•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

ഹോമബലിയായിത്തീര്‍ന്ന ജീവിതങ്ങള്‍

ഹാവായ് ദ്വീപസമൂഹങ്ങളില്‍ കുഷ്ഠരോഗം പടര്‍ന്നുപിടിക്കുകയാണ്. 1863 ആയപ്പോഴേക്കും ഏതാണ്ട് 15 ശതമാനം ജനങ്ങളും കുഷ്ഠരോഗികളായി മാറി. പ്രത്യേക ചികിത്സ ഒന്നും കണ്ടുപിടിക്കപ്പെട്ടിട്ടില്ലാത്ത കാലം! എന്താണു നീക്കുപോക്ക്? എവിടെയാണു തുടങ്ങുക? അവസാനം കുഷ്ഠരോഗികളെയെല്ലാം പിന്നാക്കദ്വീപായ കലാവോപ്രദേശത്തേക്കു മാറ്റാന്‍ തീരുമാനമായി. 1865 ജനുവരി മൂന്നാം തീയതി അതിനുള്ള രാജശാസന നിലവില്‍ വന്നു. തങ്ങളെ വിട്ടുപിരിഞ്ഞ് എന്നന്നേക്കുമായി മൊളോക്കോയിലെ കലാവോയിലേക്കു നീക്കപ്പെട്ട  പ്രിയപ്പെട്ടവരെ ഓര്‍ത്ത് ബന്ധുമിത്രാദികള്‍ പൊട്ടിക്കരഞ്ഞു; അതുപോലെ നീക്കപ്പെട്ടവരും.
കലാവോയിലെത്തിയ കുഷ്ഠരോഗികളുടെ കാര്യം കഷ്ടംതന്നെയായിരുന്നു. അവിടെ ഡോക്ടര്‍മാരോ നഴ്‌സുമാരോ മരുന്നോ ശുദ്ധജലംപോലുമോ ഉണ്ടായിരുന്നില്ല. ആദ്യമാദ്യം അവിടെയെത്തിയവരില്‍ 40 ശതമാനം പേരും മരിച്ചുപോയതായിട്ടാണു കണക്ക്.
'നിയമമില്ലാത്ത'വരുടെ നാടായിരുന്നു മൊളോക്കോ; സര്‍വരാലും വെറുക്കപ്പെട്ടവര്‍ ഒത്തുകൂടിയ സ്ഥലം! അവിടെ അവര്‍ തങ്ങള്‍ക്കിഷ്ടംപോലെ ജീവിച്ചു - മദ്യപിച്ചും അടിപിടി കൂടിയും സ്ത്രീകളെ ഉപദ്രവിച്ചും.
സ്ഥലത്തെ മെത്രാനായിരുന്ന മൈഗ്രറ്റിനെ ദ്വീപിന്റെ ദയനീയസ്ഥിതി വല്ലാതെ അലട്ടി. 1873 മേയ് നാലിന് വൈലക്കു എന്ന സ്ഥലത്ത് ദൈവാലയപ്രതിഷ്ഠ നടക്കുമ്പോള്‍ തന്റെ ദുഃഖം അവിടെയുള്ളവരുമായി അദ്ദേഹം പങ്കുവച്ചു - മൊളോക്കോയുടെ സങ്കടം! ആരോടെന്നില്ലാതെ  അദ്ദേഹം ചോദിച്ചു: എന്താണു മാര്‍ഗം? ആരെയാണു ഞാന്‍ അയയ്ക്കുക? മുപ്പത്തിമൂന്നുകാരനായ ഒരു യുവവൈദികന്‍ എണീറ്റുനിന്നു പറഞ്ഞു: ''ഇതാ ഞാന്‍. എന്നെ അയച്ചാലും'' (ഏശയ്യാ. 6:8). മെത്രാന്‍ അദ്ദേഹത്തെ അവര്‍ക്കു കൊടുത്തു. തങ്ങള്‍ക്കു കിട്ടിയ സമ്മാനമായ ആ യുവവൈദികന്‍ - ഫാ. ഡാമിയന്‍ - തങ്ങള്‍ക്കുവേണ്ടി ജീവിക്കാനും മരിക്കാനും തയ്യാറായി വന്ന വ്യക്തിയാണെന്ന് ക്രമേണ അവര്‍ക്കു മനസ്സിലായി.
ഫാ. ഡാമിയന്‍ അവര്‍ക്കുവേണ്ടി അകലങ്ങളില്‍നിന്നു ശുദ്ധജലമൊഴുക്കിക്കൊണ്ടുവന്നു. അവരെ കുളിപ്പിച്ചു; വസ്ത്രങ്ങള്‍ അലക്കിക്കൊടുത്തു. ചീഞ്ഞുനാറിയ വ്രണങ്ങള്‍ കഴുകിക്കെട്ടി. കൈവിരലുകള്‍ പഴുത്തുപോയവര്‍ക്കു ഭക്ഷണം വാരിക്കൊടുത്തു. കിടക്കയില്‍ എടുത്തുകിടത്തി. കുഷ്ഠരോഗികള്‍ക്കു കിടക്ക  ഉണ്ടായിരുന്നെങ്കിലും ഡാമിയന്‍ തറയിലാണു കിടന്നത്. അവര്‍ക്കു കുടിലുകളുണ്ടായിരുന്നെങ്കിലും അദ്ദേഹം മരച്ചുവടുകളിലാണ് രാത്രികാലം കഴിച്ചുകൂട്ടിയത്.
പക്ഷേ, മദ്യത്തില്‍ മുഴുകി കുഷ്ഠരോഗികള്‍ തങ്ങളുടെ ജീവിതം നശിപ്പിക്കുന്നതിനെ ഫാദര്‍ ഡാമിയന്‍ വിലക്കി. അതോടെ പലരും അദ്ദേഹത്തിനെതിരേ തിരിഞ്ഞു: ''അദ്ദേഹത്തിനു കുഷ്ഠരോഗികളുടെ വേദന അറിഞ്ഞുകൂടാ.''
ഫാദര്‍ ഡാമിയന്റെ ഹൃദയം നൊന്തു. ആര്‍ക്കുവേണ്ടി താന്‍ വീടും കൂടും വിട്ടുപേക്ഷിച്ച് മൊളോക്കോയിലെത്തിയോ, ആരുടെ പഴുത്തൊലിക്കുന്ന വ്രണങ്ങള്‍ കഴുകിക്കെട്ടി ചോറു വാരിത്തീറ്റിയോ... അവര്‍തന്നെ വട്ടമിട്ട് എതിര്‍ക്കുന്നു- 'കുഷ്ഠരോഗത്തിന്റെ വേദന അറിഞ്ഞുകൂടാത്തവന്‍' എന്നു പറഞ്ഞ്! അദ്ദേഹം കരഞ്ഞു - കുനിഞ്ഞു കുമ്പിട്ടിരുന്നു കരഞ്ഞു. കൈയുറപോലുള്ള പഞ്ഞിക്കെട്ടുകളില്‍നിന്നു വളരെ പ്രയാസപ്പെട്ട് അദ്ദേഹം തന്റെ കൈകള്‍ വലിച്ചൂരിയെടുത്ത്  അവരെ ആശ്ലേഷിക്കുവാന്‍ നീട്ടി - വിരലറ്റുപോയി പഴുത്തൊലിക്കുന്ന കൈകള്‍! മുമ്പ് ബിഷപ് മൈഗ്രറ്റിനോടൊപ്പം വന്ന് അവരെ ആലിംഗനം ചെയ്യാന്‍ വിരിച്ചുനീട്ടിയ അതേ കൈകള്‍...!
കുഷ്ഠരോഗികള്‍ അന്തംവിട്ട് ഓടി. അകലങ്ങളില്‍ പോയി കൂട്ടംകൂടിയിരുന്നു മാറത്തടിച്ചു കരഞ്ഞു. അവര്‍ക്കു സുബോധം വന്നു. ഞങ്ങള്‍ക്കുവേണ്ടി കുഷ്ഠരോഗവുംകൂടി സ്വീകരിച്ചവനെയാണു ഞങ്ങള്‍ കരയിച്ചത്. ഏകാന്തരാവുകളില്‍ ഞങ്ങളുടെ  നന്ദിഹീനതയോര്‍ത്ത് അദ്ദേഹം ഏങ്ങിയേങ്ങിക്കരയും. വ്രണങ്ങള്‍ നിറഞ്ഞ ആ ചെവികളിലേക്ക് കണ്ണീരും പഴുപ്പും ഊറിയൂറി ഇറങ്ങും. വേദന അദ്ദേഹത്തെ കാര്‍ന്നുതിന്നും!
ഡാമിയനെപ്പോലെ തങ്ങള്‍ക്കുവേണ്ടി ജീവിക്കാന്‍ മറന്നുപോയ ഒത്തിരിയൊത്തിരി സമര്‍പ്പിതജീവിതങ്ങളുണ്ട്. യേശുവിന്റെ സംഭാവനയാണത്, യേശുവിനുള്ള സംഭാവനയും. എന്തായിരുന്നു മദര്‍ തെരേസായുടെ മഹത്ത്വം? തനിക്ക് അനുഭവിച്ചു തീര്‍ക്കാമായിരുന്ന ജീവിതം തെരുവോരങ്ങളില്‍ കഴിയുന്നവര്‍ക്കു കാഴ്ചവച്ചു, ''അവരുടെ ബലഹീനതകള്‍ ഏറ്റെടുത്തു. രോഗങ്ങള്‍ വഹിച്ചു'' (മത്താ. 8:17).
സമൃദ്ധിയില്‍ കഴിയുന്ന ഒട്ടേറെപ്പേരെ മലബാറിന്റെയും കിഴക്കന്‍ മലയോരങ്ങളുടെയും വിവിധഭാഗങ്ങളില്‍ നാം കാണുന്നില്ലേ? ചികഞ്ഞുചികഞ്ഞു ചെല്ലുമ്പോഴാണ് ഒരു രഹസ്യം നമുക്കു പിടികിട്ടുക. മറ്റുള്ളവര്‍ക്കുവേണ്ടി ജീവിതം ഹോമിച്ച ഒരു തലമുറ അവര്‍ക്കു മുമ്പേ കടന്നുപോയിട്ടുണ്ട് - മക്കള്‍ക്കുവേണ്ടി ബലിജീവിതം നയിച്ച സാഹസികരായ മനുഷ്യര്‍! സ്വന്തം സുഖവും സന്തോഷവും എന്താണെന്നുപോലും ചിന്തിക്കാതെ പോയവര്‍...
1889 ഏപ്രില്‍ 15. മൊളോക്കോ ദ്വീപ് വിങ്ങിപ്പൊട്ടിക്കരഞ്ഞ ദിവസം! അന്നാണ് ഫാദര്‍ ഡാമിയന്‍ മരിക്കുന്നത്. താന്‍ അന്തിയുറങ്ങിയിരുന്ന മരച്ചുവട്ടില്‍ത്തന്നെ ആ മൃതദേഹം സംസ്‌കരിക്കപ്പെട്ടു.
നാലു കൊല്ലത്തിനുശേഷം അവിടെ ഉയര്‍ന്നുപൊന്തിയ സ്മാരകത്തില്‍ എഴുതിച്ചേര്‍ത്തിരിക്കുന്ന വാചകം ദിവ്യഗുരുവിനോടു കടം മേടിച്ചതാണ്: ''സ്‌നേഹിതര്‍ക്കുവേണ്ടി മരിക്കുന്നതിനെക്കാള്‍ വലിയ സ്‌നേഹമില്ല.''

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)