മലയാളത്തില്‍ അച്ചടിച്ച ഒന്നാമത്തെ പുസ്തകത്തിന് രണ്ടര നൂറ്റാണ്ട് തികയുകയാണ്. മലയാള പുസ്തക പ്രസാധനരംഗത്തെ പ്രഭാതനക്ഷത്രമായ, 1772 ല്‍ അച്ചടിച്ച ''സംക്ഷേപവേദാര്‍ത്ഥ''ത്തെക്കുറിച്ച്.
മലയാളത്തിന്റെ ലിപി ഉരുണ്ടതാണ്. മലയാളഅക്ഷരങ്ങളും ചിഹ്നങ്ങളും ഉരുട്ടിയെഴുതുന്നതാണു പതിവ്. എഴുതിത്തുടങ്ങുന്ന കൊച്ചുകുട്ടികളെ മാതാപിതാക്കളും അധ്യാപകരും ഉപദേശിക്കുന്നത് ഇപ്രകാരം: ''നന്നായി ഉരുട്ടിയെഴുതി പഠിക്കണം.''
കൈയെഴുത്തില്‍ മാത്രമല്ല, അച്ചടിയിലും മലയാളം ഉരുണ്ടാണിരിക്കുന്നത്. എത്രതരം രസകരമായ അച്ചടിരൂപങ്ങളാണുള്ളത്! കമ്പ്യൂട്ടര്‍ അച്ചടി വന്നതില്‍പ്പിന്നെ അതു വളരെ വര്‍ദ്ധിച്ചു. അവയില്‍ ഒട്ടുമിക്കതും ഉരുട്ടിയെഴുതുന്ന രീതിയില്‍ത്തന്നെയാണ്. അങ്ങനെയെങ്കില്‍ എവിടെയാണ് ചതുരവടിവിലെ മലയാളം?
വേറെങ്ങുമല്ല, മലയാളം അക്ഷരങ്ങള്‍ ഉപയോഗിച്ച് അച്ചടിച്ച ഒന്നാമത്തെ പുസ്തകത്തിലാണ് ഉരുണ്ട അക്ഷരങ്ങള്‍ക്കുപകരം ചതുരാകൃതിയിലുള്ള അക്ഷരങ്ങള്‍ കാണുന്നത്. പുസ്തകത്തിന്റെ പേര് സംക്ഷേപവേദാര്‍ത്ഥം. ഗ്രന്ഥകാരന്റെ പേര് ഫാദര്‍ ക്ലമന്റ ് പിയാനിയസ്. ഇത് അച്ചടിച്ചത് 1772 ല്‍ റോമില്‍വച്ചാണ്. 276 പേജുള്ള ഈ പുസ്തകത്തിന്റെ പൂര്‍ണനാമം 'നസ്രാണികള്‍ ഒക്കക്കും അറിയേണ്ടുന്ന സംക്ഷെപവെദാര്‍ത്ഥം' എന്നാണ് കാണുന്നത്. അക്കാലത്തെ ഭാഷയും ലിപിവിന്യാസവും ഇന്നത്തേതില്‍നിന്നു വ്യത്യസ്തമാണെന്നു കാണാം. ചതുരാകൃതിയിലുള്ള അച്ചുകള്‍ ഉപയോഗിച്ചാണ് പുസ്തകം അച്ചടിച്ചിരിക്കുന്നത്. മലയാളത്തില്‍ അച്ചടിയുടെ മാതൃകകള്‍ ഇല്ലാത്ത കാലത്താണ് ഈ സാഹസം ചെയ്തത് എന്നോര്‍ക്കണം.
ഗുരുവും ശിഷ്യനും തമ്മിലുള്ള സംവാദരൂപത്തില്‍ രചിച്ചിരി ക്കുന്ന സംക്ഷേപവേദാര്‍ത്ഥത്തില്‍ ക്രിസ്തുമതത്തിന്റെ കാതലായ തത്ത്വങ്ങളും വിശ്വാസപ്രമാണങ്ങളും ആത്മീയകര്‍മങ്ങളുമാണു പ്രതിപാദിച്ചിരിക്കുന്നത്. ഗ്രന്ഥാവസാനത്തില്‍ പേജുനമ്പറോടുകൂടി വിഷയവിവരം ചേര്‍ത്തിട്ടുണ്ട്. കൂട്ടങ്ങള്‍, പാഠങ്ങള്‍, കാണ്ഡങ്ങള്‍ എന്നിങ്ങനെ വിഷയത്തെ വിഭജിച്ചാണ് അവതരിപ്പിച്ചിരിക്കുന്നത്.
1731 ല്‍ ഇറ്റലിയില്‍ ജനിച്ച് പുരോഹിതനായ ഫാദര്‍ ക്ലമന്റ് 1757 ലാണ് കേരളത്തിലെത്തിയത്. വരാപ്പുഴയില്‍ വൈദികസെമിനാരി സ്ഥാപിച്ച അദ്ദേഹം മലയാളം, സംസ്‌കൃതം എന്നിവ പഠിച്ച് നിഘണ്ടുവും വ്യാകരണവും രചിച്ചു. 1769 ല്‍ റോമിലെത്തിയ അദ്ദേഹം അഞ്ചുവര്‍ഷം അവിടെ താമസിച്ചു. അതിനിടയിലാണ് മലയാളം അക്ഷരങ്ങളുടെ അച്ചുകള്‍ നിര്‍മിച്ച് പുസ്തകം അച്ചടിച്ചത്. അതിന്റെ ഏതാനും കോപ്പികളുമായി 1774 ല്‍ കേരളത്തില്‍ തിരിച്ചെത്തി. ഫാ. ക്ലമന്റ് 1782 ല്‍ അന്തരിച്ചു. വരാപ്പുഴയിലാണ് സംസ്‌കരിച്ചിരിക്കുന്നത്. സംക്ഷേപവേദാര്‍ത്ഥത്തിന്റെ ഓരോ കോപ്പി കേരളത്തിലെ ചില പ്രശസ്ത ലൈബ്രറികളിലും വത്തിക്കാന്‍ ലൈബ്രറിയിലും ലണ്ടനിലെ ഇന്ത്യാഹൗസ് ലൈബ്രറിയിലും സൂക്ഷിച്ചിട്ടുണ്ട്. പുരാതന ക്രിസ്തീയഭവനങ്ങളിലും സ്ഥാപനങ്ങളിലും ചിലപ്പോള്‍ കണ്ടേക്കാമെന്ന് ഗവേഷകര്‍ കരുതുന്നു. ഈ വിശേഷകൃതി 1980 ലാണ് പിന്നീട് അച്ചടിക്കപ്പെട്ടത്; അതായത്, 208 വര്‍ഷങ്ങള്‍ക്കുശേഷം. കോട്ടയം ഡിസി ബുക്‌സും തിരുവനന്തപുരം കാര്‍മ്മല്‍ പബ്ലിഷിങ് സെന്ററും സംയുക്തസംരംഭമായി പ്രസിദ്ധീകരിച്ച ഇതിന് അറുനൂറോളം പേജുകളുണ്ട്. കാരണം, പരാവര്‍ത്തനവും വ്യാഖ്യാനവും സഹിതമാണ് പുസ ്തകം അവതരിപ്പിക്കുന്നത്. ചതുരവടിവില്‍ അച്ചടിച്ച പ്രഥമഗ്രന്ഥത്തിന്റെ പേജുകള്‍ അതേപടി ചേര്‍ത്തിട്ടുണ്ട്. അതിനു പുറമേയാണ് ഇന്ന് വായിച്ചുമനസ്സിലാക്കാന്‍ പാകത്തിന് പ്രഫ. മാത്യു ഉലകംതറ തയ്യാറാക്കിയ വ്യാഖ്യാനവും മറ്റും. ആമുഖത്തില്‍ ഭാഷാഗവേഷകനായ ഡോ. ചുമ്മാര്‍ ചൂണ്ടല്‍ അച്ചടി, ഭാഷ, മതം ഇവയുടെയെല്ലാം ചരിത്രത്തില്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്ന കൃതിയെന്ന് എടുത്തുപറയുന്നുണ്ട ്. ശ്രേഷ്ഠഭാഷയായ മലയാളത്തിന്റെയും പുസ്തകപ്രസാധനത്തിന്റെയും ഒരു നിര്‍ണായക നാഴികക്കല്ലാണ് സംക്ഷേപവേദാര്‍ത്ഥമെന്നു പറയാം.