത്യാനികളുടെ ജനസംഖ്യയെയും സാമൂഹികസാമ്പത്തികപരിണാമത്തെയും കുറിച്ചുള്ള കെ.ജെ. സഖറിയായുടെ പഠനം പ്രാധാന്യമര്‍ഹിക്കുന്നതാണ്. 2001-ല്‍ കേരളത്തിലെ ക്രിസ്ത്യാനികളുടെ ജനസംഖ്യ 59 ലക്ഷമായിരുന്നത് 2031 ആകുമ്പോള്‍ 58 ലക്ഷത്തിലേക്കു ചുരുങ്ങുമെന്നും ഹിന്ദുജനസംഖ്യ ഒരു കോടി 82 ലക്ഷത്തില്‍നിന്ന് 2 കോടി 2 ലക്ഷത്തിലേക്കും മുസ്ലീം ജനസംഖ്യ 76 ലക്ഷത്തില്‍നിന്ന് 92 ലക്ഷത്തിലേക്കും കുതിച്ചുയരുമെന്നുമുള്ള അദ്ദേഹത്തിന്റെ നിഗമനം ഗൗരവാര്‍ഹമാണ്. വിവാഹപ്രായം, ജനസംഖ്യാനിയന്ത്രണമാര്‍ഗ്ഗങ്ങള്‍, നിയമാനുസൃതഗര്‍ഭച്ഛിദ്രം തുടങ്ങിയ കാരണങ്ങളാല്‍ ഇന്ത്യയില്‍ത്തന്നെ ഏറ്റവും താഴ്ന്ന ജനനനിരക്കുള്ള ഒരു സമൂഹമായി ക്രിസ്ത്യാനികള്‍ മാറിയെന്നും, അദ്ദേഹം കണെ്ടത്തുന്നു. കത്തോലിക്കരുടെ സാമൂഹികവിഷയങ്ങളിലെ മുന്‍ഗണനാക്രമത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പഠനങ്ങള്‍ ഈ ജനസംഖ്യാദിനത്തില്‍ വിചിന്തനവിഷയമാവേണ്ടതാണ്.
ക്രിസ്ത്യന്‍ പുരോഹിതനും ബ്രിട്ടീഷ് സാമ്പത്തികശാസ്ത്രജ്ഞനുമായിരുന്ന Rev.Thomas Robert Malthus ന്റെ 1798 ലെ ജനസംഖ്യയെക്കുറിച്ചുള്ള "An Essay on the Principle of Population' എന്ന പുസ്തകം മുന്നോട്ടു വയ്ക്കുന്ന ജനസംഖ്യാദുരന്തവും അതിനെതിരായി 'ഒരു കുഞ്ഞ് ജനിക്കുന്നത് വായും വയറും മാത്രമായിട്ടല്ല, കൈകളോടും കൂടിയാണ്' എന്നുപറഞ്ഞ് Edwin Canan മുന്നോട്ടു വച്ച് 'ഒപ്റ്റിമം തിയറി ഓഫ് പോപ്പുലേഷ'നുംWarren Thompson ന്റെ ജനസംഖ്യാപരിവര്‍ത്തനസിദ്ധാന്തവും (Demographic Transition Theory) "The greatest happiness for the greatest number' എന്ന Jermy Bentham - ന്റെ വീക്ഷണവുമായി ശാസ്ത്രം മുന്നോട്ടുപോകുമ്പോള്‍ ദൈവം സൃഷ്ടിച്ച മനോഹരമായ ഈ പ്രപഞ്ചത്തിലെ ഏറ്റവും സുന്ദരവും ശ്രേഷ്ഠവും അദ്ഭുതകരവുമായ മനുഷ്യന്‍ എന്ന പ്രതിഭാസത്തെക്കുറിച്ചും അവന്റെ ജീവിതത്തെക്കുറിച്ചും ജീവനെക്കുറിച്ചുമുള്ള ചിന്തകളാണ് അഭികാമ്യം.
മനുഷ്യജീവന്റെ മഹത്ത്വത്തിനുവേണ്ടി നിലകൊണ്ട, അതിനുവേണ്ടി ജീവാര്‍പ്പണം ചെയ്ത മഹാന്മാരുടെയും വിശുദ്ധന്മാരുടെയും സംഭാവനകള്‍ വലുതാണ്. എബ്രഹാംലിങ്കണ്‍, മദര്‍ തെരേസ തുടങ്ങിയവരുടെ പ്രവര്‍ത്തനങ്ങള്‍ ലോകത്തിനു മാതൃകകളാണ്. ഉദരത്തിലെ കുഞ്ഞിനെ രക്ഷിക്കാന്‍ സ്വന്തം ജീവന്‍ ബലിയായി നല്‍കിയ ഇറ്റലിയിലെ ഡോക്ടറായിരുന്ന വിശുദ്ധ ജീനാ ബരേറ്റ മോള ജീവസംരക്ഷണപ്രവര്‍ത്തനങ്ങള്‍ക്കു പ്രചോദനമാണ്. കത്തോലിക്കാസഭയും മാര്‍പാപ്പാമാരും ജീവനുവേണ്ടി നടത്തുന്ന ഇടപെടലുകള്‍ പ്രശംസനീയമാണ്. പ്രത്യേകിച്ച് ജോണ്‍ 23-ാമന്‍ മാര്‍പാപ്പാ, ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പാ, ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പാ, ഫ്രാന്‍സിസ് മാര്‍പാപ്പ എന്നിവരുടെ മനുഷ്യമഹത്ത്വത്തെക്കുറിച്ചും മനുഷ്യജീവനെക്കുറിച്ചുമുള്ള ചാക്രികലേഖനങ്ങളും ഡോക്യുമെന്റുകളും ശ്രദ്ധേയവും ചരിത്രത്തില്‍ വലിയ സ്വാധീനം ചെലുത്തുന്നവയുമാണ്. ജീവസംരക്ഷണത്തിനുവേണ്ടി നിലകൊള്ളുന്ന പ്രോലൈഫ് പ്രസ്ഥാനം ആഗോളതലത്തിലും പ്രാദേശികതലങ്ങളിലും മനുഷ്യജീവനെയും മഹത്ത്വത്തെയും അപകീര്‍ത്തിപ്പെടുത്തുന്ന നിയമങ്ങള്‍ക്കെതിരെയുള്ള യുദ്ധത്തില്‍ സജീവമായി പങ്കുകൊള്ളുന്നു. ഗര്‍ഭച്ഛിദ്രവും ഗര്‍ഭച്ഛിദ്രക്ലിനിക്കുകളും നിയമാനുസൃതമായി വ്യാപകമാകുന്ന വര്‍ത്തമാനകാലത്തില്‍ ഇത്തരം പ്രസ്ഥാനങ്ങളുടെ പ്രസക്തി വലുതാണ്.
നോവലിസ്റ്റ് ആനന്ദ് പറഞ്ഞ വച്ചതുപോലെ വ്യക്തികളും വ്യവസായപ്രമുഖരും ഗവണ്‍മെന്റുകളും രാജ്യങ്ങളും അവരുടെ സ്വാര്‍ത്ഥകൃത്യങ്ങള്‍കൊണ്ട് തങ്ങളുടെ ജീവിതത്തെ എന്നപോലെ മറ്റുള്ളവരുടെയും ജീവിതത്തെയും അപായപ്പെടുത്തുന്ന ഒരു കാലത്താണ് നാം ജീവിക്കുന്നത്. ഇതാണ് നാം ഭയക്കേണ്ടത്. ആണവായുധങ്ങള്‍ നിര്‍മ്മിക്കുന്നതില്‍ മുതലാളിത്തരാജ്യങ്ങള്‍ മാത്രമല്ല, ദരിദ്രരാജ്യങ്ങളും ഇന്നു മത്സരത്തിലാണ്. ഫുഡ്‌വെപ്പണുകളും ക്ലൈമറ്റ് വെപ്പണുകളും പിന്നിട്ട് ബയോ വെപ്പണുകളുടെ ദുരിതം അനുഭവിച്ചുകൊണ്ടിരിക്കുന്ന വര്‍ത്തമാനകാലത്തില്‍ കോവിഡ് ജൈവായുധം രണ്ടു മാസത്തിനുള്ളില്‍ത്തന്നെ ലോകത്തുനിന്ന് അഞ്ചുലക്ഷത്തിഎഴുപത്തിയോരായിരം പേരെ അപ്രത്യക്ഷമാക്കിക്കഴിഞ്ഞു. വരുംനാളുകളില്‍ മരണത്തിന്റെ നിരക്കാണ് ജ്യോമെട്രിക്കല്‍ പാറ്റേണില്‍ ഉയരാന്‍ പോകുന്നത് ജനനനിരക്കല്ല എന്ന ഓര്‍മ്മപ്പെടുത്തല്‍ കാലം പങ്കുവയ്ക്കുന്നു.
ഹിറ്റ്‌ലറിന്റെ കൂട്ടക്കൊലയ്ക്കിരയായത് മൂന്നുകോടി ജനങ്ങള്‍, 20 മില്യന്‍ ജനങ്ങളെ കൊന്നൊടുക്കി സ്റ്റാലിന്‍, ചെങ്കിസ്ഖാന്‍ നാലുകോടി ജനങ്ങളെ, ടാമെര്‍ലിന്‍ 1.5 കോടി ജനങ്ങളെ... പട്ടികകള്‍ അവസാനിക്കുന്നില്ല. ഓരോ 20 മിനിറ്റിലും ഒരു സ്ത്രീ പീഡിപ്പിക്കപ്പെടുന്ന നാട്ടില്‍ ജീവിക്കുന്ന നമുക്ക് അഭിമാനിക്കാന്‍ എന്തുണെ്ടന്നോര്‍ക്കണം. സ്വന്തം അമ്മയുടെ ശവശരീരത്തെപ്പോലും മാനിക്കാന്‍ കഴിയാത്ത, സ്വന്തം ഉദരത്തിലെ ജീവനെ മടികൂടാതെ കശാപ്പു ചെയ്യുന്ന, സഹജീവികളെ സയനൈഡ് ഉപയോഗിച്ച് കൊലപ്പെടുത്തുന്ന മരണസംസ്‌കാരം ഇന്ന് ലോകത്ത് താണ്ഡവമാടുമ്പോള്‍ ഇതെല്ലാം കണ്ടിട്ടും കേട്ടിട്ടും നിശ്ശബ്ദരാകുന്ന നല്ല മനുഷ്യരുടെ കാലം!... എഡ്മണ്ട് ബുര്‍ക്ക് മുന്നില്‍ വന്നുനിന്ന് ഒരു മന്ദസ്മിതത്തോടെ പറയുന്നു - തിന്മയുടെ വിജയത്തിന് ഏറ്റവും പ്രധാനമായത് നന്മ ചെയ്യുന്നവരുടെ നിശ്ശബ്ദതയാണ്.
മനുഷ്യനാവശ്യമുള്ളത് പ്രകൃതി നല്‍കുന്നുണ്ട്, അത്യാഗ്രഹത്തിനുള്ളതില്ലതാനും.
മഹാത്മാഗാന്ധി