''ഹൃദയരാഗങ്ങള്‍'' എന്ന ആത്മകഥയിലൂടെ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡു നേടിയ ഡോ. ജോര്‍ജ് ഓണക്കൂറുമായി സാഹിത്യകാരി സിജിത അനില്‍ നടത്തിയ അഭിമുഖം: രണ്ടാം ഭാഗം
മഹാകവി വൈലോപ്പിള്ളിയുടെ ''മകരക്കൊയ്ത്ത്'' എന്ന കവിതാസമാഹാരത്തിന്റെ പേരിനു പിന്നില്‍ താങ്കളാണെന്നു കേട്ടിട്ടുണ്ട്?
1980 മുതല്‍ മൂന്നു വര്‍ഷക്കാലം സാഹിത്യപ്രവര്‍ത്തകസഹകരണസംഘം ഡയറക്ടര്‍ ബോര്‍ഡംഗമായി പ്രവര്‍ത്തിച്ചത് മഹാകവി വൈലോപ്പിള്ളിക്ക് ഒപ്പമാണ്. കോട്ടയത്തുവച്ച് സഹകരണസംഘത്തിന്റെ ഡയറക്ടര്‍ ബോര്‍ഡ് യോഗം ചേര്‍ന്ന സമയം. വൈലോപ്പിള്ളി വന്നത് കൈയില്‍ വലിയൊരു കടലാസുപൊതിയുമായാണ്. മെല്ലെ അതു വിടര്‍ത്തി ഒരു കെട്ടെടുത്ത് മേശപ്പുറത്തു വച്ചു. പുതിയ കവിതകളുടെ സമാഹാരം. അടുത്തിരുന്ന ഞാന്‍ അതു തുറന്നു.
'കിഞ്ചിച്ഛേഷം അഥവാ ഇത്തിരി ബാക്കി' എന്നാണ് കാവ്യസമാഹാരത്തിനു നല്‍കിയിരിക്കുന്ന പേര്. ഞാനത് വായിച്ചിട്ടു ചിരിച്ചുകൊണ്ടു ചോദിച്ചു:
''എന്താ മാഷേ ഇത്? വൈലോപ്പിള്ളിക്കവിതയ്ക്ക് ഇങ്ങനെ ഒരു പേരോ?'' അദ്ദേഹം എന്നെ നോക്കി.
''ചെറുപ്പക്കാരാ, ഈ പേരിനെന്താ തകരാറ്?''
''അങ്ങയുടെ മറ്റു കവിതകളുടെ കാവ്യാത്മകമായ പേരിനൊപ്പം കിഞ്ചിച്ഛേഷം എന്തോ, തീരെ ചേരാത്ത പോലെ തോന്നി.'' ഞാന്‍ പറഞ്ഞത് അദ്ദേഹത്തിന് ഇഷ്ടമായില്ലെന്നു തോന്നി.
''കവിതയ്ക്ക് എന്തു പേരിടണമെന്നു തീരുമാനിക്കാന്‍ കവിക്കാണ് അവകാശം'' വൈലോപ്പിള്ളി പറഞ്ഞു. അസ്വസ്ഥനായി കവിതകള്‍ മടക്കി കൈയിലെടുത്തു വേഗം പുറത്തേക്കു പോയി. എനിക്കും വിഷമമായി. കവിമനസ്സ് വ്രണപ്പെടുത്തിയോ എന്ന ചിന്തയിലായിരുന്നു ഞാനും. രാത്രി മുറിയില്‍ വന്നു കിടന്നിട്ടും ഉറങ്ങാന്‍ കഴിഞ്ഞില്ല. അങ്ങനെ കുണ്ഠിതപ്പെട്ടിരിക്കുമ്പോള്‍ വാതില്‍ക്കല്‍ ഒരു മുട്ടുകേട്ടു. ഞാന്‍ എഴുന്നേറ്റുചെന്ന് വാതില്‍ തുറന്നപ്പോള്‍ മുന്നില്‍ വൈലോപ്പിള്ളി. സ്‌നേഹമസൃണമായ സ്വരത്തില്‍ അദ്ദേഹം പറഞ്ഞു: ''ചെറുപ്പക്കാരാ, താങ്കള്‍ പറഞ്ഞതാണു ശരി. വീണ്ടും ആലോചിച്ചപ്പോള്‍ എനിക്കതു ബോധ്യമായി. ഞാനാ പേരുമാറ്റി. ഇതാ നോക്കൂ.'' പുതിയ പേരിട്ട് കൈയെഴുത്തു പ്രതി എന്റെ നേര്‍ക്കു നീട്ടി.
ആദ്യത്തെ പേരു വെട്ടിയിട്ട് പകരം 'മകരക്കൊയ്ത്ത്' എന്ന് എഴുതിയിരിക്കുന്നു. എനിക്ക് ആഹ്ലാദം അടക്കാനായില്ല. ഞാന്‍ അദ്ദേഹത്തിന്റെ കാലില്‍ തൊട്ടു നമസ്‌കരിച്ചു. അദ്ദേഹംതന്നെയാണു കവിതയ്ക്കു പേരിട്ടതെങ്കിലും അതിനൊരു പ്രേരണയാകാന്‍ കഴിഞ്ഞതില്‍ സന്തോഷം. 'കന്നിക്കൊയ്ത്തുമുതല്‍ മകരക്കൊയ്ത്തു വരെ' എന്ന് വൈലോപ്പിള്ളിക്കവിതയെ ചരിത്രം അടയാളപ്പെടുത്തുമ്പോള്‍ സ്വകാര്യമായ അഭിമാനം ഉണ്ട്.
'ആലമൗ്യേ ശ െീൗൃ ൃലഹശഴശീി, ടമ്യ െഏലീൃഴല ഛിമസസീീൃ; ്യീൗിഴ ംൃശലേൃ ളൃീാ വേല ീൌവേലൃി ുമൃ േീള വേല രീൗിൃ്യേ.'
താങ്കളുടെ ചെറുപ്പത്തില്‍ ടൈംസ് ഓഫ് ഇന്ത്യയില്‍ വന്ന ഈ വാര്‍ത്ത ഒരുപാടു വാര്‍ത്താപ്രാധാന്യം നേടിയിരുന്നല്ലോ.
മൂന്നുവട്ടം അക്കാദമി ജനറല്‍ കൗണ്‍സിലിലും ഒരു തവണ നിര്‍വാഹകസമിതിയിലും അംഗമായിരുന്നു ഞാന്‍. സാഹിത്യ അക്കാദമിയുടെ സാംസ്‌കാരിക വിനിമയ പരിപാടിയില്‍ ഉള്‍പ്പെട്ട് ഒരിക്കല്‍ ഗുജറാത്ത് സന്ദര്‍ശിക്കാനിടയായി. ഞങ്ങളുടെ നേതാവ് തകഴി ശിവശങ്കരപ്പിള്ളയാണ്. അക്കിത്തം അച്യുതന്‍ നമ്പൂതിരി, വി.പി. മുഹമ്മദ്, സെക്രട്ടറി പവനന്‍ എന്നിവരുമുണ്ട്. അഹമ്മദാബാദില്‍വച്ച് ഗുജറാത്തി സാഹിത്യകാരന്‍മാരുമായുള്ള സമ്മേളനം ഉണ്ടായിരുന്നു. ഉമാശങ്കര്‍ ജോഷിയാണ് അധ്യക്ഷത വഹിക്കുന്നത്. സാഹിത്യചര്‍ച്ചയ്ക്കിടയില്‍ ഗുജറാത്തിലെ ഒരു എഴുത്തുകാരന്‍ ഞങ്ങളെ നോക്കി ചോദിച്ചു: ''നിങ്ങളുടെ കൂട്ടത്തില്‍ ഒരു ബ്രാഹ്‌മണനുണ്ട്. രണ്ടു പേര്‍ ഹിന്ദുക്കള്‍, പിന്നെ ഒരു മുസ്‌ലീം. മറ്റൊരാള്‍ ക്രിസ്ത്യാനിയും. നിങ്ങള്‍ ഒരുമിച്ചാണോ യാത്ര ചെയ്യുന്നത്?''
ജാതീയതയുടെ വിഷം ചീറ്റുന്ന ചോദ്യം. ഞങ്ങളുടെ സംഘത്തലവന്‍ തകഴിച്ചേട്ടന്‍ അതിനു മറുപടി നല്‍കാന്‍ എനിക്കു നിര്‍ദേശം നല്‍കി.
''ഞങ്ങള്‍ കേരളത്തില്‍നിന്നു വരുന്ന എഴുത്തുകാരാണ്. ഞങ്ങള്‍ക്ക് ഒരു മതമേയുള്ളൂ. സൗന്ദര്യമാണ് ഞങ്ങളുടെ മതം - ആലമൗ്യേ ശ െീൗൃ ൃലഹശഴശീി, ഞാന്‍ പറഞ്ഞു. അതിനു പിന്നാലെ 'മാനവപ്രശ്‌നങ്ങള്‍ തന്‍ മര്‍മകോവിദന്മാരേ, ഞാനൊരു വെറും സൗന്ദര്യാത്മകകവി മാത്രം' എന്ന വൈലോപ്പിള്ളിക്കവിതയും 'ഒരൊറ്റ മതമുണ്ടുലകിന്നുയിരാം പ്രേമമതൊന്നല്ലോ' എന്ന് ഉള്ളൂര്‍ക്കവിതയും ഓര്‍മപ്പെടുത്തി. 'അതേ, പ്രേമവും സൗന്ദര്യവുമാണ് സ്വന്തം മതം എന്ന തിരിച്ചറിവിലാണ് കലയും സാഹിത്യവും സംസ്‌കാരപൂര്‍ണമാകുന്നത്, എഴുത്തും എഴുത്തുകാരനും ചരിത്രത്തില്‍ ഇടം നേടുന്നത്.' അതു കേട്ട് തകഴിച്ചേട്ടന്‍ എന്നെ അഭിനന്ദിച്ചു. ടൈംസ് ഓഫ് ഇന്ത്യയിലും മറ്റു മാധ്യമങ്ങളിലും വന്‍പ്രാധാന്യത്തോടെ എന്റെ പ്രതികരണം അച്ചടിച്ചു വന്നു. കാലത്തിനു വലിയ നന്മകള്‍ സമ്മാനിച്ച കവി വൈലോപ്പിള്ളിയുടെ വരികളാണ് ആ സദസ്സില്‍ വച്ച് ശക്തമായ മറുപടി പറയാന്‍ പ്രേരണയായിത്തീര്‍ന്നത് എന്ന് ഇപ്പോഴും ഓര്‍ക്കുകയാണ്.
അമ്മമനസ്സുള്ള എഴുത്തുകാരനെന്ന് താങ്കള്‍ വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ടല്ലോ. എങ്ങനെയാണ് എപ്പോഴും ഒരു അമ്മമനസ്സ് കാത്തുസൂക്ഷിക്കാന്‍ സാധിക്കുന്നത്?
എന്റെ ആത്മകഥയുടെ ആദ്യധ്യായംതന്നെ അമ്മയെക്കുറിച്ചാണ്. ത്യാഗം, സ്‌നേഹം ഇതൊക്കെയാണല്ലോ അമ്മ. അങ്ങനെ ഒരു അമ്മമനസ്സ് എനിക്ക് ഉണ്ടായെങ്കില്‍, ശക്തിയുടെ, സ്‌നേഹത്തിന്റെ, ത്യാഗത്തിന്റെ ഒക്കെ ചെറിയ ഒരു മനോഭാവം കാത്തുസൂക്ഷിക്കാന്‍ സാധിച്ചുവെങ്കില്‍, എനിക്കു കടപ്പാടുള്ളത് എന്റെ മുത്തശ്ശിയോടാണ്.
എന്റെ അച്ഛന്റെ അമ്മ ഇരുപത്തിയൊന്നാമത്തെ വയസ്സില്‍ വിധവയായതാണ്. എന്റെ മുത്തച്ഛന്‍ അച്ഛന് ഒന്നര വയസ്സുള്ളപ്പോള്‍ മരിച്ചു. യുവതിയായ ഒരു സ്ത്രീ വര്‍ഷങ്ങള്‍ക്കുമുമ്പ് ഒറ്റയ്ക്കു ജീവിതത്തെ നേരിട്ട് ഒരു കുട്ടിയെ വളര്‍ത്തുക എന്നു പറയുന്നതു നിസ്സാരകാര്യമാണോ? ദൈവാശ്രയത്തില്‍ ശക്തി കണ്ടെത്തി ഈ ഒന്നരവയസ്സുള്ള കുട്ടിയെ വളര്‍ത്തിയെടുത്തു പഠിപ്പിച്ച്, വിവാഹം കഴിപ്പിച്ച് അതില്‍ ആദ്യം പിറന്ന കുട്ടിയാണു ഞാന്‍. അച്ഛമ്മ എന്റെ അച്ഛനോടു പറയുന്നതു ഞാന്‍ പലതവണ കേട്ടിട്ടുണ്ട്: നിന്നെ ഞാന്‍ കണ്ണീരില്‍ കുളിപ്പിച്ചാണു വളര്‍ത്തിയത്. സന്തോഷവും സമാധാനവും ഞാനറിഞ്ഞത് ഈ കൊച്ചുമോന്‍ ഉണ്ടായതിനുശേഷമാണ്. അതുകൊണ്ട് അച്ഛമ്മ എനിക്കു ദൈവമാണ്. ഒറ്റയ്ക്കു ജീവിച്ച് പ്രശ്‌നങ്ങളെ നേരിട്ട് ഒരു കുടുംബത്തെ മുന്നോട്ടു നയിച്ച ഒരു പാവപ്പെട്ട ഗ്രാമീണയായ അമ്മ. വിദ്യാഭ്യാസംപോലുമില്ല. എന്റെ അച്ഛമ്മയെയാണ് ഞാന്‍ ആദ്യം നമസ്‌കരിക്കുന്നത്. എന്റെ ഹോം ലൈബ്രറിയില്‍ പ്രതിഷ്ഠിച്ചിരിക്കുന്ന ചിത്രവും എന്റെ അച്ഛമ്മയുടേതാണ്. ഗ്രന്ഥപ്പുരയിലെ അമ്മ എന്ന ഒരു ലേഖനവും അച്ഛമ്മയെക്കുറിച്ച് ഞാന്‍ എഴുതിയിട്ടുണ്ട്. എന്റെ ആത്മകഥ ഹൃദയരാഗങ്ങള്‍ സമര്‍പ്പിച്ചിരിക്കുന്നത് എന്റെ അമ്മയ്ക്ക്, അമ്മമനസ്സുള്ള എല്ലാവര്‍ക്കും എന്നാണ്. അമ്മയാണ് പ്രധാനമെന്ന് ഞാന്‍ എന്റെ എഴുത്തുവഴികളിലൂടെ ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടിരിക്കുന്നു. അമ്മയിലൂടെ എല്ലാ അമ്മമാരെയും ഞാന്‍ കാണുന്നു. മാതൃത്വത്തിന്റെ ശക്തി ഞാനറിയുന്നു.
എഴുത്തുകാരനായതില്‍ അഭിമാനം തോന്നാറില്ലേ?
തീര്‍ച്ചയായും. ഒരു എഴുത്തുകാരനായതില്‍ എനിക്കഭിമാനമുണ്ട്. ജീവിതത്തില്‍ എന്താകണമെന്നാഗ്രഹിച്ചുവെന്നു ചോദിച്ചാല്‍ അങ്ങനെ ആഗ്രഹിക്കാന്‍ പറ്റുന്ന പാരമ്പര്യമുള്ള പശ്ചാത്തലത്തില്‍ ഒന്നുമല്ല ഞാന്‍ ജനിച്ചത്. പക്ഷേ, എന്തെങ്കിലും ആയിത്തീരണമെന്ന ആഗ്രഹം കുട്ടിക്കാലത്തേ ഉണ്ടായിരുന്നു. അതുകൊണ്ട് ജീവിതപരിസരത്തെ മനസ്സിലാക്കി പഠിക്കാന്‍ ശ്രമിച്ചു. അന്നു മിക്ക സമയത്തും വായനതന്നെ ആയിരുന്നു. ലഹരി പിടിപ്പിക്കുന്ന വായന. ഹൈസ്‌കൂളിലായപ്പോഴേക്കും ലോകസാഹിത്യത്തിലെ മലയാളത്തില്‍ വന്ന വിശ്രുതമായ കൃതികള്‍ മിക്കവയുംതന്നെ വായിച്ചു. അങ്ങനെ എഴുത്തുകാരനാകണമെന്നുള്ള അദമ്യമായ മോഹമുണ്ടായി. ഞാന്‍ വായിക്കുന്ന പുസ്തകങ്ങളുടെയെല്ലാം ഉള്ളടക്കം എന്താണെന്നു കേട്ടറിയാന്‍ എന്റെ അച്ഛമ്മ കാണിച്ച ആഗ്രഹം, അവര്‍ക്കതു ലളിതമായി പറഞ്ഞുകൊടുക്കാന്‍ നടത്തിയ പരിശ്രമം ഒക്കെ എന്റെ മനസ്സില്‍ ഓരോ കൃതികളുടെ ഭംഗിയും ആശയത്തിന്റ പ്രാധാന്യവും ഉറപ്പിക്കുന്നതിനിടയായിത്തീര്‍ന്നു. അങ്ങനെ വായന എന്റെ ജീവിതത്തെ നവീകരിക്കുകയും വിപുലീകരിക്കുകയും ചെയ്തു. പിന്നെ ഒട്ടേറെ സാംസ്‌കാരികസദസ്സുകളുമായി ബന്ധപ്പെട്ടു. ഞങ്ങളുടെ ഗ്രാമീണലൈബ്രറിയില്‍ ഉണ്ടായിരുന്ന പുസ്തകങ്ങള്‍ വായിച്ചു. അങ്ങനെ വികസിച്ചുവരുന്ന ഒരു സാംസ്‌കാരികബോധത്തോടെയാണ് ഞാന്‍ മുന്നോട്ടുപോയത്.
മലയാളത്തിന് ശ്രേഷ്ഠഭാഷാപദവി നേടിക്കൊടുക്കാന്‍ താങ്കള്‍ നിരന്തരം പോരാടിയിട്ടുണ്ടല്ലോ.
മലയാളം നമ്മുടെ മാതൃഭാഷയാണ്. ഒരാള്‍ക്കു മാതൃഭാഷ മറ്റേതു ഭാഷയെക്കാളും വലുതായിരിക്കണം. കാരണം, നമ്മുടെ സംസ്‌കാരമാണത്. തമിഴിനും തെലുങ്കിനുമൊക്കെ കിട്ടിയ ശ്രേഷ്ഠഭാഷാപദവി മലയാളത്തിനും അര്‍ഹതപ്പെട്ടതാണെന്നു കണ്ടിട്ടാണു ഞങ്ങള്‍, കുറെ ഭാഷാസ്‌നേഹികള്‍ മലയാളം ശ്രേഷ്ഠഭാഷയാക്കണം എന്നുള്ളതിനെക്കുറിച്ചു നിരന്തരമായ സമ്മര്‍ദങ്ങള്‍ ചെലുത്തിക്കൊണ്ടിരുന്നത്. 2013 ല്‍ അതു യാഥാര്‍ത്ഥ്യമായിത്തീര്‍ന്നു എന്നതും ഞാന്‍ ഓര്‍മിക്കുന്നു. നമ്മുടെ ഭാഷയെ വളര്‍ത്തിയെടുക്കാന്‍ നമുക്കു കഴിയണം. അതൊരു സംസ്‌കാരത്തിന്റെ അടയാളമാണ്. നമ്മുടെ മൗലികമായ ചിന്തകള്‍, വികാരങ്ങള്‍ എപ്പോഴും ആവിഷ്‌കരിക്കപ്പെടുന്നത് മാതൃഭാഷയിലൂടെയാണ് എന്ന് നമ്മള്‍ ഓര്‍മിക്കുക. മഹാകവി രവീന്ദ്രനാഥ ടാഗോര്‍ നൊബേല്‍ സമ്മാനത്തിനര്‍ഹമായ 'ഗീതാഞ്ജലി' എന്ന കാവ്യം മാതൃഭാഷയായ ബംഗാളിയിലാണ് എഴുതിയത്. രാഷ്ട്രപിതാവായ മഹാത്മാഗാന്ധി അദ്ദേഹത്തിന്റെ ആത്മകഥ 'എന്റെ സത്യാന്വേഷണപരീക്ഷണങ്ങള്‍' ഇംഗ്ലീഷിലല്ല, ഗുജറാത്തിയിലാണ് എഴുതിയിരിക്കുന്നത്. പീന്നീടത് ഇംഗ്ലീഷിലേക്കു പരിഭാഷപ്പെടുത്തി എന്നു മാത്രമേയുള്ളൂ. മലയാളത്തിനു ശ്രേഷ്ഠഭാഷാപദവി കിട്ടിയെങ്കിലും അതിനോട് അനുബന്ധിച്ചുള്ളതൊന്നും ഇതുവരെ കിട്ടിയിട്ടില്ല. ശ്രേഷ്ഠപദവി കിട്ടുന്നതോടൊപ്പം ഒട്ടേറെ അംഗീകാരങ്ങളും ആനുകൂല്യങ്ങളും ലഭിക്കേണ്ടതാണ്.
പുതിയ എഴുത്തുകാരോടു താങ്കള്‍ക്ക് എന്താണു പറയാനുള്ളത്?
പുതിയ എഴുത്തുകാരോടു പറയാനുള്ളത്, സ്‌നേഹിക്കുക. ആരെയും വെറുക്കാതിരിക്കുക. നമുക്കു വിയോജിക്കേണ്ടിവരുമ്പോഴും സ്‌നേഹപൂര്‍വം വിയോജിക്കുക, മാന്യമായി വിയോജിക്കുക. സമൂഹത്തെ മുന്നോട്ടു നയിക്കാത്ത, മനുഷ്യസ്‌നേഹത്തെ വളര്‍ത്താത്ത ഒരു ആശയത്തോടും വാക്കിനോടും ഒരിക്കലും എഴുത്തുകാരന്‍ ചേര്‍ന്നുനില്‍ക്കരുത് എന്നാണ് എന്റെ അഭിപ്രായം. മലയാളിയായതില്‍ അഭിമാനം കൊള്ളുക. ഭാഷയുടെ ശുദ്ധിയും സൗന്ദര്യവും നിലനിര്‍ത്തുക.
പത്രപ്രവര്‍ത്തകനായ വി.എസ്. രാജേഷ് ഒരിക്കല്‍ എന്നോടു ചോദിച്ചു: 'നിങ്ങള്‍ ആരാണ്?' പെട്ടെന്ന് ഞാന്‍ പറഞ്ഞ ഉത്തരം, 'ഞാനൊരു ഉഴവുചാലില്‍ പൊട്ടിക്കിളിര്‍ത്ത ഒരു ചെടിയാണ്' എന്നാണ്. ആരോ കരുണ തോന്നി അത് അവിടെനിന്നു പിഴുതെടുത്ത് കരഭൂമിയില്‍ നട്ടു, വെള്ളമൊഴിച്ചു, വളം ചേര്‍ത്തു. പയ്യെപ്പയ്യെ ഒരു ചെറുമരമായി ഇപ്പോള്‍ ഈ ഭൂമിയില്‍ ഞാന്‍ ആയിരിക്കുന്നു. ധാരാളമായി തളിര്‍ക്കുകയും പൂക്കുകയും വല്ലപ്പോഴും കായ്ക്കുകയും ഒക്കെ ചെയ്യുന്ന ഒരു ചെറുമരമായി വലിയ മരങ്ങള്‍ക്കിടയില്‍ ഞാനും ഈ ഭൂമിയിലുണ്ട്. തീര്‍ച്ചയായും ആ ഒരു അടയാളം ഉണ്ട്. ആത്മബോധത്തിന്റെ അടയാളമായി എന്റെ ഹൃദയരാഗങ്ങള്‍.