•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കായി ഉയര്‍ന്ന പുരോഹിത ശബ്ദം

ദെവത്തിന്റെ നിലവാരം തീരെ താഴ്ന്നതാണെന്നും അതിനാല്‍ സ്വര്‍ഗത്തില്‍ ചെല്ലുമ്പോള്‍ നിങ്ങള്‍ ഞെട്ടിയേക്കുമെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. അതായത്, നിങ്ങള്‍ തീരെ പ്രതീക്ഷിക്കാത്ത ചില പാവങ്ങളെയും പാപികളെയുമൊക്കെ അവിടെ കണ്ടേക്കുമെന്നു സാരം. കൊള്ളയടിക്കപ്പെട്ട, അടിച്ചമര്‍ത്തപ്പെട്ട  ഒരു ജനതയുടെ ശബ്ദമായിരുന്നു അദ്ദേഹം.

''പ്രിയരേ,
അദ്ഭുതകരമായ പ്രകൃതിവിഭവങ്ങള്‍, വിശാലവും വിസ്തൃതവുമായ പര്‍വതങ്ങള്‍, പാടുന്ന പക്ഷികള്‍, നീലാകാശത്തില്‍ തിളങ്ങുന്ന നക്ഷത്രങ്ങള്‍, ഉജ്ജ്വലമായ സൂര്യപ്രകാശം  എന്നിവ ദൈവം സമൃദ്ധമായി നല്‍കിയ മനോഹരമായ ഒരു ഭൂമിയില്‍നിന്നാണ് ഞാന്‍ വരുന്നത്. ദൈവത്തിന്റെ ഔദാര്യത്തില്‍നിന്നു ലഭിക്കുന്ന ഈ മനോഹാരിത സര്‍വരുടെയും ആവശ്യങ്ങള്‍ നിറവേറ്റാന്‍ മതിയാകും. എന്നാല്‍, വര്‍ണവിവേചനത്തിന്റെ സ്വാര്‍ത്ഥകരങ്ങള്‍ വിഭവങ്ങളുടെ സിംഹഭാഗവും കൈയടക്കിയിരിക്കുന്നു.''
1984 ഡിസംബര്‍ 11 ന് ഓസ്ലോയിലെ നോബല്‍സമ്മാനവേദിയില്‍ മുഴങ്ങിക്കേട്ട ഈ ശബ്ദം ആര്‍ച്ചുബിഷപ് ഡെസ്മണ്ട് ടുട്ടു എന്ന ആംഗ്‌ളിക്കന്‍ പുരോഹിതശ്രേഷ്ഠന്റേതാണ്. സത്യത്തില്‍ ആരായിരുന്നു ഈ കറുത്ത കുറിയ മനുഷ്യന്‍....?
ദക്ഷിണാഫ്രിക്കയിലെ വര്‍ണ വിവേചനത്തിനെതിരേയുള്ള പോരാട്ടത്തിന്റെ മുന്നണിപ്പോരാളി... മതത്തെ മനുഷ്യവിമോചനത്തിനുള്ള പ്രത്യയശാസ്ത്രമായി അവതരിപ്പിച്ച ധിഷണാശാലി....
പുരോഗമനശബ്ദങ്ങള്‍ക്ക് ആവേശവും കരുത്തും പകര്‍ന്ന നേതാവ്.... വിശേഷണങ്ങളുടെ നിര അങ്ങനെ നീണ്ടുപോകുന്നു.
ദൈവത്തിന്റെ നിലവാരം തീരെ താഴ്ന്നതാണെന്നും അതിനാല്‍ സ്വര്‍ഗത്തില്‍ ചെല്ലുമ്പോള്‍ നിങ്ങള്‍ ഞെട്ടിയേക്കുമെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. അതായത്, നിങ്ങള്‍ തീരെ പ്രതീക്ഷിക്കാത്ത ചില പാവങ്ങളെയും പാപികളെയുമൊക്കെ അവിടെ കണ്ടേക്കുമെന്നു സാരം. കൊള്ളയടിക്കപ്പെട്ട, അടിച്ചമര്‍ത്തപ്പെട്ട  ഒരു ജനതയുടെ ശബ്ദമായിരുന്നു അദ്ദേഹം.
ജീവിതരേഖ
1931 ഒക്ടോബര്‍ 7 ന്  ട്രാന്‍സ്വാളിനു സമീപം ക്ലെര്‍ക്ക്‌സ്‌ദോര്‍പ് എന്ന ചെറു  പട്ടണത്തില്‍  സഖറിയ സിലിലോ ടുട്ടുവിന്റെയും അലെറ്റോയുടെയും മകനായി  ഡെസ്മണ്ട് എംപിലോ ടുട്ടു ജനിച്ചു.
അധ്യാപകനായിരുന്ന പിതാവും ഒരു അന്ധവിദ്യാലയത്തിലെ പാചകക്കാരിയായിരുന്ന മാതാവും രണ്ടു സഹോദരങ്ങളുമടങ്ങുന്ന  കുടുംബം ടുട്ടുവിന്റെ പന്ത്രണ്ടാം വയസ്സില്‍ ജോഹനാസ്ബര്‍ഗിലേക്കു താമസം മാറി. ഒരു ഡോക്ടറാകണമെന്ന് അതിയായ ആഗ്രഹിച്ചിരുന്നുവെങ്കിലും പിതാവിനെപ്പോലെ അധ്യാപനത്തിന്റെ വഴി തിരഞ്ഞെടുക്കാനായിരുന്നു നിയോഗം. വര്‍ണവിവേചനത്തിന്റെ എല്ലാ ദോഷവശങ്ങളുടെയും നടുവിലായിരുന്നു ഡെസ്മണ്ടിന്റെയും ജീവിതം. എന്നാല്‍, വെള്ളക്കാരനായ ഒരു പുരോഹിതന്‍ കറുത്തവര്‍ഗക്കാരായ ഡെസ്മണ്ടിനും മാതാവിനും ആശംസകള്‍ അര്‍പ്പിച്ചത് അദ്ദേഹത്തിന് വല്ലാത്ത സന്തോഷം ഉളവാക്കി. ഡെസ്മണ്ടിന്റെ ആദ്യത്തെ മാതൃകാപുരുഷനായിരുന്നു ഈ പാതിരി. അധ്യാപകനായി ജോലി നോക്കുമ്പോഴും അതിന്റെ സാമ്പ്രദായികരീതികളോടു പൊരുത്തപ്പെടാന്‍ അദ്ദേഹത്തിനാകുമായിരുന്നില്ല. 1960 ല്‍ ജോഹനാസ്ബര്‍ഗിലെ സെന്റ് പീറ്റേഴ്‌സ് കോളജില്‍നിന്നു ദൈവശാസ്ത്രത്തില്‍ ബിരുദം പൂര്‍ത്തിയാക്കിയശേഷം, ആംഗ്ലിക്കന്‍സഭയില്‍ പുരോഹിതനായി ഔദ്യോഗികജീവിതം ആരംഭിച്ചു.
1962 ല്‍ ഡെസ്മണ്ട് കിങ്‌സ് കോളജ് ലണ്ടനില്‍നിന്ന് ദൈവശാസ്ത്രത്തില്‍ ബിരുദവും  ബിരുദാനന്തബിരുദവും കരസ്ഥമാക്കി. ഇക്കാലയളവില്‍ ലണ്ടനില്‍ത്തന്നെയുള്ള വിവിധ പള്ളികളില്‍ ഡെസ്മണ്ട് പകുതിസമയ പുരോഹിതനായി സേവനമനുഷ്ഠിച്ചിരുന്നു. വിദ്യാഭ്യാസം പൂര്‍ത്തീകരിച്ചശേഷം ഡെസ്മണ്ട് ദക്ഷിണാഫ്രിക്കയിലേക്കുതന്നെ തിരിച്ചുവന്നു.
1955 ല്‍ നൊമാലിയോ ലിയയെ തന്റെ  ജീവിതപങ്കാളിയായി തിരഞ്ഞെടുത്തു. സുന്ദരമായ  ആ  ദാമ്പത്യത്തില്‍ പിതാവിന്റെ വഴികളെ  പിഞ്ചെല്ലുന്ന എംഫോ ആന്‍ഡ്രിയ ടുട്ടു ഉള്‍പ്പെടെ നാലു മക്കളാണുള്ളത്.
ഔദ്യോഗികജീവിതം
കറുത്തവര്‍ഗക്കാരനായ ആദ്യത്തെ ആഫ്രിക്കന്‍ ആംഗ്ലിക്കന്‍ ആര്‍ച്ചുബിഷ പ്പാണ് ടുട്ടു. മനുഷ്യാവകാശത്തിനായി പോരാടിയ അദ്ദേഹം അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കായി ശബ്ദമുയര്‍ത്താന്‍ തന്റെ പൗരോഹിത്യംവഴി കരഗതമായ  ഉന്നതപദവിയെ സമൃദ്ധമായി ഉപയോഗപ്പെടുത്തി. 1976 ല്‍ ലെസോത്തോയിലെ ബിഷപ്പായി നിയമിതനായ അദ്ദേഹം ജോഹനാസ്ബര്‍ഗിലെ ബിഷപ്പായും കേപ്ടൗണ്‍ ആര്‍ച്ചു ബിഷപ്പായും തുടര്‍ന്നു സേവനമനുഷ്ഠിച്ചു.
വര്‍ണവിവേചനത്തിനെതിരേ
1976 ല്‍ ദക്ഷിണാഫ്രിക്കയില്‍ നടന്ന സൊവേറ്റോകലാപത്തോടെയാണ് വര്‍ണവിവേചനത്തിനെതിരേയുള്ള സമരത്തില്‍ പങ്കാളിയാവാന്‍ ഡെസ് മണ്ട് തീരുമാനിച്ചത്. 1976 മുതല്‍ 1978 വരെ സൗത്ത് ആഫ്രിക്കന്‍ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസിന്റെ സെക്രട്ടറി ജനറലായി ബിഷപ് ഡെസ്മണ്ട് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. കൗണ്‍സിലിന്റെ സെക്രട്ടറി ജനറല്‍ എന്ന സ്ഥാനം ഉപയോഗിച്ച് അദ്ദേഹം വര്‍ണവിവേചനത്തിനെതിരേ നിരന്തരം പോരാടി. തന്റെ പ്രസംഗങ്ങളിലൂടെയും രചനകളിലൂടെയും ഡെസ്മണ്ട് ഈ ദേശീയവിപത്തിനെതിരേ ശക്തമായ പ്രക്ഷോഭം നയിച്ചു.
വര്‍ണവിവേചനത്തിനെതിരായുള്ള പോരാട്ടത്തില്‍ പങ്കാളികളാകാന്‍  ദക്ഷിണാഫ്രിക്കയിലെ എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളോടും ഡെസ്മണ്ട് ആഹ്വാനം ചെയ്തു. നെല്‍സണ്‍ മണ്ടേലയും മഹാത്മാഗാന്ധിയും പിന്തുടരുന്ന ആശയധാരയെ സര്‍വാത്മനാ ഏറ്റുവാങ്ങിയ ജീവിതമായിരുന്നു അദ്ദേഹത്തിന്റെത്.
തന്റെ ചിരകാലസുഹൃത്തിന്റെ വിയോഗത്തില്‍ ടിബറ്റന്‍ ആത്മീയനേതാവായ ദലൈലാമ ഇപ്രകാരം കുറിക്കുന്നു:'അര്‍ത്ഥപൂര്‍ണ്ണമായ ജീവിതം നയിച്ച ഒരു മഹാനെയാണ് നമുക്ക് നഷ്ടമായത്. മറ്റുള്ളവരുടെ, പ്രത്യേകിച്ച്, ഭാഗ്യം കുറഞ്ഞവരുടെ സേവനത്തില്‍ അദ്ദേഹം അര്‍പ്പിതനായിരുന്നു. അദ്ദേഹത്തെപ്പോലെ പാര്‍ശ്വവത്കരിക്കപ്പെട്ടവരെ ചേര്‍ത്തുനിര്‍ത്തിക്കൊണ്ടും  മറ്റുള്ളവരെ എങ്ങനെ സഹായിക്കാനാകുമെന്ന് നിരന്തരം ചിന്തിച്ചുകൊണ്ടും നമുക്ക് അദ്ദേഹത്തിന് സ്മരണാഞ്ജലി അര്‍പ്പിക്കാം.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)