•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

പുതുവര്‍ഷത്തില്‍ പ്രത്യാശയുടെ കിരണം

കൊടുങ്കാറ്റും പേമാരിയും ഭൂകമ്പവും ലോകമെമ്പാടും ഭീതി വിതയ്ക്കുന്ന ഇക്കാലത്ത് നമ്മുടെ കണ്ണും കാതും തുറക്കണം. ദൈവികപദ്ധതി തിരിച്ചറിഞ്ഞ് സഹജീവികളെയും പ്രകൃതിയെയും സംരക്ഷിക്കുന്നവരായി നാം മാറണം. മനുഷ്യന്‍ അത്യാര്‍ത്തി വെടിഞ്ഞു വരുംതലമുറയ്ക്കായി മിച്ചംവയ്ക്കുന്ന കാവല്‍ക്കാരനാകണം. നമ്മുടെ സ്വത്തും സമ്പത്തുമൊക്കെ മറ്റുള്ളവര്‍ക്കും ആവശ്യക്കാര്‍ക്കും നല്‍കുന്ന പങ്കിടല്‍മനോഭാവം നാം വളര്‍ത്തിയെടുക്കണം

കൊവിഡ് മഹാമാരിയുടെയും പ്രകൃതിക്ഷോഭങ്ങളുടെയും  ഭയപ്പെടുത്തുന്ന കാലഘട്ടത്തില്‍നിന്നു പ്രത്യാശയുടെ  കിരണങ്ങളുമായാണ് 2022 ലെ പുതുവര്‍ഷത്തിലേക്കു നാം പ്രവേശിക്കുന്നത്. 2023 ഒക്‌ടോബറില്‍ നടക്കുന്ന മെത്രാന്മാരുടെ സിനഡിന് ആമുഖമായുള്ള സിനഡിന്റെ പാത ഒരുക്കുന്ന പ്രക്രിയയ്ക്ക് 2021 ഒക്‌ടോബറില്‍ തുടക്കംകുറിച്ചു. കൂട്ടായ്മയുടെ പങ്കാളിത്തവും പ്രേഷിതദൗത്യവും വഴി ഒരു സിനഡാത്മകസഭയിലേക്കു ദൈവജനത്തെ നയിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു.
ഫ്രാന്‍സീസ് മാര്‍പാപ്പായുടെ 'നാം സോദരര്‍' എന്ന 2020 ലെ ചാക്രികലേഖനം സാഹോദര്യത്തിനും സാമൂഹികസൗഹൃദത്തിനും ആഹ്വാനം ചെയ്തു.  മനുഷ്യന്‍ പ്രപഞ്ചത്തെ സംരക്ഷിക്കുന്നവനും അതിന്റെ കാവല്‍ക്കാരനുമാകണമെന്നും ഫ്രാന്‍സീസ് മാര്‍പാപ്പാ നമ്മെ ഓര്‍മിപ്പിച്ചു. ദൈവം നല്‍കിയ പ്രകൃതിവിഭവങ്ങളെ ഉത്തരവാദിത്വത്തോടെ വിനിയോഗം ചെയ്യണമെന്ന അദ്ദേഹത്തിന്റെ ആഹ്വാനം ഏറ്റവും പ്രസക്തമാണ്. കാലാവസ്ഥാവ്യതിയാനവും കൊടുങ്കാറ്റും പേമാരിയും ഭൂകമ്പവും ലോകമെമ്പാടും ഭീതി വിതയ്ക്കുന്ന ഇക്കാലത്ത് നമ്മുടെ കണ്ണും കാതും തുറക്കണം. ദൈവികപദ്ധതി തിരിച്ചറിഞ്ഞ് സഹജീവികളെയും പ്രകൃതിയെയും സംരക്ഷിക്കുന്നവരായി നാം മാറണം. മനുഷ്യന്‍ അത്യാര്‍ത്തി വെടിഞ്ഞു വരുംതലമുറയ്ക്കായി മിച്ചംവയ്ക്കുന്ന കാവല്‍ക്കാരനാകണം. നമ്മുടെ സ്വത്തും സമ്പത്തുമൊക്കെ മറ്റുള്ളവര്‍ക്കും ആവശ്യക്കാര്‍ക്കും നല്‍കുന്ന പങ്കിടല്‍മനോഭാവം നാം വളര്‍ത്തിയെടുക്കണം.
2023 ലെ സിനഡ് പരിശുദ്ധാത്മാവിനെ ശ്രവിച്ചുകൊണ്ട് ഒരുമിച്ചു യാത്ര ചെയ്യാനുള്ള ശ്രമമാണ്. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന, എല്ലാവര്‍ക്കും പങ്കാളിത്തമുള്ള കൂട്ടായ്മയാണിത്. ഓരോരുത്തരും അവരവരുടെ വിളിക്കനുസൃതമായി കടമകള്‍ നിര്‍വഹിക്കുന്നു. ദൈവവിളി എന്നത് എല്ലാവര്‍ക്കുമുള്ളതാണ്. അതൊരു ഉത്തരവാദിത്വമാണ്. ബന്ധങ്ങള്‍ ശക്തിപ്പെടുത്താനും വിഭാഗീയതകള്‍ ഒഴിവാക്കാനും എല്ലാവരും ശ്രമിക്കണം.
പട്ടിണിക്കാരുടെ ഇന്ത്യ
2021 ല്‍ പുറത്തുവന്ന ആഗോള വിശപ്പുസൂചികയില്‍ 116 രാജ്യങ്ങളുടെ ലിസ്റ്റില്‍ ഇന്ത്യയുടെ സ്ഥാനം 101 എന്നത് കൂടുതല്‍ ശ്രദ്ധ ആവശ്യമുള്ളതാണെന്ന കാര്യം ഭരണാധികാരികളോടൊപ്പം നാമും മനസ്സിലാക്കി പ്രവര്‍ത്തിക്കണം. പല രംഗത്തും ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിക്കാന്‍ നമുക്കു സാധിച്ചെങ്കിലും ദാരിദ്ര്യനിര്‍മാര്‍ജനത്തിലും വിദ്യാഭ്യാസത്തിലും നാം വളരെ പിന്നിലാണെന്ന യാഥാര്‍ത്ഥ്യം മനസ്സിലാക്കി കൂടുതല്‍ പദ്ധതികള്‍ ആസൂത്രണം ചെയ്തു നടപ്പാക്കണം. പാവങ്ങള്‍ക്കു ഗുണകരമായ പ്രവര്‍ത്തനങ്ങളാണു വേണ്ടത്.
സ്‌നേഹവും പ്രണയവും
നിസ്വാര്‍ത്ഥവും നിര്‍മലവുമായ സ്‌നേഹവും പ്രണയവും സ്വാര്‍ത്ഥതയ്ക്കും ഉപഭോഗസംസ്‌കാരത്തിനും ചൂഷണത്തിനും വഴിമാറുന്നതായാണ് ആനുകാലികസംഭവങ്ങള്‍ വ്യക്തമാക്കുന്നത്. മൂല്യബോധവും ദൈവചിന്തയും ആത്മീയതയും ഇവയെ വിശുദ്ധമാക്കുന്നു. ജഡികാസക്തിയും ഭൗതികചിന്തകളും ദൈവനിഷേധവും വികലമായ ബന്ധങ്ങളിലേക്കും അപക്വമായ ലൈംഗികബന്ധങ്ങളിലേക്കും നയിക്കുന്നു. സാമൂഹിക അരാജകത്വവും തിന്മയും പെരുകുവാന്‍ കാരണമാകുന്നു. ധാര്‍മികതയ്ക്കും ശുദ്ധതയ്ക്കും നന്മയ്ക്കും പകരം അധാര്‍മികതയും അശുദ്ധചിന്തകളും പ്രവൃത്തികളുംവഴി തിന്മയിലേക്കും നാശത്തിലേക്കും നയിക്കുന്ന ഈ ചതിക്കെണികളെപ്പറ്റി നമ്മുടെ യുവജനങ്ങളെ ബോധവാന്മാരാക്കേണ്ടിയിരിക്കുന്നു. മാതാപിതാക്കള്‍ക്കും അധ്യാപകര്‍ക്കും ഇക്കാര്യത്തില്‍ വലിയ ഉത്തരവാദിത്വമുണ്ട്. ശരീരത്തിന്റെയും ഹൃദയത്തിന്റെയും ശിക്ഷണം ഇതിനാവശ്യമാണ്. വേഷഭൂഷാദികളിലുള്ള സമത്വം ഉപരിപ്ലവമാണ്. കുടുംബങ്ങളിലാണ് ഇതിനുള്ള പരിശീലനം നല്‍കേണ്ടത്. സ്‌കൂളുകളിലും കലാലയങ്ങളിലും ആരോഗ്യകരമായ ബന്ധം ഉറപ്പാക്കണം. സ്ത്രീപുരുഷസമത്വം വെറും ഉപരിപ്ലവമാക്കരുത്. സൗഹൃദങ്ങളില്‍ പക്വതയും അകലവും ലക്ഷ്മണരേഖയും ഉറപ്പാക്കി ആത്മാഭിമാനവും ആത്മവിശ്വാസവുമുള്ള യുവതലമുറയെ രൂപീകരിക്കണം.
മാധ്യമസ്വാതന്ത്ര്യവും
ഉത്തരവാദിത്വവും

ജനാധിപത്യവും പത്രസ്വാതന്ത്ര്യവും വെല്ലുവിളികള്‍ നേരിടുകയാണ്. മാധ്യമങ്ങള്‍ സത്യത്തിനും നീതിക്കും മൂല്യങ്ങള്‍ക്കുംവേണ്ടി നിലകൊള്ളണം. അധികാരദുര്‍വിനിയോഗം, അഴിമതി, നുണപ്രചാരണങ്ങള്‍, ഭീകരപ്രവര്‍ത്തനം, മതമൗലികവാദം, തീവ്രവാദം, വ്യക്തിഹത്യ തുടങ്ങിയവയില്‍നിന്നു ജനങ്ങളെ സംരക്ഷിക്കാനും സ്വതന്ത്രപത്രപ്രവര്‍ത്തനം ആവശ്യമാണ്. സമൂഹത്തിന്റെ സമഗ്രപുരോഗതിക്കായി മാധ്യമപ്രവര്‍ത്തകര്‍ പ്രവര്‍ത്തിക്കണം. സെന്‍സേഷണല്‍ ന്യൂസുകള്‍വഴി ചാനലുകള്‍ റേറ്റിങ് കൂട്ടാന്‍ ശ്രമിക്കുന്നത് അപഹാസ്യമാണ്. സമൂഹത്തിന്റെ സാംസ്‌കാരികനിലവാരം ഉയര്‍ത്താനാണ് മാധ്യമങ്ങള്‍ സഹായിക്കേണ്ടത്. 2021 ലെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനജേതാക്കള്‍ പത്രപ്രവര്‍ത്തകരായ മരിയ റെസയും ദിമിത്രി മുരാതേവും ഫിലിപ്പീന്‍സിലും റഷ്യയിലും പത്രസ്വാതന്ത്ര്യത്തിനുവേണ്ടി പോരാടിയവരാണ്. സര്‍ക്കാരിന്റെ സ്തുതിപാഠകരും കോര്‍പ്പറേറ്റ് ഭീമന്മാരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നവരുമായി പത്രപ്രവര്‍ത്തകര്‍ മാറിയാല്‍ ജനാധിപത്യം മരിക്കും, സാധാരണജനങ്ങള്‍ നിസ്സഹായരാവും.
പരിസ്ഥിതിലോലപ്രദേശങ്ങള്‍
ഗാഡ്ഗില്‍-കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകളുടെ പേരില്‍ കഴിഞ്ഞ എട്ടു വര്‍ഷമായി വിഷമിക്കുന്ന പശ്ചിമഘട്ടജനതയ്ക്കു പ്രതീക്ഷയ്ക്കു വകതരുന്ന വാര്‍ത്തകളാണ് അടുത്ത നാളില്‍ കേന്ദ്രപരിസ്ഥിതി മന്ത്രി ഭൂപേന്ദ്രയാദവ് ഉറപ്പു തരുന്നത്. സംരക്ഷിതമേഖലകളായ കോര്‍മേഖല ഒഴികെയുള്ള പ്രദേശങ്ങളെ പരിസ്ഥിതി ലോലമേഖലയില്‍നിന്നു പൂര്‍ണമായി ഒഴിവാക്കിയേക്കും. ജനജീവിതത്തിനും വീടുകളുടെയും കെട്ടിടങ്ങളുടെയും പാലങ്ങളുടെയും മറ്റും നിര്‍മാണത്തിനും തടസ്സങ്ങള്‍ ഉണ്ടാക്കില്ല എന്നും പറയുന്നു.
കര്‍ഷകന്റെ വിജയം
ഒരു വര്‍ഷത്തോളമായി നടന്ന ജനകീയപ്രക്ഷോഭത്തിനു മുമ്പില്‍ അടിയറവു പറഞ്ഞ് വിവാദ കാര്‍ഷികനിയമങ്ങള്‍ പിന്‍വലിക്കാനും കര്‍ഷകരോടു മാപ്പു പറയാനും പ്രധാനമന്ത്രി തയ്യാറായത് ജനാധിപത്യത്തിന്റെ വിജയമാണ്. ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ല് കാര്‍ഷികമേഖലയാണെന്നും കൃഷിയെയും കര്‍ഷകരെയും അവഗണിക്കാനാവില്ലെന്നും സര്‍ക്കാര്‍ സമ്മതിച്ചുവെന്നതു നിസ്സാരമല്ല.
മാര്‍പാപ്പായെ ക്ഷണിച്ചത്
പ്രധാനമന്ത്രി നരേന്ദ്രമോദി വത്തിക്കാനിലെത്തി മാര്‍പാപ്പയെ സന്ദര്‍ശിച്ചതും ഒരു മണിക്കൂറിലേറെ നീണ്ട കൂടിക്കാഴ്ച നടത്തിയതും ഇന്ത്യ സന്ദര്‍ശിക്കാന്‍ അദ്ദേഹത്തെ ക്ഷണിച്ചതും നിസ്സാരമല്ല. ഈ നിലപാടുമാറ്റം ഭാരതത്തിലെ ക്രൈസ്തവര്‍ ഏറെ പ്രതീക്ഷയോടെയാണു കാണുന്നത്.
ജെ. ബി. കോശി കമ്മീഷന്‍
കേരളത്തിലെ ക്രൈസ്തവന്യൂനപക്ഷത്തിന്റെ പ്രശ്‌നങ്ങള്‍ സമഗ്രമായി പഠിക്കുന്നതിനും സാമൂഹിക-സാംസ്‌കാരികരംഗങ്ങളിലെ പിന്നാക്കാവസ്ഥയെപ്പറ്റി പഠിക്കുന്നതിനുമായി ജസ്റ്റീസ് ജെ.ബി. കോശിയുടെ നേതൃത്വത്തില്‍ ഒരു കമ്മീഷനെ നിയമിച്ചതും അതിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതും പ്രതീക്ഷയ്ക്കു വക നല്‍കുന്നു.
കൊവിഡും ന്യൂനോര്‍മലും
കൊവിഡ് മഹാമാരി എല്ലാ രാജ്യങ്ങളുടെയും സാമ്പത്തികസ്ഥിതി താറുമാറാക്കി. എങ്കിലും സാധാരണക്കാരെയും പാവപ്പെട്ടവരെയുമാണ് ഇതു പരമദരിദ്രരാക്കിയത്. മിക്കവര്‍ക്കും തൊഴില്‍ നഷ്ടപ്പെട്ടു. സാമ്പത്തികമാന്ദ്യവും വിലക്കയറ്റവും പട്ടിണിപ്പാവങ്ങളെ കൂടുതലായി സൃഷ്ടിച്ചു. കോര്‍പ്പറേറ്റ് ഭീമന്മാരും ഔഷധക്കമ്പനികളും തഴച്ചുവളര്‍ന്നു. കൊവിഡിന്റെ പുതിയ വകഭേദങ്ങള്‍, ഒമിക്രോണ്‍ മുതലായവ ഭീതിയുണര്‍ത്തുന്നു. വാക്‌സിന്‍ ഇനിയും പരീക്ഷണനിരീക്ഷണങ്ങള്‍ക്കു വിധേയമാകണം. കൂടുതല്‍ ഫലപ്രദമായ വാക്‌സിനുകള്‍ക്കു രൂപം കൊടുക്കണം.
ആര്‍ഭാടവും കടക്കെണിയും
നമ്മുടെ സമൂഹം കടക്കെണിയിലേക്കു കൂപ്പുകുത്തുകയാണ്. ആര്‍ഭാടങ്ങള്‍ക്ക് ഒരു കുറവുമില്ല. ലഹരിയുടെ ഉപഭോഗവും നിശാസംസ്‌കാരവും വര്‍ദ്ധിച്ചുകൊണ്ടേയിരിക്കുന്നു. വിവാഹത്തിനും സത്കാരത്തിനും ഒരു മിതത്വവുമില്ല. സ്ത്രീധനം വാങ്ങുകയില്ല എന്നു സത്യവാങ്മൂലം കൊടുത്താല്‍ മാത്രം പോരാ, വാങ്ങുകയില്ലെന്ന തീരുമാനം പ്രാവര്‍ത്തികമാക്കണം. പെണ്‍കുട്ടികളെ സംരക്ഷിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന സംസ്‌കാരം രൂപം കൊള്ളണം. സ്ത്രീയെ ആദരിക്കുന്ന സംസ്‌കാരമുണ്ടാകണം. പ്രായമായ മാതാപിതാക്കളെയും വൃദ്ധജനങ്ങളെയും സംരക്ഷിക്കേണ്ടത് മക്കളുടെയും സമൂഹത്തിന്റെയും ഉത്തരവാദിത്വമാണെന്ന ചിന്ത എല്ലാവര്‍ക്കുമുണ്ടാകണം.
വര്‍ഗീയചിന്തകള്‍വിട്ടു പരസ്പരവിശ്വാസത്തോടെ തീവ്രവാദത്തിനും ലഹരിക്കും മയക്കുമരുന്നതിനുമെതിരേ പോരാടാം. സ്‌നേഹവും ധാര്‍മികതയും മൂല്യങ്ങളുമുള്ള ഒരു പുത്തന്‍വര്‍ഷത്തിനായി നമുക്കു പ്രവര്‍ത്തിക്കാം, പ്രാര്‍ത്ഥിക്കാം.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)