•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

പോരാട്ടവഴിയിലെ സമാധാനദൂതര്‍

''മണ്ടേല മണ്ടേല'' എന്നു കേരളം വിളിച്ചു പറഞ്ഞുകൊണ്ടിരുന്ന നാളുകള്‍ ഓര്‍മവരുന്നു. മഹാത്മജിയെ ആദര്‍ശപുരുഷനായി സ്വീകരിച്ച് ജീവിതം മുഴുവന്‍ വര്‍ണവിവേചന ത്തിനെതിരേ പോരാടിയ നെല്‍സണ്‍ മണ്ടേലയെ 27 വര്‍ഷത്തിനുശേഷം കാരാഗൃഹത്തില്‍നിന്നു മോചിപ്പിക്കും വരെ ആസേതുഹിമാചലം ആ മുദ്രാവാക്യം മുഴങ്ങിക്കേട്ടു. മണ്ടേലയ്ക്കു വേണ്ടി അവിരാമമായി പോരാടിയ ഗാന്ധിയനായിരുന്നു ജന്മനാടായ കേപ് ടൗണില്‍ അന്തരിച്ച ആര്‍ച്ചുബിഷപ് ഡെസ്മണ്ട് ടുട്ടു.
ദക്ഷിണാഫ്രിക്കയില്‍ കറുത്തവരുടെ വിമോചനത്തിനും അവരുടെ മനുഷ്യാവകാശങ്ങള്‍ക്കുംവേണ്ടി ശബ്ദമുയര്‍ത്തിയ അഭിഭാഷകനായിരുന്നു, മോഹന്‍ ദാസ് കരംചന്ദ് ഗാന്ധി.  അപാര്‍തീഡ് എന്ന വര്‍ണവിവേചന ഭരണകൂടത്തിന്റെ അവസാനത്തെ പ്രസിഡണ്ട് എഫ്.ഡബ്ലിയു.ഡി. ക്ലാര്‍ക് വിമോചനം പ്രഖ്യാപിച്ചു  പുറത്തുവന്ന മണ്ടേല, ഇന്ത്യ സൗത്ത് ആഫ്രിക്കയ്ക്കും സൗത്ത് ആഫ്രിക്ക ഇന്ത്യയ്ക്കും നല്‍കിയ മഹാത്മാവായിരുന്നു ഗാന്ധിയെന്നു വിശേഷിപ്പിച്ചു.
'കോരന് കുമ്പിളില്‍ കഞ്ഞി,' എന്ന് മലയാളത്തില്‍ ചൊല്ലുണ്ട്. അരനൂറ്റാണ്ടോളം കറുത്തവര്‍ക്കു കുമ്പിളില്‍ കഞ്ഞി നല്‍കിയ ഭരണകൂടമായിരുന്നു വെള്ളക്കാരുടേത്. കേരളത്തില്‍ അങ്ങനെ കഞ്ഞി കിട്ടിയ ഒരാളായിരുന്നു കേരള യൂണിവേഴ്സിറ്റി ഇക്കണോമിക്‌സ് പ്രഫസര്‍ ആയിരുന്ന എം കുഞ്ഞാമന്‍. ചാതുര്‍വര്‍ണ്യം കൊടികുത്തി വാണിരുന്ന കാലത്ത്, തീണ്ടലും തൊടീലും മനുഷ്യനെ അകറ്റി നിര്‍ത്തിയിരുന്ന കാലത്ത് പൂഴിമണ്ണില്‍ കുഴികുത്തി അതില്‍ തേക്കില വച്ച് കഞ്ഞി വിളമ്പി നല്‍കിയിരുന്നതായി ഇപ്പോള്‍ ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സില്‍  പ്രഫസറായ കുഞ്ഞാമന്‍ പറയുന്നു.
'വൈറ്റ്സ് ഒണ്‍ലി' (വെള്ളക്കാര്‍ക്കു മാത്രം) എന്നെഴുതിയ ബോര്‍ഡുകളുമായി റെസ്റ്റോറന്റില്‍നിന്നും കടലോരങ്ങളില്‍നിന്നും ട്രെയിനുകളില്‍നിന്നും ഇതരവര്‍ഗക്കാരെ മാറ്റിനിര്‍ത്തിയിരുന്ന കാലം മലയാളികളില്‍ ചിലരെങ്കിലും ഓര്‍മിക്കുന്നുണ്ടാവും. അന്നൊരിക്കല്‍ ഗാന്ധിജിയെ പീറ്റര്‍മാരിസ്ബര്‍ഗ് എന്ന സ്ഥലത്തുവച്ച് വെള്ളക്കാര്‍ ട്രെയിനില്‍നിന്ന് ഇറക്കിവിട്ട സംഭവവും എങ്ങനെ മറക്കാന്‍?
ആ പട്ടണത്തിലെ 'ദി വിറ്റ്‌നസ്' (ദൃക്സാക്ഷി) എന്ന ഇംഗ്ലീഷ് ഡെയ്ലിയുടെ പത്രാധിപസമിതിയില്‍ കോട്ടയംകാരനായ എബ്രഹാം ജോര്‍ജ് കല്ലൂര്‍ സേവനം ചെയ്യുന്നു എന്നത് വിരോധാഭാസമായിത്തോന്നാം. സഹോദരി പ്രീതി അവിടത്തെ ഒരു ഹോസ്പിറ്റലില്‍ ഗൈനക്കോളജിസ്റ്റായി ജോലി നോക്കിയിട്ടുമുണ്ട്. പീറ്റര്‍മാരിസ്ബര്‍ഗില്‍ ഇപ്പോള്‍ മഹാത്മജിക്ക് സ്മാരകവുമുണ്ട്. കാലം വരുത്തിയ മാറ്റം!
ശ്രീനാരായണഗുരുവിന്റെയും മഹാത്മാഗാന്ധിയുടെയും നേതൃത്വത്തില്‍ നൂറുനൂറാളുകളുടെ നിസ്തന്ദ്രപ്രയത്‌നത്തിന്റെ ഫലമായി മലയാളക്കരയില്‍നിന്നു വര്‍ണവെറി നിഷ്‌കാസനം ചെയ്യപ്പെടുകയും ആരാധനാലയങ്ങള്‍ സമസ്തജാതികള്‍ക്കുമായി മലര്‍ക്കെ തുറക്കപ്പെടുകയും ചെയ്തു.
അടിമക്കച്ചവടം ഉണ്ടായിരുന്ന ഈ നാട്ടില്‍ അത് എന്താണെന്ന് അനുഭച്ചറിയാത്ത തലമുറയാണ് ഇന്നുള്ളത്. മാറുമറയ്ക്കാനുള്ള അവകാശത്തിനുവേണ്ടി തെക്കന്‍ കേരളത്തില്‍ ചാന്നാര്‍ സ്ത്രീകള്‍ നടത്തിയ ഐതിഹാസികസമരം പോലും വിസ്മൃതകോടിയിലായി.
നൂറ്റാണ്ടുകളോളം അടിമത്തവും വംശവിദ്വേഷവും നടമാടിയിരുന്ന അമേരിക്കയില്‍പ്പോലും ആ ഭിന്നതകള്‍ അവസാനിച്ചിട്ടില്ല എന്നതിനു തെളിവായി 2021 ല്‍ എത്രയോ സംഭവങ്ങള്‍ നടന്നു!  
ദക്ഷിണാഫ്രിക്കയെ ഏഴഴകിന്റെ നാട് (റെയിന്‍ബോ നേഷന്‍) എന്നു വിളിച്ച ആളായിരുന്നു ഡെസ്മണ്ട്  ടുട്ടു. കറുത്തവനും വെളുത്തവനും ഇരുനിറക്കാരനും ഏഷ്യനും ആഫ്രിക്കനും യൂറോപ്യനും ചൈനക്കാരനും അമേരിക്കനും ഒന്നിച്ചുകഴിയുന്ന വര്‍ണവൈവിധ്യമാര്‍ന്ന നാട്. പക്ഷേ, അദ്ദേഹത്തിന്റെ ആ സ്വപ്നം യഥാര്‍ത്ഥത്തില്‍ സാക്ഷാത്കരിക്കപ്പെട്ടോ എന്ന് അന്വേഷിക്കേണ്ടിയിരിക്കുന്നു.
ആഫ്രിക്കക്കാരെ കോളനികളായി തിരിച്ചു ഭരണം നടത്തിയിരുന്ന കാലത്ത് ഉംറ്റാറ്റ തലസ്ഥാനമായ ഈസ്റ്റേണ്‍ കേപ്പില്‍ നൂറുകണക്കിനു മലയാളി അധ്യാപകര്‍ ഉണ്ടായിരുന്നു. അവര്‍ക്കൊക്കെ വെള്ളക്കാരുടെ മേഖലകളില്‍ കടക്കണമെങ്കില്‍ പ്രത്യേക പാസ് വേണ്ടിയിരുന്നു.
മണ്ടേല, ടുട്ടു തുടങ്ങിയവരുടെ നേതൃത്വത്തില്‍ നടന്ന നിരന്തരസമരങ്ങളുടെ ഫലമായി 1994 ല്‍ പുതിയ ഭരണഘടന നിലവില്‍ വന്നു. അതിന്റെ അടിസ്ഥാനത്തില്‍ നടന്ന തിരഞ്ഞെടുപ്പില്‍ മണ്ടേല പ്രസിഡണ്ടായി അവരോധിക്കപ്പെട്ടു, എഴുപത്തഞ്ചാം വയസ്സില്‍.  
കറുത്തവരുടെ ഇടയില്‍നിന്ന് ഉയര്‍ന്നുവന്ന ആദ്യത്തെ ബിഷപ്പും ആര്‍ച്ചുബിഷപ്പും ആയിരുന്നു ഡെസ് മണ്ട്  ടുട്ടു. അദ്ദേഹത്തിനും ഇന്ത്യയില്‍ അദ്ദേഹം ചങ്ങാത്തം സ്ഥാപിച്ച ദലൈലാമയ്ക്കും മദര്‍ തെരേസയ്ക്കും ഒരുപോലെ നൊബേല്‍ സമ്മാനം ലഭിച്ചു,  സമാധാനത്തിനുള്ള സമ്മാനം. ടുട്ടുവിനു ഗാന്ധിപീസ് പ്രൈസും ലഭിക്കുകയുണ്ടായി. മന്‍മോഹന്‍ സിങ് പ്രധാനമന്ത്രിയായിരിക്കുമ്പോഴാണ് രാഷ്ട്രപതി അബ്ദുള്‍ കലാമില്‍നിന്ന് ടുട്ടു സമ്മാനം സ്വീകരിച്ചത്.
മണ്ടേല പ്രസിഡണ്ട് ആയിരിക്കുമ്പോള്‍ വര്‍ണവിവേചനകാലത്തെ മനുഷ്യാവകാശലംഘനങ്ങളെക്കുറിച്ചു പഠിക്കാനുള്ള ട്രൂത് ആന്‍ഡ് റീകണ്‍സിലിയേഷന്‍ കമ്മീഷന്‍ അധ്യക്ഷനായി ടുട്ടുവിനെ നിയമിക്കയുണ്ടായി. എങ്കിലും, കറുത്തവരുടെ ഭരണകാലത്തുണ്ടായ അഴിമതികളെക്കുറിച്ച് തുറന്നടിക്കാന്‍ ടുട്ടുവിനു മടിയുണ്ടായില്ല. മന്ത്രിമാര്‍ക്ക് ഭാരിച്ച ശമ്പളം വാരിക്കോരി കൊടുക്കുന്നതിന് അദ്ദേഹം എതിരായിരുന്നു. അഴിമതിക്കു ജയിലില്‍ കഴിയുന്ന മുന്‍ പ്രധാനമന്ത്രി ജേക്കബ് സുമയുടെ കാലത്ത് നടമാടിയ അഴിമതികളെക്കുറിച്ചും അദ്ദേഹം തുറന്നടിച്ചു.  
എല്ലാവര്‍ക്കും ഒരുപോലെ പ്രിയങ്കരനായിരുന്നു നര്‍മത്തില്‍ ചാലിച്ച് പ്രസംഗിക്കാന്‍ കഴിവുള്ള ടുട്ടു. അദ്ദേഹം കൊച്ചിയിലും വന്നിട്ടുണ്ട്. വര്‍ണവിവേചനത്തിനെതിരേയുള്ള സമരത്തില്‍ തന്നോടൊപ്പം നിന്ന ഇന്ത്യന്‍ വംശജന്‍ ആര്‍ച്ചുബിഷപ് സ്റ്റീഫന്‍ നായിഡു  ആയിരുന്നു നാട്ടിലുള്ള അദ്ദേഹത്തിന്റെ ഒരുറ്റ ചങ്ങാതി.
ടുട്ടുവിന്റെ അന്ത്യത്തോടെ സൗത്താഫ്രിക്കയുടെ ചരിത്രത്തിലെ മഹത്തായ ഒരു അധ്യായത്തിനു തിരശ്ശീല വീണിരിക്കുകയാണ്. സ്വാതന്ത്ര്യാനന്തരം അഴിമതിയുടെ പുഴുക്കുത്തുകള്‍ വീണ ഭരണകൂടങ്ങള്‍ മാറിമാറി വന്നു. ടുട്ടുവിന്റെ അടുത്ത സുഹൃത്തായിരുന്നിട്ടുപോലും ദലൈലാമയ്ക്കു രണ്ടു തവണ ഗവണ്‍മെന്റ് വിസ നിഷേധിക്കുകയുണ്ടായി. സൗത്ത് ആഫ്രിക്കയ്ക്ക് ആരെയാണു പേടി? ചൈനയെയോ?
ആഫ്രിക്കയുമായി പല ബന്ധങ്ങളു ള്ളയാളാണ് ഞാന്‍. സാംബിയ, സിംബാബ്‌വേ, ടാന്‍സാനിയ, കെനിയ, എത്യോപ്യ എന്നീ ഈസ്റ്റ് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ പര്യടനം നടത്തിയിട്ടുണ്ട്. സാംബിയയില്‍ അനുജന്‍ മാത്യുവും ഭാര്യ ഉഷയും ഉണ്ടായിരുന്നു. ഈസ്റ്റേണ്‍ കേപ്പിലെ മൗണ്ട് ഫ്രേയില്‍ സഹോദരി ലളിതയും ഭര്‍ത്താവ് കാഞ്ഞിരപ്പള്ളി കല്ലൂര്‍ ജോര്‍ജും  പഠിപ്പിച്ചിരുന്നു.
സഹനസമരം നടത്തി ആഫ്രിക്കന്‍ ഗാന്ധി എന്നു പേരെടുത്ത ജൂലിയസ് നിരേറെ ഉള്ള കാലത്താണ് ഞങ്ങള്‍ ടാന്‍സാനിയയില്‍ പോയത്. അടുത്തയിടെ ആഫ്രിക്കയുടെ വടക്കു പടിഞ്ഞാറേ മൂലയില്‍ യൂറോപ്പിലെ സ്‌പെയിനിനോടു മുട്ടിക്കിടക്കുന്ന മൊറോക്കോയുമായി വിവാഹം വഴി ഒരു ബന്ധവും ഉണ്ടായിട്ടുണ്ട്.  

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)