ഭാരതത്തില്‍ ജനിച്ച് ലോകത്തിനാകെ മാതൃകയായി നാല്പതു വയസ്സുപോലും തികയ്ക്കാതെ, സ്വാമി വിവേകാനന്ദന്‍ എന്ന മനുഷ്യസ്നേഹി നമ്മെ കടന്നുപോയി. ആത്മികാനുഭവത്തിന്റെ പ്രയോക്താവായി, ലോകത്തിനു മുന്നില്‍ ഇന്ത്യയുടെ ദാര്‍ശനികഗരിമ വിളിച്ചോതിയ സ്വാമി വിവേകാനന്ദന്റെ ജന്മദിനമാണ് ജനുവരി 12 ന് ദേശീയ യുവജനദിനമായി ആചരിക്കുന്നത്. ലോകത്ത് എല്ലാ മനുഷ്യരെയും തുല്യതയോടെ കാണുന്ന വിശ്വമാനവികതയാണ് സ്വാമി വിവേകാനന്ദന്‍ ഉയര്‍ത്തിപ്പിടിച്ചത്. ആശയസമ്പുഷ്ടമായ പ്രസംഗങ്ങള്‍കൊണ്ടും ഭയരഹിതമായ പ്രബോധനങ്ങള്‍കൊണ്ടും ഇന്ത്യയിലെമ്പാടും വിദേശങ്ങളിലും അനുയായികളെ സൃഷ്ടിച്ചെടുക്കാന്‍ സ്വാമിജിക്കു സാധിച്ചു.
ചിക്കാഗോ പ്രസംഗം 1893
സ്വാമി വിവേകാനന്ദന്‍ ലോകത്തിന്റെ ഹൃദയം കവര്‍ന്നത് കേവലം ഒരു സംബോധനകൊണ്ടാണ്. 'അമേരിക്കയിലെ സഹോദരീസഹോദരന്‍മാരേ' എന്ന വിവേകാനന്ദന്റെ വിളിയിലൂടെ ഭാരതത്തിന്റെ മാഹാത്മ്യം ലോകം തിരിച്ചറിയുകയായിരുന്നു. കൊളോണിയലിസം മുന്നോട്ടുവച്ച സാംസ്‌കാരികസമ്പന്നതാ ബോധത്തെ ചിക്കാഗോപ്രസംഗത്തിലൂടെ സ്വാമി വിവേകാനന്ദന്‍ ഇളക്കിപ്രതിഷ്ഠിച്ചു.
ഭൗതികതയുടെ വേലിയേറ്റത്തില്‍ മുഴുകിക്കഴിഞ്ഞിരുന്ന പാശ്ചാത്യരെ ആത്മീയതയുടെ പുതിയ ചിന്താധാര പറഞ്ഞു പഠിപ്പിച്ചു വിവേകാനന്ദന്‍. ഇന്ത്യന്‍ ജനത സാംസ്‌കാരികമായി പിന്നാക്കം നില്‍ക്കുന്നവരാണെന്ന പാശ്ചാത്യലോകത്തിന്റെ ധാരണകളെ ചിക്കാഗോപ്രസംഗം തിരുത്തി. ലോകജനതയെ സംസ്‌കാരസമ്പന്നരാക്കേണ്ടത് തങ്ങളാണെന്ന യൂറോപ്യന്‍ സൈദ്ധാന്തിക നിലപാടുകള്‍ ചോദ്യം ചെയ്യപ്പെട്ടു.
''നാം എത്രത്തോളം മറ്റുള്ളവരെ സഹായിക്കുന്നുവോ നമ്മുടെ ഹൃദയം അത്രത്തോളം നിര്‍മലമാകുന്നു. അത്തരം വ്യക്തികള്‍ ദൈവത്തെപ്പോലെയാകുന്നു.'' സനാതനധര്‍മത്തിന്റെ വക്താവായ സ്വാമിജിയുടെ വാക്കുകള്‍ ആഗോളതലത്തില്‍ തന്റെ സര്‍ഗാത്മകചിന്തകളോടെ ഇന്നും ഉയര്‍ന്നുനില്‍ക്കുന്നു. ആധുനികഭാരതത്തിന്റെ മോചനത്തിനും ദേശീയതയുടെ ഉയിര്‍ത്തെഴുന്നേല്പിനും കാരണമായത് സ്വാമി വിവേകാനന്ദന്റെ ഉജ്ജ്വലമായ നേതൃത്വമാണ്.
ഭാരതത്തിന്റെ ഭാവി യുവജനങ്ങളില്‍ മാത്രം
യുവാക്കളെ മാറ്റത്തിന്റെ വാഹകരായി കണ്ടുകൊണ്ടാണ് സ്വാമിജി എക്കാലവും സംസാരിച്ചത്. തനിക്കുശേഷം കടന്നു വരാനിരിക്കുന്ന അനേകം തലമുറകള്‍ക്ക് ഊര്‍ജം പകര്‍ന്നുനല്‍കിയിട്ടാണ് അദ്ദേഹം ഈ ലോകത്തുനിന്നു മടങ്ങിയത്. 'ധീരമായി മരിക്കുന്നത് ഭയന്നുജീവിക്കുന്നതിനെക്കാള്‍ ശ്രേഷ്ഠമാണെന്നും, സത്യത്തിനുവേണ്ടി എന്തും ബലി കഴിക്കാം, എന്നാല്‍, എന്തിനെങ്കിലുംവേണ്ടി സത്യം ബലികഴിക്കപ്പെടാന്‍ പാടില്ല' എന്നുമുള്ള വാക്കുകള്‍കൊണ്ട് യുവഹൃദയങ്ങളെ അദ്ദേഹം ജ്വലിപ്പിച്ചു. ഇന്ത്യയുടെ ജീവരക്തം ആധ്യാത്മികതയാണെന്നാണ് സ്വാമി പഠിപ്പിച്ചത്. ആഗോളതലത്തില്‍ ഇന്ത്യന്‍ സംസ്‌കാരത്തെ ഉയര്‍ത്തിപ്പിടിച്ച യുവസന്ന്യാസി സ്വാമി വിവേകാനന്ദന്‍ എന്നും യുവത്വത്തിന്റെ പ്രതീകമാണ്.
''ചില ധാര്‍മികപ്രമാണങ്ങളും നമ്മുടെ യുവാക്കളോടുള്ള ഉദ്‌ബോധനങ്ങളും''' എന്ന പ്രബന്ധത്തില്‍ അദ്ദേഹം ഓര്‍മിപ്പിക്കുന്നു: ''ജീവിതം വികാസമാണ്. സങ്കോചം മരണവും. ജീവിതം പ്രേമമാണ്, വിദ്വേഷം മരണവും.'' വിവേകാനന്ദദര്‍ശനത്തെ പ്രായോഗികമാക്കുന്ന ആത്മീയപ്രവര്‍ത്തനങ്ങളുടെ ഫലമായുണ്ടായ സാമൂഹികപരിവര്‍ത്തനങ്ങള്‍ സമകാലീന ഭാരതം, വിശിഷ്യ, കേരളം ഇനിയും തിരിച്ചറിയേണ്ടിയിരിക്കുന്നു. മനുഷ്യസമത്വത്തിനും ജീവിതാഭിവൃദ്ധിക്കും സാമൂഹികനീതിക്കുംവേണ്ടി പ്രവര്‍ത്തിക്കുകയും പോരാടുകയും ചെയ്യുന്നവര്‍ക്ക് വിവേകാനന്ദന്റെ ചിന്തയും കര്‍മപഥവും പ്രചോദനമാണ്. 'ശക്തരും നിര്‍ഭയരുമാവുക' എന്നതായിരുന്നു സ്വാമി വിവേകാനന്ദന്‍ യുവജനങ്ങള്‍ക്കു നല്കിയ സന്ദേശം.
സ്വാമിജിയുടെ പരിവ്രാജകസഞ്ചാരത്തെ അതിസൂക്ഷ്മം നിരീക്ഷിച്ചാല്‍ സഹസ്രാബ്ദങ്ങളിലൂടെ സ്ഫുടം ചെയ്യപ്പെട്ട നിരുപമമായ സംസ്‌കൃതിയുടെ നിശ്ശബ്ദമായ മുഴക്കമാണ് കേള്‍ക്കാനാകുക. സ്വാമി വിവേകാനന്ദനെ കാണാന്‍ ചെന്ന ഒരു യുവാവ് പറഞ്ഞു: ''സ്വാമീ, മുറിയടച്ചിട്ടു പ്രാര്‍ത്ഥിച്ചിട്ടും എനിക്കു മനസ്സമാധാനം കിട്ടുന്നില്ല.'' അദ്ദേഹം പറഞ്ഞു: ''കുട്ടീ, നീ ആദ്യം ചെയ്യേണ്ടത് മുറിയുടെ വാതിലുകള്‍ തുറന്ന് പുറത്തേക്കു നോക്കുകയാണ്. അവിടെ നിരാലംബരായ പാവങ്ങളെ കാണാം. കഴിയുന്നത്ര സഹായിക്കുക. വിശപ്പുള്ളവന് ആഹാരം നല്‍കുക, അജ്ഞന് അറിവു നല്‍കുക. മനശ്ശാന്തി വേണമെങ്കില്‍ നിഷ്‌കാമസേവനത്തില്‍ മുഴുകുക.''
ജീവിതത്തിലെ സംഘര്‍ഷഭരിതമായ സമസ്യകള്‍ മനുഷ്യനെ നിരന്തരം വേട്ടയാടുമ്പോഴും അവനെ മുന്നോട്ടു നയിക്കുന്നത് അനന്തമായ പ്രതീക്ഷകളാണെന്നു സ്വാമിജി എഴുതിയിട്ടുണ്ട്. വിപ്ലവകാരികള്‍ക്കും മിതവാദികള്‍ക്കും സാധാരണജനങ്ങള്‍ക്കുമെന്നു വേണ്ട, ഭാരതീയ ജീവിതത്തിന്റെ സര്‍വമേഖലകളിലുള്ളവര്‍ക്കും അദ്ദേഹം സ്വതന്ത്രചിന്തയുടെ പൊന്‍വെളിച്ചം നല്‍കി. ഗാന്ധിജി പഠിച്ചത് വിവേകാനന്ദനില്‍നിന്നായിരുന്നു. ലാലാ ലജ്പത് റായിയും അരവിന്ദഘോഷും ബാലഗംഗാധര തിലകനും സര്‍വേപ്പള്ളി രാധാകൃഷ്ണനുമൊക്കെ വിവേകാനന്ദ പ്രബോധനങ്ങള്‍ ഹൃദയത്തിലേറ്റിയവരാണ്. സ്വാതന്ത്ര്യപ്രസ്ഥാനത്തിന്റെ തുടക്കം വിവേകാനന്ദനില്‍നിന്നായിരുന്നുവെന്ന് സുഭാഷ് ചന്ദ്രബോസും പറഞ്ഞിട്ടുണ്ട്.
സാമൂഹികപരിഷ്‌കര്‍ത്താവ്
ഒരുവശത്ത് അദ്ദേഹം ഹിന്ദുമതത്തിന് മാനുഷികതയുടെയും ശാസ്ത്രീയതയുടെയും ആധുനികതയുടെയും പുതിയ മുഖം കൊടുത്തു. മറുവശത്ത്, ആധുനികയുഗത്തിന്റെ മുഖമുദ്രകളായ ഭൗതികവാദം, ശാസ്ത്രീയ ഗവേഷണബുദ്ധി, യുക്തിചിന്ത ഇവയ്‌ക്കെതിരല്ല മതമെന്നു ലോകത്തിനു കാണിച്ചുകൊടുത്തു. ഒരു ഹിന്ദുസന്ന്യാസിയുടെ പ്രവര്‍ത്തനങ്ങള്‍ക്കപ്പുറം ഒരു സാമൂഹികപരിഷ്‌കര്‍ത്താവ് എന്ന നിലയിലുള്ള തന്റെ വ്യക്തിപ്രഭാവം പാശ്ചാത്യലോകത്തിനു മുമ്പില്‍ വിവേകാനന്ദനു തുറന്നു കാണിക്കാന്‍ സാധിച്ചത് അദ്ദേഹം ആത്മാഭിമാനിയായ ഒരു ഭാരതീയന്‍ ആയിരുന്നതുകൊണ്ടു മാത്രമാണ്.
സാമ്പത്തിക സാമൂഹികനീതിക്കും സമത്വത്തിനും തുല്യ അവസരങ്ങള്‍ക്കും നിര്‍ണായകപ്രാധാന്യം കല്പിച്ച ഉല്‍പതിഷ്ണുവായിരുന്നു സ്വാമിജി. ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അസമത്വം നിയന്ത്രിച്ചാല്‍ മാത്രമേ സാധാരണക്കാരായ ബഹുഭൂരിഭാഗം ജനങ്ങളിലും ശുഭപ്രതീക്ഷ പകരാനാകുവെന്നായിരുന്നു സ്വാമി വിവേകാനന്ദന്റെ നിഗമനം.
മൃഗീയതയില്‍നിന്ന് മനുഷ്യത്വത്തിലേക്കും മനുഷ്യത്വത്തില്‍നിന്ന് ദൈവികതയിലേക്കുമുള്ള ഉയര്‍ച്ചയാണ് മതത്തിന്റെ ആദര്‍ശം എന്നു പറഞ്ഞുവച്ച സ്വാമി സത്യം, പരിശുദ്ധി, നിസ്വാര്‍ത്ഥത - ഈ മൂന്നുമുള്ളയാളെ തകര്‍ക്കാന്‍ സൂര്യനു കീഴെയോ ഉപരിയോ യാതൊരു ശക്തിയുമുണ്ടായിരിക്കുകയില്ല എന്നും നിരീക്ഷിച്ചു. 'ഉത്തിഷ്ഠത, ജാഗ്രത, പ്രാപ്യവരാന്‍ നിബോധത' എന്ന അദ്ദേഹത്തിന്റെ ആഹ്വാനം തന്നെ സമൂഹത്തെയാകെ ജാഗ്രതപ്പെടുത്തുന്ന വിധത്തിലായി. ഉയിര്‍ത്തെഴുന്നേല്‍ക്കാനും ലക്ഷ്യം സാധിക്കുന്നതില്‍ ജാഗ്രത പാലിക്കാനുമാണ് അദ്ദേഹം ആഹ്വാനം ചെയ്തത്. ഭാരതത്തിന്റെ ദാര്‍ശനികപാരമ്പര്യം സാര്‍വദേശീയതലത്തില്‍ പ്രചരിപ്പിക്കുന്നതില്‍ അഗ്രിമസ്ഥാനത്തായിരുന്നു സ്വാമി വിവേകാനന്ദന്‍.
1892 ല്‍ നടത്തിയ കേരളപര്യടനം അദ്ദേഹത്തിന്റെ ഹൃദയത്തിലേല്പിച്ച മുറിവുകളാണ് കേരളം ഒരു ഭ്രാന്താലയമാണെന്ന അദ്ദേഹത്തിന്റെ വെളിപാടിന്റെ, വിളിച്ചുപറയലിന്റെ ഉറവിടം.
അന്ധവിശ്വാസങ്ങള്‍, തൊട്ടുകൂടായ്മ, തീണ്ടിക്കൂടായ്മ തുടങ്ങി വഴിനടക്കാന്‍ പറ്റാത്തവിധം മനുഷ്യരെ വിഭജിച്ചുനിര്‍ത്തിയ അയിത്താചാരങ്ങളില്‍ കേരളം അകപ്പെട്ടു കിടന്ന അവസ്ഥയെ വിശദീകരിക്കാന്‍ പറ്റിയ ഉത്തമഭാവാര്‍ത്ഥം തന്നെയായിരുന്നു ഭ്രാന്താലയം എന്ന വാക്ക്.
ആത്മീയതയുടെ നിത്യമുദ്ര ചാര്‍ത്തിയ ജീവിതം
ഓരോ മനുഷ്യനിലെയും ദിവ്യത്വത്തെ ഉദ്ദീപിപ്പിക്കലാണ് യഥാര്‍ഥ ആത്മീയതയെന്നു വിളംബരം ചെയ്ത സ്വാമിജിയുടെ ദര്‍ശനങ്ങള്‍ ഇന്നും ഭാരതീയരെ വഴിനടത്തുന്നു. സങ്കുചിതത്വത്തെയും സ്വാര്‍ത്ഥതയെയും തിടമ്പേറ്റുന്ന നമ്മുടെ വര്‍ത്തമാനകാല വിലക്ഷണതകളുടെ ഇരുട്ടിനെ വിവേകാനന്ദചിന്തകള്‍ അവയുടെ ധിഷണാപരമായ ഔന്നത്യംകൊണ്ടും വൈകാരികമായ സാന്ദ്രതകൊണ്ടും നിറഞ്ഞ ആത്മീയതകൊണ്ടും പ്രതിരോധിക്കുന്നു.
വിവേകാനന്ദ സ്വാമിജിയുടെ ക്രിസ്തുദര്‍ശനം
സമന്വയത്തിന്റെ പ്രവാചകനായിരുന്നു വിവേകാനന്ദന്‍. മതേതരത്വമോ മതനിരപേക്ഷതയോ അല്ല, മതസമന്വയം ആയിരുന്നു വിവേകാനന്ദദര്‍ശനം. മതങ്ങളുടെ സമന്വയം മാത്രമല്ല വിവേകാനന്ദന്‍ പഠിപ്പിച്ചത്. ഭൗതികതയും ആധ്യാത്മികതയും സമന്വയിക്കണമെന്ന് സ്വാമി കരുതി.
'പൗരസ്ത്യരില്‍ വലിയ പൗരസ്ത്യന്‍' എന്നാണ് സ്വാമിജി ക്രിസ്തുവിനെക്കുറിച്ചു പറഞ്ഞത്. 'ക്രിസ്തു: ദൂതന്‍' എന്ന വിഷയത്തില്‍ 1900 ജനുവരി 7 ന് കാലിഫോര്‍ണിയയിലെ ലോസ് ഏഞ്ചല്‍സില്‍ നടത്തിയ പ്രഭാഷണത്തിലാണ് ഈ പരാമര്‍ശം. 'പൗരസ്ത്യസംസ്‌കാരത്തിന്റെ യഥാര്‍ത്ഥ പുത്രന്‍' എന്നാണ് അദ്ദേഹം നസ്രത്തിലെ യേശുവിനെ വിശേഷിപ്പിക്കുന്നത്.
സ്വാമി വിവേകാനന്ദന്‍ ഷിക്കാഗോയില്‍ ആയിരുന്ന കാലം. കൊടുംമഴയുള്ള ഒരു സന്ധ്യാസമയം ഏതാനും സ്ത്രീകള്‍ ഡിട്രോയിറ്റില്‍നിന്നു നൂറു മൈലുകളോളം യാത്ര ചെയ്ത് അദ്ദേഹത്തെ കാണാന്‍ വന്നു. 'ഞങ്ങള്‍ക്ക് അങ്ങയുടെ അനുഗ്രഹവും ഉപദേശവും തന്നാലും' എന്നിവര്‍ പറഞ്ഞപ്പോള്‍ സ്വാമി അവര്‍ക്കു കൊടുത്ത മറുപടി ഇതായിരുന്നു: ''ക്രിസ്തു സത്യത്തെ പ്രകാശത്തിലേക്കു നയിച്ചു. സ്വര്‍ഗരാജ്യം നിങ്ങളുടെ ഉള്ളിലെന്നു പറഞ്ഞു. ക്രിസ്തു കിഴക്കിന്റെ പുത്രനെന്ന നിലയില്‍ പ്രായോഗികജീവിതത്തിലും സത്യത്തെ തുറന്നു കാണിച്ചു. അവിടുന്ന് തന്നെ പ്രകാശിതനായ സത്യമായിരുന്നു.''
ക്രിസ്തുവിന്റെ ആശയങ്ങളുടെ ആരാധകനായിരുന്ന സ്വാമി വിവേകാനന്ദന്‍ 1890കളിലാണ് സര്‍വമതസമന്വയത്തില്‍ വിശ്വസിക്കുന്ന ശ്രീരാമകൃഷ്ണ പരമഹംസരുടെ ആശ്രമങ്ങളില്‍ ക്രിസ്മസ് ആഘോഷം വേണമെന്നു നിര്‍ദേശിച്ചത്. അദ്വൈതവേദാന്തത്തെ ലോകത്തിന്റെ അതിരുകളോളം പ്രചരിപ്പിച്ച സ്വാമി വിവേകാനന്ദന്‍ അദ്വൈതപശ്ചാത്തലത്തില്‍ തന്നെയാണ് ക്രിസ്തുദര്‍ശനവും ഉള്‍ക്കൊണ്ടത്. അദ്വൈതത്തിലേക്കുള്ള വളര്‍ച്ചയുടെ പടികളിലൊന്നായി ക്രിസ്തുമതത്തെ അദ്ദേഹം കരുതി.
മതത്തെ ശാസ്ത്രത്തോടും ഭൗതികതയെ ആത്മീയതയോടും ഭക്തിയെ യുക്തിയോടും സ്വാമിജി സമന്വയിപ്പിച്ചു. ഭാരതീയസംസ്‌കാരത്തിന്റെ ചിരന്തന ചിന്താസാരമാണ് സ്വാമിജി വിശ്വത്തിനു മുമ്പാകെ സമര്‍പ്പിച്ചത്. എന്തിനെയും നേരിടാന്‍ സജ്ജമായിരുന്നു പരിപക്വമായ സ്വാമിജിയുടെ മനസ്സ്. അതേ ആത്മധൈര്യമാണ് ഭാരതത്തിലെ യുവജനങ്ങള്‍ക്ക് സ്വാമിജി പകര്‍ന്നു നല്കിയത്. അവസാനശ്വാസംവരെയും ഭാരതത്തിന്റെ സര്‍വതോമുഖമായ ഉന്നമനം മാത്രമായിരുന്നു ആ ധീരദേശാഭിമാനിയുടെ മനസ്സില്‍. അതിന്റെ സാക്ഷാത്കാരത്തിനുവേണ്ടിയായിരുന്നു സ്വാമി വിവേകാനന്ദന്റെ ത്യാഗോജ്ജ്വലമായ ജീവിതം.