•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

പാലാ സിവില്‍ സര്‍വ്വീസ് ഇന്‍സ്റ്റിറ്റ്യൂട്ടിന് പുതിയ ആസ്ഥാനമന്ദിരം

പാഠ്യപാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്ക് ആഗോളമികവു കൈവരിക്കത്തക്ക രീതിയില്‍ ആധുനികസൗകര്യങ്ങളോടുകൂടി പണിതീര്‍ത്തിട്ടുള്ള പുതിയ ആസ്ഥാനമന്ദിരം പാലാ സിവില്‍ സര്‍വ്വീസ് ഇന്‍സ്റ്റിറ്റ്യൂട്ടിനെ കേരളത്തിലെ സിവില്‍ സര്‍വ്വീസ് പരിശീലനരംഗത്ത് തികച്ചും വ്യത്യസ്തമാക്കിയിരിക്കുന്നു. നാലു നിലകളില്‍ അമ്പതിനായിരം ചതുരശ്രയടിയില്‍ തീര്‍ത്തിട്ടുള്ള മന്ദിരം സെന്റ് തോമസ് കോളജ് കാമ്പസിനോടു ചേര്‍ന്നാണു പണികഴിപ്പിച്ചിട്ടുള്ളത്. ഒന്‍പത് അത്യാധുനിക ക്ലാസ്മുറികള്‍, നൂറിലധികം സ്വയംപഠന കാബിനുകളോടുകൂടിയ വിപുലമായ ലൈബ്രറി, ക്ലാസ്സുകളും പരിശീലനപരിപാടികളും റെക്കോര്‍ഡ് ചെയ്യുന്നതിനുള്ള മീഡിയാ റും, ഉന്നതാധികാരികളും മറ്റു സിവില്‍ സെര്‍വന്റ്‌സുമായി സംവദിക്കുന്നതിനുള്ള കോണ്‍ഫറന്‍സ് ഹാളുകള്‍, അഭിമുഖപരിശീലനത്തിനുള്ള അത്യാധുനിക സൗകര്യങ്ങള്‍, ഗ്രൂപ്പ് ഡിസ്‌കഷനും കമ്പയിന്റ് സ്റ്റഡിക്കും ഉതകുന്ന തുറസ്സായ സ്ഥലങ്ങള്‍ എന്നിവയെല്ലാം ഒരുക്കിയിരിക്കുന്ന ഈ കെട്ടിടസമുച്ചയം രാജ്യത്തെതന്നെ ഏറ്റവും മികച്ച വിദ്യാര്‍ത്ഥിസൗഹൃദ പരിശീലനകേന്ദ്രമായി മാറുകയാണ്.  
വിദ്യാര്‍ത്ഥിനീവിദ്യാര്‍ത്ഥികള്‍ക്കു വേണ്ട എല്ലാ അടിസ്ഥാനസൗകര്യങ്ങളും ഏറ്റവും ഉന്നതമായ നിലവാരത്തില്‍ത്തന്നെ ഇവിടെ ഒരുക്കിയിരിക്കുന്നു. അക്കാദമിക് മെന്റേഴ്‌സിന് എല്ലാ നിലകളിലും ഓഫീസുകള്‍ സജ്ജമാക്കിയിരിക്കുന്നു. മികച്ച രീതിയില്‍ കൗണ്‍സലിങ് സേവനം ലഭ്യമാക്കുന്നതിനായി കൗണ്‍സലേഴ്‌സ് റൂം ഒരുക്കിയിട്ടുണ്ട്. വിശാലമായ ഫാക്കല്‍റ്റി റൂമുകളും അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസുകളും വിദ്യാര്‍ത്ഥികള്‍ക്കു മെച്ചപ്പെട്ട സേവനം ലഭ്യമാക്കുന്നതിനെ ത്വരിതപ്പെടുത്തും. സെന്റ് തോമസ് കോളജിന്റെ പച്ചപുതച്ച വിശാലമായ കാമ്പസിനോടു ചേര്‍ന്നുനില്ക്കുന്ന ഈ മന്ദിരം ശുദ്ധവായുവും ശുദ്ധജലവും സമൃദ്ധമായി ലഭ്യമാക്കുന്ന പ്രകൃതിസൗഹാര്‍ദ പഠനകേന്ദ്രമാണ്. വിദ്യാര്‍ത്ഥികള്‍ക്കു ലഭിക്കുന്ന നവോന്മേഷവും വര്‍ദ്ധിതോര്‍ജവും അവരുടെ ഓര്‍മശക്തിയെയും ഗ്രഹണശേഷിയെയും മാനസിക-ശാരീരിക ആരോഗ്യത്തെയും പരിപോഷിപ്പിക്കുമെന്നത് ഈ കാമ്പസ് സന്ദര്‍ശിക്കുന്ന ഏവരും ഏകമനസ്സോടെ സമ്മതിക്കുന്ന കാര്യമാണ്. പാലാ-കോട്ടയം ഹൈവേയില്‍നിന്നു 150 മീറ്റര്‍ ഉള്ളിലായി സ്ഥിതിചെയ്യുന്ന പ്രകൃതിസൗന്ദര്യം നിറഞ്ഞ, ശാന്തിയും സമാധാനവും തളംകെട്ടിനില്ക്കുന്ന ഈ ലൊക്കേഷന്‍ കെട്ടിടനിര്‍മാണത്തിനായി തിരഞ്ഞെടുത്തത് അഭിവന്ദ്യ കല്ലറങ്ങാട്ടു പിതാവാണ്. അദ്ദേഹത്തിന്റെ ദാര്‍ശനികവീക്ഷണവും വിദ്യാര്‍ത്ഥികളോടും നാടിനോടുമുള്ള കരുതലുമാണ് ഇതു വ്യക്തമാക്കുന്നത്. വിശാലമായ പാര്‍ക്കിങ് സൗകര്യം, ഓഡിറ്റോറിയം, ലഘുഭക്ഷണശാല, വിശ്രമസ്ഥലം മുതലായവ കാമ്പസില്‍ ഒരുക്കിയിരിക്കുന്നു. പാലാ രൂപത ഇക്കഴിഞ്ഞ കുറെ വര്‍ഷങ്ങളായി വിദ്യാഭ്യാസ-ആതുരശുശ്രൂഷാ രംഗങ്ങളില്‍ കൈവരിച്ചിട്ടുള്ള മുന്നേറ്റത്തിന്റെ ഏറ്റവും നവീനമായ മുഖമാണ് ഈ ഹൈടെക് ആസ്ഥാനമന്ദിരം. മന്ദിരത്തിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് ഏറ്റവും കാര്യക്ഷമമായ നേതൃത്വം നല്കിയതും അഹോരാത്രം അദ്ധ്വാനിച്ചതും പ്രോ-മാനേജര്‍ മോണ്‍. സെബാസ്റ്റ്യന്‍ വേത്താനമാണ്.
1998 ല്‍ അഭിവന്ദ്യരായ മാര്‍ ജോസഫ് പവ്വത്തില്‍, മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍, ദിവംഗതനായ മാര്‍ മാത്യു വട്ടക്കുഴി എന്നിവരുടെ നേതൃത്വത്തില്‍. ഇന്റര്‍ ഡയോസിഷന്‍ സെന്റര്‍ ഫോര്‍ ഹ്യൂമന്‍ റിസോഴ്‌സ് ഡവലപ്‌മെന്റ് എന്ന ട്രസ്റ്റിന്റെ കീഴിലാണ് ഇന്‍സ്റ്റിറ്റ്യൂട്ട് പ്രവര്‍ത്തനമാരംഭിക്കുന്നത്. ചങ്ങനാശ്ശേരി ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം, പാലാ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട്, കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ എന്നീ പിതാക്കന്മാരാണ് ഇപ്പോഴത്തെ രക്ഷാധികാരികള്‍. മാനേജരായി മുന്‍ വികാരി ജനറാള്‍ ഫാ. ഫിലിപ്പ് ഞരളക്കാട്ട് പ്രവര്‍ത്തിക്കുന്നു. മഹാത്മാഗാന്ധി മുന്‍ വൈസ് ചാന്‍സലറും കേന്ദ്ര ന്യൂനപക്ഷക്കമ്മീഷന്‍ മുന്‍ അംഗവും രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ പ്രസിഡന്റുമായ ഡോ. സിറിയക് തോമസ് ഡയറക്ടര്‍ & ഡീന്‍ ആണ്. സെന്റ് തോമസ് കോളജ് ഇംഗ്ലീഷ് വിഭാഗം പ്രൊഫസര്‍ ഫാ. മാത്യു ആലപ്പാട്ടുമേടയില്‍ ജോയിന്റ് ഡയറക്ടര്‍ & ഡീന്‍ ആയും സേവനം ചെയ്യുന്നു. ശൈശവംമുതല്‍ നാളിതുവരെ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഫലവത്തായ നേതൃത്വം നല്‍കുകയും വൈവിധ്യമാര്‍ന്ന പാഠ്യപദ്ധതികളിലൂടെ കേരളത്തിലെ ആദ്യത്തെ സിവില്‍ സര്‍വീസ് കേന്ദ്രമായി ഉയര്‍ത്തുകയും ചെയ്തതില്‍ ഫാ. ഫിലിപ്പ് ഞരളക്കാട്ടിന്റെ പങ്ക് വലുതാണ്. പ്രൊഫ. ഐസക് തോമസ് ആയിരുന്നു ആദ്യ പ്രിന്‍സിപ്പല്‍. തുടര്‍ന്ന് 12 വര്‍ഷക്കാലം പ്രൊഫ. ജോസഫ് വെട്ടിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രിന്‍സിപ്പലായിരുന്നു. അദ്ദേഹത്തിന്റെ ഊര്‍ജസ്വലമായ നേതൃത്വം ധാരാളം വിദ്യാര്‍ത്ഥികള്‍ ഉയര്‍ന്ന റാങ്കുപട്ടികയില്‍ ഇടം നേടുന്നതിനിടയാക്കി. സെന്റ് തോമസ് കോളജ് വൈസ് പ്രിന്‍സിപ്പലും ഇഗ്ലീഷ് വിഭാഗം മേധാവിയുമായിരുന്നു ഡോ.മാത്യു ജോസഫ് ആരംഭം മുതല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അസോസിയറ്റ് പ്രിന്‍സിപ്പലും ഭാഷാ പണ്ഡിതനും മലയാളവിഭാഗം തലവനുമായിരുന്ന ഡോ. ബേബി തോമസ് വൈസ് പ്രിന്‍സിപ്പലുമാണ്.
ഡിഗ്രിയും പി.ജിയും കഴിഞ്ഞവര്‍ക്കുള്ള ഫുള്‍ ടൈം കോഴ്‌സ്, കോളജ് പഠനത്തോടൊപ്പം പരിശീലനം നല്കുന്ന ത്രിവത്സര ആഡ് ഓണ്‍ കോഴ്‌സ്, ഹയര്‍ സെക്കന്‍ണ്ടറി വിദ്യാര്‍ത്ഥികള്‍ക്കുള്ള ഫൗണ്ടേഷന്‍ കോഴ്‌സ്, വര്‍ക്കിങ് പ്രൊഫഷണല്‍സിനുള്ള വാരാന്ത്യ ഓണ്‍ലൈന്‍ കോഴ്‌സ്, വിദേശമലയാളികള്‍ക്കുള്ള ഓറിയന്റേഷന്‍ കോഴ്‌സ്, സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഓറിയന്റേഷന്‍ ക്യാമ്പുകള്‍, കെ.എ.എസ്. പരിശീലന കോഴ്‌സ് എന്നിവയ്ക്കു പുറമേ സൗജന്യ ഇന്റര്‍വ്യൂ കോച്ചിങും നടത്തിവരുന്നു. ഫുള്‍ടൈം കോഴ്‌സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഒരു വര്‍ഷത്തെ തുടര്‍പഠനവും സൗജന്യമാണ്. ത്രിവത്സര ആഡ് ഓണ്‍ കോഴ്‌സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഒരു വര്‍ഷത്തെ ഫുള്‍ടൈം കോഴ്‌സും സൗജന്യമാണ്. മത്സരപ്പരീക്ഷയിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള ഫീസാനുകൂല്യത്തിനുപുറമേ ബി.പി.എല്‍, പട്ടികജാതി പട്ടികവര്‍ഗം, ഒ.ബി.സി, ദളിത് ക്രൈസ്തവര്‍ എന്നീ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് നിബന്ധനകള്‍ക്കു വിധേയമായി പ്രത്യേക സ്‌കോളര്‍ഷിപ്പുകളും ലഭ്യമാണ്.
ഭാരതത്തിന്റെ സുപ്രധാന ഭരണനിര്‍വഹണ സ്ഥാ നങ്ങളിലെല്ലാം കേരളത്തിന്റെ സാന്നിധ്യമുണ്ടായിരുന്നു എന്നതു സത്യംതന്നെ. എന്നാല്‍, 1997ല്‍ കേരളത്തില്‍നിന്ന് ആരും ഐ.എ.എസ്. പരീക്ഷ പാസ്സാകാതിരുന്ന ഒരു സാഹചര്യമുണ്ടായി. സിവില്‍ പരീക്ഷാകേന്ദ്രങ്ങള്‍ കേരളത്തിലില്ലാതിരുന്നതും ഡല്‍ഹിപോലുള്ള വന്‍കിടനഗരങ്ങളില്‍ മാത്രമുണ്ടായിരുന്ന പരിശീലനസൗകര്യങ്ങള്‍ പ്രയോജനപ്പെടുത്താനുള്ള സാഹചര്യമോ സാമ്പത്തികമോ പലര്‍ക്കും, വിശിഷ്യാ, കര്‍ഷകസമൂഹത്തിനില്ല എന്ന തിരിച്ചറിവുമാണ് ഈ ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കാന്‍ സ്ഥാപകപിതാക്കന്മാരെ പ്രേരിപ്പിച്ചത്. സംസ്ഥാനത്തിന്റെ വിദ്യാഭ്യാസരംഗത്ത് എന്നപോലെതന്നെ സിവില്‍സര്‍വീസ് പരിശീലനരംഗത്തും സഭതന്നെ മുന്നോടിയായി.
1998 മുതലുള്ള പരിശ്രമത്തിന് 2002 ല്‍ ആദ്യഫലമുണ്ടായി. 2002 ല്‍ അശ്വതി എസ്. നെ 3-ാം റാങ്കോടെ ഐ.എ.എസില്‍ എത്തിച്ചുകൊണ്ട് ആരംഭിച്ച ജൈത്രയാത്ര 2004 ല്‍ 4 -ാം റാങ്കുള്‍പ്പെടെ 4 പേരെയും 2005 ല്‍ 1-ാം റാങ്കുള്‍പ്പെടെ 3 പേരെയും 2006 ല്‍ 4 പേര്‍, 2007 ല്‍ 7 പേര്‍, 2008 ല്‍ 4 പേര്‍, 2009 ല്‍ 4-ാം റാങ്കുള്‍പ്പെടെ 11 പേര്‍ എന്നിങ്ങനെ ഉയരങ്ങളിലേക്കു കുതിച്ചുകൊണ്ട് ഇന്‍സ്റ്റിറ്റ്യൂട്ട് സിവില്‍ സര്‍വീസ് പരിശീലനരംഗത്ത് രാജ്യത്താകമാനം നിറസാന്നിധ്യമായി മാറി. തുടര്‍ന്നുവന്ന 2010, 2011 വര്‍ഷങ്ങളില്‍ 13 ഉം 23 ഉം പേരെ വിജയത്തിലെത്തിച്ച ഇന്‍സ്റ്റിറ്റ്യൂട്ട് 2012 ല്‍ 1, 2, 4 റാങ്കുള്‍പ്പെടെ 25 പേരെ വിജയപീഠത്തിലേക്കാനയിച്ച് സിവില്‍ സര്‍വ്വീസ് പരിശീലനരംഗത്ത് സമാനതകളില്ലാത്ത സാന്നിധ്യമായി. 2013 ല്‍ 26 ഉം, 2014 ല്‍ 30 ഉം, 2015 ല്‍ 23 ഉം, 2016 ല്‍ 48 ഉം, 2017 ല്‍ 23 ഉം, 2018 ല്‍ 24 ഉം 2019 ല്‍ 14 ഉം 2020 ന്റെ മഹാമാരിക്കു നടുവിലും 10 പേരെ ഇന്ത്യന്‍ സിവില്‍ സര്‍വ്വീസിലേക്ക് കൈപിടിച്ചുയര്‍ത്തി. 2020 ല്‍ നടന്ന ആദ്യ കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് (ഗഅട) പരീക്ഷയില്‍ 50 ഉദ്യോഗാര്‍ത്ഥികളെ റാങ്കുപട്ടികയിലെത്തിച്ചത് ഈ രംഗത്ത് താരതമ്യമില്ലാത്ത ഒരു തുടക്കമായി.
ഉന്നതമായ ദര്‍ശനങ്ങളുള്ള നേതൃത്വവും അനുഭവജ്ഞാനമുള്ള കാര്യനിര്‍വഹണവും മികവാര്‍ന്ന അധ്യാപനവും ഒരു ശരാശരി വിദ്യാര്‍ത്ഥിയെപ്പോലും സിവില്‍ സര്‍വീസ് പട്ടികയില്‍ ഇടംനേടാന്‍ പ്രാപ്തനാക്കുമെന്നു മാത്രമല്ല മൂല്യാധിഷ്ഠിതമായ ഒരു ഭരണക്രമം രാജ്യത്ത് നിലവില്‍വരുന്നതിനെ ത്വരിതപ്പെടുത്തുകയും ചെയ്യും. അറിവിലും ജ്ഞാനത്തിലും ഉന്നതനിലവാരം പുലര്‍ത്തുന്ന വിദ്യാര്‍ത്ഥികളെ സിവില്‍ സര്‍വ്വീസിന് സംഭാവന ചെയ്ത് രാജ്യത്തിനും പ്രദേശത്തിനും ഒരു താങ്ങായി മാറാന്‍ ആത്മാര്‍പ്പണം ചെയ്തിരിക്കുന്ന ഈ സ്ഥാപനത്തിന് രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക രംഗത്ത് പ്രവര്‍ത്തിക്കുന്ന എല്ലാ നല്ല മനസ്സുകളുടെയും സഹകരണവും പ്രോത്സാഹനവും ആവശ്യമാണ്. കഴിഞ്ഞകാലചരിത്രവും വരുംനാളുകളെക്കുറിച്ചുള്ള പ്രതീക്ഷയും ഒരുപോലെ തിളക്കമാര്‍ന്നതാണ്. ഭാരതത്തിന്റെ സുപ്രധാന ഭരണനിര്‍വ്വഹണസ്ഥാപനങ്ങളിലേക്കുള്ള മലയാളിയുടെ യാത്രാരംഭം പാലായില്‍നിന്നാകട്ടെ.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)