''സ്റ്റാര്‍ട്ടപ്പ്'' മലയാളിക്ക് അപരിചിതമായ പദമല്ല. കേരളത്തിന്റെ മാത്രമല്ല, ഇന്ത്യയുടെതന്നെ വികസനത്തെയും സാമ്പത്തികഭാവിയെയുംകുറിച്ചുള്ള ചര്‍ച്ചകളില്‍ അതിപ്രാധാന്യത്തോടെ അവതരിപ്പിക്കപ്പെടുന്നവയാണ് സ്റ്റാര്‍ട്ടപ്പ് പ്രോജക്ടുകളും അനുബന്ധ കമ്പനികളും.
എന്താണു സ്റ്റാര്‍ട്ടപ്പ്?
1970 കളില്‍ സാങ്കേതികവിപ്ലവകാലഘട്ടത്തിന്റെ തുടക്കത്തില്‍ രൂപപ്പെട്ട പദമാണ് ''സ്റ്റാര്‍ട്ടപ്പ്'' എന്നത്. അതുവരെ തുടര്‍ന്നുപോന്നിരുന്ന ബിസിനസ് സങ്കല്പങ്ങളില്‍നിന്നു വ്യത്യസ്തമായി ഭീമമായ മുതല്‍മുടക്കും അനേകം തൊഴിലാളികളും ഇല്ലാതെ ചെറിയ ചെലവില്‍ പരിമിതമായ സാഹചര്യങ്ങള്‍ ഉപയോഗപ്പെടുത്തി ഉയര്‍ന്നുവന്ന ചെറിയതും അതേസമയം വന്‍ വളര്‍ച്ചാശേഷിയുള്ളതുമായ ഒരു കൂട്ടം കമ്പനികളെയാണ് ഈ പേരുകൊണ്ട് അര്‍ത്ഥമാക്കിയത്. എന്നാല്‍, സ്റ്റാര്‍ട്ടപ്പുകള്‍ പ്രശസ്തിയാര്‍ജിച്ചത് 1990-200 കാലഘട്ടത്തിലാണ്. മൈക്രോസോഫ്റ്റ്, ആപ്പിള്‍ മുതലായ ബ്രാന്‍ഡുകളുടെ വളര്‍ച്ചയും ബിസിനസ് മേഖലയിലുണ്ടായ കുതിപ്പുംതന്നെ ഇതിനു കാരണം.
സാധാരണ ചെറിയ കമ്പനികളില്‍നിന്നു പ്രവര്‍ത്തനരീതികൊണ്ടും ലക്ഷ്യങ്ങള്‍കൊണ്ടും വളരെ വ്യത്യസ്തമാണ് സ്റ്റാര്‍ട്ടപ്പുകള്‍. സാധാരണരീതിയില്‍ പ്രവര്‍ത്തിക്കുന്ന ചെറിയ കമ്പനികള്‍ ബിസിനസ് ഉയര്‍ച്ചതാഴ്ചകളില്‍ പിടിച്ചുനില്‍ക്കുകയും സ്ഥിരമായ വരുമാനം നിലനിര്‍ത്തുകയും ചെയ്താല്‍ത്തന്നെ അത് അവയുടെ മികച്ച പ്രവര്‍ത്തനമായി വിലയിരുത്തപ്പെടും. എന്നാല്‍, ചുരുങ്ങിയ കാലംകൊണ്ട് എത്ര ഇരട്ടിയായി വളരാം എന്നതാണ് സ്റ്റാര്‍ട്ടപ്പുകള്‍ ലക്ഷ്യം വയ്ക്കുന്നത്. ചെറിയ തുടക്കം അവയെ മുന്‍നിര കമ്പനികളോടു മത്സരിക്കുന്നതില്‍നിന്നു പിന്തിരിപ്പിക്കുന്നതേയില്ല. എത്ര വേഗത്തില്‍ വന്‍കിട കമ്പനികളോടൊപ്പം പേര് ആര്‍ജിക്കാന്‍ അല്ലെങ്കില്‍ അവയുടെ ശ്രദ്ധ പിടിച്ചുപറ്റാന്‍ സാധിക്കുന്നു എന്നതിലാണ് അവയുടെ വിജയവും മൂല്യവും.
സ്റ്റാര്‍ട്ടപ്പുകള്‍ ആദ്യഘട്ടത്തില്‍ സാമ്പത്തികമായി വിജയിക്കണമെന്നില്ല. തൊഴില്‍ശേഷി, നിലവാരം, ജനകീയത ഇവയൊക്കെ വികസിപ്പിക്കാന്‍ ശ്രമിക്കുന്ന ആദ്യഘട്ടങ്ങളില്‍ 'വരവ്' ഗണ്യമായി കുറഞ്ഞിരിക്കും. എന്നാല്‍, സാഹചര്യങ്ങള്‍ അനുകൂലമായി മാറിക്കഴിഞ്ഞാല്‍ പൂര്‍ണമായും കമ്പനിയുടെ വളര്‍ച്ചാനിരക്ക് കേന്ദ്രീകരിച്ചു മാത്രമാകും പ്രവര്‍ത്തനങ്ങള്‍. സമയം കൂടുതല്‍ എടുക്കുന്നത് ഇവയുടെ വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കാം.
ഇന്റര്‍നെറ്റ് - ഡൊമെയ്ന്‍ വിപ്ലവങ്ങള്‍ സ്റ്റാര്‍ട്ടപ്പുകളുടെ വളര്‍ച്ചയില്‍ വലിയ പങ്കു വഹിച്ചിട്ടുണ്ട്. ഇന്റര്‍നെറ്റ് ജനങ്ങളിലേക്കെത്തിയതും അതുണ്ടാക്കിയ വലിയ മാറ്റങ്ങളും സാങ്കേതികമേഖലയ്ക്കു കാര്യമായ ആത്മവിശ്വാസം നല്‍കി. ഒരു ഡൊമെയ്ന്‍ രജിസ്റ്റര്‍ ചെയ്യാന്‍ മാത്രം അറിയാവുന്നവര്‍ക്കുപോലും തുറക്കപ്പെടുന്ന അവസരങ്ങളുടെ വാതിലുകള്‍, മികച്ചതും വ്യത്യസ്തവുമായ ആശയങ്ങള്‍ മാത്രമാണ് സാങ്കേതികമേഖലയിലെ വികസനത്തിനാധാരം എന്ന പൊതുബോധത്തിലേക്കു പുതിയ ലോകത്തെ നയിച്ചു.
ശിഥിലമാക്കപ്പെട്ട
മുന്‍വിധികള്‍
രണ്ടായിരാമാണ്ടിനു മുമ്പും ശേഷവും ഒന്നു പൊതുവായി വിലയിരുത്തിയാല്‍ത്തന്നെ അറിയാം സ്റ്റാര്‍ട്ടപ്പുകളുടെ പ്രഭാവം. എണ്ണക്കമ്പനികളും വാഹനനിര്‍മാണം, ലോഹം എന്നീ മേഖലകളിലെ ബിസിനസുകാരും ലോകസമ്പന്നരുടെ പട്ടിക അലങ്കരിച്ചിരുന്നതില്‍നിന്ന് ഏറെ വ്യത്യസ്തമല്ലേ ഇന്നത്തെ അവസ്ഥ.
ഇന്നത്തെ മുന്‍നിര കമ്പനിയായ ടെസ്ലയോ, ഫേസ്ബുക്ക്, ലിങ്ക്ഡ് ഇന്‍, ട്വിറ്റര്‍, യൂബര്‍ എന്നിവയോ ഒന്നും ഒരു ഇരുപതു വര്‍ഷംമുമ്പ് ഉണ്ടായിരുന്നില്ല. എന്തിന്, ഒരു ഇരുപത്തിമൂന്നു വര്‍ഷം പിന്നിലേക്കു നോക്കിയാല്‍ ഗൂഗിള്‍പോലും ഉണ്ടായിട്ടില്ല. ഈ കമ്പനികള്‍ സ്റ്റാര്‍ട്ടപ്പ് മേഖലയ്ക്കു ചെയ്ത സംഭാവന ചെറിയ കമ്പനികള്‍ക്കു നല്‍കിയ ആത്മവിശ്വാസം മാത്രമല്ല, വ്യത്യസ്തമായ ആശയം ഉണ്ടെങ്കില്‍ അതിര്‍വരമ്പുകളില്ലാതെ വളരാമെന്ന ചിന്തകൂടിയാണ്. കാരണം, യൂബര്‍പോലെ, ഒരു ടാക്‌സിപോലും സ്വന്തമായി വാങ്ങാതെ ലോകത്തിലെ ഏറ്റവും വലിയ ടാക്‌സി കമ്പനി നടത്താമെന്നും അശൃ യിയ പോലെ, ഒരു ഹോട്ടല്‍പോലും സ്വന്തമായില്ലാതെ ലോകത്തെ ഏറ്റവും വലിയ ഹോട്ടല്‍ ശൃംഖല സൃഷ്ടിക്കാമെന്നും ലോകം പഠിച്ചു.
സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണത്തില്‍ നിലവില്‍ ലോകരാജ്യങ്ങളില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. അമേരിക്കയ്ക്കും ബ്രിട്ടനും താഴെയാണെങ്കിലും ഉയര്‍ന്ന വളര്‍ച്ചാനിരക്കാണ് ഇന്ത്യ കാഴ്ച വയ്ക്കുന്നത്. 2008 ലെ സാമ്പത്തികമാന്ദ്യം ഇന്ത്യയിലെ പല സാങ്കേതികവിദഗ്ധരെയും സംരംഭകത്വത്തിലേക്കെത്തിച്ചു. വിദേശകമ്പനികള്‍ തൊഴിലാളികളെ പിരിച്ചുവിടാനാരംഭിച്ചത് സോഫ്റ്റ്‌വെയര്‍ ജോലിക്കാരില്‍ തൊഴില്‍ എപ്പോള്‍ വേണമെങ്കിലും നഷ്ടപ്പെടാമെന്ന ഭീതി പരത്തി. മറ്റു രാജ്യങ്ങളിലെ കമ്പനികള്‍ക്കു കീഴില്‍ അസ്ഥിരമായ ജോലി ചെയ്തവര്‍ പുതിയ വഴികള്‍ തേടിയപ്പോള്‍ സ്വന്തം നാട്ടില്‍ സംരംഭങ്ങളുയരാന്‍ തുടങ്ങി. സൊമാറ്റോ, പോളിസി ബസാര്‍, സിറോസ്റ്റോക് എന്നിവ രൂപപ്പെട്ടത് 2008 ലാണ്.
അഞ്ചു വര്‍ഷംമുമ്പ് ഇന്ത്യയില്‍ 500 ല്‍ താഴെ സ്റ്റാര്‍ട്ടപ്പുകള്‍ ഉണ്ടായിരുന്നെങ്കില്‍ ഇപ്പോള്‍ അറുപതിനായിരത്തിനും മുകളിലായിരിക്കുന്നു. അതില്‍ രണ്ടായിരത്തിഇരുന്നൂറോളം കമ്പനികള്‍ കേരളത്തില്‍നിന്നുമാണ്.
കേരളത്തിലും സ്റ്റാര്‍ട്ടപ്പ് തരംഗം
പൊതു-സ്വകാര്യമേഖലകളുടെ പങ്കാളിത്തത്തോടുകൂടി സ്റ്റാര്‍ട്ടപ്പ് കമ്പനികള്‍ക്കാവശ്യമായ സേവനങ്ങളും സൗകര്യങ്ങളും ഒരുക്കുക എന്ന ലക്ഷ്യത്തോടുകൂടി ഇന്ത്യയിലെതന്നെ ആദ്യ സ്റ്റാര്‍ട്ടപ്പ് ഇന്‍കുബേറ്ററായി മാറിയത് കേരളത്തിന്റെ സ്വന്തം സ്റ്റാര്‍ട്ടപ്പ് വില്ലേജാണ്. 2012 ഏപ്രിലില്‍ കൊച്ചിയിലാണ് സ്റ്റാര്‍ട്ടപ്പ് വില്ലേജിന്റെ പിറവി. അടുത്ത പത്തു വര്‍ഷത്തില്‍ ആയിരം ടെക്‌നോളജി സ്റ്റാര്‍ട്ടപ്പുകള്‍ സ്ഥാപിക്കുക എന്നതും അവയില്‍നിന്നു കോടി ഡോളര്‍ മൂല്യമുള്ള ഇന്ത്യന്‍ കമ്പനികളെ കണ്ടെത്തുക എന്നതുമാണ് സ്റ്റാര്‍ട്ടപ്പ് വില്ലേജിന്റെ ആരംഭോദ്ദേശ്യങ്ങളില്‍ പ്രധാനം. വാര്‍ത്താവിനിമയമേഖലയിലും വിദ്യാര്‍ത്ഥികളുടെ സ്റ്റാര്‍ട്ടപ്പുകളിലുമാണ് തുടക്കത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. എന്നാല്‍, 2013 ഒക്‌ടോബറോടുകൂടി വെര്‍ച്വല്‍ ഇന്‍കുബേഷനായും അല്ലാതെയും നാനൂറ്റമ്പതോളം സ്റ്റാര്‍ട്ടപ്പുകള്‍ക്കു താങ്ങാകാന്‍ സ്റ്റാര്‍ട്ടപ്പ് വില്ലേജിനു സാധിച്ചു. 2016 ല്‍ കളമശേരിയിലെ ഹൈ-ടെക് പാര്‍ക്ക് കേരള സ്റ്റാര്‍ട്ടപ്പ് മിഷനു കീഴിലെത്തിച്ചു.
വര്‍ഷംതോറും കോളജു വിദ്യാര്‍ത്ഥികളില്‍നിന്ന് അമ്പതോളം ടീമുകളെ തിരഞ്ഞെടുത്ത് ഒരു കമ്പനി തുടങ്ങാനായവശ്യമായ പ്രാരംഭസേവനങ്ങള്‍ നല്‍കുന്ന 'സ്റ്റാര്‍ട്ടപ്പ് ബോക്‌സ് പ്രോഗ്രാം' വിദ്യാര്‍ത്ഥിസംരംഭകര്‍ക്കുവേണ്ടി സ്ഥാപിക്കപ്പെട്ടതാണ്.
ഇന്നു കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത കമ്പനികളിലേക്കും വന്‍തോതില്‍ നിക്ഷേപം ആരംഭിച്ചിരിക്കുന്നു. ഇത്തരത്തില്‍ 2021 ല്‍ മാത്രം ലഭിച്ചിരിക്കുന്നത് 1890 കോടി രൂപയുടെ ഫണ്ടിങ്ങാണ്. ഇതു ചെറിയ തുകയല്ല. 2021 നു തൊട്ടുമുമ്പുള്ള പത്തുവര്‍ഷംകൊണ്ട് ആകെ ലഭിച്ചതിനെക്കാള്‍ കൂടുതല്‍ തുക വരുമിത്. കേവലം ഒരു വര്‍ഷംകൊണ്ട് ഉണ്ടായ ഈ നേട്ടം സൂചിപ്പിക്കുന്നത് ഇനി വരുന്നത് സ്റ്റാര്‍ട്ടപ്പ് കമ്പനികളുടെ നല്ല കാലമാണ്; കേരളം അതിനു സജ്ജമാണെന്നും.
ഒരു കമ്പനിയുടെ വളര്‍ച്ചയ്ക്കും മറ്റാവശ്യങ്ങള്‍ക്കുമായി നിക്ഷേപകര്‍ നല്‍കുന്ന കാപ്പിറ്റല്‍ അഥവാ മൂലധനമാണ് ഫണ്ടിങ് എന്ന പേരില്‍ അറിയപ്പെടുന്നത്. വിവിധതരം ഫണ്ടിങ് ഇത്തരത്തില്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്കു സഹായകമാകുന്നു.
ഒരു കമ്പനിയുടെ പ്രാരംഭഘട്ടത്തില്‍ത്തന്നെ നടക്കുന്ന ഫണ്ടിങ് രീതികളാണ് പ്രീ-സീഡ് ഫണ്ടിങ്, സീഡ് ഫണ്ടിങ് എന്നിവ. അതായത്, വികസനസാധ്യതയുള്ള ഒരു ബിസിനസ് ആശയത്തോടൊപ്പം ഗൗരവതരമായി പ്രായോഗികബുദ്ധിയോടെ അതിനെ സമീപിക്കുന്ന ഒരു സ്ഥാപകനും ഉണ്ടെങ്കില്‍ത്തന്നെ നിക്ഷേപം നടത്താന്‍ വന്‍കമ്പനികള്‍ ഉള്‍പ്പെടെ മുന്നോട്ടു വരുന്നു. ഇങ്ങനെ, വിദേശനിക്ഷേപം വരെ ലഭിക്കാന്‍ ഒരു ബിസിനസ് തുടങ്ങി, നടത്തി വിജയിപ്പിച്ചു കാണിക്കേണ്ടതില്ല. പകരം, വിജയിക്കാനുള്ള സാധ്യതകള്‍ തെളിയിച്ചാല്‍ മാത്രം മതി എന്ന അവസ്ഥ കേരളത്തിലെ കഴിവുള്ള അനേകം സംരംഭകരുടെ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കി. വിദേശനിക്ഷേപം മാത്രമല്ല, കേന്ദ്ര-സംസ്ഥാനസര്‍ക്കാരുകളുടെ ഗ്രാന്റുകളും ഉപയോഗപ്പെടുത്താനാകും. സംരംഭകരിലും നിക്ഷേപകരിലും മാത്രമായി ഒതുങ്ങുന്നതല്ല സ്റ്റാര്‍ട്ടപ്പ് കമ്പനികളിലെ നേട്ടങ്ങള്‍.
സ്റ്റാര്‍ട്ടപ്പ് യുഗത്തിന്റെ ആരംഭം കേരളത്തിനു നല്‍കിയത് പുതിയ വന്‍വളര്‍ച്ചാശേഷിയുള്ള കമ്പനികളെ മാത്രമല്ല, തൊഴില്‍മേഖലയിലെ മാറിയ സങ്കല്പങ്ങള്‍കൂടിയാണ്. കൊവിഡ് സൃഷ്ടിച്ച പ്രതിസന്ധിയില്‍ പല വന്‍ കമ്പനികളും ജോലിക്കുറവിന്റെ കാരണത്തില്‍ ജീവനക്കാരെ പിരിച്ചുവിട്ടപ്പോള്‍ കേരളത്തിലെ ഐ.ടി. പ്രഫഷണലുകള്‍ക്കും തിരിച്ചെത്തിയ പ്രവാസികള്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ അവസരം നല്‍കി. വര്‍ക് ഫ്രം ഹോം സുപരിചിതമായത് വലിയ 'ബിസിനസ് സ്‌പേസ്' ഇല്ലാതെ പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പുകളെയും തൊഴില്‍ നല്‍കാന്‍ പ്രാപ്തമാക്കി. 2021 ല്‍ ഭൂരിഭാഗം സ്റ്റാര്‍ട്ടപ്പുകളും അവരുടെ നിക്ഷേപം വിനിയോഗിച്ചത് ജീവനക്കാരെ നിയമിക്കാനാണ്.
പുതിയ കണക്കുകള്‍ പ്രകാരം കേരളത്തില്‍ 35,000 തൊഴിലവസരങ്ങളാണ് സ്റ്റാര്‍ട്ടപ്പുകള്‍ സൃഷ്ടിക്കാനൊരുങ്ങുന്നത്. എന്‍ജിനീയറിങ് മേഖലയിലെ മാന്ദ്യത്തിന് ഇതു പരിഹാരമായേക്കും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ കണ്ടെത്തലും വളര്‍ച്ചയും കോസിങ്, റൊബോട്ടിക്‌സ്, മെഷീന്‍ ലേണിങ്, ബിഗ് ഡേറ്റ മേഖലകളില്‍ അവസരങ്ങള്‍ തുറക്കുന്നു. എന്‍ജിനീയറിങ് ബിരുദധാരികള്‍ക്ക് ഗുണപ്രദമായ മാറ്റങ്ങളാണിവ. എന്നാല്‍, കമ്പനികളുടെ എണ്ണം വര്‍ദ്ധിക്കുന്നതും നൂതനമേഖലകള്‍ വളരുന്നതും വിദേശഭാഷകള്‍ പഠിച്ചവര്‍ക്കുമുതല്‍ സാമ്പത്തിക നിയമ മെഡിക്കല്‍ മേഖലയിലെ പ്രഫഷണലുകള്‍ക്കും അവസരങ്ങള്‍ വര്‍ധിപ്പിക്കുന്നു. ഏതു വിഷയം പഠിക്കുന്നവരും അല്പം സാങ്കേതികജ്ഞാനവും നേടേണ്ടത് അനിവാര്യമാണ്. കൂടാതെ, ആഗോള തൊഴില്‍ പരിസ്ഥിതിയെക്കുറിച്ചുള്ള അവബോധവും ഉണ്ടായിരിക്കണം.