വിലത്തകര്‍ച്ചയില്‍ നട്ടംതിരിയുന്ന അവസ്ഥയില്‍ കര്‍ഷകനെ കുരുതികൊടുത്ത് പുതിയ നിയമം നിര്‍മിച്ച് ആഗോളവിപണിക്കും വ്യവസായമേഖലയ്ക്കും പുത്തനുണര്‍വേകാനുള്ള ഉത്സാഹത്തിലാണ് കേന്ദ്രസര്‍ക്കാര്‍. നിലവിലുണ്ടായിരുന്ന റബര്‍ ആക്ട് 1947 റദ്ദു ചെയ്ത് പുതിയ നിയമമായ റബര്‍ ബില്‍ 2022 അടുത്ത പാര്‍ലമെന്റ് സമ്മേളനത്തിന്റെ മാര്‍ച്ച് 14 മുതല്‍ ഏപ്രില്‍ 8 വരെയുള്ള രണ്ടാംസമ്മേളനത്തില്‍ അവതരിപ്പിക്കപ്പെടുമെന്നുറപ്പായിരിക്കുന്നു. സര്‍ക്കാരിന് പാര്‍ലമെന്റിലുള്ള മൃഗീയഭൂരിപക്ഷമുപയോഗിച്ച് ഈ ബില്ലും എളുപ്പത്തില്‍ പാസ്സാക്കാന്‍ കഴിയും. പൊതുജനത്തിന് അഭിപ്രായം പറയാന്‍ പത്തു ദിവസം മാത്രം നല്‍കിയതിന്റെ ലക്ഷ്യം കാര്യമായ പ്രതികരണങ്ങളൊന്നും ആഗ്രഹിക്കുന്നില്ലെന്നാണെന്ന് അനുമാനിക്കേണ്ടിവരും. എന്നിരുന്നാലും പുതിയ റബര്‍ ബില്ലിലെ വ്യവസ്ഥകള്‍ എത്രമാത്രം കര്‍ഷകവിരുദ്ധമാണെന്ന് റബര്‍ കര്‍ഷകരും ജനപ്രതിനിധികളും രാഷ്ട്രീയനേതാക്കളും വിലയിരുത്തേണ്ടതാണ്.
പുതിയ വകുപ്പുകളേറെ
1947 ലെ റബര്‍ ആക്ട് 1954, 1960, 1982, 1994, 2010 എന്നീ വര്‍ഷങ്ങളിലായി അഞ്ചു തവണ ഭേദഗതി ചെയ്തിരുന്നു. ഈ ഭേദഗതികളെല്ലാം ഓരോ കാലഘട്ടത്തിലും കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെട്ട സ്വതന്ത്രവ്യാപാരമുള്‍പ്പെടെ രാജ്യാന്തരക്കരാറുകളുടെയും റബര്‍ വ്യവസായികളുടെ താല്‍പര്യങ്ങളുടെയും ഭാഗമായിട്ടാണ്. നിലവിലുള്ള റബര്‍ നിയമത്തില്‍ 28 വകുപ്പുകളുണ്ടെങ്കില്‍ പുതിയ നിയമത്തില്‍ 39 വകുപ്പുകളാണ് നിര്‍ദേശിച്ചിരിക്കുന്നത്.
നിര്‍ദിഷ്ട കരടിലെ വകുപ്പ് 2 ലെ നിര്‍വചനങ്ങളില്‍ത്തന്നെ കൂട്ടിച്ചേര്‍ക്കലുകള്‍ ഒട്ടേറെയുണ്ട്. റബറിനും റബര്‍ മരങ്ങള്‍ക്കും നല്‍കുന്ന നിര്‍വചനങ്ങള്‍ക്കുപുറമെ റബര്‍ വ്യവസായവും റബര്‍ ഉത്പന്നങ്ങളും ഇടം നേടിയിട്ടുണ്ട്. 25 ഏക്കറില്‍ താഴെ റബര്‍ കൃഷി വിസ്തീര്‍ണമുള്ളവരെല്ലാം ചെറുകിട കര്‍ഷകരുടെ പരിധിയില്‍ വരും.
ലൈസന്‍സ് വേണ്ട; രജിസ്‌ട്രേഷന്‍ മതി
നിലവിലെ 14, 15 വകുപ്പുകള്‍പ്രകാരം റബറിന്റെ ക്രയവിക്രയത്തിനായി റബര്‍ ബോര്‍ഡില്‍നിന്നു വ്യാപാരികള്‍ ലൈസന്‍സ് വാങ്ങണമായിരുന്നു. ലൈസന്‍സിനു നിശ്ചിത സമയപരിധിയും പുതുക്കലും ചില സാഹചര്യങ്ങളില്‍ പിന്‍വലിക്കലും ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍, കരടുനിയമം 7-ാം വകുപ്പിലിത് രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്ന തലത്തിലേക്കു മാറ്റി. രജിസ്‌ട്രേഷനാകുമ്പോള്‍ സ്വാഭാവികമായും സമയപരിധിയോ പുതുക്കലോ ആവശ്യമില്ല, ഒരിക്കല്‍ മാത്രം മതിയാകും.
അതേസമയം, കര്‍ഷകരെ സംബന്ധിച്ചിടത്തോളം നിലവില്‍ 10-ാം വകുപ്പുപ്രകാരം തങ്ങളുടെ റബര്‍കൃഷിയുള്ള തോട്ടങ്ങള്‍ റബര്‍ ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്യണം. ഇതിനായി റബര്‍കൃഷിക്കും ആവര്‍ത്തനക്കൃഷിക്കും സ്ഥലവിസ്തീര്‍ണം റബര്‍ ബോര്‍ഡ് ഉദ്യോഗസ്ഥര്‍ പരിശോധിച്ച് ലൈസന്‍സ് നല്‍കുമായിരുന്നു. ഇക്കാര്യങ്ങള്‍ സംബന്ധിച്ച് വ്യക്തത കരടുനിയമത്തിലില്ല. സംസ്ഥാന സര്‍ക്കാരിന്റെ റബര്‍ പ്രോത്സാഹനപദ്ധതിക്കുപോലും ആധാരമാകുന്നത് ഈ വിശദാംശങ്ങളും രേഖകളുമാണെന്നിരിക്കേ, പുതിയ നിയമത്തില്‍ ഈ കര്‍ഷകസംബന്ധമായ വിഷയം സജീവമായി പരിഗണിക്കേണ്ടതാണ്. റബര്‍കൃഷിയെയും കര്‍ഷകരെയും അവഗണിച്ച് പ്രകൃതിദത്തറബറിന്റെ രാജ്യാന്തരവിപണിയും ഇറക്കുമതിയും കാലക്രമേണ കൃത്രിമറബറിന്റെ അനിയന്ത്രിത ഇറക്കുമതിയും ലക്ഷ്യംവയ്ക്കുകയാണോ ഇതിന്റെ പിന്നിലെന്നും സംശയിക്കാം.
റബര്‍ ബോര്‍ഡില്‍ പൊളിച്ചെഴുത്ത്
കരടുനിയമത്തിലെ മൂന്നാം അധ്യായം 12 മുതല്‍ 20 വരെയുള്ള വകുപ്പുകള്‍ റബര്‍ ബോര്‍ഡിലെ അംഗങ്ങളുടെയും ഉദ്യോഗസ്ഥരുടെയും നിയമനങ്ങളും അധികാരങ്ങളും സംബന്ധിച്ചുള്ളതാണ്. നിലവിലുള്ള ഘടനയില്‍ വന്‍ പൊളിച്ചുപണിയാണ് കരടുനിയമത്തിലുള്ളത്.
സംസ്ഥാനം തിരിച്ചുള്ള പ്രാതിനിധ്യം പുതിയ നിയമത്തില്‍നിന്നു പരിപൂര്‍ണമായി ഒഴിവാക്കി. റബര്‍ ബോര്‍ഡില്‍ കേരളത്തിന്റെ എട്ടു പ്രതിനിധികളെന്നാണ് നിലവിലെ നിയമത്തിലുള്ള വ്യവസ്ഥ. ഇതില്‍ രണ്ടുപേര്‍ സംസ്ഥാന സര്‍ക്കാരില്‍നിന്നും ആറു പേര്‍ റബര്‍ ഉത്പാദനമേഖലയില്‍നിന്നുമാണ്. തമിഴ്‌നാടിന്റെ പ്രതിനിധികളായി രണ്ടു പേര്‍. സംസ്ഥാനം തിരിച്ചുള്ള പ്രാതിനിധ്യം ഒഴിവാക്കി റബറുത്പാദക സംസ്ഥാനങ്ങളുള്‍പ്പെടെ എട്ടു മേഖലകളില്‍നിന്നായി 19 പേരെ കേന്ദ്രം നിയമിക്കും എന്നാണു പറയുന്നത്. റബര്‍കൃഷിയുള്ള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കുകൂടി പ്രാതിനിധ്യം ഉറപ്പാക്കാനെന്നോണമാണ് സംസ്ഥാനം തിരിച്ചുള്ള വ്യവസ്ഥ നിയമത്തില്‍നിന്ന് ഒഴിവാക്കുന്നതെന്നാണു സൂചന.
അതേസമയം, മൊത്തം ബോര്‍ഡംഗങ്ങളുടെ എണ്ണം മുപ്പതില്‍ കുടരുതെന്നും 13-ാം വകുപ്പില്‍ സൂചിപ്പിക്കുന്നു. ബോര്‍ഡംഗങ്ങളുടെ യോഗ്യതകളെക്കുറിച്ചുള്ള 14-ാം വകുപ്പിലെ വിശദീകരണത്തില്‍ റബര്‍സംബന്ധമായ വിവിധ വിഷയങ്ങളില്‍ അറിവും പഠനവും അനുഭവജ്ഞാനവും മുന്‍പരിചയവുമുള്ളവര്‍ വേണമെന്നുണ്ട്. അതേസമയം, പാര്‍ലമെന്റംഗങ്ങള്‍ക്കും സംസ്ഥാനത്തിന്റെ പ്രതിനിധികള്‍ക്കും കേന്ദ്രസര്‍ക്കാര്‍ നേരിട്ടു നിയമിക്കുന്നവര്‍ക്കും ഈ യോഗ്യത ആവശ്യമില്ലെന്നു കൃത്യമായി പറഞ്ഞ് ഒഴിവാക്കിയിട്ടുണ്ട്. കൂടുതല്‍ വ്യക്തമാക്കിയാല്‍, കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയുടെ ഇഷ്ടക്കാരുടെ ഇടത്താവളം മാത്രമായി നാളെ റബര്‍ ബോര്‍ഡ് മാറും.
റബര്‍ ബോര്‍ഡ് വെറും റബര്‍ സ്റ്റാമ്പ്
പിടിച്ചുകെട്ടിയ പട്ടംപോലെയാണ് റബര്‍ ബോര്‍ഡിന്റെ അവസ്ഥ. കരടുനിയമത്തിലെ 19-ാം വകുപ്പില്‍ ബോര്‍ഡിന്റെ അധികാരങ്ങളും ഉത്തരവാദിത്വങ്ങളും പ്രഖ്യാപിക്കുന്നുണ്ടെങ്കിലും ഇവയെല്ലാം അവസാനം ചെന്നെത്തുന്നത് കേന്ദ്ര വ്യവസായവാണിജ്യമന്ത്രാലയത്തിലെ ഉന്നതോദ്യോഗസ്ഥരിലേക്കും രാഷ്ട്രീയ - വ്യവസായലോബികളിലേക്കുമാണ്. കര്‍ഷകസഹായിയായി ഇന്നലെവരെ അവകാശവാദമുന്നയിച്ച റബര്‍ ബോര്‍ഡിന്റെ ചിത്രം ചരിത്രമായി മാറും. കഴിഞ്ഞ കാലങ്ങളില്‍ കര്‍ഷകസംഘടനകള്‍ സൂചിപ്പിച്ചതുപോലെ കര്‍ഷകരെ മറന്ന് വ്യവസായലോബിയുടെയും വന്‍കിട വ്യാപാരികളുടെയും ഇടനിലക്കാരും ആജ്ഞാനുവര്‍ത്തികളുമായി റബര്‍ ബോര്‍ഡ് തുടരും. ഉത്പാദന, ഉപഭോഗ കയറ്റുമതി, ഇറക്കുമതി സ്റ്റോക്ക് കണക്കുകളും വിപണിവിലയും മേല്പറഞ്ഞവരുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്കും ഇറക്കുമതി ഉയര്‍ത്തുന്നതിനും അട്ടിമറിക്കുന്നതിനുംവേണ്ടിമാത്രമാകും.
നിലവിലുളള 8 എ, 8 ബി വകുപ്പുകള്‍ പരിപൂര്‍ണമായി റദ്ദു ചെയ്തു. റബര്‍ ബോര്‍ഡിന്റെ അധികാരം ഉയര്‍ത്തിക്കാട്ടുന്നതായിരുന്നു ഈ വകുപ്പുകള്‍. 8 എ പ്രകാരം കേന്ദ്രസര്‍ക്കാര്‍ നിശ്ചയിക്കുന്ന വിലയ്ക്ക് റബര്‍ ഇറക്കുമതി ചെയ്യുന്നതിനും വില്‍ക്കുന്നതിനും റബര്‍ ബോര്‍ഡിന് അധികാരമുണ്ട്. 8 ബി പ്രകാരം കേന്ദ്രസര്‍ക്കാര്‍ വിവിധ വിഷയങ്ങളില്‍ റബര്‍ ബോര്‍ഡുമായി കൂടിയാലോചന നടത്തണമെന്നുമുണ്ട്. ഇവ രണ്ടും പുതിയ കരടില്‍ ഇല്ല. ഇതിനര്‍ത്ഥം റബര്‍ ബോര്‍ഡുപോലും ഭാവിയില്‍ അപ്രസക്തമാകുമെന്നാണ്. എന്തിനേറെ, ഈ നിയമനിര്‍മാണത്തിനുപോലും റബര്‍ ബോര്‍ഡിനു പങ്കില്ലെന്നാണു പുറത്തുവരുന്ന വിവരങ്ങള്‍.
ഗുണനിലവാരത്തിലെ തട്ടിപ്പ്
വ്യവസായലോബിയോടു ചേര്‍ന്ന് റബര്‍ ബോര്‍ഡ് എക്കാലവും കര്‍ഷകരെ നിരന്തരം ആക്ഷേപിക്കുന്ന വിഷയമാണ് ഇന്ത്യയിലെ ഷീറ്റ് റബറുള്‍പ്പെടെ അസംസ്‌കൃത റബറിനു ഗുണനിലവാരമില്ലെന്നുള്ളത്. അതിനാല്‍ത്തന്നെ പുതിയ നിയമത്തിലെ 3-ാം വകുപ്പില്‍ രാജ്യത്ത് ഉത്പാദിപ്പിക്കുന്നതും കയറ്റുമതി ചെയ്യുന്നതുമായ റബറിന്റെ ഗുണനിലവാരം വര്‍ദ്ധിപ്പിക്കണമെന്നു നിര്‍ദേശിക്കുന്നു. ഗുണനിലവാരവിഷയം ഉയര്‍ത്തിക്കാട്ടി വിലയിടിക്കുക എന്ന തന്ത്രവുമുണ്ട്. റബറുത്പാദകരാജ്യങ്ങളിലെ ഗ്രേഡ് 3 നു തുല്യമാണ് കേരളത്തിലെ ഗ്രേഡ് 4 റബറെന്നുള്ളതു മറക്കരുത്. ഗ്രേഡിങ്ങിന്റെ പേരിലുള്ള കര്‍ഷകദ്രോഹം പലതവണ കേരളം ചര്‍ച്ച ചെയ്തിട്ടുള്ളതാണ്. ഇറക്കുമതി ചെയ്യുന്നതും ടയര്‍ വ്യവസായികള്‍ ഉപയോഗിക്കുന്നതുമായ ബ്ലോക്ക് റബറുമായി തട്ടിച്ചുനോക്കുമ്പോള്‍ ഗ്രേഡ് നാലിന്റെ ഗുണനിലവാരത്തെക്കുറിച്ച് എന്ത് എതിരഭിപ്രായം പറയാനാകും? അതേസമയം, ഇറക്കുമതി ചെയ്യുന്ന പ്രകൃതിദത്ത റബറിന്റെയും റബറുത്പന്നങ്ങളുടെയും ഗുണനിലവാരത്തെ സംബന്ധിച്ച് യാതൊന്നും പുതിയ നിയമത്തിലില്ല. കാലക്രമേണ മാനദണ്ഡങ്ങള്‍ നിശ്ചയിച്ച് അനിയന്ത്രിത ചണ്ടിപ്പാല്‍ ഇറക്കുമതിക്ക് കളമൊരുങ്ങുമെന്ന് ഉറപ്പിക്കാം.
സ്വതന്ത്രവ്യാപാരക്കരാറുകളുടെ സ്വാധീനം
ഇന്ത്യ ഇതിനോടകം ഏര്‍പ്പെട്ടതും ഉടന്‍ ഏര്‍പ്പെടാനായി ചര്‍ച്ചകള്‍ തുടരുന്നതുമായ സ്വതന്ത്ര വ്യാപാരക്കരാറുകളുടെ ശക്തമായ സ്വാധീനം നിലവിലുള്ള നിയമത്തിന്റെ റദ്ദാക്കലിലും നിര്‍ദിഷ്ട നിയമത്തിന്റെ പിന്നാമ്പുറങ്ങളിലുമുണ്ട്. റബര്‍ ബോര്‍ഡിനെ ഒരു ഉപദേശകസമിതിയായി ചിലയിടങ്ങളില്‍ മാത്രം സൂചിപ്പിക്കുന്നുണ്ട്. അന്തിമതീരുമാനം കേന്ദ്ര വ്യവസായവാണിജ്യ വകുപ്പിന്റെതായിരിക്കും. അതിനാല്‍ത്തന്നെ കര്‍ഷകശബ്ദവും വേദനയും പ്രതിസന്ധികളും പരാമര്‍ശിക്കപ്പെടില്ലെന്നു മാത്രമല്ല, കര്‍ഷകരെയും ഉത്പാദനപ്രക്രിയകളെയും കാര്‍ഷികവിഷയങ്ങളെയും മറന്ന് വ്യവസായി, വ്യാപാരി, ഇറക്കുമതി, കയറ്റുമതി പ്രോത്സാഹനമായിരിക്കും മുഖ്യ അജണ്ട. സ്വതന്ത്രവ്യാപാരക്കരാറുപ്രകാരമുള്ള നികുതിരഹിത ഇറക്കുമതിക്കു പുതിയ നിയമനിര്‍മാണത്തിലൂടെ കളമൊരുങ്ങും. രാജ്യങ്ങള്‍ തമ്മിലുള്ള ഇറക്കുമതിച്ചുങ്കം സമയബന്ധിതമായി പൂജ്യത്തിലെത്തിക്കണമെന്നും ഒരൊറ്റ വിപണിയായി ലോകം മാറണമെന്നുമാണു ലോകവ്യാപാരസംഘടനയുടെ നിലപാട്. ഈ ലക്ഷ്യപ്രാപ്തിക്കുവേണ്ടിയുള്ള ഒരു ഉപകരണമാണ് റബര്‍ കര്‍ഷകരെ ബലിയാടാക്കിയുള്ള ഈ നിയമനിര്‍മാണം.
അടിസ്ഥാന, പരമാവധി വിലകളുടെ ആവര്‍ത്തനം
കരടുനിയമത്തിന്റെ മൂന്നാം വകുപ്പിന്റെ ഏഴാം ഉപവകുപ്പില്‍ ചെറുകിട കര്‍ഷകരുള്‍പ്പെടെ റബര്‍ കര്‍ഷകര്‍ക്കെല്ലാം ന്യായവും ആദായകരവുമായ വില ലഭിക്കാന്‍ പ്രോത്സാഹിപ്പിക്കുമെന്നു സൂചിപ്പിക്കുന്നുണ്ട്. ഒരിടത്തും ന്യായവില സംബന്ധിച്ച് യാതൊരു പരാമര്‍ശവുമില്ല. അതേസമയം, നിലവിലുള്ള റബര്‍ ആക്ടിന്റെ 13-ാം വകുപ്പ് കരടുനിയമത്തില്‍ 30-ാം വകുപ്പായി ചേര്‍ത്തിട്ടുമുണ്ട.് സര്‍ക്കാരിന് (റബര്‍ ബോര്‍ഡല്ല) റബറിനു കുറഞ്ഞവിലയോ കൂടിയ വിലയോ രണ്ടും ഒരുമിച്ചോ നിശ്ചയിക്കാവുന്നതാണ്. പ്രസ്തുത കുറഞ്ഞ വിലയിലും താഴ്ത്തിയോ പരമാവധി വിലയില്‍ ഉയര്‍ത്തിയോ റബര്‍ വാങ്ങുകയോ വില്‍ക്കുകയോ കരാറില്‍ ഏര്‍പ്പെടുകയോ ചെയ്യാന്‍ പാടില്ല. അങ്ങനെ നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഒരു വര്‍ഷംവരെ തടവോ പിഴയോ ഇവ രണ്ടുംകൂടിയോ അനുഭവിക്കേണ്ടിവരും. ഇവിടെ പ്രത്യേകം ശ്രദ്ധിക്കേണ്ടത് കാലങ്ങള്‍ പഴക്കമുള്ള ഈ നിയമഭാഗം കോടതിയില്‍ ഇതിനോടകം ചോദ്യം ചെയ്തിട്ടും അനുകൂലവിധിയുണ്ടായിട്ടും നടപ്പിലാക്കുന്നില്ലെന്നുള്ളതാണ്. അതോടൊപ്പം, കുരുമുളകിനും അടയ്ക്കയ്ക്കും ഉള്ളതുപോലെ അസംസ്‌കൃതറബറിന്റെ ഇറക്കുമതിക്ക് അടിസ്ഥാന ഇറക്കുമതി വില നിശ്ചയിക്കണമെന്ന നിര്‍ദേശവും ബോധപൂര്‍വം പുതിയ നിയമത്തില്‍നിന്ന് ഒഴിവാക്കിയിരിക്കുന്നു.
ക്രമക്കേടുകള്‍ ക്രിമിനല്‍ കുറ്റമല്ല
നിലവിലുള്ള നിയമമനുസരിച്ച് റബര്‍ ബോര്‍ഡിന്റെ ലൈസന്‍സ് ഉള്ളവര്‍ക്കുമാത്രമേ റബര്‍ വ്യാപാരം നടത്താനാവൂ. നിലവിലുള്ള നിയമം 26-ാം വകുപ്പനുസരിച്ച് ക്രയവിക്രയങ്ങളില്‍ ക്രമക്കേടുകള്‍ കണ്ടുപിടിക്കപ്പെട്ടാല്‍ ജയില്‍വാസമുള്‍പ്പെടെ ശിക്ഷ അനുഭവിക്കേണ്ടിവരും. 26 എ യില്‍ ക്രിമിനല്‍ കുറ്റമായി വിശദീകരിക്കുന്നു. എന്നാല്‍, പുതിയ നിയമത്തില്‍ ഇവ ക്രിമിനല്‍ കുറ്റമാകുന്നില്ലെന്നു മാത്രമല്ല, നിലവിലുള്ള 26, 26 എ വകുപ്പുകള്‍ പാടേ ഒഴിവാക്കിയിരിക്കുകയുമാണ്. നിയമം നിര്‍മിക്കുമ്പോള്‍ത്തന്നെ നിയമം ലംഘിക്കുന്നവര്‍ക്കുള്ള ശിക്ഷയിലും വ്യക്തതയുണ്ടാവേണ്ടതാണ്. കള്ളന്മാര്‍ക്കും കൊള്ളക്കാര്‍ക്കും സംരക്ഷണകവചമൊരുക്കുന്ന നിര്‍ദേശമാണ് പുതിയ കരടിലുള്ളത്.
റബര്‍ പൂഴ്ത്തി വയ്ക്കാം; കുഴപ്പമില്ല
നിലവിലെ നിയമത്തിലെ 16-ാം വകുപ്പനുസരിച്ച് റബര്‍ സംഭരിച്ചു പൂഴ്ത്തിവയ്ക്കാന്‍ അനുവദിക്കില്ല. വിപണിയില്‍ ക്ഷാമമുണ്ടാകാതിരിക്കാന്‍ മാത്രമല്ല വ്യാപാരികള്‍ വിപണിവില അട്ടിമറിക്കാതിരിക്കാനുമാണ് ഈ നടപടി. എന്നാല്‍, പുതിയ കരടുനിയമം ഇക്കാര്യം പാടേ അവഗണിച്ചു. ഒരു വ്യക്തിക്ക് എത്രമാത്രം വേണമെങ്കിലും റബര്‍ ശേഖരിച്ചുവയ്ക്കാം. ആഭ്യന്തരവിപണിയില്‍ പ്രകൃതിദത്തറബറിനു ക്ഷാമമുണ്ടായാലും പ്രശ്‌നമില്ല. ഇറക്കുമതിക്ക് അവസരമുണ്ട്. ഈ അവസരം മുതലാക്കി വ്യവസായികള്‍ വന്‍തോതില്‍ റബര്‍ ഇറക്കുമതി ചെയ്ത് സ്റ്റോക്ക് ചെയ്യും. ആഭ്യന്തരവിപണി തകരും. ആരും ഇടപെടുകയോ നിയന്ത്രിക്കുകയോ ഇല്ല. നികുതിരഹിത ഇറക്കുമതിയും ഉറപ്പ്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഉത്പാദനം വര്‍ദ്ധിക്കുമ്പോള്‍ കേരളം വ്യവസായികള്‍ക്ക് ഒരു പ്രശ്‌നമല്ലാതായിത്തീരും. വ്യവസായികള്‍ വില നിശ്ചയിക്കും. കര്‍ഷകര്‍ക്കു വ്യവസായികള്‍ പറയുന്ന വിലയ്ക്കു റബര്‍ കൊടുക്കാം എന്ന നിലയിലേക്കു കാര്യങ്ങള്‍ കൂടുതലായി മാറും. നിലവിലുള്ള ഇന്നത്തെ വിപണിയുടെ സ്ഥിതിയും ഇതില്‍നിന്ന് ഏറെ വ്യത്യസ്തമല്ല.
കൃത്രിമ റബറും ഒഴുകിയെത്തും
പ്രകൃതിദത്ത റബര്‍ മാത്രമല്ല സിന്തറ്റിക് റബര്‍ ഉള്‍പ്പെടെ കൃത്രിമ റബറിന്റെ ഇറക്കുമതിക്കും വാതിലുകള്‍ പുതിയ നിയമത്തിലൂടെ തുറക്കുന്നു. അമേരിക്കയും ബ്രിട്ടനുമായുള്ള ഇന്ത്യയുടെ വരാനിരിക്കുന്ന സ്വതന്ത്രവ്യാപാരക്കരാറില്‍ ഇതു സംബന്ധിച്ചു സൂചനകളുമുണ്ട്. പുതിയ റബര്‍ ആക്ടിലൂടെ എല്ലാ അധികാരങ്ങളും കേന്ദ്ര വ്യവസായ വാണിജ്യമന്ത്രാലയത്തിന്റെ കീഴിലാകുമ്പോള്‍ കര്‍ഷകര്‍ റബര്‍വിഷയവുമായി കോടതിയിലെത്തിയാലും നേട്ടമുണ്ടാകില്ല. പാര്‍ലമെന്റംഗങ്ങളും രാഷ്ട്രീയ നേതൃത്വങ്ങളും സ്ഥിരം പ്രസ്താവനകള്‍ക്കപ്പുറം ആത്മാര്‍ത്ഥ സമീപനം സ്വീകരിക്കാനുള്ള സാധ്യതയും കുറവ്.
നിലപാടുകളില്ലാത്ത കര്‍ഷകര്‍
റബര്‍ മേഖലയിലെ പ്രശ്‌നങ്ങള്‍ പുതിയ നിയമനിര്‍മാണം വരെ എത്തിയിട്ടും അസംഘടിതരായി തുടരുകയാണു കര്‍ഷകര്‍. ആരെങ്കിലും ഇക്കാര്യങ്ങളില്‍ എതിര്‍ക്കട്ടെ, കേസുകള്‍ നടത്തട്ടെ, അതിന്റെ ഗുണഫലമനുഭവിക്കാം എന്ന ചിന്താഗതി നല്ലതല്ല. റബര്‍ പ്രൊഡ്യൂസേഴ്‌സ് സൊസൈറ്റികളും വിവിധ കര്‍ഷകസംഘടനകളും ആവേശം തണുത്ത് നിഷ്‌ക്രിയരായിരിക്കുന്നു. റബര്‍ കര്‍ഷകര്‍ ഒരുമിച്ചുചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ തയ്യാറാകണം.