രംഗനാഥ് രംഗമൊഴിഞ്ഞു
അഞ്ചു പതിറ്റാണ്ട് കേരളകലാരംഗത്ത് ശുദ്ധസംഗീതത്തിന്റെ വക്താവായി മാറിയിരുന്ന ആലപ്പി രംഗനാഥ് ജനുവരി പതിനാറാം തീയതി രാത്രി വിട പറഞ്ഞു. ഗാനരചയിതാവ്, സംഗീതസംവിധായകന്‍, ഉപകരണസംഗീതവാദകന്‍, നാടകകൃത്ത്, നാടകസംവിധായകന്‍, നര്‍ത്തകന്‍, ചലച്ചിത്രസംവിധായകന്‍, അഭിനേതാവ്, ഒറ്റവാക്കില്‍ സകലകലാവല്ലഭന്‍. അതാണ് ആലപ്പി രംഗനാഥ്.
ആലപ്പുഴയിലെ സംഗീതപാരമ്പര്യമുള്ള കുടുംബത്തില്‍ വേഴപ്ര കുഞ്ചുകുഞ്ഞ് ഭാഗവതരുടെയും എം.ജി. ദേവമ്മാളിന്റെയും മകനായി 1949 മാര്‍ച്ച് 9 നു ജനനം. സംഗീതത്തിലെ ആദ്യഗുരു പിതാവുതന്നെ. വളരെ ചെറുപ്പത്തില്‍ത്തന്നെ കാഞ്ഞിരപ്പള്ളി തന്റെ കലയുടെ തട്ടകമാക്കി അദ്ദേഹം മാറ്റിയിരുന്നു. കാഞ്ഞിരപ്പള്ളി പീപ്പിള്‍സ് ആര്‍ട്‌സ് ക്ലബ്, മണ്ണാറക്കയം ജനതാക്ലബ് എന്നീ കലാസംഘടനകളില്‍ അംഗമായി കേരളത്തിലുടനീളം ഗാനമേളകളും നാടകവും നൃത്തപരിപാടികളുമായി നടന്ന കാലം. മണ്ണാറക്കയം ബേബി എന്ന കഴിവുറ്റ സംഘാടകന്റെ മേല്‍നോട്ടത്തില്‍ ഈ ക്ലബുകള്‍ക്കു പേരും പ്രശസ്തിയും ലഭിച്ചിരുന്നു.
ആയിടയ്ക്ക്, ഏതാണ്ട് 1970 ല്‍ 'തുറക്കാത്ത വാതില്‍' എന്ന സിനിമയിലെ സംഗീതത്തിനു ബുള്‍ ബുള്‍ വായിച്ചാണ് സിനിമാപ്രവേശം. രാഘവന്‍ മാസ്റ്ററുടെ, 'നാളികേരത്തിന്റെ നാട്ടിലെനിക്കൊരു' എന്ന ഗാനത്തിനു ബുള്‍ബുള്‍ വായിക്കാന്‍ അവസരം ലഭിച്ചത് ഒരു പിടിവള്ളിയായി മാറി! എങ്കിലും പിന്നീട് അവസരങ്ങള്‍ വേണ്ടതുപോലെ ലഭിച്ചില്ല. ആകെ പതിനഞ്ചു സിനിമകള്‍ക്കു മാത്രമേ സംഗീതമൊരുക്കാന്‍ സാധിച്ചുള്ളൂ. ധാരാളം അമച്വര്‍ നാടകങ്ങള്‍ക്കും ബാലെകള്‍ക്കും രചനയും സംഗീതവും ഒരുക്കാന്‍ കഴിഞ്ഞു; കൂടെ ഗാനമേള പ്രോഗ്രാമുകളും. നാല്പത്തിരണ്ട് പ്രൊഫഷണല്‍ നാടകങ്ങളും ഇരുപത്തഞ്ചു ബാലെകളും രചിച്ചിട്ടുണ്ട്. ദൂരദര്‍ശനുവേണ്ടി 17 എപ്പിസോഡുള്ള ത്യാഗരാജചരിതവും 'അറിയാതെ' എന്ന ടെലിഫിലിമും ഒരുക്കിയത് പ്രസ്താവ്യമാണ്. നൃത്താധ്യാപികയായ ഭാര്യ ബി. രാജശ്രീയുടെ സ്വാധീനംകൊണ്ട് നര്‍ത്തകന്റെ ചാതുര്യം നേടുവാനും അദ്ദേഹത്തിനു സാധിച്ചു.
ആദ്യസിനിമാഗാനമായ 'ഓശാന ഓശാന' പ്രശസ്ത നിര്‍മാതാവായിരുന്ന പി.എ. തോമസിന്റെ ജീസസ് എന്ന ചിത്രത്തിലേതായിരുന്നു. ആ ഗാനം ഹിറ്റായി മാറിയത് ഉയര്‍ച്ചയിലേക്കുള്ള ആദ്യ പടിയായി മാറി. പി.എ. തോമസുമായി ബന്ധം സ്ഥാപിക്കാന്‍ ചെന്നൈയിലുണ്ടായിരുന്ന പോള്‍ എന്നൊരു സുഹൃത്താണ് സഹായിച്ചതെന്ന് രംഗനാഥ് പറഞ്ഞുകേട്ടിട്ടുണ്ട്. കാഞ്ഞിരപ്പള്ളിക്കാരനായ അഗസ്റ്റിന്‍ വഞ്ചിമലയാണ് ഓശാനയുടെ രചയിതാവ്. പി. ജയചന്ദ്രനും പി. ലീലയും ചേര്‍ന്നാണു പാടിയത്.
യേശുദാസുമായുള്ള അടുപ്പം എണ്‍പതുകളിലാണു തുടങ്ങിയത്. അത് ഏറെ ഗുണകരമായി. തരംഗിണി സ്റ്റുഡിയോയുടെ പ്രവര്‍ത്തനം കെങ്കേമായി നടക്കുന്ന കാലം. സംഗീതരംഗത്തെ മൊത്തക്കച്ചവടക്കാരനായ യേശുദാസ് തന്റെ തരംഗിണിയിലൂടെ കേരളത്തെ മൊത്തം വിലയ്‌ക്കെടുക്കുകയായിരുന്നു. സ്റ്റുഡിയോയുടെ സ്റ്റാഫ് മ്യൂസിക് ഡയറക്ടറായും സ്‌ക്രിപ്റ്റ് സ്‌ക്രൂട്ടണൈസിങ് ഓഫീസറായും രംഗനാഥിനെ യേശുദാസ് നിയമിച്ചു. 1982 മുതല്‍ ഏതാനും വര്‍ഷങ്ങള്‍ ദാസിനൊപ്പം രംഗനാഥും കുതിക്കുകയായിരുന്നു. തരംഗിണിയില്‍നിന്നിറങ്ങിയ സംഗീത ആല്‍ബങ്ങള്‍കൊണ്ട് കേരളമെന്നല്ല, ഗള്‍ഫുനാടുകളും മറ്റു വിദേശനാടുകളും വിശേഷിച്ച് അമേരിക്കയും നിറഞ്ഞുകവിഞ്ഞു. ദാസിന്റെ സംഗീതക്കച്ചവടത്തില്‍ കൂട്ടുനിന്ന രംഗനാഥിനും പ്രശസ്തി ലഭിച്ചു. രംഗനാഥിന്റെ രചനയിലും സംഗീതത്തിലും പുറത്തിറങ്ങിയ അയ്യപ്പന്‍പാട്ടുകള്‍ സ്വാമിഭക്തര്‍ക്ക് ഏറെ പ്രിയങ്കരമായി. ''സ്വാമി സംഗീതമാലപിക്കും'',' 'എന്‍മനം പൊന്നമ്പലം'', ''എല്ലാ ദുഃഖവും തീര്‍ത്തു തരൂ'' എന്നീ ഗാനങ്ങള്‍ വന്‍ഹിറ്റുകളായി. ഇവ നാല് അന്യഭാഷകളിലേക്കു മൊഴിമാറ്റവും നടത്തിയിരുന്നു. ലക്ഷക്കണക്കിന് കാസറ്റുകള്‍ വിറ്റഴിഞ്ഞു. 'രംഗന്‍ സ്വാമി' എന്നാണ് ദാസ് തന്റെ സംഗീതസംവിധായകനെ വിളിച്ചിരുന്നത്.
സുഗമസംഗീതത്തിന്റെ ലാളിത്യം മറക്കാതെ, ശാസ്ത്രീയസംഗീതത്തിന്റെ ഗാംഭീര്യവും വിശുദ്ധിയും കൈവിടാതെ രംഗനാഥ് ചിട്ടപ്പെടുത്തിയിരുന്ന ഗാനങ്ങള്‍ അഭൗമമായ ചാരുത നിലനിര്‍ത്തിക്കൊണ്ട് നമ്മുടെ മനസ്സില്‍ ചിരപ്രതിഷ്ഠ നേടിക്കഴിഞ്ഞു. ആയിരത്തഞ്ഞൂറോളം ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയതില്‍ 251 എണ്ണവും ദാസാണു പാടിയത്. കുട്ടികള്‍ക്കുവേണ്ടി ഇറങ്ങിയ ഗാനങ്ങളില്‍ രചനയിലുള്ള കുട്ടിത്തം സംഗീതത്തിലും നിറഞ്ഞുനിന്നു. പ്രഭാതഗീതങ്ങളില്‍ സംഗീതത്തിന്റെ കുളിരും മധുരവും പുരണ്ടു നില്ക്കുന്നു. അഞ്ചു സംഗീതമഹാത്മാക്കളെ സ്തുതിക്കുന്ന 'സംഗീതരത്‌നപഞ്ചകം' അവസാനശ്രമമാണ്.
ഏതാനും ദിവസംമുമ്പാണ് സംസ്ഥാനസര്‍ക്കാരിന്റെ ഈ വര്‍ഷത്തെ ഹരിവരാസനം അവാര്‍ഡ് ഏറ്റുവാങ്ങാന്‍ ശാരീരികാസ്വസ്ഥതകള്‍ മറന്ന്, നീണ്ടൂരില്‍നിന്ന് സന്നിധാനത്തെത്തിയത്. മോഹങ്ങള്‍ പലതും സഫലീകരിക്കാന്‍ സാധിക്കാതെ, കൊവിഡിന്റെ പിടിയിലമര്‍ന്ന് യാത്രയായി. ഇനി നമ്മുടെ ഓര്‍മകളില്‍ ആ ഗാനങ്ങള്‍ തുള്ളിത്തുളുമ്പട്ടെ!