ഉത്പത്തിപ്പുസ്തകത്തിന്റെ 28-ാം അധ്യായംമുതല്‍ നിറഞ്ഞുനില്‍ക്കുന്ന പൂര്‍വപിതാവാണു യാക്കോബ്. പലവിധത്തിലുള്ള സ്വഭാവങ്ങളുള്ള ഒരു മനുഷ്യന്‍. ദൈവത്തിനിഷ്ടമില്ലാത്ത പ്രവൃത്തികള്‍ ചെയ്തു നടന്ന യാക്കോബിനെ ദൈവം നേരിടുന്ന രീതികള്‍ ശ്രദ്ധിക്കേണ്ടതാണ്. ഒരു മനുഷ്യന്റെ മുന്നോട്ടുള്ള പ്രയാണത്തിനു തടസ്സം നിന്നവനാണ് യാക്കോബ്. ഏസാവ് എന്ന ജ്യേഷ്ഠന്‍ അമ്മയുടെ ഉദരത്തില്‍നിന്നു പുറത്തേക്കു വരുമ്പോള്‍ കുതികാലില്‍ പിടിച്ചു വലിച്ചവനാണ് യാക്കോബ്. മറ്റൊരാളുടെ വളര്‍ച്ചയ്ക്കും ഉയര്‍ച്ചയ്ക്കും ഞാന്‍ തടസ്സം നില്‍ക്കുമ്പോള്‍ എന്നില്‍ ഒരു യാക്കോബ് ഉയിര്‍ത്തെഴുന്നേല്ക്കും. മറ്റുള്ളവരുടെ സല്‍പ്പേരു നശിപ്പിക്കുമ്പോഴും വളര്‍ച്ചയ്ക്കു വിഘാതമാകുമ്പോഴും എന്നിലെ യാക്കോബിന്റെ മുഖം തെളിഞ്ഞുവരും.
വേഷം കെട്ടുന്നതില്‍ വൈദഗ്ധ്യം ലഭിച്ചവനാണ് യാക്കോബ്. അന്ധനായ പിതാവിന്റെ അന്ധത മുതലെടുത്ത് ആട്ടിന്‍തോലുകൊണ്ടു ശരീരം പൊതിഞ്ഞു വേഷം കെട്ടി. എളിമയുള്ളവനെപ്പോലെ താണുവണങ്ങി ജ്യേഷ്ഠന്റെ മുമ്പില്‍ വേഷംകെട്ടി. ഒത്തിരി വേഷം കെട്ടുന്നവരില്‍ രണ്ടു സ്വഭാവമുണ്ട്. ഇസഹാക്ക് യാക്കോബിനെ തലോടി നോക്കിയിട്ടു പറയുന്ന വാക്കുകളില്‍ ഇതടങ്ങിയിരിക്കുന്നു. 'സ്വരം യാക്കോബിന്റേത്, തൊലി ഏസാവിന്റേത്' എന്ന പ്രയോഗം നമ്മെയെല്ലാം ബാധിക്കുന്നതാണ്. അകത്ത് ഒരു സ്വഭാവം വച്ചുകൊണ്ട് പുറത്തു മറ്റൊന്നു കാണിക്കുന്നതാണ് വേഷംകെട്ടല്‍. ഇതിനു ചതിയെന്നു പറയാം. ജ്യേഷ്ഠനാണെന്നു പറഞ്ഞ് അപ്പനെ ചതിച്ചവന് അതേ നാണയത്തില്‍ തിരിച്ചടി കിട്ടി. ലാബാന്‍ എന്ന അമ്മാവന്‍ വെളിച്ചത്തില്‍ അനുജത്തിയെ കാണിച്ചു മങ്ങിയ ഇരുട്ടില്‍ ജ്യേഷ്ഠത്തിയെ കെട്ടിച്ചുകൊടുത്തു. നമ്മള്‍ അളക്കുന്ന അതേ അളവില്‍ നമുക്കു തിരിച്ചുകിട്ടും. വഞ്ചനയും ചതിയും കൈമുതലാക്കുന്നവര്‍ക്കെല്ലാം അതുപോലൊരു തിരിച്ചടി ലഭിക്കുമെന്ന് യാക്കോബ് ഓര്‍മിപ്പിക്കുന്നു.
കാരുണ്യമില്ലാത്തവനായിരുന്നു യാക്കോബ്. ഒരു പാത്രം പായസത്തിനുവേണ്ടി ജ്യേഷ്ഠന്റെ, മൂത്തവനുള്ള അവകാശം യാക്കോബ് പിടിച്ചെടുത്തു. അര്‍ഹതയില്ലാത്ത കാര്യം കൈമുതലാക്കിയ അവന്‍ എല്ലാ തന്ത്രങ്ങളിലും മികച്ചുനിന്നു. നമുക്കവകാശമില്ലാത്തതെന്തെങ്കിലും നമ്മുടെ കൈവശമുണ്ടോ? സ്വത്തോ പണമോ സ്ഥാനമാനങ്ങളോ അധികാരമോ ഒക്കെ അര്‍ഹതയില്ലാതെ നാം സൂക്ഷിക്കുന്നുണ്ടോ? അതെല്ലാം കൈവിട്ടുപോകാന്‍ നിമിഷങ്ങള്‍ മതി. എല്ലാം നഷ്ടപ്പെടുന്ന യാക്കോബിനെയാണ് പിന്നീടു നാം കാണുന്നത്.
ഓട്ടത്തില്‍ സമര്‍ത്ഥനായ യാക്കോബ് അവസാനം തളരുന്നു. ജ്യേഷ്ഠനില്‍നിന്നും അപ്പനില്‍നിന്നും ഓടിപ്പോയവനാണ് യാക്കോബ്. ലാബാനില്‍നിന്നും ഓടിയകന്നവനായിരുന്നു യാക്കോബ്. തന്റെ കാലിന്റെ ബലത്തില്‍ അമിതമായി ആശ്രയിച്ച അവന്റെ ഇടുപ്പെല്ല് തെറ്റിച്ചു ഞൊണ്ടിയാക്കി ദൈവം മാറ്റി. ഏതൊന്നിലാണോ ഞാന്‍ അമിതമായി ആശ്രയിക്കുന്നത് അതു ദൈവം എടുത്തുമാറ്റും. സമ്പത്തും സാമര്‍ത്ഥ്യവും ആരോഗ്യവുമൊക്കെ നമ്മുടെ ആശ്രയകേന്ദ്രങ്ങളായി മാറാം. അവയൊക്കെ എടുത്തു മാറ്റി ദൈവത്തില്‍ പൂര്‍ണമായി ആശ്രയിക്കുവാന്‍ ദൈവം വിളിക്കും.
ജീവിത ഓട്ടത്തിന്റെ അവസാനം യാക്കോബു തളര്‍ന്നു. പശ്ചാത്താപത്തിന്റെ അരൂപിയിലേക്കു തിരിച്ചുവന്നു. അവിടെ അവന്റെ പേരു മാറ്റി. ''ഇസ്രായേല്‍'' എന്നാക്കി. ദൈവത്തോടു യുദ്ധം ചെയ്തവന്‍ എന്നര്‍ത്ഥമുള്ള പദമായിരുന്നു അത്. നമ്മുടെയൊക്കെ സ്വകാര്യജീവിതത്തില്‍ ഒരു യാക്കോബ് ഒളിഞ്ഞിരിപ്പുണ്ട്. പക്ഷേ, ദൈവം ആ സ്വഭാവത്തെ മറച്ചുവയ്പ്പിക്കും. എന്നിലെ ഇസ്രായേലിന്റെ മുഖം ലോകസമക്ഷം കാണിക്കും. നമ്മുടെയൊക്കെ സ്വകാര്യജീവിതത്തില്‍ പലപ്പോഴും തെറ്റുകള്‍ സംഭവിക്കാം. അതെല്ലാം ദൈവം മറന്നു നമ്മെ അനുഗ്രഹത്തിന്റെ മുഖങ്ങളാക്കി മാറ്റുന്നു. മോശ ദൈവത്തിന്റെ പേരു ചോദിച്ചപ്പോള്‍ പറഞ്ഞ ഒരു നാമം, 'യാക്കോബിന്റെ ദൈവം' എന്നാണ്. ബലഹീനതകളും കുറവുകളും ഉള്ളവനെ അതൊന്നും നോക്കാതെ അനുഗ്രഹിക്കുന്ന ഒരു ദൈവം നമുക്കുണ്ട്. യാക്കോബിലെ കുറവുകള്‍ എന്നിലുണ്ടാവാം. ആത്മശോധന ചെയ്തു തിരുത്തി മുന്നോട്ടു പോകുമ്പോള്‍ അനുഗൃഹീതരായി നാം മാറും.