•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

ദൈവസ്‌നേഹത്തിന്റെ പനിമലര്‍

വൃതിയില്‍ ഒരു നിര്‍വൃതി കണെ്ടത്താന്‍ സാധിച്ച അല്‍ഫോന്‍സാമ്മയുടെ ജീവിതരഹസ്യമെന്നു പറയുന്നത്, തന്നെ വിളിച്ചവനോടുള്ള സ്‌നേഹത്താല്‍ നിറഞ്ഞു ജീവിക്കാന്‍ കഴിഞ്ഞുവെന്നുള്ളതാണ്. തന്നെ വിളിച്ചവന്റെ സ്‌നേഹത്തിലായിരിക്കാന്‍വേണ്ടി മാത്രമാണ് താന്‍ വിളിക്കപ്പെട്ടതെന്നും ആ വിളിച്ചവന്റെ സ്‌നേഹത്തില്‍ നിറഞ്ഞിരിക്കുമ്പോള്‍ മറ്റാരുടെയും സ്‌നേഹത്തിനു പ്രസക്തിയില്ല, കൊതിയില്ല, ഒരാഗ്രഹംപോലുമില്ല എന്ന അവസ്ഥയിലേക്കും അല്‍ഫോന്‍സാമ്മ വളര്‍ന്നു. സന്ന്യാസത്തിന്റെ ആത്മനിര്‍വൃതി ഇതാണ്. അല്‍ഫോന്‍സാമ്മയും കൊച്ചുത്രേസ്യായും ഒക്കെ അനുഭവിച്ച, ഇന്നും എത്രയോ സന്ന്യാസിമാരും സന്ന്യാസിനിമാരും അനുഭവിക്കുന്ന ആത്മനിര്‍വൃതിയാണത്. 

ആവൃതിയില്‍ നിര്‍വൃതിയില്ലാതെ വരുന്നത്, സ്‌നേഹം കിട്ടുന്നില്ല എന്ന പരാതിയും പരിഭവവും വരുമ്പോഴാണ്. ഈ പരിഭവം വരുന്നതു പലവിധത്തിലാണ്. അംഗീകാരം കിട്ടുന്നില്ല, വേണ്ടത്ര പരിഗണന കിട്ടുന്നില്ല, വേണ്ടത്ര പരിലാളന കിട്ടുന്നില്ല. അങ്ങനെ പരിഭവങ്ങളുടെ ഒരു അസ്വസ്ഥതയാണ് സന്ന്യാസത്തിലെ അസംതൃപ്തി എന്നു പറയുന്നത്. അല്‍ഫോന്‍സാമ്മയ്ക്കു പിറുപിറുപ്പുണ്ടായിരുന്നില്ല. എപ്പോഴെങ്കിലും എന്തിനെയെങ്കിലുംകുറിച്ച് പരിതപിച്ചതായോ പിറുപിറുത്തതായോ അല്‍ഫോന്‍സാമ്മയുടെ ജീവിതത്തില്‍ വായിക്കുന്നില്ല. കാരണം, എല്ലാത്തിനെയും ഉള്‍ക്കൊള്ളാനുള്ള ഒരു ജ്ഞാനത്തിന്റെ അടയാളമായി സഹനത്തെ സ്വീകരിക്കാനുള്ള കൃപ ദൈവസ്‌നേഹത്തിന്റെ നിറവിലൂടെ അല്‍ഫോന്‍സാമ്മ അനുഭവിച്ചിരുന്നു. 
മനുഷ്യസ്‌നേഹം മാറാം; പക്ഷേ, ദൈവസ്‌നേഹം മാറില്ല. മാറുന്ന മനുഷ്യസ്‌നേഹത്തിന്റെ കൊതിയുള്ളവളായിരുന്നില്ല അല്‍ഫോന്‍സാമ്മ. അത് ഈ ലോകജീവിതത്തിലാണ്, ഈ ലോകജീവിതത്തിന്റെ ശൈലിയില്‍ ജീവിക്കുമ്പോഴാണ്. മാറാത്ത ദൈവസ്‌നേഹത്തിന്റെ നിറവാണ് സന്ന്യാസത്തിലുള്ളത്. കുടുംബജീവിതത്തില്‍ സന്ന്യാസമോ, സന്ന്യാസജീവിതത്തില്‍ കുടുംബമോ വിജയിക്കാത്തതിന്റെ കാരണമതാണ്. രണ്ടിന്റെയും ശൈലിയും സിദ്ധിയും വേറേയാണ്. 
എനിക്കറിയാവുന്ന ഒരു സന്ന്യാസസമൂഹത്തെ ഒരു വൃദ്ധദമ്പതികള്‍ അവരുടെ വീട്ടില്‍ മഠത്തിന്റെ ശാഖ തുടങ്ങാനായി വിളിച്ചു. ഒരു കണ്ടീഷന്‍ മാത്രമേയുള്ളൂ; അപ്പാപ്പനെയും അമ്മാമ്മയെയും നോക്കണം. അവര്‍ സന്തോഷത്തോടെ വന്നു, ഭവനം ആരംഭിച്ചു. പക്ഷേ, ആ സന്തോഷം അധികനാള്‍ നീണ്ടുനിന്നില്ല. കാരണം, ഒരു കുടുംബത്തിനകത്തു സന്ന്യാസവും, സന്ന്യാസത്തിനകത്ത് കുടുംബവും ഒരുമിച്ചു പോവില്ല. രണ്ടിന്റെയും ശൈലികള്‍ വേറേയാണ്. രണ്ടിന്റെയും സിദ്ധികളും വേറേയാണ്. അവസാനം അപ്പാപ്പനും അമ്മാമ്മയും പറഞ്ഞു: ഞങ്ങള്‍ക്ക് ഒരു സന്തോഷവുമില്ല, സംതൃപ്തിയുമില്ല. 
സന്തോഷവും തൃപ്തിയും കിട്ടാത്തതുകൊണ്ട് ഞങ്ങളൊരു കൊച്ചുവീടുവച്ച് മാറിക്കൊള്ളാം, നിങ്ങള്‍ ഇവിടെ താമസിച്ചുകൊള്ളുക. ഇത് നമ്മെ ഇരുത്തിച്ചിന്തിപ്പിക്കേണ്ട പാഠമാണ്. കുടുംബജീവിതത്തില്‍ കിട്ടേണ്ട സ്‌നേഹവും അംഗീകാരവുമൊന്നും സന്ന്യാസത്തില്‍ ആഗ്രഹിച്ചാല്‍ സാധിക്കില്ല. സന്ന്യാസത്തില്‍ കിട്ടേണ്ട സ്‌നേഹവും അംഗീകാരവും ദൈവം മാത്രം തരുന്നതാണ്. 
നല്‍കുന്ന സ്‌നേഹവും ലഭിക്കുന്ന സ്‌നേഹവും ഒരുപക്ഷേ, നമ്മള്‍ മനസ്സിലാക്കുന്നത് കമിതാക്കള്‍ എന്നുപറയുന്നവരുടെ കൂട്ടത്തിലാണ്. പ്രേമിച്ചുനടക്കുന്ന ആ കാലഘട്ടത്തില്‍ അവര്‍ സ്‌നേഹിക്കാന്‍ മത്സരിക്കുകയാണ്. ആ സ്‌നേഹിക്കല്‍ എന്നുവച്ചാല്‍ തന്റെ സമയം കൊടുക്കുക, തന്റെ കരുതല്‍ കൊടുക്കുക, തന്റെ പരിഗണന കൊടുക്കുക, തന്റെ സാന്നിദ്ധ്യം കൊടുക്കുക-ഇതെല്ലാം സ്‌നേഹിക്കുന്നതിന്റെ അടയാളമാണ്.
പിന്നെ കുറച്ചുകഴിഞ്ഞ് അവര്‍ വിവാഹാന്തസ്സിലേക്കു പ്രവേശിച്ചുകഴിയുമ്പോള്‍ ഇതിന്റെ റിവേഴ്‌സായിട്ടാണു വരുന്നത്. എനിക്കു സ്‌നേഹം കിട്ടുന്നില്ല, എനിക്കു പരിഗണന കിട്ടുന്നില്ല, എന്നെ അംഗീകരിക്കുന്നില്ല, എന്നെ അനുസരിക്കുന്നില്ല, എനിക്കു സമയം തരുന്നില്ല, എന്നെ വേണ്ടത്ര സ്‌നേഹിക്കുന്നില്ല-പിന്നെ എല്ലാം മുറുമുറുപ്പുകളായി, പിറുപിറുപ്പുകളായി, ജീവിതം അതൃപ്തിയായി. 
അപ്പോള്‍, വിവാഹജീവിതത്തിനു മുമ്പ് അവര്‍ പ്രേമിച്ചു നടന്നപ്പോള്‍ കൊടുത്തിരുന്ന കരുതല്‍, കാവല്‍, പരിഗണന, പരിലാളന, സ്‌നേഹം, സാന്നിദ്ധ്യം, സാമീപ്യം എന്നിവയെല്ലാം പിന്നീട് അവര്‍ വിവാഹത്തിലൂടെ എന്നന്നേക്കുമായി ജീവിച്ചുതുടങ്ങിയപ്പോള്‍ മുതല്‍ ഡിമാന്റായി മാറി. ഡിമാന്റ് ചെയ്യുന്നിടത്താണ് സ്‌നേഹത്തിന്റെ പരാജയം ആരംഭിക്കുന്നത്. കിട്ടണം എന്നാഗ്രഹിക്കുമ്പോള്‍ കൊടുക്കണമെന്നാഗ്രഹിക്കുന്ന ആ ദിവ്യപ്രേമത്തിന്റെ അവസ്ഥ തുടര്‍ന്നാല്‍ ഒരിക്കലും സ്‌നേഹത്തിനു പരാജയമുണ്ടാകില്ല. സ്‌നേഹം വളരുകയേയുള്ളു. 
അപ്പോള്‍, കൊടുക്കുന്ന സ്‌നേഹമാണ് യഥാര്‍ത്ഥത്തില്‍ വളരുന്ന ആനന്ദം. ലഭിക്കണമെന്ന് ആഗ്രഹിക്കുകയും കിട്ടണമെന്നു നിര്‍ബന്ധിക്കുകയും ചെയ്യുന്ന സ്‌നേഹമാണ് താത്കാലികമായി കടന്നുപോകുന്ന സന്തോഷം. സന്ന്യാസത്തിലേക്കു വിളിച്ചിരിക്കുന്നത് കടന്നുപോകാത്ത ആനന്ദം അനുഭവിക്കാനാണെന്ന് അല്‍ഫോന്‍സാമ്മ തിരിച്ചറിഞ്ഞു. അതുകൊണ്ട് കടന്നുപോകാത്ത ഒരു സ്‌നേഹത്തിന്റെ നിറവ് അനുഭവിച്ചുകഴിഞ്ഞപ്പോള്‍ പിന്നെ ഇവിടെ കിട്ടേണ്ട സ്‌നേഹമെല്ലാം അപ്രസക്തമായി. അതിനൊന്നും യാതൊരു വിലയും കല്പിക്കാതെ വളരെ സന്തോഷത്തോടെ ജീവിക്കാന്‍ സാധിച്ചു. അല്‍ഫോന്‍സാമ്മ എന്നും സന്തോഷവതിയായിരുന്നതിന്റെ കാരണം അതാണ്. താന്‍ ഒന്നുമില്ലാത്തവളും ഒന്നുമല്ലാത്തവളും തനിക്കാരുമില്ലാത്തവളുമാണ് എന്നുള്ള തിരിച്ചറിവ്. താന്‍ എന്തെങ്കിലുമായിരിക്കുന്നത് ദൈവത്താലാണ്. ഈ ലോകത്തില്‍ ആരുമില്ലെങ്കിലും തനിക്കു ദൈവം ഉണ്ട് എന്നും ആ ദൈവത്തെ സ്‌നേഹിച്ചാല്‍ എല്ലാം പൂര്‍ത്തിയായി എന്നും ആ ദൈവസ്‌നേഹത്തിന്റെ നിറവാണ് തന്നെ വിളിച്ചിക്കുന്നത് എന്നും തിരിച്ചറിഞ്ഞപ്പോള്‍ പിന്നെ പരാതികളും പരിഭവങ്ങളുമില്ല. നേരിടേണ്ടിവന്ന സഹനങ്ങളും നിന്ദനങ്ങളും അസുഖങ്ങളും അസ്വസ്ഥതകളുമൊന്നും അല്‍ഫോന്‍സാമ്മയുടെ മുഖത്തുനിന്നു പ്രസാദം എടുത്തുകളഞ്ഞില്ല. അവള്‍ എപ്പോഴും പ്രസന്നവദനയായിരുന്നു. ഈ പ്രസാദം തന്റെ ഉള്ളിലുള്ള ദൈവകൃപയെ മുഖത്തു പ്രതിഫലിപ്പിച്ചതാണ്. നമ്മുടെ മുഖം വാടാന്‍ ദൈവപിതാവ് ആഗ്രഹിക്കുന്നില്ല. മുഖം എപ്പോഴും സന്തോഷത്തോടെയിരിക്കാന്‍, പ്രസാദത്തിലിരിക്കാന്‍ ആഗ്രഹിക്കുന്ന ഒരു പിതാവിന്റെ മകളാകാനാണ്, മകനാകാനാണ് സന്ന്യാസത്തിലേക്കു വിളിക്കപ്പെട്ടിരിക്കുന്നത്. ആ വിളി തിരിച്ചറിഞ്ഞപ്പോള്‍ അല്‍ഫോന്‍സാമ്മയെ സംബന്ധിച്ചിടത്തോളം വളരെ ലളിതസുന്ദരമായിരുന്നു സന്ന്യാസജീവിതം. 
ദാസന്റെ വേഷം സ്വീകരിക്കുന്ന സന്ന്യാസമല്ല, ദാസന്റെ രൂപം സ്വീകരിച്ചപ്പോള്‍ തന്നെത്തന്നെ ശൂന്യമാക്കുന്ന സാദൃശ്യവും പ്രകൃതവും ഏറ്റുവാങ്ങാന്‍ സാധിച്ച ജീവിതശൈലിയായിരുന്നു അല്‍ഫോന്‍സാമ്മയുടേത്. ആകൃതിയില്‍ ദാസിയായി സന്ന്യാസജീവിതം ധരിച്ച ആളായിരുന്നില്ല അല്‍ഫോന്‍സാമ്മ. പ്രകൃതത്തില്‍ ദാസന്റെ രൂപം സ്വീകരിച്ച വ്യക്തി. അപ്പോള്‍ പിന്നെ തങ്ങളിലുള്ള പ്രകൃതം എന്നുപറയുന്നത് ദാസിയുടെ പ്രകൃതമാണ്. തന്നെത്തന്നെ ശൂന്യനാക്കി ആ ശൂന്യനാക്കിയ യേശുവിന്റെ പ്രകൃതം തന്റെ പ്രകൃതത്തില്‍ ലയിച്ചുചേര്‍ന്നപ്പോള്‍ തന്നില്‍നിന്നു വന്ന പ്രകൃതം മുഴുവന്‍ ഒന്നുമില്ലായ്മയുടെയും ഒന്നിനോടുമൊരു ആകര്‍ഷണം തോന്നാത്തതിന്റെയും ചിന്തയായിരുന്നു. അമ്മത്രേസ്യാ പറഞ്ഞില്ലേ, സര്‍വ്വതും താനേ കടന്നുപോകും. കടന്നുപോകാത്തത് ദൈവം മാത്രമാണ്. ദൈവം മാത്രം മതി ദൈവത്തെ വേറിട്ട് ഇനി എന്തു വേണ്ടൂ എന്നാണ്. ദൈവത്തിനു നിരക്കാത്തതും ദൈവത്തിനു സന്തോഷം കൊടുക്കാത്തതും ദൈവത്തിനു മഹത്ത്വം കൊടുക്കാത്തതും ദൈവത്തെ പ്രസാദിപ്പിക്കാത്തതുമായിട്ടുള്ള ഈ ലോകത്തെ അംഗീകാരങ്ങള്‍ക്കും ബഹുമതികള്‍ക്കും സുഖങ്ങള്‍ക്കുംവേണ്ടിയിട്ടാണോ സന്ന്യാസത്തിലേക്കു വിളിക്കപ്പെട്ടിരിക്കുന്നത് എന്ന ചോദ്യമാണ് അല്‍ഫോന്‍സാമ്മ നമ്മുടെ മുമ്പില്‍ ഒരു വെല്ലുവിളിയായി ഉയര്‍ത്തുന്നത്. 
അല്‍ഫോന്‍സാമ്മ contemplatively active ആയിരിക്കാനല്ല,actively contemplative ആയിരിക്കാനാണ് പരിശ്രമിച്ചത്. ആ വിളി തിരിച്ചറിഞ്ഞപ്പോള്‍ അല്‍ഫോന്‍സാമ്മയ്ക്കു ലോകത്തിനു മരിച്ചു ജീവിക്കുവാന്‍ സാധിച്ചു. ലോകവും അതിന്റെ ആശകളും ധീരതയോടെ വെടിഞ്ഞവളായിരുന്നു അല്‍ഫോന്‍സാമ്മ. അതുകൊണ്ട് ലോകമായകളെ നോക്കി പുച്ഛിക്കുവാന്‍ സാധിച്ചു. കാരണം, ആനന്ദംതന്നെയായ ദൈവം ഉള്ളില്‍ നിറഞ്ഞിരിക്കുകയാണ്. കടന്നുപോകാത്തതും മാഞ്ഞുപോകാത്തതും മായമില്ലാത്തതും എന്നേക്കുമായിട്ടുള്ള ആനന്ദം ഉള്ളിലുണ്ട്.
ഗോതമ്പുമണി നിലത്തു വീഴാതെ അഴിഞ്ഞാല്‍ അതിന് ജീവനുണ്ടാവുകയില്ല. നേരേ മറിച്ച്, നിലത്തു വീണ് അഴിഞ്ഞാല്‍ അതിനു ജീവനുണ്ടാകും. വി. അല്‍ഫോന്‍സാമ്മ താനാകുന്ന ഗോതമ്പുമണി നന്നായി പാകപ്പെടുത്തിയ നിലത്ത്, നൂറുമേനി വിളവു നല്‍കുന്ന നിലത്തു വീണഴിഞ്ഞ് തന്നിലൂടെ ഒരു ജീവിതമുണ്ടാകണമെന്ന് ആഗ്രഹിച്ചു. അപ്പോള്‍, താന്‍ അഴിയാത്തിടത്തോളം കാലം തന്നിലൂടെ മറ്റുള്ളവര്‍ക്കു ജീവനുണ്ടാകില്ല. തന്നിലുള്ള പ്രസാദം മുഖത്തു നിഴലിക്കുന്നില്ല എന്നുണെ്ടങ്കില്‍ ഉള്ളിലനുഭവിക്കുന്ന ദൈവത്തിന്റെ സംതൃപ്തി മറ്റുള്ളവരിലേക്കു തന്റെ നോട്ടത്തിലൂടെയോ ചിരിയിലൂടെയോ പെരുമാറ്റത്തിലൂടെയോ പ്രകൃതത്തിലൂടെയോ കൊടുക്കാന്‍ സാധിക്കുകയില്ല. ദൈവം നമ്മില്‍നിന്നാഗ്രഹിക്കുന്നത് വിളിച്ച വിളിയിലുള്ള നിറവിനുവേണ്ടിയാണ്. നിറവ് അനുഭവിക്കണം എന്നുണെ്ടങ്കില്‍ അല്‍ഫോന്‍സാമ്മയെപ്പോലെ സ്‌നേഹമെന്നുള്ളതു കൊടുക്കാനുള്ളതാണ്, കിട്ടാനുള്ളതല്ല എന്ന തിരിച്ചറിവുണ്ടാകണം. കിട്ടുന്ന സ്‌നേഹം കടന്നുപോകും. കൊടുക്കുന്ന സ്‌നേഹം ഒരിക്കലും കടന്നുപോകാത്തതാണ്. ദൈവത്തിന്റെ സ്‌നേഹം തിരിച്ചറിയുമ്പോള്‍ ലോകത്തിന്റെ വഴികളില്‍ ഉഴലാതെ, പാപത്തിന്റെ പാതകള്‍ പുണരാതെ ദൈവത്തിന്റെ പൂവനിയില്‍ പനിമലരായി വിരിയാന്‍ നമുക്കും കഴിയും, അല്‍ഫോന്‍സാമ്മയെപ്പോലെ. ആ ധന്യജീവിതം ഈ ലോകമാകുന്ന ജീവിതത്തില്‍ നമുക്കോരോരുത്തര്‍ക്കും വെല്ലുവിളിയാണ്. ആ വെല്ലുവിളി ഏറ്റെടുക്കാനും ലോകത്തിന്റെ പനിമലരായി മാറാനും അല്‍ഫോന്‍സാമ്മ നമുക്ക് മാതൃകയാകട്ടെ, പ്രേരണയാകട്ടെ. വിശുദ്ധ അല്‍ഫോന്‍സാമ്മേ, ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണമേ.

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)