വിശ്വസാഹിത്യത്തിന്റെ വായനവഴികളില്‍ വിസ്മയങ്ങളുടെ വിരുന്നാണു ഫിയദോര്‍ മിഖാലയോവിച്ച് ദസ്തയേവ്സ്‌കി. കാല്പനികതയ്ക്കപ്പുറം ഹൃദയംകൊണ്ടു വായിച്ചുതീര്‍ത്തതാണ് അദ്ദേഹത്തിന്റെ രചനകള്‍.
''കാരമസോവ് സഹോദരന്മാ''രില്‍ ദസ്തയേവ്സ്‌കി കുറിച്ചു:
എന്താണു നരകം? ഞാന്‍ പറയുന്നു, സ്നേഹിക്കാനാവാത്തതിന്റെ ഹൃദയവേദനയാണതെന്ന്.'
ഹൃദയത്തിന്റെ വിചാരധാരകള്‍ അത്രമേല്‍ അക്ഷരങ്ങളിലേക്കാവാഹിച്ചു പകര്‍ന്നുതന്ന ദസ്തയേവ്സ്‌കിയുടെ 200-ാം ജന്മവാര്‍ഷികം ലോകം 2021 ല്‍ അനുസ്മരിക്കുന്നു. മലയാളിവായനക്കാര്‍ ഹൃദയത്തില്‍ ഇടം നല്‍കി ആദരിച്ച എഴുത്തുകാരനാണ് ദസ്തയേവ്‌സ്‌കി. ആര്‍ത്തിയോടെ ഒറ്റയിരുപ്പില്‍ വായിച്ചുതീര്‍ത്ത മലയാളി വിവര്‍ത്തനങ്ങളിലും ദസ്തയേവ്സ്‌കിയുടെ രചനകള്‍തന്നെയാകും മുന്നില്‍. കുറ്റവും ശിക്ഷയും, കാരമസോവ് സഹോദരന്മാര്‍, ഇഡിയറ്റ്, ചൂതാട്ടക്കാരന്‍... നമ്മള്‍ മലയാളികള്‍ ഇന്നും ആവേശത്തോടെ ആവര്‍ത്തിച്ചു വായിച്ചുകൊണ്ടേയിരിക്കുകയാണ് ദസ്തയേവ്സ്‌കിയെ.
എന്തുകൊണ്ടാണു മലയാളത്തിനു ദസ്തയേവ്സ്‌കി ഇത്രമേല്‍ പ്രിയപ്പെട്ടവനായത്? അതിന്റെ കാരണങ്ങള്‍ തേടുമ്പോള്‍, ആ വിശ്വസാഹിത്യകാരന്റെ മനസ്സും ഹൃദയഭാഷയും അദ്ദേഹത്തിന്റെ ജീവിതവഴികളിലെ ഇരുളും വെളിച്ചവുമെല്ലാം ആഴത്തില്‍ അറിയാന്‍ ശ്രമിച്ച, അതിനെ ധ്യാനാത്മകമായി തന്റെ രചനാവഴികളിലേക്കു ക്ഷണിച്ചുകൊണ്ടുവന്ന പെരുമ്പടവം ശ്രീധരന്‍ എന്ന മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരനു ചെറുതല്ലാത്ത സ്ഥാനമുണ്ടെന്നു കണ്ടെത്താനാകും. തന്റെ ജീവിതാനുഭവങ്ങളുടെ നിറങ്ങള്‍ ചാലിച്ചെഴുതിയ ദസ്തയേവ്സ്‌കിയെ മലയാളത്തിനു പ്രിയപ്പെട്ടവനാക്കിയ പെരുമ്പടവം, തന്റെ രചനാസങ്കേതങ്ങളിലും ആ മഹാപ്രതിഭയുടെ ജീവിതവും പരിസരങ്ങളും വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നു പറഞ്ഞുവയ്ക്കുന്നു.
ഒരു സങ്കീര്‍ത്തനംപോലെ
അനേകം പതിപ്പുകള്‍ പ്രസിദ്ധീകരിക്കപ്പെടുകയും ലക്ഷക്കണക്കിനു കോപ്പികള്‍ വിറ്റഴിയുകയും അതിലുമെത്രയോ ഇരട്ടിയാളുകള്‍ വായിച്ചനുഭവിക്കുകയും ചെയ്ത പെരുമ്പടവത്തിന്റെ ഒരു സങ്കീര്‍ത്തനംപോലെ എന്ന നോവല്‍, ദസ്തയേവ്‌സ്‌കിയുടെ ജീവിതത്തോടു ലയിച്ചുചേര്‍ന്നതാണ്. വിശ്വസാഹിത്യകാരന്റെ ആത്മനൊമ്പരങ്ങളുടെയും ഭാവസൗന്ദര്യത്തിന്റെയും പ്രണയവിശുദ്ധിയുടെയുമൊക്കെ മുഗ്ധഭാവങ്ങള്‍ക്കു കണ്‍മുന്നിലെന്നപോല്‍ അക്ഷരക്കൂട്ടൊരുക്കിയ നോവല്‍.
ദസ്തയേവ്‌സ്‌കിയുടെ റഷ്യയും അദ്ദേഹത്തിന്റെ പ്രിയനഗരമായ സെന്റ് പീറ്റേഴ്സ്ബര്‍ഗും അന്നയുമൊത്തുള്ള ജീവിതമുഹൂര്‍ത്തങ്ങള്‍ക്കു സാക്ഷിയായ എഴുത്തുമുറിയുമൊക്കെ കാണണമെന്നതു പെരുമ്പടവത്തിനു ജീവിതത്തിലെ വലിയ സ്വപ്നംകൂടിയായിരുന്നു. ഒരു സങ്കീര്‍ത്തനം പോലെ എഴുതുമ്പോഴും ശേഷം ഏറെ വര്‍ഷക്കാലവും അതു സ്വപ്നമായിത്തന്നെ നിലനിന്നു.
ഒടുവില്‍ 2015 ല്‍ പെരുമ്പടവം ശ്രീധരന്‍ റഷ്യ സന്ദര്‍ശിച്ചു. ഒരു സങ്കീര്‍ത്തനംപോലെ പ്രസിദ്ധീകരിച്ചതിന്റെ 22-ാം വര്‍ഷത്തിലാണു സന്ദര്‍ശനം. സെന്റ് പീറ്റേഴ്സ് ബര്‍ഗിലെ ദസ്തയേവ്‌സ്‌കിയുടെ വീടു കണ്ടു. വിശ്വസാഹിത്യത്തിലെ മഹാപ്രതിഭയുടെ എഴുത്തുകളുടെ ഗന്ധമുള്ള മുറിയില്‍ താണുവണങ്ങി. ജീവിതത്തിലെ ഏറ്റവും വലിയൊരു സ്വപ്നത്തിന്റെ സാക്ഷാത്കാരം.
വിശുദ്ധനാടും റഷ്യയും സന്ദര്‍ശിക്കണമെന്നതു ചെറുപ്പത്തിലെ വലിയ മോഹങ്ങളായിരുന്നെന്നു പെരുമ്പടവം പറയുന്നു. കാലങ്ങളെടുത്തു രണ്ടും സാധിച്ചു. ടോള്‍സ്‌റ്റോയിയുടെയും ചെക്കോവിന്റെയും ദസ്തയേവ്സ്‌കിയുടെയും പുഷ്‌കിന്റെയുമൊക്കെ കൃതികള്‍ വായിച്ചുള്ള ചിത്രങ്ങളായിരുന്നു കുഞ്ഞുനാളിലേ റഷ്യ മനസ്സില്‍ കൊതിയുണര്‍ത്തിയത്. ലെനിനും കമ്യൂണിസവും സ്വാധീനിച്ച റഷ്യയെയല്ല, വിശ്വസാഹിത്യപ്രതിഭകള്‍ വരച്ചിട്ട റഷ്യയായിരുന്നു മനസില്‍.
മനോഹരനഗരം
ലോകത്തിലെ ഏറ്റവും മനോഹരമായ നഗരങ്ങളിലൊന്നാണ് സെന്റ് പീറ്റേഴ്സ് ബര്‍ഗ്. പകലും രാത്രിയും വല്ലാത്ത വശ്യസൗന്ദര്യം പ്രവഹിപ്പിക്കുന്ന നഗരക്കാഴ്ചകള്‍. ദസ്തയേവ്‌സ്‌കിയെയും തന്നെയും സംബന്ധിച്ച ഡോക്യുമെന്ററിയുടെ ചിത്രീകരണത്തിനാണ് പെരുമ്പടവം അന്നു റഷ്യയിലെത്തിയത്. 15 ദിവസം അദ്ദേഹം ചെലവഴിച്ചു.
സെന്റ് പീറ്റേഴ്സ് നഗരത്തിലെ രാത്രികള്‍ക്കു പറഞ്ഞറിയിക്കാനാവാത്ത ശോഭയാണ്. 'വെളുത്ത രാത്രികളെ'ന്ന പേരില്‍ ദസ്തയേവ്‌സ്‌കിയുടെ നോവല്‍ തന്നെയുണ്ട്. തെരുവിലൂടെ ഒറ്റയ്ക്കു നടന്നതിന്റെ ഓര്‍മകളും പെരുമ്പടവത്തിനുണ്ട്. ദസ്തയേവ്സ്‌കി ഒറ്റയ്ക്കു നടന്ന, എഴുത്തുകളില്‍ കുറിച്ചിട്ട നഗരവും ഇടവഴികളും മുഴുവന്‍ കണ്ടുതീര്‍ത്തു. അക്ഷരാര്‍ഥത്തില്‍ ദസ്തയേവ്സ്‌കിയെ അനുയാത്ര ചെയ്ത അനുഭവം.
മ്യൂസിയമായി മാറിയ വീട്
ദസ്തയേവ്സ്‌കിയുടെ വീട് ഇപ്പോള്‍ മ്യൂസിയം കൂടിയാണ്. സര്‍ക്കാരിനാണു നിയന്ത്രണം. ആ വീട്ടിലേക്കെത്താന്‍ നഗരത്തിനകത്തെ പ്രധാനപ്പെട്ടൊരു വഴിയില്‍നിന്നു രണ്ടു പടിക്കെട്ടുകള്‍ താഴേക്കിറങ്ങി മറ്റൊരു പടിക്കെട്ടു കയറിച്ചെല്ലണം. രണ്ടുനില വീടിന്റെ മുകളിലെ നിലയിലാണ് ദസ്തയേവ്സ്‌കി ജനിച്ചുവളര്‍ന്ന, അന്നയ്ക്കൊപ്പം ജീവിച്ച വീട്, എഴുതാനും താമസിക്കാനും ഉപയോഗിച്ച മുറികള്‍. താഴെ മ്യൂസിയത്തിന്റെ മറ്റു ഭാഗങ്ങള്‍.
ദസ്തയേവ്സ്‌കിയുടെ എഴുത്തുമേശയ്ക്കരികില്‍ ചെന്നപ്പോള്‍ ആദരവോടെ, അറിയാതെ താന്‍ മുട്ടുകുത്തിപ്പോയെന്നു പെരുമ്പടവം. അദ്ദേഹത്തിന്റെ എഴുത്തുജനാലയ്ക്കരികില്‍ നിന്നു സെന്റ് പീറ്റേഴ്സ് ബര്‍ഗ് നഗരത്തെ നോക്കിക്കണ്ടു. എത്ര മനോഹരം.... ദസ്തയേവ്സ്‌കിയും എത്രമേല്‍ ആസ്വദിച്ചുകാണും ആ കാഴ്ചകള്‍. മറ്റു മുറികളും അന്നയുടെ അടുക്കളയുമെല്ലാം ചുറ്റിനടന്നു കണ്ടു. അന്ന ഉപയോഗിച്ചിരുന്ന പാത്രങ്ങളെല്ലാം അതുപോലെ അടുക്കിവച്ചിരിക്കുന്നു. രണ്ടു ദിവസമെടുത്തു വീടും പരിസരങ്ങളും മതിവരുവോളം ആസ്വദിച്ചെന്നു പെരുമ്പടവം പറഞ്ഞു.
പള്ളിയുടെ നിശ്ശബ്ദത
നഗരത്തോടു ചേര്‍ന്നുള്ള കന്യകാമറിയത്തിന്റെ ദേവാലയം പ്രസിദ്ധമാണ്. ദസ്തയേവ്‌സ്‌കി തനിക്ക് ഏറെ പ്രിയപ്പെട്ട ഈ പള്ളിയില്‍ നിരന്തരം പോകുമായിരുന്നുവെന്നു രചനകളില്‍ സൂചിപ്പിച്ചിട്ടുണ്ട്. പള്ളിയകത്ത് അദ്ദേഹം സ്ഥിരമായി വന്നിരിക്കുന്ന ഭാഗത്തു പെരുമ്പടവവും ഇരുന്നു. എഴുത്തിന്റെ സംഘര്‍ഷദിനങ്ങളില്‍ എത്രയോ ദിനങ്ങളിലാണ് ദസ്തയേവ്സ്‌കി ആ ദേവാലയത്തിനുള്ളില്‍ വന്നിരുന്നത്, മനസ്സിനെ ശാന്തവും നിര്‍മലവുമാക്കിയത്. രാത്രിയിലെത്തുമ്പോള്‍ പള്ളി അടച്ചിട്ടിരിക്കുകയെങ്കില്‍, വാതിലില്‍ ചാരിയിരിക്കാറുണ്ടത്രേ.
ദസ്തയേവ്‌സ്‌കിയുടെ ചിന്താധാരകളെ ഉണര്‍ത്തിയ നേവായുടെ തീരത്ത് പെരുമ്പടവവും ഏറെ നേരം ചെലവഴിച്ചു. നദിയില്‍ തുറന്ന ബോട്ടിലെ യാത്ര, നദിക്കു കുറുകേയുള്ള പാലങ്ങള്‍ ബോട്ടിനു കടക്കാന്‍ ഇരുവശങ്ങളിലേക്കും മാറുന്നത്.. അതെല്ലാം വേറിട്ട അനുഭവങ്ങളായെന്ന് അദ്ദേഹം ഓര്‍ക്കുന്നു.
ദസ്തയേവ്‌സ്‌കിയുടെ വീടിനടുത്തു ക്രെംലിന്‍ കൊട്ടാരത്തോടു ചേര്‍ന്നുള്ള ലെനിന്റെ ശവകുടീരം പെരുമ്പടം സന്ദര്‍ശിച്ചു. അവിടെ വരുന്നതിനേക്കാളേറെ പേര്‍ സമീപത്തെ മെട്രോപ്പോളിറ്റന്‍ പള്ളിയില്‍ കുര്‍ബാന കൂടാന്‍ പോകുന്നതും കണ്ടത്, മാറിയ റഷ്യയുടെ മുഖം അടയാളപ്പെടുത്തി.
മലയാളസാഹിത്യത്തിലെ ഏകാന്തവിസ്മയമായ 'ഒരു സങ്കീര്‍ത്തനംപോലെ'യുടെ എഴുത്തുകാരന്, നോവലിന്റെ ആത്മാവലിഞ്ഞുചേര്‍ന്ന ദസ്തയേവ്‌സ്‌കിയുടെ വീടും സെന്റ് പീറ്റേഴ്സ് ബര്‍ഗും, തന്റെ അക്ഷരായനത്തിലെ പുണ്യസങ്കീര്‍ത്തനങ്ങള്‍ തന്നെയാകുന്നു.