ക്രൈസ്തവവിശ്വാസങ്ങള്‍ക്കും ആരാധനാലയങ്ങള്‍ക്കുമെതിരായ കടന്നാക്രമണങ്ങള്‍ ആഗോളഭീഷണിയാകുന്നു. തുര്‍ക്കിയിലെ പൗരാണികമായ ഹാഗിയ-സോഫിയ മ്യൂസിയം മുസ്ലീം പ്രാര്‍ത്ഥനാലയമായ മോസ്‌കാക്കി മാറ്റിയ സംഭവം ക്രൈസ്തവവിശ്വാസത്തിനെതിരായ കൈയേറ്റത്തിന്റെ ഒടുവിലത്തെ ഉദാഹരണമാണ്. യൂറോപ്യന്‍ യൂണിയനും റഷ്യയുള്‍പ്പെടെ നിരവധി രാജ്യങ്ങളും സംഭവത്തെ ശക്തമായി അപലപിച്ചുകഴിഞ്ഞു. 'ഇസ്താംബൂള്‍ ഹാഗിയ സോഫിയയെ ഓര്‍ത്തു ഞാന്‍ വളരെ വേദനിക്കുന്നു' എന്നാണ് ഫ്രാന്‍സീസ് പാപ്പാ പ്രതികരിച്ചത്. വിശ്വാസികളുമായുള്ള ആഞ്ചലൂസ് പ്രാര്‍ത്ഥനയ്ക്കിടയിലാണ് പാപ്പാ തന്റെ വേദനയും ഉത്കണ്ഠയും പങ്കുവച്ചത്. ഇക്കാര്യം പരാമര്‍ശിക്കുമ്പോള്‍ പാപ്പാ സ്വരമിടറി നിമിഷങ്ങളോളം നിശ്ശബ്ദനായി.
കോണ്‍സ്റ്റാന്റിനോപ്പിള്‍ ആസ്ഥാനമായിരുന്ന കിഴക്കന്‍ റോമാസാമ്രാജ്യത്തിലെ ചക്രവര്‍ത്തിയായിരുന്ന ജസ്റ്റീനിയന്‍ ഒന്നാമന്‍ എ.ഡി. 537 ല്‍ പണികഴിപ്പിച്ച ഈസ്താംബൂളിലെ ഹാഗിയ സോഫിയ കത്തീഡ്രല്‍ ദൈവാലയം, 1453 ല്‍ കോണ്‍സ്റ്റാന്റിനോപ്പിള്‍ കീഴടക്കിയ ഓട്ടോമന്‍ തുര്‍ക്കികള്‍ മുസ്ലീം ആരാധനാലയമായ മോസ്‌ക് ആക്കി മാറ്റി. പിന്നീട്, ഓട്ടോമന്‍ സാമ്രാജ്യത്തിന്റെ തകര്‍ച്ചയ്ക്കുശേഷം അധികാരത്തില്‍വന്ന മുസ്തഫ കമാല്‍പാഷ നടപ്പാക്കിയ മതേതരനയത്തിന്റെ അടയാളമായി 1935 ല്‍ ഇതു മ്യൂസിയമാക്കി മാറ്റി. ഈ മ്യൂസിയമാണ് ഇപ്പോള്‍ വീണ്ടും മോസ്‌കാക്കി മാറ്റിയിരിക്കുന്നത്.
ബൈസന്റയിന്‍ ശില്പകലാ ശൈലിയുടെ ഉത്തമമാതൃകയായി കണക്കാക്കപ്പെടുന്നതാണീ മ്യൂസിയം അഥവാ ദൈവാലയം. യുനെസ്‌കോയുടെ ലോകപൈതൃകപ്പട്ടികയിലും സ്ഥാനംപിടിച്ച വിശിഷ്ടദൈവാലയം. ശില്പചാതുര്യംകൊണ്ടും നിര്‍മ്മാണവൈദഗ്ധ്യംകൊണ്ടും വിശ്വാസികളുടെ അഭിമാനമായിരുന്നു ഹാഗിയ-സോഫിയ.
അത്താത്തുര്‍ക്കിന്റെ കാലത്തെ ശില്പവേലകള്‍ കത്തീഡ്രല്‍ ഭിത്തിയില്‍ ധാരാളമായിരുന്നു. പരിശുദ്ധ ദൈവമാതാവിന്റെയും യേശുവിന്റെയും ചിത്രങ്ങളുള്‍പ്പെടെ ക്രൈസ്തവപൈതൃകം നിലനിര്‍ത്തുന്ന അനേകം ശില്പവേലകള്‍. ഇവയുള്‍പ്പെടെ സകല ക്രൈസ്തവചിഹ്നങ്ങളും രൂപങ്ങളും നശിപ്പിച്ചുകഴിഞ്ഞു. ഭിത്തികളിലെ ചിത്രങ്ങള്‍ പെയിന്റടിച്ചുമാറ്റി.
ജനീവ ആസ്ഥാനമായ വേള്‍ഡ് ചര്‍ച്ചസ് കൗണ്‍സില്‍ (W.C.C.) ഹാഗിയ സോഫിയ സംഭവത്തില്‍ പ്രതിഷേധിച്ചു. മ്യൂസിയം മോസ്‌ക് ആക്കിയ നടപടി റദ്ദാക്കണമെന്ന് ണ.ഇ.ഇ. ആവശ്യപ്പെട്ടു. ലോകമെങ്ങുമുള്ള വിവിധ ക്രൈസ്തവസഭകളുടെ കൂട്ടായ്മയാണ് ണ.ഇ.ഇ. തുര്‍ക്കിയിലെ സംഭവവികാസങ്ങളില്‍ അമേരിക്ക, റഷ്യ, ഗ്രീസ്, സൈപ്രസ് തുടങ്ങിയ രാജ്യങ്ങളും ഉത്കണ്ഠയും പ്രതിഷേധവും അറിയിച്ചിട്ടുണ്ട്.
ഇസ്ലാമികരാജ്യങ്ങളില്‍നിന്ന് അഭയാര്‍ത്ഥികളായി എത്തിയവര്‍ക്ക് എല്ലാ സഹായവും നല്‍കണമെന്ന് ഫ്രാന്‍സീസ് പാപ്പാ സമീപകാലത്ത് അഭ്യര്‍ത്ഥിക്കുകയുണ്ടായി. ഇതനുസരിച്ച് അനേകം പേര്‍ക്ക് അഭയം നല്‍കുകയും ചെയ്തിരുന്നു. പക്ഷേ, പല രാജ്യങ്ങളിലും ക്രൈസ്തവര്‍ക്കു നേരേയുള്ള അതിക്രമങ്ങള്‍ ഇപ്പോഴും വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. ക്രൈസ്തവരുടെ നിരവധി പുണ്യസ്ഥലങ്ങള്‍, മുസ്ലീം അധിനിവേശത്തിലായിരിക്കുന്നത് വിശുദ്ധനാടുതീര്‍ത്ഥാടര്‍ക്ക് നേരില്‍ ബോധ്യപ്പെടുന്നതാണ്. പീഡാസഹനത്തിനുശേഷം ഉയിര്‍ത്തെഴുന്നേറ്റ യേശു നാല്പതാം നാള്‍ സ്വര്‍ഗ്ഗത്തിലേക്കു കരേറിയ ഏറ്റവും വിശുദ്ധമായ സ്ഥലം ഇന്ന് ഇസ്ലാംമതവിഭാഗക്കാര്‍ കൈവശപ്പെടുത്തിയിരിക്കുന്നു. ലാസറിനെ ഉയിര്‍പ്പിച്ച അദ്ഭുതസംഭവം നടന്നയിടവും ഇന്നു ക്രൈസ്തവര്‍ക്കന്യമാണ്. കോടിക്കണക്കായ ക്രൈസ്തവരുടെ ഏറ്റവും പുണ്യപ്പെട്ട സ്ഥലങ്ങളില്‍ പ്രവേശിക്കാനും പ്രാര്‍ത്ഥിക്കാനും മറ്റു മതസ്ഥരുടെ അനുവാദവും സൗജന്യവും വേണ്ടിവരുന്നു. ഇതു നീതിക്കും മൂല്യങ്ങള്‍ക്കും ചേര്‍ന്നതല്ല. പലപ്പോഴായി തീവ്രമുസ്ലീം ഭരണാധികാരികള്‍ ആയുധബലത്തില്‍ പിടിച്ചെടുത്ത് കൈവശപ്പെടുത്തിയ ഇടങ്ങളാണ് വിശുദ്ധനാട്ടിലെ ക്രൈസ്തവപുണ്യസ്ഥലങ്ങള്‍. ക്രൈസ്തവതീര്‍ത്ഥാടകര്‍ക്ക് അവിടെ പ്രവേശിക്കാനും പ്രാര്‍ത്ഥിക്കാനും പ്രവേശനപ്പാസ് വാങ്ങേണ്ടിവരുന്നു. വലിയ വരുമാനമാര്‍ഗ്ഗമായി കാണുന്നതിനാല്‍ മാത്രമാണ് ഇവിടങ്ങള്‍ പഴയ തനിമയില്‍ നിലനിര്‍ത്തുന്നത്. ലോകമെങ്ങുമുള്ള യഹൂദജനതയുടെ പുണ്യസ്ഥലമായ ജറൂസലേം ദൈവാലയസ്ഥാനംപോലും പിടിച്ചെടുക്കാനും ഇസ്ലാമികപുണ്യസ്ഥാനമാക്കാനും അവര്‍ക്കുകഴിഞ്ഞു.
അവസാനമായി ഇസ്രായേലില്‍നിന്നുള്ള റിപ്പോര്‍ട്ടുകള്‍ കൂടുതല്‍ ആശങ്കയുളവാക്കുന്നതാണ്. ജറൂസലേമിലെ ജാഫാഗേറ്റിലെ ഗ്രീക്ക് ഓര്‍ത്തഡോക്‌സ് സഭയുടെ സ്വത്ത് സംബന്ധിച്ച് ജറുസലേമിലെ ജില്ലാക്കോടതിയുടെ വിധി ക്രൈസ്തവര്‍ക്ക് വന്‍ ഭീഷണിയുയര്‍ത്തിയിരിക്കുന്നു. ജാഫാ ഗേറ്റ് സ്വത്തിന് യഹൂദമൗലികവാദിസംഘടനകള്‍ അവകാശം ഉന്നയിക്കുകയാണ്. കോടതിവിധി ക്രൈസ്തവരില്‍ വലിയ ആശങ്കയാണുളവാക്കിയിട്ടുള്ളത്. ഇപ്പോള്‍ മുസ്ലീംകള്‍ക്കെതിരായ ശക്തമായ നിലപാടുള്ള രാജ്യമാണ് ഇസ്രായേല്‍. അതില്‍ ന്യായീകരണം കണെ്ടത്താനാകും. പക്ഷേ, ക്രൈസ്തവര്‍ക്കെതിരായ നീക്കത്തിന് യാതൊരു നീതീകരണവുമില്ല. ആ ശത്രുത ക്രൈസ്തവര്‍ക്കു മാത്രമല്ല, ഇസ്രായേലിനും ദോഷകരമാണ്. ടൂറിസം പ്രധാന വരുമാനമാര്‍ഗ്ഗമായ രാജ്യത്തിന്റെ സമ്പദ്ഘടനയെയും അതു ബാധിക്കും. ഒരര്‍ത്ഥത്തില്‍ ലോകമെങ്ങും ക്രൈസ്തവവിശ്വാസവും സ്ഥാപനങ്ങളും വലിയ വെല്ലുവിളി നേരിടുകയാണ്.