ദൈവം തന്റെ രൂപത്തിലും സാദൃശ്യത്തിലും മനുഷ്യനെ സൃഷ്ടിച്ചു (ഉത്പ. 1:26). ദൈവം അവന് സകല ചരാചരങ്ങളുടെമേലും അധികാരം കല്പിച്ചു നല്‍കി (ഉത്പ. 1:28). ഈ രണ്ടു കാരണങ്ങളാല്‍ സൃഷ്ടിയുടെ തുടക്കംമുതലേ മഹോന്നതമായ ഒരു പദവിയാണ് ദൈവം മനുഷ്യനു നല്കിയത്.
മനുഷ്യന്‍ - ദൈവമഹത്ത്വം പ്രതിബിംബിക്കുന്ന സത്ത
ഏത് അര്‍ത്ഥത്തിലാണ് മനുഷ്യന്‍ ദൈവത്തിന്റെ രൂപത്തിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ടത്? അരൂപിയായ ദൈവത്തിന് ഭൗതികശരീരമില്ല. അതുകൊണ്ടുതന്നെ ദൈവം മനുഷ്യനെ തന്റെ ഭൗതികരൂപത്തിലും ഭൗതികസാദൃശ്യത്തിലുമാണ് സൃഷ്ടിച്ചത് എന്നു കരുതാനാവില്ലല്ലോ. പിന്നെ എന്ത്? റോമാക്കാര്‍ക്കുള്ള ലേഖനം മൂന്നാം അധ്യായം 23-ാം വചനം പറയുന്നു. എല്ലാവരും പാപം ചെയ്ത് ദൈവമഹത്ത്വത്തിന് അയോഗ്യരായി (റോമാ. 3:23). മനുഷ്യന്റെ യോഗ്യത എന്നത് അവനില്‍ ദൈവത്തിന്റെ മഹത്ത്വം കുടികൊള്ളുന്നു എന്ന സത്യമാണ്. ഈ രീതിയില്‍ ചിന്തിക്കുമ്പോള്‍ മനുഷ്യന്റെ സമ്പൂര്‍ണസത്തയിലൂടെ ദൈവികമഹത്ത്വം പ്രതിബിംബിക്കുകയാണു ചെയ്യുന്നത്. അല്ലാതെ ദൈവം മനുഷ്യനെ തന്റെ ഭൗതികരൂപത്തിലും സാദൃശ്യത്തിലും സൃഷ്ടിച്ചു എന്നു കരുതാനാവില്ലല്ലോ. മനുഷ്യനില്‍ കുടികൊള്ളുകയും അവനില്‍ പ്രതിബിംബിക്കുകയും ചെയ്യുന്ന ഈ മഹത്ത്വമാണ് അവന് ദൈവികവ്യക്തിത്വം നല്കുന്നത്. പാപം ചെയ്യുമ്പോള്‍ ഈ വ്യക്തിത്വവും മഹത്ത്വവും മനുഷ്യനു നഷ്ടമാകുന്നു.
മനുഷ്യന്റെ സര്‍ഗശക്തികള്‍ അതായത്, നമ്മിലെ ചിന്താശക്തി, അനുഭവങ്ങളില്‍നിന്നു ബോധപൂര്‍വം പാഠം പഠിക്കാനുള്ള ശക്തി, കൊള്ളേണ്ടതിനെ കൊള്ളാനും തള്ളേണ്ടതിനെ തള്ളാനുമുള്ള വിവേചനാശക്തി എന്നീ ദൈവികമായ സ്വഭാവങ്ങളിലൂടെ ദൈവമഹത്ത്വത്തിന്റെ പങ്കാളിയാവുകയാണു നാമോരോരുത്തരും. ദൈവദത്തമായ ഈ ദൈവികഭാവങ്ങളും ദൈവികസ്വഭാവങ്ങളും കാരണം നമ്മുടെ അസ്തിത്വത്തിന് ഒരു സ്വയംശ്രേഷ്ഠതയും ദൈവം കല്പിച്ചുതന്നിട്ടുണ്ട്.
ഈ ശ്രേഷ്ഠത മനുഷ്യനെ സംബന്ധിച്ചിടത്തോളം എന്നും എല്ലായ്‌പോഴും ഉത്തരവാദിത്വങ്ങള്‍ ഉള്‍ക്കൊള്ളുന്ന ശ്രേഷ്ഠതയാണ്. മറ്റു വാക്കുകളില്‍ പറഞ്ഞാല്‍, മനുഷ്യനു ഭരമേല്പിക്കപ്പെട്ടിരിക്കുന്ന ആധിപത്യം എന്നത് അവനിലെ ദൈവികചൈതന്യത്തിന്റെയും അതില്‍ അടങ്ങിയിരിക്കുന്നതും എന്നാല്‍ നിറവേറ്റപ്പെടേണ്ടതുമായ ഉത്തരവാദിത്വങ്ങളുടെയും ആകത്തുകയാണ്.
1. തന്റെ ജീവിതസാഹചര്യങ്ങളെ ക്രമപ്പെടുത്തുക.
2. പരിസ്ഥിതിയുടെ ആരോഗ്യകരമായ നിലനില്പിനു വേണ്ട സേവനങ്ങള്‍ നല്കുക.
3. സഹസൃഷ്ടികളെ അവയുടെ പൂര്‍ണതയിലേക്കു നയിക്കുക.
4. സൃഷ്ടികളുടെമേല്‍ ഉത്തരവാദിത്വബോധത്തോടെ അവയുടെ പരിചാരകരാകുക.
5. സഹസൃഷ്ടി കര്‍ത്താവായിക്കൊണ്ട് ദൈവത്തോടു ചേര്‍ന്ന്, സഹസൃഷ്ടികളുടെ പരിപോഷണത്തിനു വഴിയൊരുക്കുക.
പരമാധികാരം -ആത്മീയ മേല്‍ക്കോയ്മ
ദൈവം മനുഷ്യനു നല്കിയ ആധിപത്യം (ഉത്പ. 1:26-28), പ്രകൃതിയെയും സഹസൃഷ്ടികളെയും ചവിട്ടിമെതിക്കുന്നതിനും സ്വാര്‍ത്ഥലാഭങ്ങള്‍ക്കുവേണ്ടി ആവാസവ്യവസ്ഥയെപ്പോലും ചിതറിക്കുന്നതിനുമുള്ള അധികാരമല്ല. പ്രകൃതിയോടുള്ള ബന്ധത്തില്‍ ദൈവത്തോടൊപ്പമുള്ള പങ്കാളിത്തമാണ്. നമുക്കു നല്കപ്പെട്ട ദൈവസാദൃശ്യവും വിശിഷ്ടസ്വഭാവങ്ങളും മേലധികാരവും നമ്മെ പ്രകൃതിയില്‍നിന്നു വിഭിന്നമാക്കുന്ന സത്യങ്ങള്‍തന്നെയാണ്. അതേസമയം തന്നെ ജൈവികമായി നാം പ്രകൃതിയോടു ചേര്‍ന്നുമിരിക്കുന്നു. ശ്വസനവും ഭക്ഷണവും ചലനവും പ്രത്യുത്പാദനവും എല്ലാം ജൈവികമായി ക്രമീകരിക്കപ്പെട്ടിരിക്കുന്നു.
ചുരുക്കത്തില്‍, നമുക്ക് സ്രഷ്ടാവായ ദൈവത്തോട് എത്ര ആഴത്തില്‍ ബന്ധപ്പെട്ടിരിക്കാന്‍ കഴിയുമോ അത്രമാത്രമായിരിക്കും ഈ പരമാധികാരാനുഭവം പ്രാപ്യമാകുന്നത്. ചിന്തിക്കാനും പ്രാര്‍ത്ഥിക്കാനും സ്വയം തിരഞ്ഞെടുക്കാനും, പരമാധികാരം പുലര്‍ത്താനുമുള്ള കഴിവ് നമുക്ക് ദൈവികമായുള്ള ബന്ധത്തിന്റെ ഒരു പ്രകാശനം മാത്രമാണ്. നമ്മുടെ ആത്മീയശ്രേഷ്ഠതയുടെ അടയാളമാണ്, പ്രകാശനമാണ്. ആത്മീയത ഇല്ലാത്തവരും ആത്മീയത ഇല്ലാത്ത സാഹചര്യങ്ങളുമാണ് പ്രകൃതിയുടെ നാശത്തിനു പലപ്പോഴും കാരണമാകുന്നത്. പുല്ലിനെയും മണ്ണിനെയും വൃക്ഷലതാദികളെയും ആത്മീയതയുടെയും അനുഭവത്തിന്റെയും ഭാഗമാക്കിയ വി. ഫ്രാന്‍സീസ് അസ്സീസിയുടെ ജീവിതം നമുക്കു നല്കുന്ന സന്ദേശവും ഇതുതന്നെയത്രേ.
പ്രപഞ്ചത്തിനുമേല്‍ ദൈവം മനുഷ്യനു നല്കിയ പരമാധികാരം മനുഷ്യന്റെ അവകാശമായിരുന്നോ? ഒരിക്കലും അങ്ങനെ ചിന്തിക്കാനാകില്ല. ഈ പ്രപഞ്ചത്തിനുമേല്‍ അവകാശമുള്ള ദൈവം തന്റെ നിയോഗം മനുഷ്യനെ ഭരമേല്പിക്കുകയായിരുന്നു. അതായത്, പ്രപഞ്ചത്തിനുമേല്‍ മനുഷ്യനു ദൈവം നല്കിയ പരമാധികാരം സ്രഷ്ടാവ് മനുഷ്യനെ വിശ്വസിച്ചേല്പിച്ച ഒരു നിയോഗമാണ്.
പരമാധികാരം - പ്രകൃതിയുടെ പൂര്‍ണതയ്ക്കുവേണ്ടി
പരമാധികാരത്തെക്കുറിച്ചു വികലമായ പല ധാരണകളും നമ്മുടെയിടയില്‍ നിലനില്‍ക്കുന്നുണ്ട്. എന്റെ ഇഷ്ടമനുസരിച്ച് എന്തിനെയും തകര്‍ക്കുന്നതിനും എന്റെ ഇഷ്ടമനുസരിച്ച് എന്തിനെയും പണിതുയര്‍ത്തുന്നതിനും എനിക്ക് അധികാരമുണ്ട് എന്ന ചിന്തയാണ് ഏറ്റവും വികലമായത്. പ്രകൃതിയിലെ വ്യവസ്ഥാപിതക്രമങ്ങളെ, പ്രത്യേകിച്ച് ആവാസവ്യവസ്ഥക്രമങ്ങളെ തകര്‍ക്കുന്നതിനോ ചിന്തയെന്യേ മാറ്റിമറിക്കുന്നതിനോ ഉള്ളതല്ല മനുഷ്യന്റെ പരമാധികാരം. മറിച്ച്, സ്രഷ്ടാവായ ദൈവത്തിന്റെ ഇംഗിതമനുസരിച്ച്, അവിടുത്തെ പദ്ധതിയനുസരിച്ച് അവയെ പൂര്‍ണതയിലെത്തിക്കുക എന്നതാണ് പരമാധികാരത്തിന്റെ പ്രായോഗികാര്‍ത്ഥം. ഈ ഭൂമിയിലെ നിലനില്ക്കുന്ന വ്യവസ്ഥാക്രമങ്ങളെ, പ്രധാനമായും ജൈവവ്യവസ്ഥയെയും ആവാസവ്യവസ്ഥയെയും പൂര്‍ണതയിലെത്തിക്കാന്‍ ദൈവമനസ്സോടു ചേര്‍ന്ന് സഹായവും സഹകരണവും നല്‍കുമ്പോഴാണ് മനുഷ്യന്‍ പ്രപഞ്ചത്തിന്റെമേല്‍ പരമാധികാരമുള്ളവനായി മാറുന്നത്. മണ്ണിനോടുള്ള ബന്ധത്തിലും കൃഷിയോടും കൃഷിരീതികളോടുമുള്ള സമീപനത്തിലും എല്ലാം മനുഷ്യനെ നയിക്കേണ്ടത് മേല്പറഞ്ഞ മനോഭാവമായിരിക്കണം.
ഈ മനോഭാവം നശിച്ചിടത്തൊക്കെ മണ്ണും വിണ്ണും ഒന്നുപോലെ മറുതലിക്കാനും പ്രതികരിക്കാനും തുടങ്ങുന്നതു നാം കാണുന്നില്ലേ? മണ്ണും മണ്ണിന്റെ ഉത്പന്നങ്ങളും മണ്ണിന്റെ വിഭവങ്ങളുമെല്ലാം സത്യസന്ധതയും തത്ത്വദീക്ഷയുമില്ലാതെ വാണിജ്യവത്കരിക്കപ്പെട്ടുപോയ ഒരു ദുരവസ്ഥയ്ക്കല്ലേ നാമിപ്പോള്‍ ദൃക്‌സാക്ഷികളാകുന്നത്? മനുഷ്യനിലൂടെ മണ്ണിനു ലഭിക്കേണ്ട ദൈവികനന്മയും മണ്ണില്‍നിന്നു തിരികെ ലഭിക്കേണ്ട പ്രതിനന്മയും എല്ലാം നശിച്ചുപോയിരിക്കുന്ന ഒരു ജീവിതാവസ്ഥയത്രേ എങ്ങും സംജാതമായിക്കൊണ്ടിരിക്കുന്നത്.
പരമാധികാരം -ദൈവസ്വഭാവപ്രകടനം
ദൈവം തന്റെതന്നെ അധികാരത്തെ അപൂര്‍ണമായെങ്കിലും മനുഷ്യനുമായി പങ്കുവച്ചതുതന്നെയാണ്, പ്രപഞ്ചത്തിനുമേല്‍ അവനു ലഭിച്ച പരമാധികാരം. അങ്ങനെയെങ്കില്‍ സ്വാഭാവികമായും ഈ പരമാധികാരം പെരുമാറ്റശൈലിയിലേക്കു കടക്കുമ്പോള്‍ അവനും ദൈവസ്വഭാവത്തിന്റെ സവിശേഷതകള്‍തന്നെ വെളിപ്പെടുത്തേണ്ടിയിരിക്കുന്നു. പ്രകൃതിയോടും പ്രകൃതിവസ്തുക്കളോടും സഹജീവികളോടും മറ്റു സകല സഹസൃഷ്ടികളോടും ദൈവികമായ നീതിയോടെയും ദയയോടെയും സഹാനുഭൂതിയോടെയും കരുതലോടെയും മാത്രമേ അവനും ബന്ധപ്പെടാനാവൂ. പ്രകൃതിയുമായുള്ള എല്ലാ ബന്ധങ്ങളിലും ഈ ദൈവികസവിശേഷതകള്‍ നിറഞ്ഞുതുളുമ്പേണ്ടിയിരിക്കുന്നു.
ബന്ധങ്ങളാണു മനുഷ്യജീവിതത്തെ ശോഭായമാനമാക്കുന്നത്. നന്മയിലധിഷ്ഠിതമായ മനുഷ്യബന്ധങ്ങള്‍ നിലനിര്‍ത്തുക അവന്റെ പ്രഥമ കര്‍ത്തവ്യമാണ്. ഷൂമാക്കറിന്റെ വാക്കുകള്‍ ചിന്തോദ്ദീപകംതന്നെ: ''മനുഷ്യന്‍ പരിഷ്‌കാരിയോ പ്രാകൃതനോ എന്തുമായിക്കൊള്ളട്ടെ, അവന്‍ പ്രകൃതിയുടെ പൈതലാണ്. ഈ ഭൂമിയുടെമേല്‍ അവനു നല്കിയ പരമാധികാരം നിലനിര്‍ത്തണമെങ്കില്‍, അവന്റെ പ്രവൃത്തികളെല്ലാം പ്രകൃതിനിയമങ്ങള്‍ക്കനുസൃതമായിരിക്കണം. ഈ നിയമങ്ങളെയോ ക്രമങ്ങളെയോ മറികടക്കുമ്പോഴെല്ലാം അവന്റെ തന്നെ നിലനില്പിനെ സഹായിക്കുന്ന പരിസ്ഥിതിയെ നശിപ്പിക്കുകയും അതുവഴി അതിശീഘ്രം മാനവസംസ്‌കാരത്തിന്റെ അന്ത്യം കുറിക്കുകയും ചെയ്യും.''
പരമാധികാരം -പ്രകൃതിയുടെ പരിപാലനം
ഉത്പത്തി 2:5 ഇപ്രകാരം പറയുന്നു: ''ഏദന്‍തോട്ടം കൃഷി ചെയ്യാനും സംരക്ഷിക്കാനും ദൈവമായ കര്‍ത്താവ് മനുഷ്യനെ അവിടെയാക്കി.'' രണ്ടു വാക്കുകളില്‍ ഈ വിശുദ്ധവചനത്തിന്റെ സാരാംശത്തെ വിശദമാക്കാം. ഉപാസിക്കുക, പരിചരിക്കുക, പ്രകൃതിയെ ഉപാസിക്കാനും പരിചരിക്കാനുമാണ് ദൈവം മനുഷ്യനെ അവിടെയാക്കിയത്. ഒന്നിനെയും ചവിട്ടി മെതിക്കാനല്ല.
ഈ പരിചിന്തനങ്ങളെല്ലാം നിയതമായ ഒരു പെരുമാറ്റശൈലിയിലേക്കു മാറുവാന്‍ നമ്മെ പ്രോത്സാഹിപ്പിക്കുന്നു. ചില പ്രായോഗികനിര്‍ദേശങ്ങള്‍ ചിന്തിക്കാം.
1. വായു, ശബ്ദ, ജലമലിനീകരണത്തെ തടയുക. അതിനുള്ള വഴികള്‍ കണ്ടുപിടിക്കുകയും ചെയ്യുക.
2. വൃക്ഷങ്ങള്‍ നട്ടുപിടിപ്പിച്ചുകൊണ്ട് പ്രകൃതിയെ കൂടുതല്‍ ഹരിതമാക്കാം.
3. കഴിവതും ജല ഉപയോഗത്തില്‍ ഉത്തരവാദിത്വബോധം സൂക്ഷിക്കുക.
4. ഹരിതപ്രദേശങ്ങളുടെ വിസ്താരം പ്രോത്സാഹിപ്പിക്കുക.
5. ഉത്തരവാദിത്വത്തോടെ ശുചിത്വബോധം വളര്‍ത്തുക.
6. കുറച്ചുമാത്രം ഉത്പാദിപ്പിക്കുക, കുറച്ചുമാത്രം മിച്ചം വരുത്തുക, അതായത്, ആവശ്യത്തിനുമാത്രം വിഭവങ്ങളെ ഉപയോഗിക്കാന്‍ നമ്മെത്തന്നെ നിര്‍ബന്ധിക്കുക.
7. പ്രകൃതിവിഭവങ്ങളെ ചൂഷണം ചെയ്യാതിരിക്കുക.
8. സാമൂഹികവ്യവസ്ഥിതിയെ വഞ്ചിക്കുന്നതും ധാരാളിത്തത്തിന്റെ അഹങ്കാരം പിന്‍ബലം നല്‍കുന്നതുമായ നിര്‍മാണസംസ്‌കാരം അവസാനിപ്പിക്കുക.
9. ലാഭത്തിനും പ്രശസ്തിക്കുമായി നടത്തുന്ന മലയരിയല്‍, മണ്ണു മുറിക്കല്‍, മരംവെട്ട് ഇവ അവസാനിപ്പിക്കുക.
10. ഇലപ്പരപ്പും ജലപ്പരപ്പും ഭൂമിയില്‍ നിറയട്ടെ.