ജീവിതം കൂടുതല്‍ മനോഹരമാക്കാന്‍ പരക്കംപാഞ്ഞ്, കൂടുതല്‍ പണം സമ്പാദിക്കാന്‍ ശ്രമിച്ച്, അതിന്റെ ഗുണഫലങ്ങള്‍ ജീവിതത്തില്‍ അനുഭവിക്കാന്‍ സാധിക്കാതെ അകാലത്തില്‍ നരകജീവിതം നയിക്കുന്ന മലയാളികള്‍ ഇന്നു ധാരാളം.
സാമ്പത്തികഭദ്രതയ്ക്കുവേണ്ടി നമ്മള്‍ നടത്തുന്ന നിക്ഷേപംപോലെ, ആരോഗ്യത്തോടെ ജീവിക്കാന്‍ ശരീരത്തില്‍ നടത്തേണ്ട പ്രധാനപ്പെട്ട നിക്ഷേപമാണു വ്യായാമം. ദിവസവും രാവിലെയോ വൈകിട്ടോ 45-60 മിനിട്ടു സമയമെങ്കിലും വ്യായാമത്തിനുവേണ്ടി നീക്കിവയ്ക്കണം. വാക്കിങ്, വിവിധ തരത്തിലുള്ള എക്‌സര്‍സൈസുകള്‍, സൈക്ലിങ്, സ്വിമ്മിങ്, പലതരത്തിലുള്ള ഗെയിമുകള്‍ എന്നിവ വളരെ ഉത്തമമാണ്. വ്യായാമമെന്നാല്‍ ജിമ്മിലെ പരിശീലനം മാത്രമാണ് എന്ന ധാരണ തെറ്റാണ്.
കളികള്‍ അനാവശ്യവും പഠനത്തിനു ദോഷകരവുമാണെന്നാണ് ഭൂരിപക്ഷം രക്ഷിതാക്കളുടെയും ധാരണ. വികലമായ ഈ കാഴ്ചപ്പാട് അധ്യാപകരില്‍ ചിലര്‍ക്കും ഉള്ളതാണ്. പരീക്ഷാഫലം കുട്ടിയുടെയും അധ്യാപകരുടെയും നിലവാരം കണക്കാക്കുന്നതിനുള്ള ഉപാധിയായിത്തീര്‍ന്നതിന്റെ വിപരീതഫലമാണിത്. സ്‌കൂളുകളിലും പൊതുസ്ഥലങ്ങളിലും കളിസ്ഥലങ്ങളും കളികളും ആവശ്യമാണെന്ന അവബോധം സമൂഹത്തിനുണ്ടാവണം.
ആധുനികലോകത്തിന്റെ ഏറ്റവും വലിയ ശാപമാണ് ജീവിതശൈലീരോഗങ്ങള്‍. ചിട്ടയായ വ്യായാമം ജീവിതശൈലീരോഗങ്ങള്‍ക്കു ഫലപ്രദമാണെങ്കിലും ആവര്‍ത്തനവിരസതയും മടുപ്പും തോന്നാനിടയുണ്ട്. ഇവിടെയാണ് കളികളുടെ പ്രസക്തി. മാനസികോല്ലാസവും ഊര്‍ജവും പകര്‍ന്നു നല്‍കുന്ന കളികള്‍ കൂട്ടുത്തരവാദിത്വം, സഹകരണം, പരസ്പരപ്രോത്സാഹനം എന്നിവ വളരാനും സഹായിക്കും. ശാരീരികാരോഗ്യം നിലനിര്‍ത്തി രോഗപ്രതിരോധത്തിനും മാനസികാരോഗ്യം നിലനിര്‍ത്തുന്നതിനും വിവിധ കളികള്‍ ഉപകരിക്കുന്നു.
ആരോഗ്യസംരക്ഷണത്തിനും ശരീരത്തിന്റെ ഭംഗി നിലനിര്‍ത്തുന്നതിനും ജിമ്മുകളില്‍ പോകുന്നവരുടെ എണ്ണം കൂടുന്നുണ്ടെങ്കിലും കളികളില്‍ ഏര്‍പ്പെടാന്‍ സമയമില്ലെന്നു നടിക്കുന്നവരാണ് ഏറെയും. ഈ പാന്‍ഡമിക് കാലഘട്ടത്തില്‍ കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ക്കുവേണ്ടി എല്ലാവരും മൊബൈല്‍, ലാപ്‌ടോപ്പ്, ടാബുകള്‍ എന്നിവ നല്‍കിയിരുന്നു. നല്ല ശതമാനം കുട്ടികളും മൊബൈല്‍ ഗെയിം, സിനിമ എന്നിവയുടെയും സാമൂഹികമീഡിയകളുടെയും പിടിയിലമര്‍ന്നുകഴിഞ്ഞു. തലവേദന, കണ്ണുവേദന, നടുവേദന, കഴുത്തുവേദന, കാഴ്ചപ്രശ്‌നങ്ങള്‍ തുടങ്ങി പലവിധ രോഗങ്ങളെ വിളിച്ചുവരുത്തുന്നവയാണ് ഈ ഓണ്‍ലൈന്‍ ഗെയിമുകള്‍. മുന്‍പറഞ്ഞ കാര്യങ്ങളെക്കുറിച്ച് മാതാപിതാക്കളും അധ്യാപകരും കൂടുതലായി ബോധവത്കരണം നടത്തുകയും ഔട്ട്‌ഡോര്‍ ഗെയിമുകള്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യേണ്ടതുണ്ട്. അതുവഴി നല്ല ഉറക്കവും അനാവശ്യചിന്തകളില്‍നിന്നുള്ള മോചനവും ലഭിക്കുകയും ഓണ്‍ലൈന്‍ അഡിക്ഷന്‍ ഇല്ലാതാവുകയും ചെയ്യും.
പുതുതലമുറയെ വാര്‍ത്തെടുക്കുന്ന നമ്മുടെ സ്‌കൂളുകളുടെ അവസ്ഥ പരിതാപകരമാണ്. കളിസ്ഥലങ്ങളും കായികാധ്യാപകരും ഇല്ലാത്തവയാണ് അധികവും. പല സ്‌കൂളുകളിലും മറ്റു വിഷയങ്ങള്‍ പഠിപ്പിക്കുന്ന അധ്യാപകരില്‍ ചിലരെങ്കിലും ആരോഗ്യകായികവിദ്യാഭ്യാസത്തിന്റെ പ്രസക്തിയും കുട്ടികളില്‍ അതു വരുത്തുന്ന ശാരീരികമാനസികവളര്‍ച്ചയും എത്രമാത്രം അവരുടെ ജീവിതത്തില്‍ വിലപ്പെട്ടതെന്നു തിരിച്ചറിയാത്തവരാണ് എന്നു പറയേണ്ടിവരും. കായികാധ്യാപകര്‍ ഏറെ സമയം ചെലവഴിച്ചും കഠിനപ്രയത്‌നം ചെയ്തുംവേണം കായികപരിശീലനം നല്‍കേണ്ടത്. കൂട്ടത്തില്‍ കൂടുതല്‍ മികവു പുലര്‍ത്തുന്നവര്‍ക്ക് രാവിലെയോ വൈകിട്ടോ ശാസ്ത്രീയപരിശീലനവും നല്‍കേണ്ടിവരും, ഉന്നതതലങ്ങളിലുള്ള മത്സരങ്ങള്‍ക്കു തയ്യാറാക്കേണ്ടതിന്. അതുപോലെ സ്‌കൂളുകളില്‍ ഫിസിക്കല്‍ എഡ്യുക്കേഷന്‍ പീരിയഡുകള്‍ മറ്റാവശ്യങ്ങള്‍ക്കു നീക്കിവയ്ക്കുന്നതും ശരിയല്ല. അതുകൊണ്ട് എല്ലാ സ്‌കൂളുകളിലും മറ്റു സബ്ജക്റ്റുകള്‍ക്ക് എന്നപോലെ കൂടുതല്‍ കുട്ടികള്‍ ഉള്ള സ്‌കൂളില്‍ കൂടുതല്‍ കായികാധ്യാപകരെയും അല്ലെങ്കില്‍ ഒന്നില്‍ക്കൂടുതല്‍ സ്‌കൂളുകള്‍ ചേര്‍ത്ത് ഒരു കായികാധ്യാപകനെയും അനുവദിക്കേണ്ടതാണ്.
കായികവിദ്യാഭ്യാസത്തിന്റെ പരമപ്രധാനമായ ലക്ഷ്യം എല്ലാ കുട്ടികളെയും ഒളിമ്പിക്‌സില്‍ പങ്കെടുപ്പിക്കുക എന്നതല്ല; മറിച്ച്, ക്ലാസിലുള്ള എല്ലാ കുട്ടികള്‍ക്കും മാനസികവും ശാരീരികവുമായ മിനിമം ഫിറ്റ്‌നസ് നിലനിര്‍ത്താന്‍ വേണ്ട കായികപ്രവര്‍ത്തനങ്ങള്‍ നിര്‍ബന്ധമായും നടപ്പിലാക്കുക എന്നതാണ്.
ഇന്നത്തെ സാഹചര്യത്തില്‍ പലപ്പോഴും നമ്മുടെ കുട്ടികള്‍ക്കു വീടുകളില്‍പ്പോലും കളികളില്‍ ഏര്‍പ്പെടാന്‍ അവസരമില്ല (നാട്ടിന്‍പുറത്ത് കുറച്ചു വ്യത്യാസമുണ്ട്) ഫലമോ, ശാരീരികക്ഷമത വളര്‍ത്തിയെടുക്കേണ്ട ഘട്ടത്തില്‍ കുട്ടികള്‍ നിസ്സഹായരാവുന്നു. ചെറുപ്പത്തിലേ ശീലിക്കുന്ന മടിയും, ഉദാസീനതയും ജീവിതം മുഴുവന്‍ നീണ്ടുനില്‍ക്കുന്നു.
ഫിസിക്കല്‍ എഡ്യുക്കേഷന്‍ പീരിയഡുകളിലെ കളികളും പ്രവര്‍ത്തനങ്ങളും കായികാധ്യാപകന്റെ സാന്നിധ്യവും പരിശീലനവും കുട്ടികളുടെ മനസ്സിലുണ്ടാക്കുന്ന സന്തോഷവും പ്രസരിപ്പും എത്ര വലുതാണെന്നു മറക്കരുത്. നിരവധിയായ സമ്മര്‍ദങ്ങള്‍ക്ക് അടിപ്പെടാന്‍ സാധ്യതയുള്ള ഇന്നത്തെ കാലത്ത് എല്ലാ അര്‍ത്ഥത്തിലും സുഹൃത്തും വഴികാട്ടിയും ആയിത്തീരാന്‍ ഒരു നല്ല കായികാധ്യാപകനു സാധിക്കും.
നമ്മുടെ രാജ്യത്തെ കായികവിദ്യാഭ്യാസനയം പാടേ മാറേണ്ടിയിരിക്കുന്നു. പല വികസിത രാജ്യങ്ങളിലും വിദ്യാഭ്യാസത്തില്‍ ഒന്നാംസ്ഥാനം കുട്ടികളുടെ ആരോഗ്യ, കായികപഠനത്തിനാണ്. കാരണം, വളര്‍ന്നുവരുന്ന ആരോഗ്യമുള്ള ഒരു തലമുറ രാജ്യത്തിന്റെ മുതല്‍ക്കൂട്ടാണ്. അതു മനസ്സിലാക്കിയവര്‍ സ്‌കൂളുകളില്‍ എല്ലാ ദിവസവും അരമണിക്കൂറെങ്കിലും എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും കായികപ്രവര്‍ത്തനങ്ങളിലും കളികളിലും (കുട്ടികളുടെ പ്രായത്തിനനുസരിച്ച്) ഏര്‍പ്പെടാനുള്ള അവസരങ്ങളും സൗകര്യങ്ങളും ക്രമീകരിക്കും.
നമ്മുടെ ജനങ്ങളുടെ ആരോഗ്യത്തിനുവേണ്ടി താഴ്ന്ന തലംമുതല്‍ പദ്ധതികള്‍ രൂപപ്പെടുത്താതെ മുതല്‍മുടക്കുന്ന സര്‍ക്കാരുകള്‍ വിദ്യാഭ്യാസകാലഘട്ടത്തില്‍ത്തന്നെ കുട്ടികള്‍ക്ക് നല്‍കേണ്ട ആരോഗ്യസംരക്ഷണം ഉറപ്പുനല്‍കാന്‍ ഉത്തരവാദിത്വത്തോടെ ഉണര്‍ന്നുചിന്തിക്കുകയും ആവശ്യമായ മാറ്റങ്ങള്‍ നടപ്പിലാക്കുകയും ചെയ്യണം.
കേട്ടിട്ടില്ലാത്ത രോഗങ്ങളും കാലാവസ്ഥാവ്യതിയാനങ്ങളും വീര്‍പ്പുമുട്ടിക്കുന്ന ഇക്കാലത്ത്, കായികവിദ്യാഭ്യാസം താഴ്ന്ന ക്ലാസ്സുകളില്‍ത്തന്നെ തുടങ്ങേണ്ടത് അനിവാര്യമാണ്. കായികവികസനം കടലാസിലൊതുങ്ങാതെ പ്രാക്ടിക്കലായിത്തന്നെ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തി ആവശ്യമായ അധ്യാപകരെയും നിയമിക്കണം. എല്ലാ മൈതാനങ്ങളും ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ശാരീരിക, മാനസികോല്ലാസത്തിനായി ഉപയോഗപ്പെടുത്തണം. അതൊരു സംസ്‌കാരമായി വളര്‍ത്താന്‍ മാതാപിതാക്കളും അധ്യാപകരും സമൂഹവും അതിലുപരി സര്‍ക്കാരും വേണ്ട പിന്‍ബലം നല്‍കണം.
'വിദ്യാധനം സര്‍വധനാല്‍പ്രധാനം, ഒപ്പം ആരോഗ്യവും' എന്നതായിരിക്കട്ടെ നമ്മുടെ ആപ്തവാക്യം.