•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

രോഗവും സഹനവും രക്ഷാകരമാകുമ്പോള്‍

നുഷ്യന്റെ സന്തുഷ്ടമായ ലോകത്തിലേക്കു ചിലപ്പോള്‍ സംഹാരശക്തിയോടെ കടന്നുവരുന്ന രോഗങ്ങള്‍ വാസ്തവത്തില്‍ എന്താണ്? ഒരര്‍ത്ഥത്തില്‍പ്പറഞ്ഞാല്‍ വികലമായ ജീവിതശൈലിയുടെ അതിപ്രസരവും രോഗപ്രതിരോധശക്തിയുടെ ശോഷണവും പ്രകടമാകുന്ന ഒരു ശരീരം തീറെഴുതി വാങ്ങുന്ന സ്വത്താണ് രോഗം. രോഗം ഒരു തിന്മയോ ശാപമോ  ആയി കരുതപ്പെടുന്ന അവസരങ്ങള്‍ ഏറെയുണ്ട്. ''ഖസാക്കിന്റെ ഇതിഹാസ''ത്തില്‍ ഒ.വി. വിജയന്‍ വസൂരിയെ തിന്മയുടെ പ്രതീകമായി പ്രതിഷ്ഠിക്കുന്നു. സ്‌നേഹരഹിതമായ ഒരു ലോകത്തിന്റെ നേരേയുള്ള പകയും അവജ്ഞയുമായി രോഗം പ്രത്യക്ഷപ്പെടുന്നു. മനുഷ്യരില്‍നിന്ന് നന്മകള്‍ എടുത്തുകളയുന്ന ഒരു പ്രതിഭാസമായി വസൂരിരോഗത്തെ കാക്കനാടന്‍ വര്‍ണിക്കുന്നുണ്ട്.
രോഗത്തെ തിന്മയായും ശാപമായും വിശേഷിപ്പിച്ച  ഒരു കൂട്ടം എഴുത്തുകാര്‍ ഒരു വശത്തു നില്‍ക്കുമ്പോള്‍, തങ്ങളെ നാശത്തിലേക്കു വലിച്ചിഴയ്ക്കാനുണ്ടായ രോഗത്തെ സര്‍ഗസൃഷ്ടിയുടെ പ്രചോദനലഹരിയായി ഷെല്ലിയും കീറ്റ്‌സും ബ്രോണ്ടിയും ചെഖോവും ചങ്ങമ്പുഴയുമൊക്കെ കണ്ടു. രോഗം ആത്മീയമായ വെളിപാടുകള്‍ക്കു കാരണമായിത്തീരുമെന്ന് എത്രയെത്ര ജ്ഞാനികള്‍ തങ്ങളുടെ രചനകളിലൂടെ തെളിയിച്ചുകഴിഞ്ഞു! നൈരാശ്യത്തില്‍നിന്ന് നൂതനസൗന്ദര്യദര്‍ശനം തന്നെ ഉറവെടുക്കുന്നു.
ഇതില്‍നിന്നൊക്കെ തികച്ചും വിരുദ്ധമായ മറ്റൊരു ദര്‍ശനധാരയാണ് ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പാ കാഴ്ചവയ്ക്കുന്നത്. ഒരു ദുരവസ്ഥയായിട്ടല്ല പാപ്പാ രോഗത്തെ വീക്ഷിക്കുന്നത്. ദൈവത്തിന്റെ സൃഷ്ടിപരിപാലനകര്‍മത്തില്‍ സമ്പൂര്‍ണമായി സായുജ്യമടയാന്‍ മനുഷ്യര്‍ക്കു ലഭിക്കുന്ന ഒരപൂര്‍വാവസരമാണ് രോഗാവസ്ഥയെന്ന് അദ്ദേഹം മനസ്സിലാക്കുന്നു. മനുഷ്യനെ ദൈവത്തോടു കൂടുതലടുപ്പിക്കുന്ന ഒരപൂര്‍വാവസരം. ഒരു നാണയത്തുട്ടിന്റെ ഇരുവശങ്ങള്‍ പോലെയാണ് സുഖവും ദുഃഖവും. ഒന്നില്ലാതെ മറ്റൊന്നിന് അസ്തിത്വമില്ല. കഷ്ടതകളും ബുദ്ധിമുട്ടുകളും മനുഷ്യസഹജമാണെന്നര്‍ത്ഥം.
സഹനത്തില്‍നിന്ന് ഒളിച്ചോടുമ്പോളല്ല; മറിച്ച്, അതിനെ സ്വീകരിക്കാനുള്ള പ്രാപ്തി നേടുമ്പോഴാണ് സൗഖ്യം ഉണ്ടാകുന്നതെന്ന് ബെനഡിക്ട് പതിനാറാമന്‍ പാപ്പാ അടിവരയിട്ടു പ്രസ്താവിക്കുന്നു.
ശാരീരികമായ സുഖപ്പെടലിനെയും ശരീരത്തിന്റെയും ആത്മാവിന്റെയും സമഗ്രമായ സൗഖ്യത്തെയും ബെനഡിക്ട് പതിനാറാമന്‍പാപ്പാ രണ്ടായിക്കാണുന്നു. ദൈവം നല്‍കുന്ന സൗഖ്യമെന്നത് ശാരീരികം മാത്രമല്ല, ആത്മീയമായ പൊരുളും അതിലുള്‍ക്കൊള്ളുന്നു. ഒരു വിശ്വാസിയുടെ ആത്മാവിന്റെ രക്ഷയാണ് ദൈവമാഗ്രഹിക്കുന്നത്. യേശു രോഗികളോട് വിശ്വസിക്കാന്‍ ആവശ്യപ്പെടുന്നുണ്ട്. വിശ്വാസത്തിലൂടെയുണ്ടാകുന്ന രോഗസൗഖ്യം സമഗ്രമാകുന്നു. അങ്ങനെ ദൈവത്തെ അന്വേഷിക്കുന്നതിനും അവിടേക്കു തിരിച്ചുപോകുന്നതിനും രോഗം പ്രേരകമാകുന്നു. 2007 ല്‍ ബെനഡിക്ട് പാപ്പാ നടത്തിയ ആന്‍ജെലസ് പ്രഭാഷണത്തില്‍, ലൂക്കായുടെ സുവിശേഷം ഉദ്ധരിച്ചുകൊണ്ട് യേശു പത്തു കുഷ്ഠരോഗികളെ സുഖപ്പെടുത്തിയത് വിവരിക്കുന്നു. സുഖപ്പെട്ടവരില്‍ ഒരാള്‍ മാത്രമാണ് യേശുവിനോടു നന്ദി പറയാന്‍ വന്നത്. ''യേശു ചോദിച്ചു: പത്തുപേരല്ലേ സുഖപ്പെട്ടത്? ബാക്കി ഒന്‍പതുപേരെവിടെ? ഈ വിജാതീയനല്ലാത മറ്റാര്‍ക്കും തിരിച്ചുവന്നു ദൈവത്തെ മഹത്ത്വപ്പെടുത്തണം എന്നു തോന്നിയില്ലേ? അനന്തരം, യേശു അവനോടു പറഞ്ഞു: എഴുന്നേറ്റു പൊയ്‌ക്കൊള്ളുക. നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു'' (ലൂക്കാ. 17:11-19).
ജീവിതത്തിലെ ഐശ്വര്യവും സമ്പദ്‌സമൃദ്ധിയും ഉയര്‍ച്ചയും മാത്രം ദൈവാനുഗ്രഹങ്ങളായി കണ്ടാല്‍പ്പോരാ, രോഗങ്ങളും ദുഃഖങ്ങളും സാമ്പത്തികത്തകര്‍ച്ചയുമെല്ലാം ദൈവാനുഗ്രഹത്തിന്റെ സന്ദേശമറിയിക്കാനുള്ള ദൂതന്മാരാണെന്നു മനസ്സിലാക്കണം. മനുഷ്യരൂപംകൊണ്ട ദൈവത്തിന്റെ ഇഹലോകവാസം സുഖങ്ങള്‍ മാത്രം നിറഞ്ഞതായിരുന്നില്ല; സുഖങ്ങളെക്കാളേറെ  കഷ്ടതകള്‍ നിറഞ്ഞതായിരുന്നു. ജന്മനാള്‍തൊട്ട് കുരിശുമരണംവരെ ദൈവമനുഷ്യന്‍ മനുഷ്യക്രൂരതയുടെ മുള്‍വഴികളിലൂടെ സഞ്ചരിച്ചു. ദൈവപുത്രനു വിധിച്ചത് അതാണെങ്കില്‍ മനുഷ്യരുടെ കാര്യം എന്തിനു പറയണം?
രോഗവും സഹനവും മനുഷ്യമഹത്ത്വം തിരസ്‌കരിക്കുകയോ അവമതിക്കുകയോ ചെയ്യുന്ന ശാപമോ തിന്മയോ അല്ല, മനുഷ്യനെ വിശുദ്ധീകരിക്കുന്ന അഗ്നിനാളങ്ങളാണ്.
ക്രൈസ്തവവിശ്വാസത്തിന്റെ ആധാരശിലയായ ബൈബിള്‍ ഇതിന് സമുചിതമായ വിശദീകരണം നല്‍കുന്നു: ''വരുന്ന ദുരിതങ്ങളെല്ലാം  സ്വീകരിക്കുക, ഞെരുക്കുന്ന ദൗര്‍ഭാഗ്യങ്ങളില്‍ ശാന്തത കൈവെടിയരുത്. എന്തെന്നാല്‍, സ്വര്‍ണം അഗ്നിയില്‍ ശുദ്ധിചെയ്യപ്പെടുന്നു; സഹനത്തിന്റെ ചൂളയില്‍ കര്‍ത്താവിനു സ്വീകാര്യരായ മനുഷ്യരും'' (പ്രഭാഷകന്‍ 2:4-5). ദൈവത്തെ അന്വേഷിക്കുന്നതിനും അവിടുന്നിലേക്കു തിരിച്ചുപോകുന്നതിനും രോഗവും പീഡകളും പ്രേരകമാകുന്നുവെന്ന് കത്തോലിക്കാസഭ പഠിപ്പിക്കുന്നു. രോഗപീഡകള്‍ ക്രിസ്തുവിന്റെ സഹനത്തോടു ചേര്‍ത്തു സമര്‍പ്പിക്കണമെന്നു മാത്രം. അപ്പോഴാണ് അവ രക്ഷാകരമാകുന്നത്. ബെനഡിക്ട് പാപ്പാ ഈ വസ്തുതതയ്ക്ക് പുതിയ നിര്‍വചനങ്ങള്‍ നല്‍കിയിട്ടുണ്ട്. പൗലോസ് ശ്ലീഹായുടെ വാക്കുകള്‍ ബെനഡിക്ട് പാപ്പാ ഉദ്ധരിക്കുന്നു: ''അവനോടൊപ്പം ഒരിക്കല്‍ മഹത്ത്വപ്പെടേണ്ടതിന് ഇപ്പോള്‍ അവനോടുകൂടെ നാം പീഡയനുഭവിക്കുന്നു'' (റോമ. 8:17).
ആഴമേറിയ ദൈവവിശ്വാസത്തിലേക്കു പ്രവേശിക്കുമ്പോള്‍ രോഗത്തോടും സഹനത്തോടുമുള്ള സമീപനം ഒരുപടി ഉയരുകയാണ്. ദൈവം തന്ന നന്മകള്‍ക്കായി അവിടുത്തെ സ്തുതിക്കുന്നതുപോലെ നിരാശാജനകമായ ദുരന്താനുഭവങ്ങളും ദൈവത്തെ സ്തുതിക്കണമെന്ന കാഴ്ചപ്പാടുണ്ടാക്കുന്നു. ആകസ്മികമായ അത്യാഹിതങ്ങളും ദുര്യോഗങ്ങളും ഉണ്ടാകുമ്പോള്‍, പലരും അതിനു കാരണക്കാരനെന്നു വിശ്വസിക്കുന്ന ദൈവത്തെ ശപിക്കുന്നു. എന്നാല്‍, ദുരന്താനുഭവങ്ങളിലും ദൈവത്തിനു സ്‌തോത്രം പാടുന്നവരുണ്ടെന്നു പറഞ്ഞാല്‍ വിശ്വസിക്കാന്‍ പ്രയാസം. വ്രണിതഹൃദയരായ അവരുടെ ദുരന്തത്തോടുള്ള പ്രതികരണം സര്‍ഗാത്മകമാകുന്നു. ഏതു തകര്‍ച്ചയിലും മറ്റൊരു സൃഷ്ടികര്‍മം നടക്കുന്നുവെന്ന് അവര്‍ ദൃഢമായി വിശ്വസിക്കുന്നു. നാം ആഗ്രഹിക്കുന്നതു സംഭവിക്കുമ്പോള്‍, നാം ഒരിക്കലും പ്രതീക്ഷിക്കാത്ത നന്മ അതില്‍നിന്ന് ജന്മമെടുക്കുന്നതു കാണാന്‍ കഴിയും.
ഏറെ സങ്കീര്‍ണമായ ഒരു സൂക്ഷ്മമാപിനി ഉപയോഗിച്ച് ദൃഷ്ടിഗോചരമല്ലാത്ത ജൈവാപചയങ്ങളെ മനുഷ്യന്റെ ശാസ്ത്രവൈഭവം  വേര്‍തിരിച്ചുകാണുന്നു. എന്നാല്‍, മനുഷ്യന്റെ മാന്ത്രികബുദ്ധിക്കും സൂക്ഷ്മാപിനിയുടെ അദ്ഭുതമിഴികള്‍ക്കും  അപ്രാപ്യമായ പലതും മനുഷ്യന്റെ രസതന്ത്രത്തില്‍ ഒളിഞ്ഞുകിടപ്പുണ്ടെന്ന യാഥാര്‍ത്ഥ്യം പലര്‍ക്കുമറിയില്ല. ഹൃദയധമനിയില്‍ തൊണ്ണൂറു ശതമാനം ബ്ലോക്കുള്ള, ഒരേ പ്രായവും ദൃഢതയും ഒരേ രോഗസ്വഭാവവുമുള്ള രണ്ടു വ്യക്തികളെ ഒരു കാര്‍ഡിയോളജിസ്റ്റ് ആന്‍ജിയോപ്ലാസ്റ്റി ചെയ്യുന്നു. രണ്ടുപേരുടെയും രോഗസൗഖ്യം ഒരുപോലെ ആയിരിക്കുമെന്നു പ്രതീക്ഷിച്ചെങ്കിലും ഒരാള്‍ സുഖംപ്രാപിച്ച് മൂന്നു ദിവസങ്ങള്‍ക്കുശേഷം ആശുപത്രി വിടുന്നു.  രണ്ടാമത്തെയാളിലെ രോഗസൗഖ്യം ഏറെ സങ്കീര്‍ണമാകുന്നു. അയാള്‍ക്കു വീണ്ടും നെഞ്ചുവേദനയും ഇ.സി.ജി.യില്‍ വ്യതിയാനങ്ങളുമുണ്ടാകുന്നു. ഒരാഴ്ചയ്ക്കകം അയാള്‍ മരണപ്പെടുന്നു. ഇവിടെ എന്താണു സംഭവിക്കുന്നത്? വിദഗ്ധനായ ഒരു കാര്‍ഡിയോളജിസ്റ്റ് ഒരേ ആപത്ഘടകങ്ങളും രോഗസ്വഭാവവുമുള്ള രണ്ടു വ്യക്തികളില്‍ ആന്‍ജിയോപ്ലാസ്റ്റി ചെയ്യുന്നു. ചികിത്സാഫലം ഒന്നുപോലെയാകുമെന്നു പ്രതീക്ഷിക്കുന്നു. എന്നാല്‍ വൈരുദ്ധ്യാത്മകമായി, രണ്ടു ഫലങ്ങളാണുണ്ടാകുന്നത്. രോഗാവസ്ഥയോടുള്ള രണ്ടു രോഗികളുടെയും സമീപനം തന്നെയായിരുന്നു ഇതിനു പ്രധാന കാരണം. അപരിമേയമായ മനഃശക്തിയോടെയും ശുഭപ്രതീക്ഷയോടെയും ആദ്യത്തെ വ്യക്തി രോഗത്തെ സമീപിച്ചപ്പോള്‍, ഭയവും വിഷാദവും ഉത്കണ്ഠയും നൈരാശ്യവും നിറഞ്ഞ അശുഭചിന്തകളോടെ രണ്ടാമത്തെ രോഗി തന്നെ ബാധിച്ച ദീനത്തെ നോക്കിക്കണ്ടു. എന്തൊക്കെ ചെയ്താലും മുക്തി ലഭിക്കാത്ത ഒരു തീരാവ്യാധിയാണ് തന്നെ കീഴ്‌പ്പെടുത്തിയിരിക്കുന്നതെന്ന് അയാള്‍ ദൃഢമായി വിശ്വസിച്ചു. ശരീരത്തിന്റെ കടിഞ്ഞാണായ മനസ്സ് ദുര്‍ബലപ്പെട്ടപ്പോള്‍ ഹൃദയം തോറ്റുകൊടുത്തുവെന്നു മാത്രം. അയാള്‍ മരണം ക്ഷണിച്ചുവരുത്തിയെന്നു വേണമെങ്കില്‍ പറയാം.
മനുഷ്യന്റെ വിശ്വാസങ്ങളും വികാരങ്ങളും ചിന്തകളും ശരീരകോശങ്ങളുടെ ജൈവഘടനയെയും ചയാപചയപ്രവര്‍ത്തനങ്ങളെയും മാറ്റിമറിക്കുന്നതായി  ഗവേഷണനിരീക്ഷണങ്ങള്‍ തെളിയിക്കുന്നു. രോഗങ്ങളെ ചെറുത്തുതോല്പിക്കാന്‍ സഹായിക്കുന്ന മനുഷ്യശരീരത്തിലെ പ്രതിരോധസംവിധാനം ഉത്തേജിപ്പിക്കാന്‍ ആഴമേറിയ വിശ്വാസത്തിനും ചിന്തകളുടെ ഗതിവിന്യാസങ്ങള്‍ക്കും കഴിയും. ശുഭകരമായ വികാരങ്ങളും നിഷേധാത്മകമായ ചിന്തകളും ശരീരത്തിന്റെ രോഗപ്രതിരോധസംവിധാനത്തില്‍ കാതലായ വ്യതിയാനങ്ങള്‍ ഉണ്ടാക്കുന്നതായി ന്യൂറോ ഇമ്മ്യൂണോളജിയില്‍ നടത്തിയിട്ടുള്ള ഗവേഷണങ്ങള്‍ തെളിയിക്കുന്നു. മനുഷ്യനില്‍ നിലനില്‍ക്കുന്ന വിശ്വാസങ്ങള്‍ക്കു രോഗങ്ങള്‍ സൃഷ്ടിക്കാനും ചെറുക്കാനും അനുകൂലസാഹചര്യങ്ങളില്‍ സൗഖ്യത്തിലേക്കു നയിക്കാനും കഴിയുന്നു. അമേരിക്കയിലെ മെഡിക്കല്‍ ഫൗണ്ടേഷനില്‍ നടത്തിയ നിരീക്ഷണങ്ങളില്‍ സ്‌നേഹത്തിലും വിശ്വാസത്തിലും സംതൃപ്തിയിലുമിരിക്കുന്ന വ്യക്തികളുടെ രക്തപരിശോധനയില്‍ ദോഷിയായ ലാക്റ്റിക് അമ്ലം കുറയുന്നതായും ഊര്‍ജസ്രോതസ്സായ  എന്‍ഡോഫിനുകളുടെ അളവു വര്‍ദ്ധിക്കുന്നതായും കണ്ടു. അതുമൂലം അക്കൂട്ടരുടെ ആരോഗ്യനിലവാരം സന്തുലിതമാകുന്നതായി തെളിഞ്ഞു.
രോഗചികിത്സയുടെ കാണാപ്പുറങ്ങളിലേക്കു സഞ്ചരിച്ചാല്‍ ഭിഷഗ്വരന്റെ മികവിനെയും ഔഷധങ്ങളുടെ ഫലപ്രാപ്തിയെയുംകാള്‍ ഉപരിയായി രോഗനിവാരണത്തിനുപിന്നില്‍ പ്രവര്‍ത്തിക്കുന്ന ചില ഘടകങ്ങളുണ്ടെന്നു മനസ്സിലാകുന്നു. ശ്രീബുദ്ധന്‍ ഇങ്ങനെ പറയുന്നു: ''ഓരോ മനുഷ്യന്റെയും സുഖവും ദുഃഖവും ആരോഗ്യവും സ്വന്തം ചിന്തയില്‍നിന്നാണു വരുന്നത്; മനസ്സാണ് എല്ലാം. നിങ്ങള്‍ ചിന്തിക്കുന്നത് നിങ്ങളായിത്തീരുന്നു.''
ശരീരത്തെ കാര്‍ന്നുതിന്നുന്ന വ്രണങ്ങള്‍ മനസ്സിന്റെ മൂര്‍ച്ച കൊണ്ടു ചെത്തിക്കളഞ്ഞ എത്രയെത്ര മഹാവ്യക്തികളെ നമുക്കറിയാം. ജീവിതത്തിന്റെ നേരേയുള്ള ദൃഢപ്രതീക്ഷകള്‍ ഔഷധമാക്കിക്കൊണ്ടാണ് മനസ്സ് രോഗങ്ങള്‍ കീഴടക്കുന്നത്. അപ്പോള്‍ മനസ്സിന്റെ അനന്തശക്തിയും മൂര്‍ച്ചയും പതിന്മടങ്ങാകുന്ന ഊര്‍ജസ്രോതസ്സുകൂടിയാണ് രോഗം. 'ദി പവര്‍ ഓഫ് യുവര്‍ സബ്‌കോണ്‍ഷ്യസ് മൈന്‍ഡ്' എന്ന വിഖ്യാതഗ്രന്ഥത്തില്‍ ഡോ. ജോസഫ് മര്‍ഫി, മനസ്സാണ് വില്ലനും ഔഷധവുമെന്നു പ്രസ്താവിക്കുന്നു. രോഗമുണ്ടാക്കാനും രോഗമകറ്റാനും ഉപബോധമനസ്സിനു സാധിക്കുമെന്നദ്ദേഹം വിശദീകരിക്കുന്നു.
ചരക-സുശ്രുതങ്ങളിലെ സംസ്‌കാരംപോലെ ചികിത്സ യഥാര്‍ത്ഥത്തില്‍ ഒരു പ്രാര്‍ത്ഥനയാണ്, തപസ്സാണ്. ശരീരത്തിനുമേലുള്ള രോഗത്തിന്റെ വന്യമായ അഹങ്കാരം നിഷ്പ്രഭമാക്കുന്ന പ്രാര്‍ത്ഥന. മനുഷ്യന്റെ സന്തുഷ്ടി കെടുത്തുന്ന രോഗത്തോടു വൈകാരികമായി രോഗി താദാത്മ്യം പ്രാപിച്ചുതുടങ്ങുന്നതോടെ രോഗശാന്തിപ്രക്രിയയില്‍ പുതിയൊരു ദര്‍ശനം ഉറവെടുക്കുന്നു. ബോധമണ്ഡലത്തെ രോഗരഹിതമായി നിലനിര്‍ത്തി അതിന്റെ ക്രിയാത്മകതയില്‍ ശരീരത്തെയും രോഗരഹിതമാക്കാമെന്ന് പുതിയ രോഗദര്‍ശനം വ്യക്തമാക്കുന്നു. ശാരീരികമാനസിക ഊര്‍ജസ്രോതസുകളെ പ്രോജ്ജ്വലമാക്കി മനുഷ്യനെ അനശ്വരതയുടെ ഔന്നത്യത്തിലേക്കു നയിക്കുന്നു.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)