മലയാളികള്‍ക്ക് കൂട്ടായ്മകളെപ്പറ്റി നന്നായറിയാം. ഞായറാഴ്ചകളില്‍ കുടുംബക്കൂട്ടായ്മകളുണ്ട്. ഇടവകതലത്തില്‍ സ്‌നേഹക്കൂട്ടായ്മകളുണ്ട്.
ഈയടുത്തകാലത്ത് ഫേസ്ബുക്കില്‍ ഒരു വക്കീല്‍ ഭക്ഷണക്കൂട്ടായ്മയെപ്പറ്റി എഴുതിക്കണ്ടു. അദ്ദേഹം താമസിക്കുന്നത് തൃശൂരാണ്. അവരുടെ വീടിനു സമീപമുള്ള ആറു വീട്ടുകാര്‍ ഒരു കൂട്ടായ്മ ഉണ്ടാക്കി: ഒരു വീട്ടില്‍ ഭക്ഷണമുണ്ടാക്കുക; മറ്റ് അഞ്ചു വീടുകളിലും എത്തിച്ചുനല്‍കുക. മാസാവസാനം ചെലവായ തുക - അതായത്, അരി, പച്ചക്കറി, മീന്‍, ഇറച്ചി തുടങ്ങി വീട്ടുസാധനങ്ങളുടെ തുകയും ഗ്യാസ്, വെള്ളം, കറന്റ് എന്നിവയ്ക്കു ചെലവായ തുകയും ഒന്നോ രണ്ടോ ജോലിക്കാര്‍ക്കുള്ള ശമ്പളവും എല്ലാംകൂടിയ തുക കണക്കു കൂട്ടി തുല്യമായി വിഭജിക്കുക.
വായിച്ചപ്പോള്‍ നല്ല കാര്യമാണെന്ന് എനിക്കും തോന്നി. നമ്മുടെ മുന്‍ധനമന്ത്രി ഈ കൂട്ടായ്മയെ പിന്തുണയ്ക്കുകയുമുണ്ടായി. പല നേട്ടങ്ങളും ചെറിയ ദോഷങ്ങളും ഇതിലുണ്ട്.
നേട്ടങ്ങളെപ്പറ്റി ചിന്തിച്ചപ്പോള്‍ സീനിയര്‍ സിറ്റിസണായ എന്നെപ്പറ്റിയാണ് ആദ്യമോര്‍ത്തത്. ഞാനും ഭര്‍ത്താവും തനിച്ചാണു താമസം. മക്കളൊക്കെ ദൂരസ്ഥലങ്ങളിലാണ്. പല ദിവസങ്ങളിലും ഞങ്ങള്‍ ഹോട്ടലുകളില്‍നിന്നു ഭക്ഷണം വരുത്താറുണ്ട്; പ്രത്യേകിച്ച്, വല്ല അതിഥികളും വന്നാല്‍. ഞങ്ങളെപ്പോലെയുള്ളവര്‍ ധാരാളം ഇന്നു കേരളത്തിലുണ്ട്. പ്രായമായ സ്ത്രീയോ പുരുഷനോ ഒറ്റയ്ക്കു താമസിക്കുന്ന വീടുകളുമുണ്ട്.
ഈ സാഹചര്യത്തില്‍ അടുത്തുള്ള അഞ്ചോ ആറോ വീട്ടുകാര്‍ ഒന്നിച്ച് ഏതെങ്കിലുമൊരു വീട്ടില്‍ ഭക്ഷണം ഉണ്ടാക്കിയാല്‍ ഭക്ഷണമെത്തിക്കാനെങ്കിലും ആളുകള്‍ വീടുകളിലെത്തും, വീട്ടിലുള്ളവരെപ്പറ്റി അറിയും. ഇപ്പോള്‍ പ്രായമായവര്‍ വീട്ടില്‍ ഉറുമ്പരിച്ചുകിടന്നാല്‍പ്പോലും അയല്‍ക്കാര്‍ അറിയുകയില്ലല്ലോ.
ഉദ്യോഗസ്ഥരെ സംബന്ധിച്ചും ഈ കൂട്ടായ്മ നല്ലതാണ്. ജോലിക്കുപോകുന്ന സ്ത്രീകള്‍ രാവിലെ എന്തെല്ലാം ചെയ്യണം? ഇപ്പോള്‍ ഭര്‍ത്താക്കന്മാരും സഹകരിക്കാറുണ്ട്. എന്നിരുന്നാലും, കുട്ടികളെ പഠിപ്പിക്കലും കുളിപ്പിക്കലും ഭക്ഷണം കൊടുക്കലുമെല്ലാം കഴിഞ്ഞ് വീട്ടില്‍നിന്നിറങ്ങുമ്പോള്‍ മിക്കവാറും താമസിക്കും. രാവിലത്തെ ഭക്ഷണവും ഉച്ചയ്ക്കത്തേക്കുള്ള ചോറും കറിയും മറ്റും വീട്ടില്‍ കിട്ടിയാല്‍ നല്ലതല്ലേ? അല്പം സാവധാനത്തില്‍ ജീവിതം മുന്നോട്ടു കൊണ്ടുപോകാം.
പണലാഭത്തെപ്പറ്റിയും ചിന്തിക്കണം. അടുത്തുള്ള ആറു വീടുകളില്‍ ഗ്യാസ് കത്തിച്ച് ഭക്ഷണം പാകം ചെയ്യേണ്ട. സാധനങ്ങള്‍ ഒന്നിച്ചുവാങ്ങിയാല്‍ ലാഭം കിട്ടും. ജോലിക്ക് ഒരാള്‍ മതി. ഇതൊരു വലിയ നേട്ടമല്ലേ? ഈ കൂട്ടായ്മയില്‍ ആര്‍ക്കെങ്കിലും അല്പം സാമ്പത്തികവിഷമതകളുണ്ടെങ്കില്‍ അവര്‍ക്കു ഭക്ഷണം നല്‍കുന്നത് ഒരു കാരുണ്യപ്രവൃത്തിയുംകൂടിയാണ്. വിവാഹവാര്‍ഷികം, കുട്ടികളുടെ പിറന്നാള്‍, ആദ്യകുര്‍ബാന, വിവാഹം ഇവയെല്ലാം ആഘോഷിക്കാം. നടക്കാനും സഹകരിക്കാനും പ്രായമായവര്‍ക്കു സാധിക്കുന്നില്ലെങ്കില്‍പ്പോലും ഈ സന്തോഷത്തില്‍ പങ്കുചേരാം. ഏതെങ്കിലുമൊരു വീട്ടില്‍ നല്ല കൈപ്പുണ്യമുള്ള ഭക്ഷണം തയ്യാറാക്കാന്‍ സന്നദ്ധതയുള്ളവരുണ്ടെങ്കില്‍ അവരുണ്ടാക്കുന്ന നല്ല ഭക്ഷണം മറ്റുള്ളവര്‍ക്കും രുചിക്കാം. ഇതു നടപ്പാക്കാന്‍ ചില ബുദ്ധിമുട്ടുകളും ഉണ്ടാകാം. ഒന്നാമതായി അയല്‍വീട്ടുകാര്‍ ഏറെക്കുറെ സമാനചിന്താഗതിക്കാരായിരിക്കണം. നല്ലൊരു നേതൃത്വം വേണം. പങ്കുവയ്ക്കുന്നത് സ്‌നേഹമാണെന്ന തിരിച്ചറിവു വേണം. അയല്‍ക്കാരെ ഒരു കൈ സഹായിക്കാമെന്ന മനസ്സു വേണം. ചെറുപ്പക്കാര്‍ മുന്നോട്ടു വരണം.
തൃശൂരുകാരിയായ വക്കീല്‍ എഴുതിയത്, അവരുടെ ഭക്ഷണക്കൂട്ടായ്മ വളരെ നന്നായി മുന്നോട്ടുപോകുന്നുവെന്നാണ്. തന്റെ കേസുകളെപ്പറ്റി കൂടുതല്‍ പഠിക്കാനും കുട്ടികളെ പഠിപ്പിക്കാനും ഹോംവര്‍ക്കുകള്‍ ചെയ്യിക്കാനുമെല്ലാം സമയം കിട്ടുന്നു. രാവിലെതന്നെ ഒരു ദിവസത്തേക്കുള്ള ഭക്ഷണം കാസറോളുകളില്‍ അടച്ചു വൃത്തിയായി വീട്ടില്‍ കിട്ടുന്നു. മാസാവസാനം പണമടച്ചാല്‍ മതി. ചെലവുകള്‍ വളരെ കുറഞ്ഞു. എന്തെങ്കിലും കഴിക്കുക എന്ന രീതി മാറി കൃത്യസമയത്ത് നല്ല ഭക്ഷണം കഴിക്കാന്‍ തുടങ്ങി. ആരോഗ്യസ്ഥിതി മെച്ചപ്പെട്ടു. ഈ നവീനാശയത്തെപ്പറ്റി എല്ലാവരും ഉണര്‍ന്നു ചിന്തിക്കേണ്ടിയിരിക്കുന്നു.